ധാരയേത്തു സദാ വേഗാൻ ഹിതൈഷീ പ്രേത്യ ചേഹ ച
ലോഭേർഷ്യാദ്വേഷമാത്സര്യ രാഗാദീനാം ജിതേന്ദ്രിയ:

ലോകത്ത് സന്തോഷത്തോടു കൂടി ജീവിക്കുവാനായി ലോഭം, ഈർഷ്യ, ദേഷ്യം, മാത്സര്യം എന്നീ മാനസിക വികാരങ്ങളെ നിയന്ത്രിക്കണം.

ശരീരം തന്റെ സ്വാഭാവിക പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാക്കുന്ന അഭിവാഞ്ജകളെ അഥവാ വേഗത്തെ ഒരു തരത്തിലും തടുക്കാൻ പാടില്ല. എന്നാൽ മാനസികമായി തോന്നിയേക്കാവുന്ന വികാരങ്ങളായ ലോഭം, ദേഷ്യം, ഈർഷ്യ മാത്സര്യം തുടങ്ങിയവ പിടിച്ചുവെക്കുകയാണ് വേണ്ടത്

ലോഭം: ഹിതകരമല്ല എന്നറിഞ്ഞിട്ടും ആ പ്രവൃത്തി വീണ്ടും വീണ്ടും ചെയ്യുക. ഉദാഹരണമായി നെഞ്ചെരിച്ചിൽ ഉള്ള ഒരാൾ നാക്കിന്റെ പ്രലോഭനത്തിന് വശംവദനായി എരിവും മസാലകളും അധികമുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ അയാളുടെ രോഗാവസ്ഥ കൂടുതലാകുന്നു. അത്തരത്തിലുള്ള ഭക്ഷണം തന്റെ അവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്ന് അറിഞ്ഞുകൊണ്ടാണ് ലോഭത്താൽ ആ ഭക്ഷണം കഴിക്കുന്നത്.

ഈർഷ്യ: എനിക്ക് ഇല്ലാത്തത് മറ്റുള്ളവർക്ക് ഉണ്ടാവുന്നതായി കാണുമ്പോൾ ചിലർക്ക് തോന്നുന്ന വികാരത്തെയാണ് ഈർഷ്യ അഥവാ അസൂയ എന്നു വിളിക്കുന്നത്. അവർക്ക് അത് കിട്ടിയല്ലോ എന്ന കാര്യത്തിൽ അസൂയപ്പെടാത അത് അവർക്ക് കിട്ടാൻ കാരണമായതിൽ അസൂയ തോന്നിയാൽ, ആ കാരണം നമ്മളും പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ നമുക്കും വിജയം കൈവരിക്കാനാകും.

ദേഷ്യം: പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു വാക്ക് അഥവാ വികാരമാണ് ദേഷ്യം. എനിക്ക് സുഖകരമല്ലാത്തതിനോടെല്ലാം എനിക്ക് ദേഷ്യമാണ്. അത് കയർത്തു സംസാരിച്ചോ മർദിച്ചോ പ്രകടിപ്പിക്കുകയും ചെയ്യും. ഇവിടെ നമ്മുടെ സുഖത്തെ കുറിച്ചു മാത്രമേ നാം ചിന്തിക്കുന്നുള്ളൂ. ഇത് കേൾക്കുന്നവൻ അനുഭവിക്കുന്ന വികാരത്തെ പറ്റി നാം തീർത്തും അജ്ഞരാണ്. ഇത്തരത്തിലുള്ള വികാര വിക്ഷോഭങ്ങൾ ശാരീരിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അങ്ങനെ ദേഷ്യപ്പെടുന്നതിലൂടെ നാം നമ്മുടേയും നമുക്കു ചുറ്റും ഉള്ളവരുടേയും ആരോഗ്യം മോശമാക്കുന്നു

മാത്സര്യം: നമ്മുടെ ബന്ധുക്കളിൽ വെച്ച് ഏറ്റവും വലിയ കാർ എന്റെ ആവണം. ക്ലാസിൽ തന്റെ കുട്ടി ആയിരിക്കണം ഒന്നാമത്- പഠനത്തിലും, കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും. ഇത്തരത്തിൽ എവിടേയും ഒന്നാമതാവണം എന്ന മത്സരബുദ്ധി മിക്ക മനുഷ്യരേയും ഗ്രസിച്ചുകൊണ്ടിരിക്കുന്നു.

ഇവയെ പിടിച്ചു നിർത്താൻ എന്താണ് മാർഗം?
മനസ്സിന് ലഭിക്കുന്ന ആവേഗങ്ങൾ (impulse) ജ്ഞാനേന്ദ്രിയങ്ങളിലൂടെയാണ്. ഇവയെ പോസിറ്റീവാക്കാൻ പരിശ്രമിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. എന്നാൽ ഇന്ന്, ചുറ്റും നെഗറ്റീവ് ആയ കാര്യങ്ങൾക്കാണ് മുൻഗണന ലഭിക്കുന്നത്- പത്രത്തിലായാലും സോഷ്യൽ മീഡിയയിൽ ആയാലും. ഇവയെ മാറ്റാൻ തത്‌കാലം നമുക്ക് സാധിക്കില്ലെങ്കിലും അത്തരത്തിലുള്ള വാർത്തകളെ മനസ്സിലേക്ക് കടത്തിവിടില്ല എന്ന ഉറച്ച തീരുമാനം നമുക്കെടുക്കാനും പ്രാവർത്തികമാക്കാനും സാധിക്കും. ഇതിനൊപ്പം തന്നെ തനിക്കു ലഭിച്ചിട്ടുള്ള അഥവാ നാം ആസ്വദിക്കുന്ന മറ്റു സൗകര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടാവുക. അവയിൽ പലതും മറ്റുചിലർക്ക് അപ്രാപ്യമായവ ആണല്ലോ.....

നിരന്തരം ഇങ്ങനെ പ്രവർത്തിക്കുന്നതിലൂടെ മനസ്സിനെ മേൽപ്പറഞ്ഞ വികാരങ്ങളുടെ തള്ളിക്കയറ്റത്തിൽ നിന്ന് പ്രതിരോധിക്കാനാകും. അതുവഴി നമ്മുടേയും ചുറ്റുമുള്ളവരുടേയും മനസ്സ് സന്തോഷത്തോടെയും സമാധാനത്തോടെയും നിലനിർത്താൻ സാധിക്കും.

(കൂറ്റനാട് അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights:Ayurveda tips to good physical and mental health, Ayurveda, Health