രോഗ്യമുള്ള കുഞ്ഞിനെയാണ് എല്ലാ ദമ്പതികളും ആഗ്രഹിക്കുന്നത്. ശരിയായി ലഭിക്കുന്ന ഗർഭകാലപരിചരണമാകട്ടെ അമ്മയുടെയും ഒപ്പം കുഞ്ഞിന്റേയും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു.

ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്

 • അവനവന്റെ ദഹനശേഷിയ്ക്കനുസരിച്ചുള്ള ആഹാരക്രമം ശീലിക്കുക.
 • ദഹിക്കാൻ എളുപ്പമുള്ളവ ഇടവിട്ട് കഴിക്കാവുന്നതാണ്.
 • നാരുകളടങ്ങിയ ഭക്ഷണസാധനങ്ങൾ, പോഷകസമൃദ്ധമായവ, ഇലക്കറികൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക.
 • വിളർച്ചയുള്ളവർക്കായി ഇരുമ്പുപാത്രത്തിൽ പാകം ചെയ്യുന്നത് നന്നാവും.
 • കൃത്രിമ മസാലകളുടെ ഉപയോഗം, ധാരാളം മുളകും പുളിയും ഉപ്പും ചേർത്ത് പാകം ചെയ്ത ആഹാരം, ആരോഗ്യത്തിന് ഹിതമല്ലാത്ത കൃത്രിമ നിറ-രുചിക്കൂട്ടുകളടങ്ങിയ ബേക്കറിസാധനങ്ങൾ, പാനീയങ്ങൾ, ഹോട്ടൽഭക്ഷണം എന്നിവ ഒഴിവാക്കുക.
 • വീടുകളിൽ കൃഷി ചെയ്തെടുത്ത വിഷമയമല്ലാത്ത നാടൻ പച്ചക്കറികളും പഴങ്ങളും അതുപോലെ ജൈവകൃഷിയിലൂടെയുള്ള അരി എന്നിവ ലഭിക്കാൻ സാഹചര്യമുള്ളവർ അവ പരമാവധി പ്രയോജനപ്പെടുത്തുക.
 • ശരീരബലം നോക്കാതെ ഉപവാസം ചെയ്യുന്നത് നന്നല്ല.
 • മലശോധന സുഗമമാകത്തക്ക വിധത്തിലുള്ള ഭക്ഷണക്രമം ശീലിക്കുക.
 • വിവിധയിനം പയറുകൾ, പരിപ്പുകൾ, ചക്ക, ഉരുളക്കിഴങ്ങ്, കടല, ഗ്രീൻപീസ് തുടങ്ങിയവയുടെ ധാരാളിത്തം പലരിലും വയറിന് അസ്വസ്ഥത ഉളവാക്കാറുണ്ട്.
 • തിളപ്പിച്ചാറ്റിയ വെള്ളം ദാഹത്തിനനുസരിച്ച് ഇടവിട്ട് കുടിക്കുക. കാപ്പിയും ചായയും അമിതമാകാൻ പാടില്ല.

ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • അതാത് ദിവസത്തെ ആരോഗ്യാവസ്ഥയ്ക്കനുസരിച്ച് മിതമായി നടക്കാം.
 • ആയാസമുള്ള പ്രവൃത്തികൾ, അധികനേരം നിൽക്കുക, അധികനേരം കുത്തിയിരിക്കുക, അമിതഭാരമെടുക്കുക, കഠിനമായ വെയിലേൽക്കുക മുതലായ കാര്യങ്ങൾ ഒഴിവാക്കുകയാണ് നല്ലത്.
 • ദീർഘദൂരയാത്ര ചെയ്യുന്നവരും, മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരും ഒരേയിരിപ്പ് തുടരാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാൻ ശ്രദ്ധിക്കുക.
 • മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ കഴിവതും കുറച്ചുമാത്രം ഉപയോഗിക്കുക.
 • വ്യക്തിശുചിത്വം പാലിക്കുക.
 • അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.
 • പരന്ന ചെരുപ്പുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
 • പുകവലിക്കുന്നവരുമായുള്ള സഹവാസം ഉപേക്ഷിക്കുക.
 • ഉപയോഗിക്കുന്ന മുറി വായുസഞ്ചാരമുള്ളതാകുന്നത് നന്നാവും.

കോവിഡ് കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്

 • കോവിഡ് കാലത്ത് ഗർഭിണികൾക്ക് പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.
 • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകി വൃത്തിയാക്കുക.
 • ഒത്തുചേരലുകൾ ഒഴിവാക്കുക.
 • സന്ദർശകരെ അനുവദിക്കാതിരിക്കുക.
 • മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക.
 • പൊതുഗതാഗതം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം?

 • അമിതമായ ചിന്ത അല്ലെങ്കിൽ ഉത്‌കണ്ഠ, വിഷാദം, ദേഷ്യം, ഭയം എന്നിങ്ങനെയുള്ള വൈകാരികപ്രശ്നങ്ങൾ ഗർഭകാലത്ത് ഒട്ടും നന്നല്ല.
 • ആനന്ദവും ആത്മവിശ്വാസവും പകരാൻ പങ്കാളിയും വീട്ടുകാരും നല്ല സുഹൃത്തുക്കളും ഒപ്പം ഉണ്ടെങ്കിൽ ആശങ്കകളൊഴിഞ്ഞ് മനസ്സ് സ്നേഹമയമാകും.
 • വേണ്ടവിധത്തിലുള്ള ഉറക്കമാകട്ടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നതാണ്.
 • കിടക്കുമ്പോൾ ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്.
 • പ്രാണായാമം, ധ്യാനം എന്നിവ പരിശീലിക്കാവുന്നതാണ്.
 • വിശ്വാസമനുസരിച്ച് നിത്യവും പ്രാർത്ഥിക്കുക, നല്ല പുസ്തകങ്ങൾ വായിക്കുക, പാട്ടുകേൾക്കുക, സന്തോഷം നൽകുന്ന സിനിമകൾ ഇടയ്ക്ക് കാണുക, ചിത്രരചന എന്നിങ്ങനെ അവനവന് താത്‌പര്യമുള്ള കാര്യങ്ങളിലേർപ്പെട്ട് മാനസികസന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത് നന്നാവും.

ഔഷധസേവ

 • അമ്മയുടെ ആരോഗ്യാവസ്ഥ, ഗർഭസ്ഥശിശുവിന്റെ വളർച്ച തുടങ്ങിയവയ്ക്കനുസരിച്ച് ഡോക്ടറുടെ നിർദേശാനുസരണം ഔഷധങ്ങൾ സേവിക്കുക.
 • സാധാരണഗതിയിൽ കുറുന്തോട്ടി, തിരുതാളി, ഓരിലവേര്, ചിറ്റമൃത്, ശതാവരി തുടങ്ങിയവയിലേതെങ്കിലും വെച്ചുണ്ടാക്കിയ പാൽകഷായവും, ഫലസർപ്പിസ്, ഡാഡിമാദിഘൃതം തുടങ്ങിയവയിലേതെങ്കിലും നെയ്യ് അതാത് മാസത്തെ വൈദ്യപരിശോധനയ്ക്ക് ശേഷം നിശ്ചയിക്കാറുണ്ട്.
 • പ്രസവം അടുക്കുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ശുദ്ധബലാതൈലം പോലുള്ളവ പുറമെ തേച്ചു കുളിക്കാവുന്നതാണ്.
 • ഗർഭിണിയാകാൻ സാധ്യതയുള്ളവരിൽ മാസമുറ തെറ്റിയിരിക്കുന്ന സന്ദർഭങ്ങളിലോ അതല്ലെങ്കിൽ ഗർഭകാലത്തോ മറ്റു മരുന്നുകളുടെയോ പരിശോധനകളുടെയോ സാഹചര്യം വന്നാൽ തന്റെ മാസമുറയുടെ അവസ്ഥ അല്ലെങ്കിൽ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർബന്ധമായും ഡോക്ടറെ ധരിപ്പിക്കാൻ ശ്രദ്ധിക്കണം.

(അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights:Ayurveda tips to give birth to a healthy baby, Women's Health, Ayurveda, Health