അഭ്യംഗമാചരേത് നിത്യം സജരാശ്രമവാതഹാ
ദൃഷ്ടിപ്രസാദപുഷ്‌ട്യായു സ്വപ്നസ്സുത്വക്ത്വദാർഢ്യകൃത്

ഭ്യംഗം അഥവാ എണ്ണ തേച്ചു കുളി ദിവസവും ശീലിക്കേണ്ട ഒന്നാണ്. നിത്യം ഇത് ശീലിക്കുന്നതു കൊണ്ട് അകാലമായുണ്ടാകുന്ന തൊലി ചുളിയൽ, വാതരോഗങ്ങൾ എന്നിവ അകറ്റി നിർത്താം. തെളിഞ്ഞ കാഴ്ച, ശരീരപുഷ്ടി, ദീർഘായുസ്സ്, നല്ല ഉറക്കം, ചർമ്മ കാന്തി എന്നിവയും നേടാനാകും.

തലയുൾപ്പെടെ ദേഹത്ത് എണ്ണ തേച്ച് കുളിക്കുന്നതിനെയാണ് അഭ്യംഗം എന്നതുകൊണ് ഉദ്ദേശിക്കുന്നത്. നല്ലെണ്ണയാണ് തേച്ചു കുളിക്കാൻ ഏറ്റവും ഉത്തമം. 

നാം താമസിക്കുന്ന ദേശത്തിന്റെയും കാലാസ്ഥയുടേയും പ്രത്യേകതകൾക്കനുസരിച്ച് എണ്ണ തിരഞ്ഞെടുക്കണം. തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളിൽ കടുകെണ്ണ പുരട്ടുന്നതാകും നല്ലത്. എന്നാൽ അത് കേരളത്തിൽ ഉചിതമാകില്ല. ഇവിടെ വെളിച്ചെണ്ണ തന്നെയാണ് അത്യുത്തമം. യൂറോപ്പ് പോലുള്ള വിദേശ രാജ്യങ്ങളിൽ ഒലിവെണ്ണ ആയിരിക്കും ഉപയോ​ഗിക്കുന്നത്. ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാം, ഇത്തരത്തിൽ നമ്മുടെ ശരീരത്തിനു ചേരുന്ന വസ്തുക്കളുടെ ഉപയോഗമായിരിക്കും തലമുറകളായി തുടർന്നു വരുന്ന ശീലം. ഇന്ന് നമുക്ക് വേറെ വസ്തുക്കൾ സുലഭമാകുന്നതു കൊണ്ടും അവ മികച്ചതാണ് എന്ന മിഥ്യാബോധം കൊണ്ടും നമ്മുടെ ശീലങ്ങളെ പഴഞ്ചനായി പിൻതള്ളി മറുനാടൻ വസ്തുക്കളിലേക്ക് നാം ചേക്കേറുന്നു. ഈ പ്രവണത ഭക്ഷണ ശീലങ്ങളിലും പ്രകടമാണ്.

തിരക്കിട്ട ഈ കാലത്ത് എങ്ങനെയാണ് ദിവസവും ദേഹം മുഴുവൻ എണ്ണ തേച്ച് കുളിക്കാൻ സമയമുണ്ടാക്കുക? ഏവർക്കും തോന്നാവുന്ന ഒരു സംശയം. ദേഹം മുഴുവൻ എണ്ണ തേക്കാൻ സമയക്കുറവുണ്ടെങ്കിൽ തലയിലും ചെവികളിലും കാൽപാദങ്ങളിലും എല്ലാ ദിവസവും എണ്ണ തേക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ദേഹം മുഴുവൻ എണ്ണ തേച്ചു കുളിക്കുകയും ആവാം.

ചെവിയിൽ എണ്ണ പുരട്ടണം എന്നത് കൊണ്ട് ചെവിയായി നാം കാണുന്ന ചെവിക്കുട (pinna) എന്ന  ഭാഗത്ത് എന്നല്ല മനസ്സിലാക്കേണ്ടത്. ശബ്ദതരംഗങ്ങൾ പതിക്കുന്ന കർണ്ണപാളിയിൽ എണ്ണമയം ഉണ്ടാകണം. അതിനായി വിരൽ എണ്ണയിൽ മുക്കി എടുത്ത് ചെവിയുടെ അകത്തേക്ക് വിരൽ കടത്തി എണ്ണ പുരട്ടണം. ഇത് കേൾവി ശക്തി നിലനിർത്താനും ചെവിയിൽ ഉണ്ടാകുന്ന വാക്സിൻ്റെ സുഗമമായ നിർഹരണത്തിനും സഹായകമാണ്.

എന്നാൽ ഇന്ന് ആരും ഇതിനു പോലും മിനക്കെടുന്നില്ല. എൻ്റെ മുടി സെറ്റ് ചെയ്തതാണ്, എണ്ണ തേച്ചാൽ അത് ചീത്തയാകും. എണ്ണ തേച്ചാൽ മുടി ഒട്ടിയിരിക്കും. ആൺ കുട്ടികൾക്കും ഇപ്പോൾ ഇതൊക്കെ തന്നെയാണ് ന്യായങ്ങൾ . ഇതു കൂടാതെ കുളി കഴിഞ്ഞ ശേഷം മുടിയിൽ ക്രീം പുരട്ടുന്ന ശീലവും കാണാറുണ്ട്.

കുളി കഴിഞ്ഞ ശേഷം തലയിൽ എണ്ണ തേക്കുന്നത് ജലദോഷം, നീരിറക്കം, തുമ്മൽ പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാക്കുന്നു. മാത്രമല്ല ഇത്തരം ഉത്പന്നങ്ങളിൽ ഉണ്ടാകുന്ന രാസപദാർത്ഥങ്ങൾ കൃത്രിമമായ എണ്ണമയം ആയിരിക്കും മുടിക്ക് നൽകുന്നത്.കൂടാതെ ഇവ മുടിയുടെ ബലത്തേയും ശിരോചർമ്മത്തിൻ്റെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിച്ചേക്കാം.

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ്മ വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Ayurveda tips to get good health with oil massage bath Abhyangam, Ayurveda, Health