മ്പതികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് വന്ധ്യത. വന്ധ്യതയ്ക്ക് പല കാരണങ്ങളുമുണ്ട്. സ്ത്രീയിലെയോ പുരുഷനിലെയോ പ്രത്യുത്പാദനസംബന്ധമായി വരുന്ന  പ്രശ്‌നങ്ങള്‍ മൂലമോ ഇരുവരുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമോ വന്ധ്യത ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചെന്നും വരില്ല. വന്ധ്യതയ്ക്കിടയാക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് അണ്ഡോത്പാദനത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍. ഈ പ്രശ്‌നം എങ്ങനെയുണ്ടാകുന്നുവെന്നും പരിഹാരങ്ങള്‍ എന്തൊക്കെയെന്നും നോക്കാം. 

അണ്ഡോത്പാദനത്തിലെ പ്രശ്‌നങ്ങള്‍

അണ്ഡോല്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം നിരവധി ആളുകളില്‍ ഗര്‍ഭധാരണം വൈകുന്നുണ്ട്. 

 • ഇന്നത്തെ കാലത്തെ ജീവിതരീതിയും ആഹാരശീലങ്ങളും അണ്ഡാശയപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി കാണുന്നു. 
 • ദഹനം നോക്കാതെ അമിതമായി ആഹാരം കഴിക്കുന്നവരില്‍. 
 • ഭക്ഷണം വളരെ കുറച്ച് ഒടുവില്‍ ശരീരഭാരം നന്നേ കുറഞ്ഞവരില്‍.
 • അമിതമായി വ്യായാമം ചെയ്യുന്നവരില്‍.
 • മാനസികപിരിമുറുക്കം ഉളളവരില്‍. ഇവരിലൊക്കെ അണ്ഡോത്പാദനം തകരാറിലായേക്കാം.  
 • കൃത്യമായി അണ്ഡോത്പാദനം നടക്കാത്തവരില്‍ മിക്കപ്പോഴും  ആര്‍ത്തവം വൈകിയാണ് വരുന്നത്.
 • പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം(പി.സി.ഒ.എസ്.) എന്ന രോഗാവസ്ഥയില്‍ അണ്ഡോത്പാദനം കൃത്യമായി നടക്കാത്തതുമൂലം വന്ധ്യതയുണ്ടാകുന്നത് ഇന്ന് സാധാരണമാണ്. 
 • തൈറോയ്ഡ് സംബന്ധമായ ചില രോഗങ്ങളിലും അണ്ഡോത്പാദനവും ആര്‍ത്തവസ്രാവവും കൃത്യമായി നടക്കണമെന്നില്ല. 
 • അണ്ഡാശയത്തിലെ ഫോളിക്കിള്‍ പൊട്ടാതിരിക്കുന്നത് കാരണം അണ്ഡം പുറത്തേക്ക് വരാത്ത ചില അവസ്ഥകളുണ്ട്. എന്‍ഡോമെട്രിയോസിസ് എന്ന രോഗം  ഉള്ളവരില്‍ ഇത്തരം പ്രശ്‌നം വരാറുണ്ട്. 
 • ചിലരില്‍ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം വളരെ നേരത്തെ നിന്നുപോകുന്ന രോഗാവസ്ഥകള്‍ കാണുന്നുണ്ട്. 

ഇങ്ങനെയുള്ള കുറേയധികം രോഗങ്ങളില്‍ അണ്ഡോത്പാദനത്തിന്റെ തകരാറുകള്‍ മൂലം വന്ധ്യത ഉണ്ടാകുന്നുണ്ട്.  

ചികിത്സ എങ്ങനെ

 • ചികിത്സയ്ക്കായി സമീപിക്കുന്ന ദമ്പതികളുടെ പ്രായം,  വന്ധ്യതയുടെ കാരണം തുടങ്ങിയവയെല്ലാം ചികിത്സയുടെ ഫലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.  * ശാരീരികാരോഗ്യം മാത്രമല്ല മെച്ചപ്പെട്ട മാനസികാരോഗ്യം നിലനിര്‍ത്താനും  പ്രത്യേകം ശ്രദ്ധിക്കണം. 
 • അമിതമായ ഉത്കണ്ഠ ഉള്ളവര്‍ അതൊഴിവാക്കാന്‍ പരമാവധി ശ്രമിക്കുക. 
 • യാഥാര്‍ത്ഥ്യബോധത്തോടും  ശുഭാപ്തിവിശ്വാസത്തോടും കൂടി ജീവിതം നയിക്കുക.  
 • ഇഞ്ചി, കറിവേപ്പില, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ ചേര്‍ത്ത് ഭക്ഷണം പാകം ചെയ്യുക.
 • ശരീരബലത്തിനനുസരിച്ച് മാത്രം വ്യായാമം ചെയ്യുക. 
 • രാത്രി ഉറക്കമൊഴിക്കാതിരിക്കുക. 
 • രാവിലെ നേരത്തെ എഴുന്നേല്‍ക്കുക.
 • പകലുറങ്ങാതിരിക്കുക. 
 • എള്ള്, ശതകുപ്പ തുടങ്ങിയവ അടങ്ങിയ ഔഷധങ്ങള്‍ രോഗാവസ്ഥയ്ക്കനുസരിച്ച്  പ്രയോഗിക്കുന്നത് അത്യന്തം ഗുണകരമാണ്.  
 • വ്യക്തിയ്ക്കുസരിച്ചുള്ള ഔഷധനിര്‍ണയം, രോഗാവസ്ഥയും മറ്റും മനസ്സിലാക്കി ചെയ്യുന്ന സ്‌നേഹപാനം, കഷായവസ്തി, യോനിപിചു, ഉത്തരവസ്തി തുടങ്ങിയവയെല്ലാം വന്ധ്യതാചികിത്സയില്‍ ഫലപ്രദമായി കാണുന്നു. ഇവ സ്ത്രീകളില്‍ വേണ്ടവിധത്തിലുള്ള അണ്ഡോത്പാദനത്തിനും ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

(കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights:  Ayurveda tips to cure ovulatory dysfunctions an important cause of infertility, Health, Ayurveda, Womens Health