ശരീരം സത്വസംജ്ഞം ച വ്യാധീനാമാശ്രയോ മത:
ശരീരവും മനസ്സും ഒരുപോലെ രോഗങ്ങൾക്ക് ഇരിപ്പിടമാകുന്നു.
രോഗങ്ങൾ എന്നും മനുഷ്യനെ പേടിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു. പണ്ടു നിലനിന്നിരുന്ന പല അന്ധവിശ്വാസങ്ങളും ഇന്നത്തെ വീട്ടുതടങ്കലും എല്ലാം ഈ ഭയത്തിന്റെ വിവിധ ഭാവങ്ങളാണ്.
രോഗങ്ങളെ കുറിച്ചുള്ള ഒരു സാമാന്യ അവബോധം ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളുടെ ശരികേടുകൾകൊണ്ട് ഉണ്ടാകുന്നവ എന്നാണല്ലോ. ഓരോ അസുഖത്തേയും മനസ്സിലാക്കുന്നതും ആ രീതിയിൽ ആയിരിക്കും. ഉദാഹരണമായി ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളിലെ തകരാറുകൾ മൂലം ശ്വാസംമുട്ടൽ, കിഡ്നിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാതായാൽ കാലുകളിൽ നീര് തുടങ്ങിയവ ശാരീരികമായ രോഗാവസ്ഥകളെ കാണിക്കുന്നു.
എന്നാൽ രോഗങ്ങൾ കേവലം ശരീരത്തെ ആശ്രയിച്ചു മാത്രമല്ല ഉണ്ടാകുന്നത്. മനസ്സും രോഗങ്ങളുടെ ഉത്ഭവസ്ഥാനമാണ്. മനസ്സിനെ ആശ്രയിച്ചുള്ള രോഗങ്ങൾ അഥവാ മാനസിക രോഗങ്ങളായ സ്കീസോഫ്രീനിയ, വിഷാദരോഗം തുടങ്ങിയവ മനസ്സിനെ ആശ്രയിച്ചു വരുന്നവയാണ്.
ഇവ കൂടാതെ മനസ്സിനെ ആശ്രയിച്ച് അഥവാ മനസ്സിൽ ഉണ്ടായി ശരീരത്തിൽ പ്രകടമാകുന്ന രോഗങ്ങളും ഉണ്ട്. നാം അനുഭവിക്കുന്ന പേടി, സങ്കടം, ദേഷ്യം, അമർഷം, ഉത്‌കണ്ഠ തുടങ്ങിയ വികാരങ്ങൾ പലപ്പോഴും ഉള്ളിൽ തന്നെ പിടിച്ചു വെക്കുകയാണ് പൊതുവെ ഇന്നത്തെ ആളുകളുടെ ശൈലി. വീട്ടിലെ സാഹചര്യങ്ങൾ കൊണ്ടോ, തന്റെ മിഥ്യാഭിമാനബോധം കൊണ്ടോ, വളരെ അടുപ്പമുള്ളവരോടു പോലും ഇവ വെളിപ്പെടുത്താൻ ആളുകൾ മടിക്കുന്നു. അവയെ തന്റെ ഉള്ളിൽ തന്നെ അടക്കി വെക്കുന്നു.
ഇത്തരത്തിലുള്ള പ്രവൃത്തി മനസ്സിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മനസ്സിന്റെ ഈ താപം ശരീരത്തേയും ബാധിക്കുന്നു. ഒരു പാത്രത്തിലേക്ക് ചൂടുള്ള നെയ്യ് ഒഴിച്ചാലും ചൂടുള്ള പാത്രത്തിലേക്ക് തണുത്ത ഉറച്ചിരിക്കുന്ന നെയ്യ് ചേർത്താലും കുറച്ച് സമയത്തിനു ശേഷം പാത്രവും നെയ്യും ഒരു പോലെ ചൂടുള്ളതായി മാറുന്നു. ഇതു പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ് മനസ്സും ശരീരവും. ഒന്നിലുണ്ടാകുന്ന ക്ഷോഭം അടുത്തതിനെ തീർച്ചയായും ബാധിക്കും.
ഭർത്താവിന്റെ വീട്ടിൽ നിരന്തരം അവഗണനകൾക്കിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന ഒരു വീട്ടമ്മ, ഒറ്റപ്പെടലിന്റെ സങ്കടത്തിൽ ജീവിക്കുന്ന മാതാപിതാക്കൾക്കുണ്ടാകുന്ന പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവക്ക് മരുന്നുകൾ ഒരു പരിധി വരെ മാത്രമേ പരിഹാരമാവുകയുള്ളൂ.
ശരീരത്തിനുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ആരോഗ്യം നിലനിർത്താനുള്ള വഴികളെ കുറിച്ചും മിക്കവാറും ജനങ്ങൾ ബോധവാൻമാരാണ്. എന്നാൽ മനസ്സിനെയോ മനസ്സിന്റെ ആരോഗ്യത്തേയോ കുറിച്ച് അധികമാരും ചിന്തിക്കാറില്ല. ശാരീരികാരോഗ്യം നിലനിർത്താൻ വ്യായാമം ശീലിക്കാറുണ്ട്. ഇതുപോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യത്തിനുള്ള കാര്യങ്ങൾ.
മനസ്സിന്റെ ആരോഗ്യം നിലനിർത്താൻ എന്തു ചെയ്യാം?
ഉത്‌കണ്ഠ, ഭയം, നിരാശ തുടങ്ങിയ വികാരങ്ങളെ മനസ്സിനെ അടിമപ്പെടുത്താൻ അനുവദിക്കാതിരിക്കുക.
പ്രാണായാമം പോലെയുള്ള ശ്വസന മുറകളും റിലാക്സേഷൻ ടെക്നിക്കുകളും മനസിനെ സ്വസ്ഥമാക്കി നിലനിർത്താൻ സഹായിക്കുന്നവയാണ്.
നാം കഴിക്കുന്ന ആഹാരവും നമ്മുടെ ജീവിതശൈലിയും ശരീരത്തെ ബാധിക്കുന്നുണ്ട്. അതു പോലെ മനസ്സിലേക്ക് കടന്നു വരുന്ന ഓരോ ചെറിയ കാര്യങ്ങളും മനസിനെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ നാം കാണുന്ന കാഴ്ചകളും കേൾക്കുന്ന കാര്യങ്ങളും അനുഭവിക്കുന്ന രസവും മണവും സുഖകരവും ഉൻമേഷദായകവും ആക്കാം. നിരന്തരം നെഗറ്റീവ് ആയവ മനസ്സിലേക്ക് എത്താതെ നോക്കാം. മനസ്സിനെ സന്തോഷിപ്പിക്കാം......
(കൂറ്റനാട് അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ്മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
Content Highlights:Ayurveda tips to cure mental and physical diseases, Health, Ayurveda