സ്ത്രീവന്ധ്യതയുടെ കാരണങ്ങളുടെ കൂട്ടത്തിൽ വളരെ അടുത്ത് മാത്രം കേട്ട് തുടങ്ങിയ പേരാണ് എ.എം.എച്ച്. ഹോർമോൺ (ആന്റി മുള്ളേറിയൻ ഹോർമോൺ) കുറയുക എന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ അവസ്ഥ ഉള്ള സ്ത്രീകളുടെ എണ്ണം വർധിച്ചു വരുന്നതായും കണ്ടുവരുന്നു. അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണം കുറയുകയും, ഉള്ളവയുടെ തന്നെ ഗുണമേന്മ (ക്വാളിറ്റി ) കുറയുകയും ചെയ്യുന്നതിനാൽ ഇത്തരം സ്ത്രീകളിൽ ഗർഭധാരണം ബുദ്ധിമുട്ടേറിയതാകാം. ക്രമേണ വളരെ ചെറുപ്പത്തിലേ തന്നെയുള്ള ആർത്തവവിരാമ അവസ്ഥയിലേക്കും അവർ എത്തിചേർന്നേക്കാം.

ലക്ഷണങ്ങൾ

 • ക്രമം തെറ്റിയ ആർത്തവം (21 ദിവസത്തിൽ താഴെ മാത്രം ഇടവേള ഉണ്ടാകൽ),
 • ആർത്തവത്തിന്റെ അഭാവം,
 • ശരീരത്തിൽ കൂടുതലായി അനുഭവപ്പെടുന്ന ചൂട്,
 • യോനി ഭാഗത്തെ വരൾച്ച, അത് മൂലം ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടൽ തുടങ്ങി പല ലക്ഷണങ്ങളും ഇവരിൽ കണ്ടേക്കാം. പലപ്പോഴും തിരിച്ചറിയത്തക്ക പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാതെ, വന്ധ്യത ചികിത്സയുടെ ഭാഗമായ പരിശോധനയ്ക്കിടെ ആകസ്മികമായി മാത്രം കണ്ടെത്തുന്ന ഒന്നായും ഇത് കാണാറുണ്ട്.

രോഗനിർണയത്തിന്റെ ഭാഗമായി രക്തപരിശോധനയും ആർത്തവകാലത്തുള്ള സ്കാനിങ്ങും വേണ്ടി വന്നേക്കാം.

ഈ അവസ്ഥയിൽ ശരിയായ ചികിത്സ ലക്ഷണങ്ങൾ കുറയ്ക്കാനും, അണ്ഡത്തിന്റെ ഗുണം മെച്ചപ്പെടുത്തി ഗർഭം ധരിക്കുവാനും ശരിയായ ആയുർവേദ ചികിത്സ സഹായകരമാകും. സമയം വളരെ പ്രധാനമായ പങ്ക് വഹിക്കുന്നതിനാൽ, ഒട്ടും സമയം പാഴാക്കാതെ ശരിയായ ചികിത്സ തേടേണ്ടതുണ്ട്.

ചികിത്സ

 • ഔഷധങ്ങൾക്കൊപ്പം കിടത്തി ചികിത്സയും അനിവാര്യമായി വന്നേക്കാം.
 • സ്നേഹപാനം (യുക്തമായ നെയ്യ് /തൈലം കഴിക്കൽ ), വമനം, വിരേചനം, വസ്തി, ഉത്തര വസ്തി, രസായന ചികിത്സ എന്നിവ ഫലപ്രദമായി ഉപയോഗിക്കാം.
 • ചികിത്സയോടൊപ്പം ജീവിത ശൈലിയിലും ചെറിയ മാറ്റങ്ങൾ വരുത്തുക.
 • ബേക്കറി ഭക്ഷണം, മൈദ, വറുത്തവ, ജലാശം കുറഞ്ഞ ഭക്ഷണപദാർഥങ്ങൾ, നിറങ്ങൾ ചേർന്നവ, ശീതളപാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
 • രാത്രി ഉറക്കമൊഴിയൽ, ശരീരബലം പരിഗണിക്കാതെയുള്ള അധ്വാനം, അൽപാഹാരം, എന്നിവ ഒഴിവാക്കുക.
 • വിശപ്പിനനുസരിച്ച്, വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ ശീലിക്കാം.
 • മീനും മാംസവും, മസാല കുറച്ച് കറികളാക്കി കഴിക്കാം.
 • ചെറുപയർ, നേന്ത്രപഴം എന്നിവ സൂപ്പ് ആക്കി നെയ് താളിച്ചു കഴിക്കാം.
 • പാൽ, എള്ള്, ഈന്തപ്പഴം, നറുവെണ്ണ, മാതളനാരങ്ങ, ഇലക്കറികൾ, നവരയരി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം.
 • ശരീരത്തിലും ശിരസ്സിലും എണ്ണ തേച്ച് കുളി ശീലമാക്കാം. അനാവശ്യ ഉത്‌കണ്ഠ, ടെൻഷൻ, ചിന്ത എന്നിവ ഒഴിവാക്കി, ലഘു വ്യായാമങ്ങൾ, യോഗ, പ്രാണായാമം തുടങ്ങിയവ വൈദ്യനിർദേശപ്രകാരം ശീലിക്കാം.

(കൂറ്റനാട് അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിതന്ത്രം & സ്ത്രീരോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights:Ayurveda tips to cure early menopause, Ayurveda, Health, Women's Health