പൂർവമായി കാണപ്പെട്ടിരുന്ന പല രോ​ഗങ്ങളും സമൂഹത്തിൽ ഇന്ന് കൂടുതലായി കാണപ്പെടുന്നതായി പറയാറുണ്ട്. അത്തരത്തിലൊന്നാണ് പാർക്കിൻസൺസ് രോ​ഗം. എല്ലാ വർഷവും ഏപ്രിൽ 11 പാർക്കിൻസൺസ് രോ​ഗദിനമായി ആചരിച്ചുവരുന്നു. ഈ രോ​ഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും വ്യത്യസ്ത ചികിത്സാശാഖകളിലെ സാധ്യതകളെക്കുറിച്ചുള്ള അറിവിലൂടെയും രോ​ഗികളുടെ ജീവിതത്തിന് കരുത്ത് പകരുകയാണ് ഇതിന്റെ ലക്ഷ്യം. 

1817 ൽ ജെയിംസ് പാർക്കിൻസൺ എന്ന ബ്രിട്ടീഷ് ഡോക്ടർ ആറു രോ​ഗികളെ നിരീക്ഷിച്ച് സമർപ്പിച്ച പ്രബന്ധത്തിലൂടെയാണ് ഈ രോ​ഗത്തെ പാശ്ചാത്യവെെദ്യശാസ്ത്ര ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇന്നത്തെ ആന്ധ്രാപ്രദേശിലെ അതിപ്രശസ്ത ചികിത്സകനായിരുന്ന ബസവരാജു ആണ് തന്റെ വെെദ്യശാസ്ത്ര ​ഗ്രന്ഥമായ 'ബസവരാജീയ'ത്തിൽ കമ്പവാതം എന്ന പേരിൽ ആയുർവേദ ലോകത്തിന്റെ ശ്രദ്ധ ഈ രോ​ഗത്തിലേക്ക് ആദ്യമായി ആകർഷിച്ചത്. മാത്രവുമല്ല അദ്ദേഹം തന്റെ ചികിത്സാനുഭവങ്ങളിലെ വളരെ മികച്ച ഔഷധങ്ങളും കൂടെ രേഖപ്പെടുത്തിയിരിക്കുന്നു. 

വിശ്രമാവസ്ഥയിൽ ഒരു കെെയിൽ മാത്രമുണ്ടാകുന്ന വിശ്രമാവസ്ഥയിലെ വിറയൽ, ദെെനംദിന കാര്യങ്ങൾ ചെയ്യുമ്പോൾ (ഉദാഹരണത്തിന് ഷർട്ടിന്റെ ബട്ടൺസ് ഇടൽ) ആ പ്രവൃത്തികൾ വളരെ പതുക്കെയാവുക, ശരീരത്തിന്റെ സ്വാഭാവികമായ വഴക്കം നഷ്ടപ്പെടുക, മുഖത്ത് വെെകാരിക ഭാവമായ ചിരി മുതലായവ പ്രദർശിപ്പിക്കാനുള്ള ബുദ്ധിമുട്ട്, റോഡ് മുറിച്ചുകടക്കാനുള്ള ഭയം മുതലായവ പലതും രോ​ഗത്തിന്റെ ലക്ഷണങ്ങളായി കാണാറുണ്ട്. പലപ്പോഴും ഈ രോ​ഗലക്ഷണങ്ങൾക്ക് വളരെ മുൻപേ ​ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരികയും ശോധന കുറയുന്നതായും രോ​ഗികൾ പറയാറുണ്ട്. 

കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ പല വ്യക്തികളിലും ഈ രോ​ഗം പ്രത്യക്ഷപ്പെടാറുണ്ട്. ഒരു പത്തുവർഷം മുൻപ് വളരെ പ്രായമുള്ളവരിൽ കണ്ടുവന്നിരുന്ന ഈ രോ​ഗം ഇന്ന് 40 വയസ്സ് പ്രായമുള്ളവരിലും കണ്ടുവരുന്നത് ആശങ്കയുണർത്തുന്നു.

രോ​ഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒരു ആയുർവേദ വിദ​ഗ്ധന്റെ സേവനം തേടാവുന്നതാണ്. വസ്തി, നസ്യം മുതലായ പഞ്ചകർമ്മങ്ങൾ, നാഡീഞെരമ്പുകൾക്ക് സംരക്ഷണം നൽകുന്ന ഔഷധങ്ങൾ, മനസമ്മർദത്തെ കൃത്യമായി ലഘൂകരിക്കുന്ന യോ​ഗ- പ്രാണായാമ പദ്ധതികൾ തുടങ്ങി വെെവിധ്യമാർന്ന ചികിത്സാ പ്രോട്ടോകോളാണ് ആയുർവേദ വിദ​ഗ്ധർ ഈ രോ​ഗത്തിനായി അവതരിപ്പിക്കുന്നത്. 

പാർക്കിൻസൺസ് രോ​ഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഭക്ഷണത്തിൽ മിതത്വം പാലിക്കുക. അധികം എരിവുള്ള ഭക്ഷണങ്ങൾ, ഉപ്പുരസം കൂടുതലുള്ളവ, കപ്പ പോലെ കലോറി മൂല്യം കൂടിയവ, എണ്ണ മെഴുക്കുള്ളവ, എരിവ്- എണ്ണ- ഉപ്പ് ഇവയുടെ മിശ്രതമായ അച്ചാർ, തെെര് മുതലായവ ഒഴിവാക്കുക. 
  • ഇടവേള ഭക്ഷണം ഒഴിവാക്കി ദിവസം മൂന്ന് നേരമായി ഭക്ഷണം ക്രമപ്പെടുത്തുക. രാത്രി വെെകിയുള്ള ഭക്ഷണം അവസാനിപ്പിച്ച് ലഘുവായ അത്താഴം രാത്രി എട്ട് മണിക്ക് കഴിക്കുക. 
  • പച്ചക്കറികൾ, പഴവർ​ഗങ്ങൾ ഇവയുടെ അളവ് വർധിപ്പിച്ച് ചോറിന്റെ അളവ് കുറയ്ക്കാം. ശുദ്ധമായ പശുവിൻ നെയ്യ്, മോര് (വെണ്ണ മാറ്റി), ഇഞ്ചി ചതച്ചിട്ട സംഭാരം ഇവ ഉച്ചയൂണിന് ഒപ്പം കഴിക്കാം. 
  • മുട്ട, മാംസാഹാരങ്ങൾ മുതലായവ രോ​ഗാസ്ഥയ്ക്കയ്ക്ക് അനുസരിച്ച് ആയുർവേദ വിദ​ഗ്ധന്റെ നിർദേശത്തോടെ ഉപയോ​ഗിക്കാം. 
  • ചാരിയിരുന്നുള്ള ലഘുവായ ഉച്ചമയക്കം, മാനസികോല്ലാസത്തിനുള്ള കാര്യങ്ങൾ, നടത്തം ഇവ പതിവാക്കുക. 
  • ഉച്ചനേരത്തുള്ള തലകുളിക്കൽ നിർത്തുക. 
  • രാത്രിയിലെ ഉറക്കം, ആരോ​ഗ്യത്തിനുള്ള ഒരു മികച്ച ചവിട്ടുപടിയായി കാണുക. ആറ് മണിക്കൂർ സുഖമായി ഉറങ്ങുക. 
  • മാനസിക പിരിമുറുക്കത്തിനോട് മുഖം തിരിക്കുക. ഈ സമയവും താൻ മറികടക്കുമെന്നും ശരീരത്തെ കൂടുതൽ കർമക്ഷമമാക്കുമെന്നും വിശ്വസിക്കുക. 

ആഹാരരീതികൾ, ജീവിതശെെലി, മനസമ്മർദത്തെ നേരിടുന്നതിനുള്ള പരിശീലനം ഇവയും ചേർക്കുന്നതു വഴി ഈ രോ​ഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. കുടുംബാം​ഗങ്ങളുടെ മികച്ച പിന്തുണയും ആവശ്യമാണ്. 

(അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറും മേധാവിയും വെെസ് പ്രിൻസിപ്പാളുമാണ് ലേഖിക)

Content Highlights: Ayurveda tips to control Parkinson's disease, Health, World Parkinson's Disease Day 2021