സ്ത്രീകൾ പലപ്പോഴും തുറന്നു പറയാൻ മടിക്കുന്ന ഒന്നാണ് വേനൽക്കാലത്ത് വിട്ടുമാറാതെ നിൽക്കുന്ന
ത്വക്ക്‌രോഗങ്ങള്‍. ഇതിൽ പ്രധാനപ്പെട്ടതാണ് വട്ടച്ചൊറി. ഇത് കക്ഷത്തും ഇടുക്ക് ഭാഗത്തും മറ്റും ചൊറിച്ചിലോടുകൂടിയാണ് കാണപ്പെടുന്നത്.  
          
അമിതവണ്ണമുള്ളവർ, അധികമായി വിയർക്കുന്നവർ തുടങ്ങിയവരിൽ  ഇത് വരാനുള്ള  സാധ്യത കൂടുതലാണ്. ആയാസമേറിയ ജോലി കൊണ്ട് വിയർത്തുകൊണ്ടിരിക്കുകയും എന്നാൽ അതിനനുസരിച്ച്  വസ്ത്രങ്ങൾ മാറാനുള്ള സാഹചര്യം ലഭിക്കാതെയും വരുമ്പോൾ  വിയർപ്പ് തങ്ങിനിന്ന് ഇത്തരം പ്രശ്നങ്ങളുണ്ടാകാറുണ്ട്. 

വേണ്ടവിധത്തിലുള്ള ശുചിത്വം പാലിക്കാത്തവരിൽ ഇത് അടിക്കടി ഉണ്ടാകാം.  വൃത്താകൃതിയിലാണ്  കാണപ്പെടുന്നത്. നിറംമാറ്റമുണ്ടാകാം.  നന്നേ ചൊറിച്ചിലുമുണ്ടാകും. ചർമ്മപ്രതലത്തിൽ നിന്നും അല്പം ഉയർന്നിരിക്കാം. ചിലപ്പോൾ കുമിളകളായും കാണപ്പെടാം.  ഈർപ്പം കെട്ടിനിൽക്കുന്ന ഭാഗങ്ങളിലാണ് ഇതുണ്ടാകുന്നത്. തുടയിടുക്ക്, സ്തനങ്ങളുടെ താഴ്ഭാഗത്ത്,  അടിവസ്ത്രങ്ങളുടെ സ്ട്രാപ്പ് അതല്ലെങ്കിൽ പാവാടയും ചുരിദാർപാൻ്റും  കെട്ടുന്ന  ഭാഗം, കക്ഷം എന്നീ ഭാഗങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്. 

  • വേണ്ടവിധത്തിലുള്ള കരുതലെടുക്കുക. ശുചിത്വകാര്യത്തിൽ നന്നേ ശ്രദ്ധ ചെലുത്തുക. അധികം ദിവസം മാറാതെ  നിൽക്കുന്നുണ്ടെങ്കിലോ വ്യാപിക്കുന്നതോ കണ്ടാൽ വൈദ്യസഹായം  തേടുക. 
  • വസ്ത്രങ്ങൾ വൃത്തിയായി കഴുകി പൂർണ്ണമായി ഉണങ്ങിയതിനു ശേഷം മാത്രം ഉപയോഗിക്കുക. അമിതമായി വിയർക്കുന്നവർ ആവശ്യാനുസരണം വസ്ത്രം മാറ്റുവാൻ ശ്രദ്ധിക്കേണ്ടതാണ്. 
  • അയഞ്ഞതും പരുത്തികൊണ്ടുള്ളതുമായ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.
  • തൈര്, ധാരാളം പുളിയുടെ ഉപയോഗം, ഉഴുന്ന് ചേർന്ന ആഹാരപദാർഥങ്ങൾ, അച്ചാർ, മത്സ്യം, മാംസം തുടങ്ങിയവ ഒഴിവാക്കുന്നത് നന്നാവും. 
  • ആര്യവേപ്പില, കണിക്കൊന്നയില തുടങ്ങിയവയിലേതെങ്കിലും ഇട്ട് തയ്യാറാക്കിയ വെള്ളം കൊണ്ട് കഴുകിയതിനു ശേഷം ഇടുക്ക് ഭാഗങ്ങളും മറ്റും വൃത്തിയുള്ള തുണികൊണ്ട് ഉണക്കി വയ്ക്കാൻ ശ്രദ്ധിക്കുക.

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോ​ഗ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Ayurveda tips to avoid ringworm and summer diseases, Health, Ayurveda, Summer