ആയുര്‍വേദത്തിന്റെ പര്യായവാചി തന്നെയായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരന്‍ പത്മഭൂഷണ്‍ പി.കെ. വാരിയര്‍ ജീവിതരീതികളിലെന്നപോലെ സാരഥ്യത്തിലും അനുവര്‍ത്തിക്കുന്ന ആര്‍ജവവും ലാളിത്യവും വരും തലമുറയ്ക്ക് മാതൃകയാണ്. ശാസ്ത്രസങ്കേതങ്ങള്‍ താരതമ്യേന അവികസിതമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടില്‍ ആയുര്‍വേദ ചികിത്സാ പദ്ധതികളെ ആധുനികവത്കരിച്ച വൈദ്യരത്‌നം പി.എസ്. വാരിയരുടെ ദീര്‍ഘവീക്ഷണ സരണിയില്‍ പിന്നെയും ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു കോട്ടക്കല്‍ ആര്യവൈദ്യശാല.
ഔഷധനിര്‍മാണത്തിലെ ബൃഹദ്പദ്ധതികളിലും ആര്യവൈദ്യശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചികിത്സാകേന്ദ്രങ്ങളിലെ സൗകര്യമൊരുക്കുന്നതിലും ആയുര്‍വേദ കോളേജിന്റെ വികസനത്തിലുമെല്ലാം പി.കെ.വാരിയരുടെ ശതായുസ്സോടടുക്കുന്ന ജീവിതപഥം അക്ഷീണം കര്‍മനിരതമാണ്. കര്‍മയോഗികളുടെ പരമ്പരയില്‍ ചിരപ്രതിഷ്ഠ നേടിക്കൊണ്ട് വൈദ്യത്തിന് മാനവികതയുടെ മുഖം നല്‍കുന്ന ഡോ. പി.കെ. വാരിയര്‍ സംസാരിക്കുന്നു
ആരോഗ്യത്തെക്കുറിച്ചുള്ള ആയുര്‍വേദത്തിന്റെ ദര്‍ശനം എന്താണ്? അതെങ്ങനെയാണ് മഹത്തരമാകുന്നത്?
പ്രകൃതി, ജീവജാലങ്ങള്‍, കാലം, കാലാവസ്ഥ, വൃക്ഷങ്ങള്‍, സസ്യങ്ങള്‍, പുഴ, മഴ, പര്‍വതം, മനുഷ്യന്‍ എന്നിവയെയെല്ലാം ഒന്നായി കാണുകയും അറിയുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ അവബോധമാണ് ആയുര്‍വേദത്തിന്റെ ദര്‍ശനം. ഉദാത്തവും ദാര്‍ശനികവുമായ ഒരടിത്തറ ആയുര്‍വേദത്തിനുണ്ട്്. അതുകൊണ്ട്്് ആരോഗ്യത്തെക്കുറിച്ച് ഒരു 'ഹോളിസ്റ്റിക്' സമീപനം സ്വീകരിക്കാന്‍ ഭാരതീയ ചികിത്സാപദ്ധതിക്ക് സാധിക്കുന്നു. രോഗാധിഷ്ഠിതമല്ല ഈ സമീപനം. രോഗം വന്ന് ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാള്‍ പ്രതിരോധിക്കുവാനുള്ള കാര്യങ്ങളിലാണ് ആയുര്‍വേദം ഊന്നുന്നത്. ജീവജാലങ്ങളേയും സഹജീവികളേയും കാരുണ്യത്തോടെ കാണുവാന്‍ പഠിപ്പിക്കുന്നതിലാണ് ആയുര്‍വേദത്തിന്റെ മഹത്വം സ്ഥിതിചെയ്യുന്നത്.
ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് എന്നതാണല്ലോ എല്ലാവരുടേയും ആഗ്രഹം. ആയുര്‍വേദം ഇതിന് ഇതിന് സഹായകമാകുന്നത്?
ചികിത്സാ മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ മൂലം ലോകത്തെവിടെയുമുള്ള ജനങ്ങളുടെ ആയുസ്സ് വര്‍ധിച്ചിട്ടുണ്ട്. രോഗപ്രതിരോധകുത്തിവെപ്പുകള്‍, ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ധന, ഭക്ഷണത്തിന്റെ ലഭ്യത എന്നിവയെല്ലാം ആയുര്‍ദൈര്‍ഘ്യം കൂട്ടുവാന്‍ സഹായിച്ചിട്ടുള്ള ഘടകങ്ങളാണ്. എന്നാല്‍ അതോടൊപ്പം തന്നെ ദീര്‍ഘകാലം മരുന്നുകളെ ആശ്രയിച്ചുകൊണ്ട് ജീവിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്. ഇവിടെയാണ് ഭാരതീയ ചികിത്സാ ക്രമങ്ങളുടെ പ്രസക്തി. ആയുര്‍വേദം ഒരു ചികിത്സാശാസ്ത്രം എന്നതിനൊപ്പം തന്നെ ഒരു ജീവിതചര്യയുമാണ്. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നും ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു. ജീവിതത്തെ ഗുണാത്മകമായും(positive) സന്തോഷത്തോടെയും സമീപിക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറെ ആവശ്യമായിട്ടുള്ളതാം്. കൂട്ടത്തില്‍ ഒരു കാര്യം കൂടി പറയട്ടെ, ആയുസ്സിന്റെ അദികാരി വൈദ്യനല്ല. അതേസമയം തന്നെ രോഗശാന്തി നല്‍കുന്നതിന് ചികിത്സ നിശ്ചയിക്കുവാനും ആരോഗ്യകരമായ ജീവിതം നയിക്കുവാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങല്‍ നല്‍കാനും വൈദ്യനു കഴിയും.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം..മാതൃഭൂമി ആരോഗ്യമാസിക ജൂലായ് ലക്കം ഇപ്പോള്‍ വിപണിയില്‍....
ജൂലായ് ലക്കം ആരോഗ്യമാസിക വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക