മാത്രാശീ സർവകാലം സ്യാത് മാത്രാഹ്യാഗ്നേ പ്രവർത്തികാ
മാത്രാ ദ്രവ്യാണ്യപേക്ഷന്തേ ഗുരൂ ണ്യപി ലഘൂന്യപി

മാത്ര (അളവ്) അനുസരിച്ചായിരിക്കണം ഭക്ഷണം കഴിക്കേണ്ടത് കാരണം അഗ്നിയെ ശരിയായി പ്രവർത്തിപ്പിക്കുന്നത് മാത്രാ പ്രകാരമുള്ള ആഹാരമാണ്. ഈ മാത്ര ആകട്ടെ ഭക്ഷണവസ്തു ഗുരുവാണോ ലഘുവാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നാം കഴിക്കുന്ന ഭക്ഷണത്തെ ശരീരമാക്കി പരിണമിപ്പിക്കുന്നത് നമ്മുടെ ഉള്ളിലുള്ള അഗ്നിയാണ്. അഗ്നി കർമ്മക്ഷമമായിരുന്നാൽ മാത്രമേ ഈ പരിണാമക്രിയ സുഗമമായും കൃത്യമായും നടക്കൂ. ഉള്ളിലെ അഗ്നിയെ പരിരക്ഷിക്കാനായി ഒരാൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ മാത്ര അഥവാ അളവിലാണ്.
മാത്രക്കനുസരിച്ച് കഴിച്ചാൽ അഗ്നി ശരിയായി പ്രവർത്തിക്കും.

മാത്ര/അളവ് എങ്ങനെ മനസ്സിലാക്കാം

ഭക്ഷണപദാർത്ഥങ്ങളുടെ ഗുണത്തിനനുസരിച്ചാണ് മാത്ര നിർണയിക്കേണ്ടത്.ചില ആഹാരസാധനങ്ങൾ കഴിച്ചാൽ കുറെ സമയത്തിന് ശേഷം മാത്രമേ വീണ്ടും വിശക്കുകയുള്ളൂ. ഉദാഹരണമായി പൊറോട്ട, ബിരിയാണി, പായസം ഇവയെ ദഹിക്കാൻ ബുദ്ധിമുട്ടുള്ളവ എന്നു മനസ്സിലാക്കാം ഇവയെ ഗുരു ഭക്ഷണം (Heavy food) എന്നുവിളിക്കാം. ഗുരു ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ പകുതി വയർ മാത്രമേ കഴിക്കാവൂ.

എന്നാൽ കഞ്ഞി, നൂലപ്പം, പത്തിരി പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ എളുപ്പത്തിൽ ദഹിക്കുന്നു. അതിനാൽ ഇവയെ ലഘുഭക്ഷണം (light food) എന്ന് വിളിക്കാം. ലഘുഭക്ഷണങ്ങൾ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകാത്ത വിധം കഴിക്കാം.

എന്താണ് ഭക്ഷണത്തിന്റെ അളവിനും ഗുണത്തിനും അഗ്നിയെ നിലനിർത്തുന്നതിൽ ഇത്ര പ്രാധാന്യം?

അടുപ്പിൽ തീ പിടിപ്പിക്കുന്ന രീതി ഒന്ന് നോക്കാം. ആദ്യം ഓല/ കടലാസ് പോലെ എളുപ്പം തീപിടിപ്പിക്കുന്ന വസ്തുക്കളാണ് അടുപ്പിൽ വയ്ക്കുക. അത് കത്തി തീ ശക്തിയാർജ്ജിച്ച ശേഷമായിരിക്കും വിറക് വെച്ച് കൊടുക്കുന്നത്. ഈ ഒരു ആശയത്തെ ശരീരത്തിനുള്ളിലെ തീയിനെ നിലനിർത്തുന്നതിലും ഉപയോഗിക്കാവുന്നതാണ്.

തീയെ നിലനിർത്തുന്നത് വിറകാണ് എന്നാൽ തീയുടെ ശക്തി അനുസരിച്ച് വിറകിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ക്ഷീണിച്ച തീയിന് തീരെ കനം കുറഞ്ഞ ഇന്ധനങ്ങൾ മാത്രമേ കത്തിക്കാൻ കഴിയൂ. ഇനി കട്ടികുറഞ്ഞതാണെങ്കിൽ കൂടെ അധികം തിക്കിത്തിരക്കി വെച്ചാലും തീ ശക്തി പ്രാപിക്കില്ല. മിതമായ അളവിൽ വെച്ചാലേ പിടിക്കൂ.അധികമായാലും കുറഞ്ഞു പോയാലും തീ കെട്ടുപോകും എന്ന എന്നർഥം.

ഇപ്രകാരം ആഹാരം ഗുരുവാണോ ലഘുവാണോ എന്നും വിശപ്പിന്റെ ശക്തി എത്ര ഉണ്ട് എന്നും മനസ്സിലാക്കി അളവിനനുസരിച്ച് കഴിച്ചാൽ കഴിച്ചത് കൃത്യമായി ദഹിക്കുകയും യഥാസമയം വീണ്ടും വിശക്കുകയും ചെയ്യും. ഇങ്ങനെ അഗ്നിയെ സമമായി നിലനിർത്താം.

(കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം& വിദ്യാപീഠത്തിലെ പഞ്ചകർമ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights:Ayurveda concept of eating How when and how much to eat, Health, Ayurveda, Food