"മലയാളത്തിൻ്റെ ജീവൻ മശായ്" അല്ലെങ്കിൽ " ചികിത്സയിലെ ഗാന്ധി" എന്നൊക്കെ കരുതാവുന്ന പത്മഭൂഷൺ വൈദ്യഭൂഷണം കെ.രാഘവൻ തിരുമുല്പാടിൻ്റെ 101-ാം ജൻമദിനമാണിന്ന് . ലളിതവും ഫലപ്രദവും ആയ ചികിത്സാരീതി  കൊണ്ടും മാതൃകാപരമായ ജീവിതം കൊണ്ടും അനന്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. 

ചികിത്സകൻ, എഴുത്തുകാരൻ, ദാർശനികൻ, അദ്ധ്യാപകൻ, ഗാന്ധിയൻ, കവി, വിവർത്തകൻ, സംസ്കൃതപണ്ഡിതൻ, ഗ്രന്ഥകാരൻ എന്നിങ്ങനെ പല തലങ്ങളിലും വ്യക്തിത്വം സ്ഥാപിച്ച ഒരാൾ. മാതൃഭൂമി ആരോഗ്യമാസിക (വൈദ്യദൃഷ്ടി ), കേരളീയം (ആയുരാരോഗ്യസൗഖ്യം) എന്നിവയിൽ സ്ഥിരം പംക്തികൾ എഴുതിയിരുന്നു അദ്ദേഹം. 

ആരോഗ്യവിഷയത്തിൽ സമൂഹത്തിനും വ്യക്തിയ്ക്കും ഒരേ പോലെ ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹം സദാ  ഓർമ്മിപ്പിച്ചിരുന്നു. ഔഷധത്തേക്കാളുപരി ഭക്ഷണക്രമത്തിലും ജീവിതശൈലിലും ഉണ്ടാകേണ്ട മാറ്റങ്ങൾക്കാണ് അദ്ദേഹം തൻ്റെ ചികിത്സയിൽ ഊന്നൽ കൊടുത്തിരുന്നത്.

ചികിത്സാ ചെലവ് സാധാരണക്കാരെ കൊണ്ട് താങ്ങാൻ പറ്റാത്ത രീതിയിൽ വർദ്ധിച്ചുവരുന്ന കാലഘട്ടമാണിന്ന്. ഈ സന്ദർഭത്തിൽ, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവനും ലഭ്യമാകുന്ന രീതിയിൽ ചികിത്സ ലളിതമാക്കണം എന്ന അദ്ദേഹത്തിൻ്റെ നിഷ്കർഷ ഓർക്കേണ്ട ഒന്നാണ്. ചികിത്സാ ചെലവ് കുറയ്ക്കാനുള്ള ഏറ്റവും ലളിതമായ ഉപായം ആണ്  പത്ഥ്യത്തിലുള്ള നിഷ്കർഷ. അതുകൊണ്ട് ആഹാരത്തിലും വ്യായാമത്തിലും ഉള്ള ശ്രദ്ധ  രോഗശമനത്തിനായി വേണ്ടതാണെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. ചുറ്റുവട്ടത്ത് കാണുന്ന 10 ഔഷധച്ചെടികൾ കൊണ്ട് ചികിത്സിക്കാൻ കഴിയുന്നവൻ ആകണം വൈദ്യൻ  എന്ന് യുവതലമുറയിലെ വൈദ്യന്മാരെ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ബഹുമുഖപ്രതിഭ എന്ന നിലയിൽ ഒട്ടനവധി ബഹുമതികൾ അദ്ദേഹത്തെ തേടിവന്നു. കേരളസമൂഹത്തിന്, വിശേഷിച്ച് ആയുർവേദസമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തി 2007-ൽ കേരളസർക്കാർ അദ്ദേഹത്തിന്  'അഷ്ടാംഗരത്നം 'പുരസ്കാരം സമർപ്പിച്ചു.  മരണാനന്തരം 2011-ൽ ഭാരതസർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു. 2019 -ൽ ഭാരതസർക്കാർ പുറത്തിറക്കിയ വാർഷിക കലണ്ടറിലെ 'മാസ്റ്റർ ഹീലേഴ്സ് ഓഫ് ആയുഷ് ' എന്നിവരിലൊരാളായും  അനുസ്മരണസ്റ്റാമ്പിലും  ഉൾപ്പെടുത്തുകയുണ്ടായി. 
  
ജനഹൃദയങ്ങളിലും ശിഷ്യന്മാരുടെ ഹൃദയത്തിലും മിഴിവാർന്ന ഓർമ്മകളുമായി നിറഞ്ഞുനിൽക്കുന്ന, ശ്രേഷ്ഠാചാര്യന്, അപൂർവ്വവൈദ്യന് സ്മരണാഞ്ജലി.

Content Highlights: 101th Birth Anniversary of Raghavan Thirumulpad, Health, Ayurveda