ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെയുള്ള പുരുഷാര്‍ഥങ്ങളെ സാധിക്കുക എന്നതാണ് മനുഷ്യജീവിതം കൊണ്ടു ലക്ഷ്യമിടുന്നതെന്നും അതിനായി ദീര്‍ഘായുസ്സ് ഉണ്ടായിരിക്കേണ്ടതുണ്ടെന്നും ദീര്‍ഘായുഷ്മാനായിരിക്കുവാനുള്ള ഉപാധികളാണ് ആയുര്‍വേദം ഉപദേശിക്കുന്നതെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് 'ആയുര്‍വേദ ശാസ്ത്രം' ആരംഭിക്കുന്നത്. ഇങ്ങനെയൊരു ശാസ്ത്രം സസ്യാഹാരങ്ങള്‍ മാത്രമേ ഉപദേശിക്കാന്‍ സാദ്ധ്യതയുള്ളൂ എന്ന ഒരു മിഥ്യാധാരണ പലര്‍ക്കുമുണ്ട്. മാത്രമല്ല, ആയുര്‍വേദ ചികിത്സകന്മാരുടെ അടുത്തെത്തുന്ന രോഗികള്‍ക്ക് അവര്‍ മാംസാഹാരം ഉപേക്ഷിക്കണമെന്നോ നിയന്ത്രിക്കണമെന്നോ രോഗാവസ്ഥയെ വിലയിരുത്തി ഉപദേശിക്കാറുള്ളതും ഇത്തരമൊരു വിശ്വാസത്തെ ഉറപ്പിക്കാനിടയാക്കുന്നു.

ഈ അടുത്തകാലത്ത് 'മാംസഭക്ഷണം' മരണത്തിനുപോലും ഇടയാക്കിയിരിക്കുന്നു. ഭക്ഷ്യസംരക്ഷണ വകുപ്പ് ഹോട്ടലുകള്‍ തകൃതിയായി പരിശോധിക്കുകയും ചീഞ്ഞതും പഴകിയതുമായ മാംസങ്ങള്‍, മാംസം കൊണ്ടുള്ള ഭക്ഷ്യവസ്തുക്കള്‍ ഒക്കെ പിടിച്ചെടുക്കുകയും ഭക്ഷണശാലകള്‍ അടപ്പിക്കുകയും ചെയ്തതോടെ പൊതുജനങ്ങള്‍ ആകെ ഭീതിയിലാണ്. മാംസഭക്ഷണം അപകടകരമാണോ? മാംസഭക്ഷണം പാടില്ലേ?

ആയുര്‍വേദത്തിലെ പ്രമുഖ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളിലെല്ലാം ഭക്ഷണത്തെക്കുറിച്ചു പലപല അദ്ധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. ആഹാരവസ്തുക്കളെ ധാന്യവര്‍ഗങ്ങള്‍, ശാകവര്‍ഗങ്ങള്‍ (ഇലക്കറി വര്‍ഗങ്ങള്‍), മാംസവര്‍ഗങ്ങള്‍, ഫലവര്‍ഗങ്ങള്‍ (കായ്കള്‍), കന്ദവര്‍ഗങ്ങള്‍ (കിഴങ്ങുകള്‍), ലവണവര്‍ഗങ്ങള്‍, കൃതാന്നവര്‍ഗങ്ങള്‍ (പാകപ്പെടുത്തിയവ), ഔഷധഗുണമുള്ള വര്‍ഗങ്ങള്‍ എന്നിങ്ങനെ പട്ടിക തിരിച്ചുകൊണ്ടുള്ള ഈ വിവരണങ്ങള്‍ കൗതുകകരവും വിജ്ഞാനപ്രദവുമാണ്. പതിവായി ഉപയോഗിക്കേണ്ട ചില ആഹാരപദാര്‍ഥങ്ങളെ എടുത്തുപറഞ്ഞിട്ടുള്ളതില്‍ ചെന്നെല്ല്, ഗോതമ്പ്, ചീര, നെല്ലിക്ക, പടവലങ്ങ, ചെറുപയറ് എന്നിത്യാദികള്‍ക്കൊപ്പം ജാംഗലമാംസവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, താരതമ്യേന വരണ്ട ഭൂപ്രദേശത്തില്‍ വസിക്കുന്ന ജീവികളുടെ മാംസം നിത്യമായി ഉപയോഗിക്കാം!

എട്ടുതരം മാംസങ്ങള്‍ ഭക്ഷണയോഗ്യമായി പറയുന്നുണ്ട്. പുല്ല് മേഞ്ഞ് ജീവിക്കുന്ന മൃഗങ്ങള്‍ (മൃഗങ്ങള്‍), ചികഞ്ഞുപെറുക്കി തിന്നു ജീവിക്കുന്ന പക്ഷികള്‍ (വിഷ്‌കിരം), ചുണ്ടുകൊണ്ടു കൊത്തിവലിച്ചു തിന്നുന്ന പക്ഷികള്‍ (പ്രഥുദം), പൊത്തില്‍ ജീവിക്കുന്ന ചെറു ജന്തുക്കള്‍ (വിലേശയം), കഴുത്തു നീട്ടി ഭക്ഷണം വലിച്ചു തിന്നുന്ന പക്ഷികളോ മൃഗങ്ങളോ (പ്രസഹം), കൊഴുത്ത് വലിയ ശരീരമുള്ള മൃഗങ്ങള്‍ (മഹാമൃഗം), ജലത്തില്‍ നീന്തുന്നവ (അപ്ചരം), മത്സ്യങ്ങള്‍ എന്നിവയാണ് ആ എട്ടെണ്ണം. ഇതില്‍ ആദ്യം പറഞ്ഞ മൂന്നു വിഭാഗമാണ്-മൃഗം, വിഷ്‌കിരം, പ്രഥുദം- നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നവ. ഇവയെല്ലാം സാധാരണയായി ജാംഗല ദേശത്തില്‍ (വരണ്ട പ്രദേശം) കാണപ്പെടുന്നവയാണ്. ഇവയുടെ മാംസത്തിന് ശീതഗുണവും ലഘുത്വവുമുണ്ട്.

ത്രിദോഷങ്ങള്‍ക്ക് (വാതം-പിത്തം-കഫം) ഹിതമാണ്. മാനുകള്‍ മിക്കതും, മുയലുമാണ് മൃഗങ്ങളുടെ കൂട്ടത്തില്‍ വരുന്നത്. തൂക്കണാംകുരുവി, വാലാട്ടിപ്പക്ഷി, കുറുമ്പുള്ള്, കാട്ടുകോഴി, തിത്തിരിപ്പക്ഷി, ചെമ്പോത്ത്, ചകോരം, വവ്വാല്‍, കാടപ്പക്ഷി, മണ്ണാത്തിപ്പുള്ള്, മയില്‍, കോഴി, വെള്ളക്കൊക്ക്, വാത്ത് തുടങ്ങിയവയാണു വിഷ്‌കിരങ്ങളില്‍ വരുന്നത്. കുയില്‍, മൂങ്ങ, തത്ത, പ്രാവ്, കുരുവി എന്നിവ പ്രഥുദത്തില്‍ ഉള്‍പ്പെടുന്നു. നിത്യവും ഉപയോഗിക്കാവുന്നതെന്നു പറയുന്ന ഇവയെല്ലാം അധികം കൊഴുപ്പില്ലാത്ത മാംസമുള്ളവയാണെന്നതു ശ്രദ്ധിക്കുക. ഇതില്‍ കോഴി ഒഴികെ മറ്റൊന്നും സാധാരണ ലഭ്യമല്ല. കോഴി ഇറച്ചിയാകട്ടെ കേരളീയര്‍ നല്ലൊരു പങ്കും ഉപയോഗിക്കുന്നുമുണ്ട്.

കോഴിക്കു തന്നെ രണ്ടു വകഭേദങ്ങളുണ്ട്. കാട്ടുകോഴിയും വീട്ടുകോഴിയും. ശ്രവണശക്തിക്കും സ്വരം തെളിയിക്കുന്നതിനും യൗവ്വനം നിലനില്‍ക്കുന്നതിനും ദര്‍ശന ശക്തിക്കും ലൈംഗിക ശേഷിക്കും കാട്ടുകോഴിയുടെ മാംസം ഉത്തമമാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴിയുടെ ഇറച്ചിയുടെ ഉപയോഗം കഫത്തെ വര്‍ധിപ്പിക്കും. ദഹിക്കാന്‍ ഏറെ സമയമെടുക്കും. എന്നിരുന്നാലും പുറമേ നിന്നും കോഴിയെ വാങ്ങി പാകം ചെയ്തു കഴിക്കുന്നതിലും നല്ലത് വീട്ടില്‍ കോഴിയെ വളര്‍ത്തി ഉപയോഗിക്കുന്നതു തന്നെയാണ്.

നിത്യവും ഉപയോഗിക്കാം എന്ന് ആയുര്‍വേദം പറയുമ്പോള്‍, അതു ശുദ്ധമായതും മിതമായ അളവിലാകേണ്ടതും കൃത്രിമ ചേരുവകളില്ലാതെ പാകപ്പെടുത്തി എടുക്കുന്നതുമായിരിക്കണം. മറ്റുള്ള മാംസങ്ങള്‍ നിത്യമായി ഉപയോഗിക്കരുത് എന്നൊരു ധ്വനിയും ഇതിലടങ്ങിയിരിക്കുന്നു. മലയാളികളുടെ ഭക്ഷണത്തില്‍ കോഴി കൂടാതെ ഉള്‍പ്പെടുന്ന ഇറച്ചി വര്‍ഗങ്ങള്‍ ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവയാണ്. ബീഫ് ഇനമായി വരുന്നത് പശു, കാള, പോത്ത്, എരുമ ഇവയാണ്. ഇതിലേതാണ് എന്നറിയാതെയാണ്, ഭക്ഷിക്കുന്നയാള്‍ 'ബീഫ്' കഴിക്കുന്നത് എന്നതാണു രസാവഹം.

ശരീരശോഷം, വാതരോഗങ്ങള്‍ എന്നിവയില്‍ ഗോമാംസം ശുപാര്‍ശ ചെയ്തിട്ടുണ്ട്. പോത്തിന്‍ മാംസം ഉഷ്ണവീര്യം കൂടിയതാണ്. ദഹിക്കാനും താമസമുണ്ടാകും. ഉറക്കക്കുറവ് പരിഹരിക്കാനും ദൃഢതവരുത്തി ശരീരത്തെ തടിപ്പിക്കുന്നതിനും ഇതു പ്രത്യേകിച്ചും നല്ലതാണ്. ക്ഷീണമകറ്റാനും രുചി, ബലം, ശുക്ലം ഇവയെ വര്‍ധിപ്പിക്കാനും പോന്ന ഗുണം പന്നിമാംസത്തിനുണ്ട്. മാംസങ്ങളില്‍ രോഹിതമത്സ്യം (ചുവന്ന മീന്‍) ആണ് ശ്രേഷ്ഠമായത്. മത്സ്യങ്ങള്‍ പൊതുവേ കഫവര്‍ധകമാണ്. ചെമ്മീന്‍ ത്രിദോഷങ്ങളെയും ദുഷിപ്പിക്കുമെന്നതിനാല്‍ ഉപയോഗിക്കരുത് എന്ന താക്കീതുമുണ്ട്.

മനുഷ്യശരീര ധാതുക്കളോടു സമാനതയുള്ളതിനാല്‍ ആട്ടിന്‍ മാംസം ഉത്തമമാണെന്നു സമര്‍ഥിച്ചിരിക്കുന്നു. ശീത-ഗുരു-സ്‌നിഗ്ധ ഗുണങ്ങള്‍ ആട്ടിന്‍മാംസത്തില്‍ അധികമില്ല. ദോഷങ്ങളെ വര്‍ധിപ്പിക്കുകയില്ല. ശരീരത്തെ തടിപ്പിക്കും. കോലാട് എന്നാണ് സാധാരണ ആടുകളുടെ പേര്. കുറിയാട് (ചെമ്മരിയാട്) അധികം വണ്ണം വയ്പിക്കും. കോലാടിന്റെ വിപരീത ഗുണങ്ങളാണിതിന്. കഴിക്കാന്‍ പാടില്ല. ഇവയൊന്നും നിത്യവും ശീലിക്കാന്‍ ആയുര്‍വേദം പറയുന്നില്ല.

വര്‍ഷകാലം ഒഴികെയുള്ള എല്ലാ കാലാവസ്ഥകളിലും മത്സ്യവും മാംസവും ഇടയ്ക്കിടെ, മിതമായ രീതിയില്‍ ഉപയോഗിക്കാം. അധികം മേദസ്സില്ലാത്ത ശരീര പ്രകൃതിയുള്ളവര്‍ക്ക് കറിയായിട്ടോ വറുത്തിട്ടോ കഴിക്കാം. അതിമേദസ്സുകള്‍ മത്സ്യ-മാംസങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ കൊഴുപ്പില്ലാത്ത മത്സ്യം (നെത്തോലി, കാരല്‍, ചൂട തുടങ്ങിയവ) കറിയായിട്ടു കഴിക്കാം. ശാരീരികാദ്ധ്വാനമില്ലാത്തതിനാല്‍, കൊഴുപ്പ് ശരീരത്തില്‍ അടഞ്ഞുകൂടാമെന്നതുകൊണ്ട് രാത്രിയില്‍ മാംസം ഒഴിവാക്കുന്നതാണ് ഉചിതം. മഴക്കാലത്ത് മത്സ്യവുംമാംസവും ഉപേക്ഷിക്കണമെന്നാണു വിധി. കരയില്‍ നിന്നും മാലിന്യങ്ങള്‍ ഒലിച്ചിറങ്ങി ജലസ്രോതസ്സുകള്‍ മലിനമാകുന്നതിനാല്‍ മത്സ്യങ്ങളും മലിനീകരിക്കപ്പെടുകയോ രോഗബാധിതമാകുകയോ ചെയ്യാം. മഴക്കാലത്ത് പ്രത്യേക രീതിയില്‍ തയ്യാര്‍ ചെയ്ത മാംസരസം (സൂപ്പ്) കുടിക്കാന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്തിരിക്കുന്നു. അതില്‍ ചേര്‍ക്കുന്ന തിപ്പലി, ചുക്ക്, കൊടുവേലിക്കിഴങ്ങ്, മല്ലി, കായം, ഇന്തുപ്പ് ഇത്യാദികള്‍ മാംസത്തിലെ വിഷരൂപം ഇല്ലാതാക്കാനും പെട്ടെന്നു ദഹിപ്പിക്കാനും ഉതകുന്നു എന്നതിനാലാണ് മാംസരസ ഉപയോഗം ആകാം എന്ന ഉദാരത. മെലിഞ്ഞ ശരീരക്കാര്‍ക്ക് വണ്ണംവെക്കാന്‍ മാംസം കഴിക്കാനാണ് ആയുര്‍വേദം ഉപദേശിച്ചിട്ടുള്ളത്.

ഷവര്‍മ, ഗ്രില്‍ഡ് ചിക്കന്‍ ഇത്യാദികളുടെ ഉപയോഗം വരുത്തിവെക്കുന്ന വിന അറിയാവുന്ന മാംസഭക്ഷണപ്രിയര്‍ അഷ്ടാംഗഹൃദയത്തിലെ ഈ ഉപദേശംകൂടി എപ്പോഴും ഓര്‍ത്തിരിക്കുക- 'അപ്പോള്‍ കൊന്നെടുത്തതും ശുചിയായതും യൗവനാവസ്ഥയിലുള്ള ജന്തുവിന്റേതുമായ മാംസം വേണം ഉപയോഗിക്കാന്‍. തനിയെ മരിച്ചതിന്റെയും മെലിഞ്ഞതിന്റെയും ദുര്‍ഗന്ധമുള്ളതും രോഗം കൊണ്ടോ വെള്ളത്തില്‍ വീണോ വിഷമേറ്റോ മരിച്ചതിന്റേതുമായ മാംസം ഭക്ഷിക്കരുത്'.

കഴിക്കുന്ന ഇറച്ചി ഇതിലേതു വിഭാഗത്തില്‍പ്പെട്ടതാണെന്നറിയാതെ കഴിക്കരുതെന്ന് സാരം. മാംസം ക്ഷീരവര്‍ഗങ്ങളോടു ചേര്‍ത്തു കഴിച്ചാല്‍ അത് വിഷരൂപമാകും. ആയതിനാല്‍ പാല്‍, തൈര്, മോര്, വെണ്ണ, നെയ്യ് എന്നിവ മാംസഭക്ഷണത്തിനു മുന്‍പോ അതിനോടു ചേര്‍ത്തോ തൊട്ടു പിന്‍പോ കഴിക്കരുത്. ഒരിക്കല്‍ വേവിച്ച മാംസം വീണ്ടും ചൂടാക്കി കഴിക്കുന്നതും ആയുര്‍വേദം നിഷേധിച്ചിട്ടുണ്ട്. പല മാംസങ്ങള്‍ ഒരുമിച്ചു ചേര്‍ത്തും കഴിച്ചുകൂടാ.