പ്രമേഹത്തെ ആയുര്‍വേദം മാറാരോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഔഷധോപയോഗത്തോടൊപ്പമോ അതിലുപരിയോ ആഹാര നിയന്ത്രണത്തിനും വ്യായാമശീലങ്ങള്‍ക്കും പ്രത്യേക പ്രസക്തിയുള്ള ഒരു രോഗമാണ് പ്രമേഹം. അല്പമായ അശ്രദ്ധപോലും ഗുരുതരമായ അനുബന്ധ രോഗങ്ങളെ സൃഷ്ടിക്കുന്ന പ്രമേഹത്തെ വളരെ കരുതലോടെ തന്നെ കാണണം. പ്രമേഹരോഗിയെ വിഷമത്തിലാക്കുന്ന ഉപദ്രവരോഗങ്ങളില്‍ ഒന്നാണ് 'പ്രമേഹ പിടകകള്‍' അഥവാ 'പ്രമേഹക്കുരുക്കള്‍.'

ശരീരത്തിന്റെ ഏത് ഭാഗത്തും പിടകകളുണ്ടാകാറുണ്ടെങ്കിലും മുതുകിലും പുറത്തുമാണ് ധാരാളം കാണാറുള്ളത്. മുഖം, മര്‍മസ്ഥാനങ്ങള്‍, പൃഷ്ഠഭാഗം, തോള്‍, മലദ്വാരം, ശിരസ്സ്, സന്ധികള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന പിടകകള്‍ അതീവ വേദനയുള്ളതും ഉണങ്ങാന്‍ താമസമുള്ളവയുമായിരിക്കും. ശരാവിക (ചട്ടിയുടെ ആകൃതിയിലുള്ളത്), കച്ഛിപിക (ആമപ്പുറം പോലെ), ജാലിനി (വലക്കണ്ണി പോലെ), സര്‍ഷപിക (കടുകുമണി പോലെ), മസൂരിക (ചണം പയറിന്റെ ആകൃതി) എന്നിങ്ങനെ രൂപസാദൃശ്യങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ക്കും അനുസൃതമായി 10 തരം പിടകകളെ വിവരിക്കുന്നുണ്ട്.


രോഗലക്ഷണങ്ങള്‍


കരുവാളിപ്പ്, വേദന, വൃത്താകൃതിയില്‍ കല്ലിപ്പ്, നീറ്റല്‍, ചുമന്ന നിറം, പനി, ചലം സ്രവിക്കുക, പുകച്ചില്‍, പരന്ന് വേദനയോടുകൂടി കാണുക തുടങ്ങിയവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍.


ഔഷധങ്ങള്‍


പ്രമേഹരോഗിക്കാശ്വാസമേകുന്ന ഔഷധികള്‍ നിരവധിയാണ്. ഇവയില്‍ മഞ്ഞള്‍, മരമഞ്ഞള്‍, നെല്ലിക്ക, തേറ്റാമ്പരല്‍, നാല്‍പ്പാമരം എന്നിവ കുരുക്കളെ ഉണക്കുന്നതോടൊപ്പം പ്രമേഹ നിയന്ത്രണത്തിലും പ്രധാന പങ്കുവഹിക്കുന്നതായി കാണാം. ഇവ പ്രധാന ചേരുവകളായ ദ്വിനിശാദി, ദാര്‍വീഖദിരാദി, കതകഖദിരാദി, ക്ഷീരദ്രുമാദി, ദാര്‍വ്യാദി തുടങ്ങിയ ഔഷധങ്ങള്‍ രോഗത്തിന്റെ വിവിധ അവസ്ഥകള്‍ക്കനുസരിച്ച് നല്‍കുന്നവയില്‍ ചിലതാണ്.


മഞ്ഞള്‍, മരമഞ്ഞള്‍


വ്രണം ഉണക്കാനുള്ള ശക്തമായ കഴിവ് മഞ്ഞളിനും മരമഞ്ഞളിനുമുണ്ട്. ഒപ്പം അണുനാശക ശക്തിയും. അരച്ചെടുത്ത അഞ്ച് ഗ്രാം മഞ്ഞള്‍ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതോടൊപ്പം കുരുക്കള്‍മൂലമുണ്ടാകുന്ന ചൊറിച്ചിലും വീക്കവും ശമിപ്പിക്കുകയും ചെയ്യും. മരമഞ്ഞള്‍ത്തൊലി കഷായം വെച്ച് തണുപ്പിച്ചരിച്ച് വ്രണം കഴുകുന്നത് വ്രണത്തെ പെട്ടെന്ന് ഉണക്കാറുണ്ട്.


നെല്ലിക്ക


രസായന സ്വഭാവംകൊണ്ടുതന്നെ ഉത്കൃഷ്ടമായ ഔഷധമാണ് നെല്ലിക്ക. ശരീര ധാതുക്കളുടെ സമീകൃതമായ പ്രവര്‍ത്തനം സാധ്യമാക്കാനും നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്ക ചതച്ചെടുത്ത നീര് രണ്ട് സ്പൂണ്‍ കഴിക്കുകയോ, അടുപ്പില്‍വെച്ച് ചുട്ടെടുത്ത നെല്ലിക്ക ചമ്മന്തിയാക്കി കഴിക്കുകയോ ചെയ്യുന്നത് പ്രമേഹക്കുരുവിനും പ്രമേഹത്തിനും വിശേഷമാണ്. അതുപോലെ കോശങ്ങളുടെ നാശം വളരെ പെട്ടെന്നാണ് പ്രമേഹരോഗിയിലുണ്ടാവുക. കോശങ്ങളുടെ ജീര്‍ണതയെ തടയാന്‍ മഞ്ഞള്‍പ്പൊടി നെല്ലിക്കാനീരില്‍ കഴിച്ചാല്‍ മതിയാകും.


തേറ്റാമ്പരല്‍


വ്രണത്തെ വെടിപ്പാക്കാന്‍ തേറ്റാമ്പരലിന് കഴിയും. സ്രാവത്തെ കുറച്ച് കുരുക്കളെ ഉണക്കുന്നതോടൊപ്പം തേറ്റാമ്പരല്‍ പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. 10 ഗ്രാം തേറ്റാമ്പരല്‍ അരച്ച് മോരില്‍ കഴിക്കുന്നത് നല്ല ഫലം ചെയ്യും.


നാല്‍പ്പാമരം


പ്രമേഹക്കുരുക്കള്‍ മൂലമുണ്ടാകുന്ന ശക്തമായ പുകച്ചിലിനെയും ചുട്ടുനീറ്റലിനെയും ശമിപ്പിക്കാന്‍ നാല്‍പ്പാമരത്തിന് കഴിയും. നാല്‍പ്പാമരപ്പട്ട കഷായമാക്കി തണുപ്പിച്ചരിച്ച് വ്രണം പലവട്ടം കഴുകിയാല്‍ മതിയാകും. ശതധെന്മതഘൃതം പുറമേ പുരുട്ടുന്നതും നല്ലതാണ്. നാല്‍പ്പാമര കഷായം കറുകനീര് ചേര്‍ത്ത് കഴിക്കുന്നത് വ്രണത്തെ ഉണക്കും.


ജീവിതശൈലി ക്രമീകരണങ്ങള്‍


ആഹാര നിയന്ത്രണത്തിനും വ്യായാമത്തിനും പ്രമേഹം നിയന്ത്രിക്കുന്നതില്‍ നല്ല പങ്കുണ്ട്. കഴിക്കുന്ന ഓരോ ഭക്ഷണവും സമീകൃതമായിരിക്കാന്‍ ശ്രദ്ധിക്കണം. ആന്തരികമായും ബാഹ്യമായും ഉണ്ടാകുന്ന മുറിവുകളെയും കുരുക്കളെയും ഉണക്കാന്‍ ഗോതമ്പിന് പ്രത്യേക കഴിവുണ്ട്. അതിനാല്‍ ഗോതമ്പിന്റെ വിഭവങ്ങള്‍ നിത്യഭക്ഷണത്തില്‍പ്പെടുത്തുന്നത് പ്രമേഹരോഗിക്ക് എന്തുകൊണ്ടും ഉചിതമായിരിക്കും. ഒപ്പം വയര്‍നിറഞ്ഞ പ്രതീതി ഉളവാകാന്‍ വെള്ളരി, തക്കാളി, കക്കിരി ഇവ സമൃദ്ധമായി ഓരോ തവണയും ഭക്ഷണത്തില്‍പ്പെടുത്തുകയും വേണം. മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, ചീര, ബീന്‍സ്, കടല, തഴുതാമ, അമരക്ക, അകത്തിപ്പൂവ്, ഉലുവ, ചെറുനാരങ്ങ, വാഴച്ചുണ്ട്, വാഴപ്പിണ്ടി ഇവയൊക്കെ ഭക്ഷണത്തില്‍പ്പെടുത്തുന്നത് പ്രമേഹ രോഗിക്ക് അനുയോജ്യമാണ്. മദ്യം, കരിമ്പിന്‍ നീര്, ശര്‍ക്കര, കല്‍ക്കണ്ടം, പഞ്ചസാര, പുതിയ ധാന്യങ്ങള്‍ ഇവ ഒഴിവാക്കുകയും വേണം.

വ്യായാമത്തിലൂടെ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കാനും കൊഴുപ്പിനെ കൂടുതല്‍ വിനിയോഗിക്കാനും കഴിയും. വ്യായാമങ്ങള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം തിരഞ്ഞെടുക്കുന്നതാണുചിതം. സൂര്യനമസ്‌കാരം, പാര്‍ശ്വത്രികോണാസനം, പാര്‍ശ്വഉത്ഥാനാസനം, അര്‍ധമത്സ്യേന്ദ്രാസനം തുടങ്ങിയവ ശീലിക്കുന്നതും നന്ന്. പ്രമേഹക്കുരുക്കള്‍ പൂര്‍ണമായും ഉണങ്ങിയ ശേഷം വ്യായാമം ചെയ്യുന്നതാണുചിതം.

ഔഷധത്തോടൊപ്പം ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം കൊടുക്കുകയും മാനസിക സംഘര്‍ഷത്തെ പരമാവധി അകറ്റിനിര്‍ത്തുകയും ചെയ്യുന്ന ഏവര്‍ക്കും തീര്‍ച്ചയായും പ്രമേഹത്തെ നിയന്ത്രണത്തിലാക്കാനാകും.