Representative Image| Photo: Canva.com
കുഞ്ഞുങ്ങൾ കളിക്കുന്നതിനിടയിലും മറ്റും മൂക്കിലും ചെവിയിലും തൊണ്ടയിലുമൊക്കെ പലവസ്തുക്കളും കുടുങ്ങിപ്പോകാറുണ്ട്. പലപ്പോഴും ഇത് ജീവന് ഭീഷണിയാകാറുമുണ്ട്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിഞ്ഞിരിക്കണം.
കല്ല്, ബട്ടൺ, നാണയങ്ങൾ, കുരു, നട്സ്, കടല തുടങ്ങിയവയൊക്കെയാണ് പൊതുവേ തൊണ്ടയിൽ കുടുങ്ങുന്നത്. അപ്പോൾ ശക്തമായ ചുമ, ശ്വാസമെടുക്കുമ്പോൾ ശബ്ദം, ഓക്സിജൻ ലഭിക്കാതെ ചുണ്ടുകൾ നീലനിറമാവുക, അബോധാവസ്ഥയിലാവുക എന്നിവയാണ് ലക്ഷണമായി കാണുക. ഈ സമയത്ത് അടുത്തുള്ളവർ പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്. അല്ലെങ്കിൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഗുരുതരമാകാം. ഒരുവയസ്സിന് താഴെയുള്ള കൈക്കുഞ്ഞുങ്ങൾക്കാണ് സംഭവിച്ചതെങ്കിൽ ഇക്കാര്യങ്ങൾ ചെയ്യണം.
- കുഞ്ഞിനെ നമ്മുടെ കൈത്തണ്ടയിലേക്ക് കമിഴ്ത്തികിടത്തുക.
- കുഞ്ഞിന്റെ കഴുത്തും തലയും നമ്മുടെ കൈപ്പത്തിയിലായിരിക്കണം.
- ഇനി അൽപം കുനിഞ്ഞുനിന്നുകൊണ്ട് കുഞ്ഞുള്ള കൈത്തണ്ട നമ്മുടെ തുടയിലേക്ക് വെക്കുക. അപ്പോൾ കുഞ്ഞിന്റെ തലഭാഗം താഴ്ന്നിരിക്കും.
- ഇനി കുഞ്ഞിന് കഴുത്തിനും പുറത്തിനും ഇടയ്ക്കുള്ള ഭാഗത്ത് മറ്റെ കൈപ്പത്തി കൊണ്ട് അഞ്ച് തവണ അടിക്കണം. അപ്പോൾ നെഞ്ചിന്റെ ഭാഗത്ത് സമ്മർദം വന്ന് തൊണ്ടയിൽ കുടുങ്ങിയ വസ്തു ഇളകി പുറത്തേക്ക് വരും.
- ഇനി കുട്ടിയെ ഈ കൈയിൽ നിന്നും മറ്റേ കൈയിലേക്ക് മലർത്തി കിടത്തുക. ഇതിന്ശേഷം മറ്റേ കൈയുടെ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് കുഞ്ഞിൻറെ നെഞ്ച് ഭാഗത്ത്( രണ്ട് നിപ്പിളിനും ഇടയ്ക്കുള്ള സ്റ്റെർണം എന്ന ഭാഗത്ത്) അഞ്ച് തവണ ശക്തിയായി അമർത്തണം.
- തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന അന്യവസ്തു പുറത്തുവരുന്നതുവരെ ഇത് രണ്ട് കൈകളിലും മാറിമാറി ചെയ്യണം.
- കുഞ്ഞ് അബോധാവസ്ഥയിൽ ആണെങ്കിൽ കുഞ്ഞിനെ ഒരു കാൽമുട്ടിൽ കമിഴ്ത്തി കിടത്തി ബോധം വരുന്നതു വരെ അബ്ഡൊമിനിൽ ത്രസ്റ്റ്(വയറിൽ അമർത്തൽ) ചെയ്യണം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും ഇത് ചെയ്യാം. ഇതൊരു ജീവൻ രക്ഷാമാർഗമാണ്.
- ആശുപത്രിയിൽ എത്തിച്ചാൽ അനസ്തീഷ്യ നൽകി ബ്രോങ്കോസ്കോപ് ഉപയോഗിച്ച് അന്യവസ്തു നീക്കം ചെയ്യാം.
ദഹിക്കുന്ന വസ്തുക്കളാണെങ്കിൽ വിഴുങ്ങിയാലും പേടിക്കാനില്ല. എന്നാൽ മൊട്ടുസൂചി, തുറന്നിരിക്കുന്ന സേഫ്റ്റി പിൻ എന്നിവയൊക്കെ പ്രശ്നമാണ്. അവ അന്നനാളത്തിൽ തറച്ച് മുറിവുണ്ടാകാനും അണുബാധയുണ്ടാകാനും ഇടയാക്കും.
ഗുരുതരമായ പ്രശ്നമുണ്ടാക്കുന്ന മറ്റൊന്നാണ് ബട്ടൺ ബാറ്ററി. ഇത് അന്നനാളത്തിൽ കുടുങ്ങിയാൽ ഏതാനും മണിക്കൂറിനകം ബാറ്ററി ലീക്കായി ശക്തമായ ആൽക്കലി പുറത്തുവരും. ഇത് അന്നനാളത്തെ പൂർണമായും നശിപ്പിക്കാൻ ഇടയാക്കും. ഇത്തരം സന്ദർഭങ്ങളിൽ ഉടനടി ആശുപത്രിയിലെത്തിക്കണം.
നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടുന്നുണ്ടെങ്കിൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ച് പുറത്തെടുക്കാം. ചിലത് ആമാശയത്തിൽ എത്തിയേക്കാം. അങ്ങനെയെങ്കിൽ അവ എക്സ്റേ എടുത്ത് നിരീക്ഷിച്ചാൽ മതി. പലപ്പോഴും അത് മലത്തിലൂടെ പുറത്തെത്തും.
ചെവിയിൽ കുടുങ്ങിയാൽ
പ്രാണികൾ, കളിപ്പാട്ടത്തിന്റെ ചെറിയ ഭാഗങ്ങൾ, ബട്ടണുകൾ, ക്രയോൺസ്, ചെറിയ ബാറ്ററികൾ എന്നിവയാണ് ചെവിയിൽ പോകാൻ സാധ്യതയുള്ളത്. ഇതിനെത്തുടർന്ന് ചെവിയിൽ വേദന, ചുവന്ന പാട്, പഴുപ്പ് വരൽ, കേൾവി കുറയൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം.
ചെവിയിൽ കുടുങ്ങിയ വസ്തുക്കൾ പുറത്തെടുക്കാൻ വൈദ്യസഹായം ആവശ്യമാണ്. പ്രഥമശുശ്രൂഷ എന്ന നിലയ്ക്ക് പ്രശ്നമുള്ള ചെവി ചെരിച്ച് പിടിച്ച് ഉള്ളിലുള്ള അന്യവസ്തു പുറത്തേക്ക് കളയാനാകുമോ എന്ന് നോക്കണം. പ്രാണി കയറിയതാണെങ്കിൽ അൽപം വെള്ളമൊഴിച്ച ശേഷം ചെവി ചെരിച്ച് അതിനെ നീക്കം ചെയ്യാൻ ശ്രമിക്കാം. ലോഹ ഭാഗമാണെങ്കിൽ കാന്തം വെച്ച് അതിനെ പുറത്തേക്ക് എടുക്കാൻ നോക്കാം. ബലംപിടിച്ച് പുറത്തേക്കെടുക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ ആ വസ്തു ചെവിയുടെ ഉള്ളിലേക്ക് വീണ്ടും നീങ്ങാനും കർണപടം പൊട്ടാനും കാരണമാകും.
ചെവിയിൽ പ്രാണി കയറിയാൽ
ചെവിയിൽ പ്രാണികൾ കയറിയാൽ കടുത്ത അസ്വസ്ഥതയുണ്ടാകും. ചലപ്പോൾ അവ ചത്തുപോകാം. എന്നാൽ ജീവനോടെയുണ്ടെങ്കിൽ അവ ചെവിക്കുള്ളിൽ കടിച്ച് അസ്വസ്ഥതയുണ്ടാക്കും. ബഡ്സോ മറ്റോ ഇട്ട് പ്രാണിയെ എടുക്കാൻ ശ്രമിക്കരുത്. പ്രാണി വീണ്ടും ഉള്ളിലേക്ക് പോകാൻ സാധ്യതയുണ്ട്.
ചത്ത പ്രാണിയാണെങ്കിൽ കുട്ടിയുടെ തല പ്രാണി കയറിയ ചെവിയുടെ വശത്തേക്ക് ചെരിച്ച് ഇളക്കിക്കൊടുക്കുക. തലയിൽ അടിക്കരുത്.
ജീവനുള്ള പ്രാണിയാണെങ്കിൽ അതിനെ കൊല്ലുന്നതിനായി ചെവിയിലേക്ക് അൽപം വെള്ളം ഒഴിച്ചുകൊടുക്കാം. ചെവിക്ക് അണുബാധയോ മറ്റോ ഇല്ലെങ്കിൽ മാത്രമേ ഇത് ചെയ്യാവൂ. പിന്നീട് ചെവിയുടെ ഭാഗത്തേക്ക് തല ചെരിച്ച് ഇളക്കിക്കൊടുത്താൽ പ്രാണി പുറത്തേക്ക് വരാൻ സാധ്യത കൂടുതലാണ്.
പ്രാണിക്ക് പകരം എന്തെങ്കിലും ഭക്ഷ്യവസ്തുവിന്റെ കുരു ആണ് കുടുങ്ങിയതെങ്കിൽ വെള്ളം ഒഴിക്കരുത്. വെള്ളം വലിച്ചെടുത്ത് കുരു വലുതായാൽ അത് പുറത്തെടുക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടും പ്രാണി പുറത്തുവരുന്നില്ലെങ്കിൽ വൈകാതെ ഡോക്ടറെ കാണണം.
മൂക്കിൽ കുടുങ്ങിയാൽ
പെൻസിൽ, റബ്ബർ കഷ്ണം, മുത്തുകൾ, ബട്ടണുകൾ എന്നിവയാണ് മൂക്കിൽ കുട്ടികൾ ഇടാറുള്ളത്. പലപ്പോഴും ഇങ്ങനെ സംഭവിച്ചത് കുട്ടികൾ പറയില്ല. അതുകൊണ്ട് അവർക്ക് മൂക്ക് അടഞ്ഞ് മണം കിട്ടാതെയാകും. ചില കുട്ടികളുടെ മൂക്കിൽ ഈ വസ്തുക്കൾ മുറുകിയിരുന്ന് സ്രവമോ രക്തമോ പുറത്തുവരുകയും ദുർഗന്ധമുണ്ടാവുകയും ചെയ്യും.
മൂക്കിൽ കുടുങ്ങിപ്പോയ വസ്തുക്കൾ നേരിൽ കാണാനാവുന്നതാണെങ്കിൽ വലിയ ബുദ്ധിമുട്ടില്ലാതെ പുറത്തെടുക്കാനാവും. പ്രശ്നമില്ലാത്ത രണ്ടാമത്തെ നാസാദ്വാരം അടച്ചുപിടിച്ച് വായിലേക്ക് ശക്തമായി ഊതിയാൽ ചിലപ്പോൾ മൂക്കിൽ കുടുങ്ങിയ വസ്തു പുറത്തുവന്നേക്കാം. ഇത്തരത്തിൽ ചെയ്തിട്ടും പുറത്തുവന്നില്ലെങ്കിൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം. സക്ഷൻ ചെയ്തും ഫോർസെപ്സ് ഉപയോഗിച്ചും നേസൽ എൻഡോസ്കോപ്പി ഉപയോഗിച്ചും അന്യവസ്തു മൂക്കിൽ നിന്ന് പുറത്തെടുക്കാൻ സാധിക്കും. ഇതിനുശേഷം അണുബാധ ഒഴിവാക്കാനായി മൂക്കിലൊഴിക്കാനുള്ള മരുന്നുകളും നൽകും.
ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൽ എമർജൻസി മെഡിസിൻ വിഭാഗം ഡയറക്ടറാണ് ലേഖകൻ
Content Highlights: what to do if your child swallows something foreign bodies in the ear nose and throat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..