തലച്ചോറിലും നട്ടെല്ലിലും സർജറികൊണ്ട് മാത്രം പരിഹരിക്കാവുന്ന അവസ്ഥകളുണ്ട്; ന്യൂറോസർജറി സാധ്യതകൾ


ഡോ. അരുൺ ഉമ്മൻ

Representative Image| Photo: AFP

രീരത്തിലെ ഏറ്റവും സങ്കീർണമായ ഭാഗങ്ങളാണ് തലച്ചോറും നട്ടെല്ലും. അതുകൊണ്ട് തലച്ചോർ, നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകളും സങ്കീർണമാണ്. അത്യധികം കൃത്യതയും സൂക്ഷ്മതതയും ആവശ്യവുമാണ്.

എന്നാൽ തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന സങ്കീർണവും ഗുരുതരവുമായ രോഗങ്ങളെ ഇന്ന് ആധുനിക മൈക്രോ ന്യൂറോ സർജറിയുടെ സഹായത്താൽ പരിഹരിക്കാൻ സാധിക്കുന്നുണ്ട്. ഒരു ശരാശരി ന്യൂറോ സർജറി ഏകദേശം 4 -10 മണിക്കൂർ വരെ നീണ്ടുനിൽക്കും. ന്യൂറോ സർജൻ ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.

തലച്ചോറിലെയും നട്ടെല്ലിലെയും എല്ലാ പ്രശ്നങ്ങൾക്കും സർജറി പരിഹാരമല്ല. എന്നാൽ സർജറികൊണ്ട് മാത്രം പരിഹരിക്കാവുന്ന അവസ്ഥകൾ ഒട്ടേറെയുണ്ട്. റോഡപകടങ്ങൾ, തലയിടിച്ചുള്ള വീഴ്ചകൾ മൂലമുള്ള പരിക്കുകൾ എന്നിവയെല്ലാം ന്യൂറോ സർജറി ആവശ്യമായി വരുന്ന ചില ഘട്ടങ്ങളാണ്. അപകടംമൂലം തലയിൽ ഏൽക്കുന്ന പരിക്കുകൾ കാരണം രക്തക്കട്ട (Clot) രൂപപ്പെടാം. ഇത് സസൂക്ഷ്മം നീക്കം ചെയ്യാനും അപകടംമൂലം തലയോട്ടിയിലും നട്ടെല്ലിലും ഉണ്ടായ പൊട്ടലുകൾ പരിഹരിക്കാനും സർജറി ആവശ്യമായി വരുന്നു.

ഉയർന്ന രക്തസമ്മർദത്തെതുടർന്ന് മസ്തിഷ്കത്തിലുണ്ടാകുന്ന രക്തസ്രാവം (Hypertensive Bleed), രക്തക്കുഴലിലെ അസ്വാഭാവികത കാരണമുണ്ടാകുന്ന രക്തസ്രാവം (Abnormal Vessel Bleed) എന്നിവ കാരണം രൂപപ്പെടുന്ന രക്തക്കട്ട നീക്കം ചെയ്യുന്നതും ന്യൂറോ സർജറി ആവശ്യമായി വരാം. കോയിലിങ് (Coiling), എംബൊളൈസേഷൻ (Embolisation) പോലുള്ള ചികിത്സാരീതികൾ മികച്ച ഫലം നൽകുന്നുണ്ട്.

ബ്രെയിൻ ട്യൂമർ സർജറി

തലച്ചോറിനുള്ളിലെ അസാധാരണ കോശവളർച്ചയാണ് ബ്രെയിൻ ട്യൂമർ. പ്രധാനമായും രണ്ട് തരം ബ്രെയിൻ ട്യൂമറുകളാണ് ഉള്ളത്. കാൻസർ മുഴകളും അപകടകരമല്ലാത്ത (ബിനൈൻ) മുഴകളും. തലച്ചോറിലെയും സുഷുമ്നാനാഡിയിലെയും വിവിധയിനം മുഴകൾ ശസ്ത്രക്രിയാരീതികളിൽ ഉണ്ടായ മുന്നേറ്റങ്ങളുടെ ഫലമായി ചികിത്സിച്ച്‌ ഭേദമാക്കാൻ കഴിയുന്നു എന്നത് നേട്ടമാണ്.

മെനിഞ്ചിയോമ (Meningioma), ചിലതരം ഗ്ലിയോമാസ് (Gliomas), പിറ്റ്യൂട്ടറി അഡെനോമ (Pituitary adenoma), നെർവ് ഷീത്ത് ട്യൂമറുകൾ (Nerve sheath tumors), ജേം സെൽ ട്യൂമറുകൾ(germ cell tumours), ഹീമൻജിയോബ്ലാസ്റ്റോമസ് (hemangioblastoma), കാവെർനോമസ് (cavernomas), ചിലതരം ലിംഫോമകൾ (Lymphomas) എന്നിവ പൂർണമായും ചികിത്സിക്കാവുന്ന മസ്തിഷ്ക മുഴകളാണ്.

മുഴകളെ നീക്കം ചെയ്യാൻ ശസ്ത്രക്രിയ (ക്രെയ്‌നിയോട്ടമി) ആണ് പ്രധാന മാർഗം. എൻഡോസ്‌കോപ്പിക് ശസ്ത്രക്രിയകളും ഉപയോഗിക്കുന്നു. അൾട്രാമോഡേൺ ഓപ്പറേറ്റിങ് മൈക്രോസ്കോപ്പുകൾ, ന്യൂറോ നാവിഗേഷൻ സിസ്റ്റങ്ങൾ, കവിട്രോൺ അൾട്രാ സോണിക് ആസ്പിറേറ്റർ (CUSA), എൻഡോസ്‌കോപ്പുകൾ, മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയുടെ ലഭ്യതയോടെ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയുടെ സുരക്ഷയും വിജയ
നിരക്കും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്.

എവയ്ക്ക് ക്രെയ്‌നിയോട്ടമി

പ്രത്യേകതരം മസ്തിഷ്കശസ്ത്രക്രിയയാണ് എവയ്ക്ക് ക്രെയ്‌നിയോട്ടമി. ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് ശസ്ത്രക്രിയാവിദഗ്ധനുമായി സംസാരിക്കാൻ കഴിയും. പ്രത്യേക അനസ്തെറ്റിക് ടെക്‌നിക്കുകളിലൂടെ ഇത് സാധ്യമാകുന്നത്. ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാക്കാൻ ഇത് സഹായിക്കുന്നു.

കംപ്യൂട്ടറിന്റെ സഹായത്തോടെ ട്യൂമറിലേക്ക് റേഡിയേഷൻ കൃത്യമായി ഫോക്കസ് ചെയ്യാൻ സാധിക്കുന്ന ചികിത്സാരീതിയാണ് റേഡിയോസർജറി. അതുമൂലം ചുറ്റുമുള്ള തലച്ചോറിലേക്കുള്ള റേഡിയേഷൻ അളവ് കുറയ്ക്കാൻ സാധിക്കുന്നു. സ്റ്റീരിയോടാക്റ്റിക് റേഡിയോസർജറിയുടെ തരങ്ങളിൽ ഗാമ നൈഫ്, ലീനിയർ ആക്സിലറേറ്റർ, സൈബർ നൈഫ് എന്നിവ ഉൾപ്പെടുന്നു.

ഡിസ്ക് പ്രശ്നവും കീ ഹോൾ സർജറിയും

കഴുത്തിന്റെയും നടുവിന്റെയും വേദനയും അതോടൊപ്പം ഡിസ്ക് തള്ളലും ചെറുപ്പക്കാരിൽ മുതൽ മുതിർന്ന വ്യക്തികളിൽവരെ ഇപ്പോൾ കാണുന്നുണ്ട്. അതിസൂക്ഷ്മ ശസ്ത്രക്രിയയുടെ വരവോടെ ഡിസ്ക് സംബന്ധമായ ശസ്ത്രക്രിയകൾ സുരക്ഷിതവും മികച്ച ഫലപ്രാപ്തിയും നൽകുന്നുണ്ട്. കൈകളിലേക്കോ കാലുകളിലേക്കോ വ്യാപിക്കുന്ന വേദനയോ മരവിപ്പോ ഉണ്ടാകുന്നത് പലപ്പോഴും നട്ടെല്ലിലെ നാഡികൾ ഞെരുങ്ങുന്നത് മൂലമാണ്. വീർത്തതോ തള്ളിനിൽക്കുന്നതോ ആയ ഡിസ്കുകൾ ചിലപ്പോൾ നാഡികളെ ഞെരുക്കുകയും അതിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യാം. ഈ അവസരത്തിൽ സർജറി ആവശ്യമായി വന്നേക്കാം. എം.ആർ.ഐ. സ്കാനിങ്ങിലൂടെയാണ് ഇത് സ്ഥിരീകരിക്കുന്നത്.

ഇത് പരിഹരിക്കാൻ കീഹോൾ സർജറി താരതമ്യേന സുരക്ഷിതമാണ്. വിജയനിരക്ക് 95 ശതമാനത്തിൽക്കൂടുതലാണ്. രോഗാവസ്ഥ കഠിനമാണെങ്കിൽ ചിലപ്പോൾ കൃത്രിമ ഇംപ്ലാന്റുകൾ സ്ഥാപിക്കേണ്ടതായും വരാം.

ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പുകൾ, ന്യൂറോമോണിറ്ററിങ്, ഹൈക്ലാസ് ഇംപ്ലാന്റുകൾ പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഡിസ്ക് പ്രശ്നങ്ങൾക്കും അനുബന്ധ പ്രശ്നങ്ങൾക്കുമായുള്ള ശസ്ത്രക്രിയകൾ താരതമ്യേന സുരക്ഷിതവും ലളിതവുമായി ചെയ്യാവുന്നതാണ്. കൂടാതെ ആശുപത്രിവാസം കുറയ്ക്കാനും സാധിക്കും.

ബയോ മെറ്റീരിയൽ ഡെവലപ്‌മെന്റ്, കംപ്യൂട്ടർ സഹായത്തോടെയുള്ള ഇമേജ്‌ഗൈഡഡ് ടെക്‌നോളജി, എല്ലിന്റെയും ഡിസ്കിന്റെയും മോളിക്യുലാർ ബയോളജി എന്നിവയിലെ പുരോഗതികൾ നട്ടെല്ല് തകരാറുകൾ ചികിത്സിക്കുന്നതിനുള്ള മികച്ച സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്.

സ്‌പൈനൽ കനാൽ സ്റ്റെനോസിസ്

പ്രായവുമായി ബന്ധപ്പെട്ട കഠിനമായ സ്‌പോണ്ടിലൈറ്റിസ് കാരണം സുഷുമ്‌നാ നാഡി സുഷുമ്‌നാ കനാലിൽ അമർന്നുപോകാം. ഇവിടെ സ്‌പൈനൽ കനാലിന്റെ വ്യാസം കുറയുകയും അതുവഴി സുഷുമ്‌നാ നാഡിയും അനുബന്ധ നാഡികളും ഞെരുങ്ങുകയും ചെയ്യുന്നു. ഇതാണ് സ്‌പൈനൽ കനാൽ സ്റ്റെനോസിസ്. സ്‌പൈനൽ കനാലിലെ അസ്ഥിബന്ധങ്ങൾ കട്ടിയാകാം. അല്ലെങ്കിൽ ഡിസ്ക് പ്രോലാപ്സ് സംഭവിച്ചേക്കാം. പുറം, നിതംബം, കാലുകൾ എന്നീ ഭാഗങ്ങളിൽ വേദനയും തരിപ്പും കാണപ്പെടുന്നു. വിശ്രമത്തിലൂടെ ഇതിൽനിന്ന് ആശ്വാസം ലഭിക്കും. കുറച്ച് നടക്കുമ്പോൾ ഇത് കൂടുകയും ചെയ്യും.

ഇരുവശങ്ങളെയും ബാധിക്കുന്ന തരത്തിലാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത്. കാലുകളെക്കാൾ അധികമായി പുറത്ത് അതിതീവ്രമായ വേദന അനുഭവപ്പെടുന്നതായി കാണപ്പെടുന്നു. നാഡികളുടെ ഞെരുക്കം കഠിനമാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

സ്‌പൈനൽ ഫ്യൂഷൻ സർജറി

കുനിഞ്ഞുനിവരുമ്പോൾ അസഹനീയമായ നടുവേദന, അല്ലെങ്കിൽ ദീർഘനേരം കംപ്യൂട്ടറിന്റെ മുന്നിലിരിക്കുമ്പോൾ അനുഭവപ്പെടുന്ന ദുസ്സഹമായ വേദന, ഇവയെല്ലാം ഭൂരിഭാഗം ആളുകൾക്കും അനുഭവപ്പെടുന്നുണ്ട്. കശേരുക്കളുടെ സ്ഥാനത്തിലുള്ള വ്യതിയാനംകൊണ്ടാണ് സ്‌പോണ്ടിലോലിസ്തെസിസ് എന്ന ഈ അവസ്ഥയുണ്ടാകുന്നത്. ഒരു കശേരു അതിന്റെ താഴെയുള്ള കശേരുക്കളിൽനിന്ന് വഴുതി മുന്നോട്ടുപോകുമ്പോൾ സ്‌പോണ്ടിലോലിസ്തെസിസ് സംഭവിക്കുന്നു. കശേരുക്കൾക്കും ഫേസറ്റ് ജോയിന്റുകൾക്കും (facet joint-കശേരുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന ഓരോ കശേരുക്കളുടെയും രണ്ട് പിൻഭാഗങ്ങൾ) ഇടയിലുള്ള ഡിസ്കുകളും തേഞ്ഞുപോയേക്കാം. ഫേസെറ്റ് ജോയിന്റുകളുടെ അസ്ഥി വീണ്ടും അമിതമായി വളരുകയും ചെയ്യുന്നു. ഇതുമൂലം കശേരുക്കൾ സ്ഥലത്തുനിന്ന് തെന്നുമ്പോൾ, അത് അതിനുതാഴെയുള്ള അസ്ഥിയിൽ സമ്മർദം ചെലുത്തുന്നു. ഈ പ്രശ്നം പരിഹരിക്കാൻ സർജറി ആവശ്യമായി വരുന്ന ഘട്ടങ്ങളുണ്ട്. തീവ്രമോ ഉയർന്ന ഗ്രേഡിലുള്ളതോ ആയ തെന്നിനീങ്ങൽ, ക്രമേണ വഷളാകുന്ന തെന്നിനീങ്ങൽ, ചികിത്സ ചെയ്തിട്ടും നടുവേദന തുടരുക എന്നീ അവസ്ഥകളിൽ സർജറി വേണ്ടിവരുന്നു.

സ്‌പൈനൽ ഫ്യൂഷൻ സർജറി അടിസ്ഥാനപരമായി ഒരു ‘വെൽഡിങ്’ പ്രക്രിയയാണ്. ബാധിക്കപ്പെട്ട കശേരുക്കളെ സംയോജിപ്പിക്കും. അങ്ങനെ അവ ഒറ്റ‌ ഭാഗമായി ഉണങ്ങുക എന്നതാണ് അടിസ്ഥാന ആശയം. കേടായ കശേരുക്കൾക്ക് ഇടയിലുള്ള ചലനം ഇല്ലാതാക്കുകയും അങ്ങനെ നട്ടെല്ലിന്റെ അമിതമായ ചലനം ഒഴിവാക്കുകയും ചെയ്യുന്നു.

ഈ സർജറിയിൽ നട്ടെല്ലിലെ ലംബാർ കശേരുക്കളെ ആദ്യം പുനഃക്രമീകരിക്കും. അസ്ഥി ഗ്രാഫ്റ്റ് ( bone graft) എന്ന ചെറിയ അസ്ഥി കഷ്ണങ്ങൾ കശേരുക്കൾക്കിടയിൽ സംയോജിപ്പിക്കും. ചില സമയങ്ങളിൽ പ്രത്യേകം രൂപകല്പന ചെയ്ത ഇംപ്ലാന്റുകളും ഉപയോഗിക്കുന്നു.
അസ്ഥി ഗ്രാഫ്റ്റ് സ്ഥാപിക്കുന്നതിനുമുൻപ്, അത് ഫലപ്രദമായി സംയോജിപ്പിക്കുന്നതിന് റോഡുകളും സ്‌ക്രൂകളും ഉപയോഗിക്കാറുണ്ട്.
കശേരുക്കളിൽ ഉയർന്ന ഗ്രേഡ് സ്ലിപ്പേജ് ഉള്ള രോഗികൾക്ക് നട്ടെല്ലിന്റെ നാഡി വേരുകളുടെ ഞെരുക്കവും ഉണ്ടായിരിക്കും. ഇങ്ങനെയാണെങ്കിൽ, സ്‌പൈനൽ ഫ്യൂഷൻ നടത്തുന്നതിനുമുൻപ് സ്‌പൈനൽ കനാൽ തുറക്കുന്നതിനും നാഡികളിൽ സമ്മർദം ഒഴിവാക്കുന്നതിനും സർജറി വേണ്ടിവരും.

അപസ്മാര ശസ്ത്രക്രിയ

അപസ്മാരം നിയന്ത്രിക്കുന്നതിനും ഇപ്പോൾ ന്യൂറോ സർജറി പ്രയോജനപ്പെടുത്തുന്നുണ്ട്. സന്നിയ്ക്ക് കാരണമാകുന്ന തലച്ചോറിലെ ഭാഗം നിർണയിക്കുകയും അത് നീക്കം ചെയ്യുകയുമാണ് ഈ സർജറിയിലൂടെ ചെയ്യുന്നത്.

ഫങ്ഷണൽ ന്യൂറോ സർജറി

പാർക്കിൻസോണിസം, സ്പാസ്റ്റിസിറ്റി, കടുത്ത വിഷാദം, വിറയൽ (tremors) പോലുള്ള അസാധാരണമായ ചലനവൈകല്യങ്ങൾ ,കഠിനമായ ന്യൂറോളജിക്കൽ വേദന തുടങ്ങിയ വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡേഴ്‌സ് കൈകാര്യംചെയ്യുന്നതിന് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ( DBS) പോലുള്ള പ്രത്യേക സാങ്കേതികവിദ്യകളുണ്ട്.

സർജറിക്കുമുൻപ്

  • പല ന്യൂറോ സർജറികളും അടിയന്തരമായി ചെയ്യേണ്ടിവരുന്നതായിരിക്കും. സങ്കീർണമായ ശസ്ത്രക്രിയ ആയതിനാൽ എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രി വേണം തിരഞ്ഞെടുക്കാൻ.
  • നേരത്തേ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെക്കുറിച്ച് ഡോക്ടറെ അറിയിക്കണം. സർജറി തീരുമാനിച്ചാൽ നേരത്തേ കഴിച്ചുകൊണ്ടിരിക്കുന്ന ചില മരുന്നുകൾ നിർത്തേണ്ടിവരും. രക്തം കട്ടപിടിക്കാതിരിക്കാൻ കഴിക്കുന്ന മരുന്നുകൾ പോലുള്ളവ.
  • സങ്കീർണമായ സർജറിയായതിനാൽ മാനസികമായി തയ്യാറായിരിക്കണം.
  • തലയിലെ സർജറിക്ക് മുൻപ് തല മുഴുവനായി ഷേവ് ചെയ്യുന്ന രീതി ഇപ്പോഴില്ല. സർജറി ചെയ്യുന്ന ഭാഗംമാത്രമാണ് ഷേവ് ചെയ്യുന്നത്. ഷാംപൂ ഉപയോഗിച്ച് മുടി നന്നായി വൃത്തിയാക്കുകയും ചെയ്യും. മുടി മുഴുവൻ നഷ്ടപ്പെടുമ്പോൾ രോഗികൾക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.
സർജറിക്ക് ശേഷം

  • ന്യൂറോ സർജറിക്കുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊതുവേ 4-8 ആഴ്ചകൾ വരെയെടുക്കാം. ചിലപ്പോൾ അതിലൂം കൂടുതൽ സമയമെടുക്കാം. കീഹോൾ സർജറിയിൽമാത്രമേ പെട്ടെന്നുതന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ. അതുകൊണ്ട് അതുൾക്കൊണ്ട് മാനസികമായി തയ്യാറാകണം.
  • ഡിസ്ചാർജിനുശേഷം ഡോക്ടർ നിർദേശിക്കുന്ന സമയത്തുതന്നെ തുടർപരിശോധന നടത്തണം. അതിൽ വീഴ്ച വരുത്താൻ പാടില്ല. മരുന്നുകളും കൃത്യമായി കഴിക്കണം. മെഡിക്കൽ ടീമുമായി കൃത്യമായ ബന്ധം നിലനിർത്തണം. എന്ത് പ്രയാസമുണ്ടെങ്കിലും അവരെ അറിയിക്കണം.
  • സർജറിക്കുശേഷം താത്കാലികമായ ചില ബുദ്ധിമുട്ടുകൾ ചിലർക്ക് അനുഭവപ്പെടാം. തരിപ്പ്, സർജറി ചെയ്ത സ്ഥലത്ത് വേദന തുടങ്ങിയവയൊക്കെ വരാം.
കൊച്ചി വി.പി.എസ് . ലേക് ഷോർ ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ന്യൂറോസർജൻ ആണ് ലേഖകൻ‌

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: what is neurosurgery brain surgery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented