Representative Image| Photo: Canva.com
നവജാതശിശുക്കളുടെ ഭക്ഷണം എപ്രകാരമായിരിക്കണം എന്നതു സംബന്ധിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടിയാണ് ചുവടെ.
കുഞ്ഞിന് എപ്പോൾ മുലയൂട്ടണം?
നവജാത ശിശുക്കൾക്ക് നൽകാവുന്ന സമ്പൂർണ ആഹാരമാണ് മുലപ്പാൽ. കുഞ്ഞിന്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. മുലപ്പാൽ എളുപ്പത്തിൽ ദഹിക്കും. അണുബാധയിൽ നിന്നും അലർജിയിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യും. കുഞ്ഞ് ജനിച്ച് എത്രയും വേഗം തന്നെ മുലയൂട്ടണം. സാധാരണ പ്രസവമാണെങ്കിൽ അരമണിക്കൂറിനകവും സിസേറിയനാണെങ്കിൽ പരമാവധി ഒരു മണിക്കൂറിനകവും മുലയൂട്ടണം. മുലപ്പാൽ അല്ലാതെ തേൻ, വെള്ളം, ഗ്ലൂക്കോസ്, മറ്റ് എന്തെങ്കിലും പാൽ തുടങ്ങിയവ കുഞ്ഞിന് നൽകരുത്.
പ്രസവശേഷം അമ്മയിൽ നിന്ന് വരുന്ന ആദ്യത്തെ പാൽ കൊളസ്ട്രം എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണ മുലപ്പാലിനെക്കാൾ കട്ടികൂടിയതും മഞ്ഞനിറത്തിലുമായിരിക്കും. ഈ പാൽ പിഴിഞ്ഞുകളയാതെ കുഞ്ഞിന് നൽകണം. 10-40 മില്ലിലിറ്റർ വരെയാണ് ഉണ്ടാവുക. ഇത് കുഞ്ഞിന്റെ ആവശ്യത്തിന് മതിയാകും. കൊളസ്ട്രത്തിൽ ധാരാളം പ്രോട്ടീനുകളും ആന്റിബോഡികളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും. കൊളസ്ട്രമാണ് അമ്മയിൽനിന്ന് കുഞ്ഞിന് ലഭിക്കുന്ന ആദ്യത്തെ ഇമ്മ്യൂണൈസേഷൻ. മഞ്ഞനിറവും പ്രത്യേക ഗുണങ്ങളുംമൂലം കൊളസ്ട്രത്തെ ലിക്വിഡ് ഗോൾഡ് എന്ന് വിശേഷിപ്പിക്കാറുണ്ട്. കുഞ്ഞിന്റെ ആദ്യത്തെ മലവിസർജ്ജനം സുഗമമാക്കാനും കൊളസ്ട്രം സഹായിക്കും.
പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം ഉണ്ടാവുന്ന പാലാണ് ട്രാൻസിഷണൽ മിൽക്ക്. ജനനശേഷം രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച മുതൽ ഉണ്ടാകുന്നതാണ് മെച്വർ മിൽക്ക്. കുഞ്ഞ് പാൽ വലിച്ചുകുടിക്കുന്തോറും അമ്മയിൽ മുലപ്പാൽ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ കൂടുതലായി പ്രവർത്തിക്കുകയും അതിനനുസരിച്ച് പാലിന്റെ അളവ് കൂടുകയും ചെയ്യും. ആറുമാസത്തേക്ക് കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ. രണ്ടുവയസ്സുവരെ മുലയൂട്ടൽ തുടരണം.
എങ്ങനെ മുലയൂട്ടാം?
അമ്മയുടെ നടുവിന് താങ്ങ് നൽകിക്കൊണ്ട് നിവർന്നിരുന്നാണ് മുലയൂട്ടേണ്ടത്. കുഞ്ഞിനെ ഒരു കൈയിൽ പൂർണമായും താങ്ങണം. കുഞ്ഞിന്റെ തല അമ്മയുടെ കൈമുട്ടിനുള്ളിലും പൃഷ്ഠവും തുടകളും അമ്മയുടെ കൈപ്പത്തിക്കുള്ളിലും ആയിരിക്കണം. കുഞ്ഞിന്റെ വയർ അമ്മയുടെ വയറിനോട് ചേർന്നിരിക്കണം. കുഞ്ഞിന്റെ താടി അമ്മയുടെ മാറിൽ തൊട്ടിരിക്കണം. കുഞ്ഞിന്റെ ശരീരം വളയരുത്. നേർരേഖയിലായിരിക്കണം. കുഞ്ഞിനെ അമ്മയുടെ ശരീരത്തോട് പരമാവധി ചേർത്തുപിടിക്കണം. മുലക്കണ്ണ് മാത്രമായി കുഞ്ഞിന്റെ വായിൽ കിട്ടിയാൽ ആവശ്യത്തിന് പാൽ കിട്ടില്ല. മുലക്കണ്ണ് പൊട്ടി വിണ്ടുകീറുകയും ചെയ്യും. കുഞ്ഞിന്റെ വായ നല്ലവണ്ണം തുറന്ന് മുലക്കണ്ണും അതിന് ചുറ്റുമുള്ള കറുത്ത ഏരിയോള ഭാഗവും പൂർണമായും കുഞ്ഞിന്റെ വായ്ക്കുള്ളിൽ വരുന്നതുപോലെ മുലയൂട്ടണം.
ദിവസം എത്ര തവണ മുലയൂട്ടണം?
ആദ്യത്തെ ഒരു മാസം ഏകദേശം രണ്ട് മണിക്കൂർ ഇടവിട്ട് മുലപ്പാൽ കൊടുക്കണം. ദിവസവും ഏകദേശം 10-12 പ്രാവശ്യം മുലയൂട്ടണം. രാത്രിയും പകലും ഇത്തരത്തിൽ മൂലയൂട്ടേണ്ടി വരും. രണ്ടുമാസമാകുമ്പോൾ കുഞ്ഞിന്റെ ആവശ്യത്തിന് അനുസരിച്ച് മുലയൂട്ടുന്ന രീതിയാകാം. വിശക്കുമ്പോൾ കുഞ്ഞ് ചില സൂചനകൾ തരും. വിരൽ കുടിക്കുക, ചുരുട്ടിയ കൈ വായിലാക്കുക, കവിളിൽ തൊട്ടാൽ ആ വശത്തേക്ക് ചരിഞ്ഞ് പാലിന് വേണ്ടി പരതുക എന്നിങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ കുഞ്ഞിന് വിശക്കുന്നുണ്ടെന്ന് അമ്മയ്ക്ക് മനസ്സിലാക്കാം. ഓരോ തവണയും 20-30 മിനിറ്റ് മുലയൂട്ടണം. മുലയൂട്ടുമ്പോൾ ആദ്യം വരുന്ന പാൽ (ഫോർമിൽക്ക്) അല്പം ലാക്ടോസ് കൂടുതൽ അടങ്ങിയ വെള്ളത്തിന്റെ അംശം കൂടുതലുള്ള പാലാണ്. ഇത് കുഞ്ഞിന്റെ ദാഹം ശമിപ്പിക്കുന്നു. ഇതിന് ശേഷം വരുന്ന പാൽ (ഹൈൻഡ് മിൽക്ക്) കൊഴുപ്പ് ധാരാളം അടങ്ങിയതാണ്. ഇത് കുഞ്ഞിന്റെ വിശപ്പ് ശമിപ്പിക്കുന്നു. മുലയൂട്ടുമ്പോൾ ഒരു സ്തനത്തിൽ നിന്ന് പൂർണമായും മുലയൂട്ടിയ ശേഷമേ അടുത്ത സ്തനത്തിൽ നിന്നും മുലയൂട്ടാവൂ. ഇടയ്ക്കിടെ മാറിക്കൊടുത്താൽ കുഞ്ഞിന് ആവശ്യത്തിനുള്ള കൊഴുപ്പ് അടങ്ങിയ പാൽ ലഭിക്കാതെ വരും. ഇത് കുഞ്ഞിന്റെ തൂക്കം കൂടുന്നതിനെ ബാധിക്കാം.
കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ടോയെന്ന് എങ്ങനെ അറിയാം?
പാൽ കുടിക്കുമ്പോൾ കുഞ്ഞിന്റെ കവിളുകൾ പാൽ നിറഞ്ഞ് വീർത്തിരിക്കുകയും കുഞ്ഞ് പാൽ ഇറക്കുന്നതിന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിൽ കുഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കാം. ഒരു സ്തനത്തിൽ നിന്നും പാൽ കുടിക്കുമ്പോൾ മറ്റേ സ്തനത്തിൽ നിന്നും പാൽ ഇറ്റിറ്റു വീഴുന്നുണ്ടെങ്കിൽ ആവശ്യത്തിന് പാൽ ഉണ്ടെന്ന് മനസ്സിലാക്കാം.
ആവശ്യത്തിന് പാൽ കുടിച്ചാൽ കുഞ്ഞ് രണ്ട് മണിക്കൂർ നന്നായി ഉറങ്ങുകയും ദിവസവും ഏകദേശം ആറോ അതിൽ കൂടുതലോ തവണ മൂത്രമൊഴിക്കുകയും ചെയ്യും. ജനനസമയത്തെ തൂക്കത്തിന് ആനുപാതികമായി തൂക്കം കൂടുകയും ചെയ്യുന്നുണ്ടെങ്കിൽ കുഞ്ഞിന് ആവശ്യത്തിന് മുലപ്പാൽ കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കാം.
കുഞ്ഞ് കരയുന്നത് എപ്പോഴും വിശന്നിട്ടായിരിക്കുമോ?
കുഞ്ഞിന്റെ കരച്ചിൽ പല കാരണങ്ങൾകൊണ്ട് ഉണ്ടാകാം. എപ്പോഴും വിശന്നിട്ടായിരിക്കില്ല കുഞ്ഞ് കരയുന്നത്. മൂത്രമൊഴിക്കുന്നതിനുമുൻപും മലം പോകുന്നതിനുമുൻപും കുഞ്ഞ് കരയാം. തണുക്കുമ്പോഴും ചൂട് ഉണ്ടാകുമ്പോഴും കുഞ്ഞ് കരയാം. ചിലപ്പോൾ വയറുവേദന മൂലമാകാം കുഞ്ഞ് കരയുന്നത്.
അമ്മയ്ക്ക് പനി വന്നാൽ മുലയൂട്ടാമോ?
അമ്മയ്ക്ക് ജലദോഷമോ വൈറൽ ഫീവറോ ഉണ്ടെങ്കിലും മുലയൂട്ടാം. ഇതിന് മുൻപ് കൈകൾ സോപ്പിട്ട് കഴുകി വൃത്തിയാക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം. കാരണം, മുലപ്പാലിലൂടെ ഈ രോഗങ്ങൾ പകരില്ല. എന്നാൽ സാധാരണ ഒരാളിൽനിന്ന് മറ്റൊരാൾക്ക് പനി പകരുന്നതുപോലെ അമ്മയിൽനിന്നും കുഞ്ഞിന് പനി പകരാം. രോഗങ്ങളിൽനിന്ന് സംരക്ഷണം നൽകുന്ന ആന്റിബോഡികൾ മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കും. അത് അണുബാധയ്ക്കെതിരായി പ്രവർത്തിക്കാനും സഹായിക്കും.
മുലപ്പാൽ പിഴിഞ്ഞെടുത്ത് സൂക്ഷിക്കേണ്ടത് എങ്ങനെ?
ജോലിക്ക് പോകുന്ന അമ്മമാർക്ക് മുലപ്പാൽ പിഴിഞ്ഞെടുത്ത് സൂക്ഷിച്ചുവെച്ച്് പോകാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആവശ്യത്തിനനുസരിച്ച് നൽകാം. സാധാരണ താപനിലയിൽ മുലപ്പാൽ ആറ് മണിക്കൂർ വരെ കേടുകൂടാതെ ഇരിക്കും. സ്റ്റീൽ പാത്രത്തിൽ ആണ് മുലപ്പാൽ സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ ഫ്രീസറിന് പുറത്താണ് സൂക്ഷിക്കേണ്ടത്. ഇത്തരത്തിൽ 24 മണിക്കൂർ വരെ പാൽ കേടാകാതെ സൂക്ഷിക്കാം. മുലപ്പാൽ പിഴിയാൻ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കാം. ഫ്രിഡ്ജിൽ സൂക്ഷിച്ച പാൽ പുറത്തുവെച്ച് സ്വാഭാവിക താപനിലയിൽ എത്തിച്ച ശേഷമേ കുഞ്ഞിന് നൽകാവൂ. ഇതിനായി മുലപ്പാൽ ശേഖരിച്ച പാത്രം ചൂടുവെള്ളം നിറച്ച മറ്റൊരു പാത്രത്തിലേക്ക് ഇറക്കിവെച്ചാൽ മതിയാകും. മുലപ്പാൽ നേരിട്ട് ഒരിക്കലും ചൂടാക്കരുത്.
കുഞ്ഞ് പാൽ കുടിച്ച ശേഷം തികട്ടി വരാതിരിക്കാൻ എന്ത് ചെയ്യണം?
വയറുനിറയെ പാൽ കുടിച്ചുകഴിഞ്ഞ ശേഷം കുഞ്ഞുങ്ങൾ അല്പം ഛർദിക്കാറുണ്ട്. ആദ്യത്തെ ആറുമാസം വരെ ഇത്തരത്തിൽ പാൽ തികട്ടി വരുന്നത് പതിവാണ്. പാൽ കൊടുത്ത ശേഷം കുഞ്ഞിനെ തോളത്ത് കിടത്തി പിൻഭാഗത്ത് തട്ടി ഗ്യാസ് കളയണം. ഇതുവഴി ഛർദിക്കാനുള്ള സാധ്യത കുറയുന്നു. ഇനി കുഞ്ഞ് പാൽ അല്പം ഛർദിക്കുന്നുണ്ടെങ്കിലും കുഞ്ഞിന്റെ തൂക്കത്തിൽ കുറവ് വരുന്നില്ലെങ്കിൽ പേടിക്കേണ്ടതില്ല.
ആറുമാസത്തിന് ശേഷം കുഞ്ഞിന് നൽകേണ്ട ഭക്ഷണം എന്തൊക്കെയാണ്?
ആറുമാസത്തെ മുലയൂട്ടലിന് ശേഷമാണ് മറ്റ് ആഹാരങ്ങൾ കുഞ്ഞിന് കൊടുത്ത് തുടങ്ങേണ്ടത്. ആദ്യഘട്ടത്തിൽ റാഗി പോലെയുള്ള ചെറുധാന്യങ്ങൾ, സൂചി ഗോതമ്പ്, കണ്ണങ്കായപ്പൊടി എന്നിവ കുറുക്കി നൽകാം. റാഗിയിൽ ധാരാളം ഇരുമ്പും കാൽസ്യവും അടങ്ങിയിട്ടുണ്ട്. എളുപ്പത്തിൽ ദഹിക്കുന്നതുമാണിത്.
കുറുക്ക് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
കുറുക്ക് ഉണ്ടാക്കുമ്പോൾ അതിന്റെ പോഷകാംശം കൂട്ടാനായി കൽക്കണ്ടം, ശർക്കര, നെയ്യ്, വെളിച്ചെണ്ണ എന്നിവ ചേർക്കാം. കുറുക്ക് നൽകുമ്പോൾ ആദ്യം അല്പം കട്ടികുറഞ്ഞ രൂപത്തിൽ വേണം നൽകാൻ. പിന്നീട് പതുക്കെ കട്ടി കൂട്ടിക്കൊണ്ടുവരാം. സ്പൂൺ ചെരിഞ്ഞാൽ പോലും പെട്ടെന്ന് മറിഞ്ഞു പോകാത്ത കട്ടിയിൽ വേണം കുറുക്ക് തയ്യാറാക്കി നൽകാൻ. വെള്ളം നൽകുന്ന പോലെ ഫീഡിങ് ബോട്ടിലിലോ കുപ്പിയിലോ ഒഴിച്ച് കുറുക്ക് കഴിക്കാൻ നൽകരുത്. ആവശ്യത്തിന് പോഷകങ്ങളും ഊർജവും ലഭിക്കാതിരിക്കാനും കുഞ്ഞ് ഭാവിയിൽ കട്ടിയാഹാരം കഴിക്കാൻ മടിക്കുന്നതിനും ഇത് കാരണമാകും. ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച കുറുക്ക് ഒരിക്കലും കുഞ്ഞിന് ചൂടാക്കി നൽകരുത്. എപ്പോൾ കുറുക്ക് കൊടുക്കുമ്പോഴും അത് ഫ്രഷ് ആയി തയ്യാറാക്കുന്നതാകണം. ആദ്യം ഒരു സ്പൂൺ കുറുക്ക് ആണ് കൊടുക്കേണ്ടത്. ക്രമേണ അതിന്റെ അളവ് പതുക്കെ കൂട്ടിക്കൊടുക്കാം.
കുറുക്കിന് ശേഷം എന്തൊക്കെ നൽകാം?
കുറുക്ക് കഴിച്ചുതുടങ്ങി കുറച്ചുനാൾ കഴിയുമ്പോൾ പയറുവർഗങ്ങൾ, പരിപ്പ്, കടല എന്നിവയൊക്കെ നന്നായി വേവിച്ച് നൽകാം. മുളപ്പിച്ച പയറുവർഗങ്ങൾക്ക് പോഷകമൂല്യം കൂടുതലാണ്. അവ നന്നായി ദഹിക്കുകയും ചെയ്യും. വീട്ടിലുണ്ടാക്കുന്ന ഇഡ്ഡലി, ദോശ , ചോറ് തുടങ്ങിയവയും കുഞ്ഞിന് നൽകണം. നന്നായി വേവിച്ചുടച്ച, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ഏത്തപ്പഴം പുഴുങ്ങിയത് എന്നിവയും ആപ്പിൾ, പപ്പായ തുടങ്ങിയ പൾപ്പുള്ള പഴവർഗങ്ങളും ഉടച്ച് സ്പൂൺ വഴി നൽകാം. ഇങ്ങനെ നൽകുമ്പോൾ ആദ്യം അല്പം ലൂസാക്കി വേണം നൽകാൻ. പിന്നീട് പതുക്കെ കട്ടികൂട്ടാം.
പുതിയ ഭക്ഷണം ഒരു സമയം ഒരെണ്ണം മാത്രം നൽകണം. രണ്ടോ മൂന്നോ ദിവസം തുടർച്ചയായി ആ ഭക്ഷണം നൽകി നോക്കണം. ഒരാഴ്ച മുതൽ പത്ത് ദിവസം വരെ ആ ആഹാരം നൽകിയശേഷം മാത്രമേ അടുത്ത തരം ആഹാരം നൽകാവൂ. പുതിയ ഭക്ഷണം എപ്പോഴും രാവിലെ കൊടുക്കുന്നതാണ് നല്ലത്. കുഞ്ഞിന് അലർജിയോ ഛർദിയോ കരച്ചിലോ ഉണ്ടായാൽ ബുദ്ധിമുട്ടില്ലാതെ തിരിച്ചറിയാനാകും.
ഒമ്പത് മാസം ആകുമ്പോൾ മുട്ടയുടെ മഞ്ഞ നൽകാം. പിന്നീട് മുട്ടവെള്ളയും നൽകാവുന്നതാണ്. ഒരു വയസ്സാകുമ്പോൾ മീനും ഇറച്ചിയും നൽകാം. ഈ പ്രായത്തിൽ കുഞ്ഞ് വീട്ടിൽ എല്ലാവരും കഴിക്കുന്ന ഭക്ഷണങ്ങളെല്ലാം കഴിച്ച് ശീലിക്കണം. ഇതിനെ ഫാമിലി പോട്ട് ഫീഡിങ് എന്ന് പറയുന്നു.
ഈ സമയത്തിനകം കുഞ്ഞ് ശീലിക്കുന്ന ഭക്ഷണങ്ങളാണ് പിൽക്കാലത്ത് കുഞ്ഞിന്റെ ഭക്ഷണരീതിയായി വരുന്നത്. ഈ സമയത്ത് ശീലിക്കാത്ത ആഹാരങ്ങൾ കുഞ്ഞ് പിന്നീട് കഴിക്കണമെന്നില്ല. അതിനാൽത്തന്നെ ആറുമാസം കഴിഞ്ഞാൽ മറ്റ് ഭക്ഷണങ്ങൾ കൊടുത്തുതുടങ്ങണം. ഇല്ലെങ്കിൽ കുഞ്ഞിന് പോഷകദാരിദ്ര്യവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. ആറുമാസത്തിന് മുൻപ് കുറുക്ക് കൊടുത്താൽ ചിലപ്പോൾ കുഞ്ഞിന്റെ ദഹനവ്യവസ്ഥയ്ക്ക് അതിനെ ദഹിപ്പിക്കാൻ സാധിക്കണമെന്നില്ല.
ഇലക്കറികൾ, വേവിച്ച പച്ചക്കറികൾ, മാങ്ങ, പഴങ്ങൾ പോലെയുള്ള സീസണൽ ഫ്രൂട്ട്‌സ് എന്നിവ ശീലിപ്പിക്കണം. വിറ്റാമിനുകളുടെ സ്രോതസ്സാണിവ. നട്‌സ്, മുന്തിരി, വേവിക്കാത്ത കാരറ്റ്, ചിപ്‌സ് എന്നിവ കുഞ്ഞുങ്ങൾക്ക് നൽകരുത്. അവ തൊണ്ടയിൽ കുടുങ്ങി അപകടം വരാൻ ഇടയാക്കിയേക്കാം.
വളരുമ്പോൾ നൽകേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?
വളരുന്ന പ്രായത്തിൽ സമീകൃതാഹാരമായിരിക്കണം കുട്ടികൾ കഴിക്കേണ്ടത്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പാലും പാൽ ഉത്പന്നങ്ങളും, പ്രോട്ടീൻ എന്നിങ്ങനെ പൊതുവേ അഞ്ച് ഫുഡ് ഗ്രൂപ്പുകളാണുള്ളത്. ഇവയിൽ നിന്നുള്ള ഭക്ഷണങ്ങൾ വേണം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ.
ഊർജം, വിറ്റാമിനുകൾ, ആന്റി ഓക്‌സിഡന്റുകൾ, ഫൈബറുകൾ എന്നിവ അടങ്ങുന്നവയാണ് പച്ചക്കറികളും പഴങ്ങളും. മഴവിൽ നിറങ്ങളുള്ള പഴങ്ങൾ ശീലിക്കണം. ചെറിയ അളവിൽ നട്‌സും സീഡുകളും നല്ല കൊഴുപ്പിന്റെ സ്രോതസ്സുകളാണ്. ആരോഗ്യകരമായ ഭക്ഷണത്തിന് ഉദ്ദാഹരണമാണ് ഫുഡ് പ്ലേറ്റ് എന്ന സങ്കല്പം. ഒരു പ്ലേറ്റിന്റെ പകുതിഭാഗം പഴങ്ങളും പച്ചക്കറികളും, കാൽ ഭാഗം ധാന്യങ്ങൾ, കാൽ ഭാഗം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയും ഒരു ഗ്ലാസ് പാലോ പാൽ ഉത്പന്നങ്ങളോ അടങ്ങിയതാണ് ഒരു ഫുഡ് പ്ലേറ്റ്. ഇത് സമീകൃതാഹാരമാണ്. ഈ ഭക്ഷണരീതിയാണ് പിന്തുടരേണ്ടത്.
വിശപ്പില്ലായ്മയുടെ കാരണങ്ങൾ എന്ത്?
പല കുട്ടികളും ബേക്കറി പലഹാരങ്ങളും മറ്റ് ജങ്ക് ഭക്ഷണങ്ങളും കഴിച്ച് സാധാരണ ഭക്ഷണം കഴിക്കാൻ താത്പര്യപ്പെടാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇത്തരം ഭക്ഷണങ്ങളിൽ കലോറി കൂടുതലും പോഷകമൂല്യം വളരെ കുറവുമാണ്. ഇവ വിശപ്പകറ്റുമെന്നതിനാൽ പ്രധാന ഭക്ഷണം കഴിക്കേണ്ട സമയത്ത് വിശപ്പുണ്ടാവുകയുമില്ല. അതോടെ സമീകൃതാഹാരം കഴിക്കാത്ത അവസ്ഥയുണ്ടാകുന്നു. ഇത് പോഷക ദാരിദ്യത്തിന് ഇടയാക്കും. പാൽ കൂടുതൽ കുടിക്കുന്ന കുട്ടികൾക്കും വിശപ്പില്ലായ്മ തോന്നാം. അതുകൊണ്ട് ദിവസത്തിൽ ഒന്നോ രണ്ടോ ഗ്ലാസിൽ കൂടുതൽ പാൽ കുട്ടിക്ക് കൊടുക്കരുത്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവാണെങ്കിലും കുട്ടികൾക്ക് വിശപ്പില്ലായ്മ ഉണ്ടാകാം. വിരശല്യമുണ്ടെങ്കിലും സിങ്കിന്റെ അഭാവം ഉണ്ടെങ്കിലും ഈ പ്രശ്നമുണ്ടാകാം. മലബന്ധമുണ്ടെങ്കിലും ഭക്ഷണത്തോട് താത്പര്യമുണ്ടാവില്ല. മൈദ അടങ്ങിയ ബേക്കറി പലഹാരങ്ങൾ കഴിക്കുന്നതുകൊണ്ട് മലബന്ധമുണ്ടാകാം. പനി, ജലദോഷം, ചുമ എന്നിവയുള്ള കുട്ടികളിലും വിശപ്പില്ലായ്മ കാണാറുണ്ട്. അസുഖം മാറിയതിന് ശേഷവും വിശപ്പ് പഴയ രീതിയിൽ എത്തുന്നതിന് കുറച്ച് സമയമെടുക്കും. ആവശ്യത്തിന് വ്യായാമം ഇല്ലെങ്കിലും വിശപ്പ് കുറയാം. ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികൾ വീടിന് പുറത്ത് കളികളിലേർപ്പെടണം.
കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിനത്തിന്റെ പ്രസക്തി എന്താണ്?
ഗർഭാവസ്ഥയിലെ ഒൻപത് മാസവും (270 ദിവസവും) ജനിച്ചശേഷമുള്ള രണ്ട് വർഷവും കൂടിയാണ് ആദ്യത്തെ ആയിരം ദിവസം എന്ന് പറയുന്നത്. ജനിച്ച ശേഷമുള്ള ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രവും അതിന് ശേഷം മുലപ്പാലിനൊപ്പം പ്രായത്തിന് അനുസരിച്ചുള്ള ഭക്ഷണവും നൽകുന്നതാണ് ആദ്യത്തെ ആയിരം ദിനം എന്ന സങ്കല്പത്തിലുള്ളത്.
കുഞ്ഞിന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ് ആദ്യത്തെ രണ്ട് വർഷം. മസ്തിഷ്കത്തിന്റെ വളർച്ചയും ബുദ്ധിവികാസവുമാണ് എടുത്ത് പറയേണ്ടത്. ഈ പ്രായത്തിൽ പോഷകാഹാരക്കുറവുണ്ടായാൽ അത് ബുദ്ധിയുടെ വികാസത്തെയും ഉയരത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കും. ആറുമാസംവരെ കുഞ്ഞിനാവശ്യമായ എല്ലാ പോഷണങ്ങളും മുലപ്പാലിലൂടെ ലഭിക്കും. എന്നാൽ, ആറുമാസത്തിന് ശേഷം മറ്റ് ഭക്ഷണങ്ങൾ കുഞ്ഞിന് കൊടുത്തുതുടങ്ങണം. ഇതിനെയാണ് കോംപ്ലിമെന്ററി ഫീഡിങ് എന്ന് പറയുന്നത്. പല്ല് മുളയ്ക്കാനും പതുക്കെ ചവയ്ക്കാനും തുടങ്ങുന്ന സമയമാണിത്. ഭക്ഷണം വിഴുങ്ങൽ, ദഹനവ്യവസ്ഥ കൃത്യമാവൽ എന്നിവയ്ക്കുള്ള സമയമാണിത്. വീട്ടിലുണ്ടാക്കിയ പോഷകസമൃദ്ധമായ ഭക്ഷണം ഈ സമയത്ത് കുഞ്ഞിന് നൽകണം. മറ്റ് ഭക്ഷണങ്ങൾക്കൊപ്പം മുലപ്പാലും നൽകണം. ഇത് രണ്ട് വയസ്സുവരെ തുടരണം.
എന്താണ് ഇൻഫെന്റൈൽ കോളിക്?
കുഞ്ഞുങ്ങൾ ചിലപ്പോൾ ഒരു കാരണവുമില്ലാതെ കുറേ സമയത്തേക്ക് നിർത്താതെ കരയാം. ഇതിനെ ഇൻഫെന്റൈൽ കോളിക് (Infantile colic) എന്ന് പറയുന്നു. മൂന്നാഴ്ച പ്രായം മുതൽ മൂന്നുമാസം പ്രായം വരെയുള്ള കുഞ്ഞുങ്ങളിലാണ് ഇത് കാണുന്നത്. സന്ധ്യയ്ക്ക് ആറുമണിക്ക് ശേഷവും രാത്രിയുമൊക്കെ നിർത്താതെ കരയും. മൂന്ന് മണിക്കൂറിൽ കൂടുതൽ കരച്ചിൽ നീണ്ടുനിൽക്കാം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇങ്ങനെ സംഭവിക്കാം. ഇത്തരത്തിൽ അടുപ്പിച്ച് മൂന്നാഴ്ച വരെ ഉണ്ടാവുകയാണെങ്കിൽ ഇത് ഇൻഫന്റൈൽ കോളിക് ആകാം. ഇങ്ങനെ കരയുന്ന കുഞ്ഞിന് പാൽ കൊടുത്താൽ കുടിക്കില്ല. കരയുമ്പോൾ കൈകളും കാലുകളും നീട്ടി, ബലം പിടിച്ച്, നടുവ് വില്ല് പോലെ വളച്ച്, മുഖം ചുവന്ന് തുടുത്ത് ആയിരിക്കും കാണപ്പെടുക. എന്നാൽ പലപ്പോഴും പരിശോധനയിൽ പ്രശ്നങ്ങളൊന്നും കാണപ്പെടുകയില്ല. കുഞ്ഞിന്റെ വയർ അമരുന്ന തരത്തിൽ തോളിൽ കിടത്തിയാൽ ഈ കരച്ചിലിന് ശമനമുണ്ടാകും. സാധാരണ ഇൻഫെന്റൈൽ കോളിക്കിന് ചികിത്സയുടെ ആവശ്യം വരാറില്ല. ചിലപ്പോൾ പശുവിൻപാലോ ഫോർമുല മിൽക്കോ കൊടുക്കുമ്പോൾ അതിന്റെ മിൽക്ക് പ്രോട്ടീൻ അലർജിമൂലം കുട്ടിക്ക് അസ്വസ്ഥതയുണ്ടായി കരയാറുണ്ട്. അങ്ങനെയുണ്ടെങ്കിൽ അത്തരം പാലുകൾ ഒഴിവാക്കണം. ചില സന്ദർഭങ്ങളിൽ പ്രോബയോട്ടിക് മരുന്നുകൾ കൊടുക്കാറുണ്ട്.
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യമെന്ത്?
പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കാതെ ഒരു ഗ്ലാസ് പാൽ മാത്രം കുടിച്ച് സ്കൂളിൽ പോകുന്ന കുട്ടികളുണ്ട്.ഇവരിൽ ക്ഷീണം, ഉറക്കംതൂങ്ങൽ, പഠനത്തിൽ ശ്രദ്ധയില്ലായ്മ, മറവി എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാം. പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കാത്ത കുട്ടികളിൽ അസിഡിറ്റി ഉണ്ടാകാനിടയുണ്ട്. അപ്പോൾ അവർ വീണ്ടും ഭക്ഷണം കഴിക്കുന്നതിൽ മടികാണിക്കും. വയറുവേദനയും ദഹനപ്രശ്നങ്ങളും ഇവരിൽ കാണാറുണ്ട്. പ്രതിരോധശേഷിയും ഈ കുട്ടികളിൽ കുറയാം. അതിനാൽ സ്കൂളിൽ പോകുന്ന കുട്ടികൾ സമ്പുഷ്ടമായ പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോൺഫ്‌ളേക്‌സ്, മിക്ചർ, കേക്ക് പോലുള്ള ഭക്ഷണങ്ങൾ അല്ല പ്രഭാത ഭക്ഷണമായി കഴിക്കേണ്ടത്. ഇഡ്ഡലി, ദോശ, സാമ്പാർ, പുട്ടും പയറും പോലെയുള്ള ഭക്ഷണങ്ങൾ, ഏത്തപ്പഴം, മുട്ട, പഴങ്ങൾ എന്നിവയുമൊക്കെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതുവഴി ആവശ്യത്തിന് ഊർജവും വിറ്റാമിനുകളും ധാതുക്കളും കുട്ടിക്ക് ലഭിക്കും.
കൊച്ചി അമൃത ഹോസ്പിറ്റലിൽ പീഡിയാട്രിക്സ് വിഭാഗം പ്രൊഫസറാണ് ലേഖിക.
Content Highlights: what is infantile colic, Healthy food for Kids
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..