ഇൻജെക്‌ഷൻ കൊടുത്ത് രോഗിയെ ഉറക്കി മറ്റൊരു ഇൻജെക്‌ഷൻ കൊടുത്ത് ഉണർത്തുന്നതല്ല അനസ്‌തേഷ്യ


ഡോ. മുരളീധരൻ എ.കെ.

വ്യക്തമായ പ്ലാനിങ് നടത്തി അനസ്തേഷ്യ നല്കുന്നതുവഴി അപകടരഹിതമായി, വേദനയില്ലാതെ സർജറി കഴിഞ്ഞ് എത്രയും പെട്ടെന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ചെയ്ത്‌ വീട്ടിലെത്താനാവുന്നു.

Representative Image | Photo: Gettyimages.in

പ്രീ അനസ്‌തേഷ്യാ ക്ലിനിക്കിൽ അവസാനത്തെ രോഗിയെയും നോക്കിക്കഴിഞ്ഞപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് വന്ന്‌ പറഞ്ഞത് രണ്ടുപേർകൂടി കാത്തുനില്ക്കുന്നുണ്ടെന്ന്. മുറിയിൽ കയറിയ നീണ്ട്‌ മെലിഞ്ഞ ആളെ കണ്ടപ്പോൾതന്നെ മനസ്സിലായി. കൂടെ വന്ന പെൺകുട്ടിയെ സംശയത്തോടെ നോക്കിയപ്പോൾ അദ്ദേഹം സംസാരിച്ചുതുടങ്ങി. ‘‘സാറിന് ആളെ മനസ്സിലായില്ലേ. ഇത് ഫാത്തിമക്കുട്ടിതന്നെ. അന്ന് ഹാർട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞ ആളെന്നെ.’’
ഓർമകൾ പതിനഞ്ചുവർഷം പുറകിലേക്ക് പോയി. ജന്മനാ ഹൃദ്രോഗിയായ കുട്ടി. ഓപ്പൺ ഹാർട്ട് സർജറി എന്തായാലും ആവശ്യമായ അവസ്ഥയിലായിരുന്നു ആ കുട്ടി. സാമ്പത്തിക പരാധീനതകൾക്കുപുറമേ ഹൃദയശസ്ത്രക്രിയയൊക്കെ ചെയ്താൽ ആൾ എന്തായാലും മരിച്ചുപോകുമെന്നുകൂടി ചിലർ ഉപദേശിച്ചതുകൊണ്ട് ഓപ്പറേഷൻ ഒഴിവാക്കിയുള്ള ചികിത്സ തേടി ഒരു പരിചയക്കാരൻവഴി എത്തിയതാണ്. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിക്ക്‌ ഓപ്പൺ ഹാർട്ട് സർജറി ചെയ്യാതെ രക്ഷപ്പെടുത്താനാവില്ലെന്ന് അന്ന് അവരെ ബോധ്യപ്പെടുത്തിക്കൊടുത്തു. പതിനഞ്ചുവർഷംമുൻപ്‌, മരണത്തിലേക്ക് പിടിച്ചുകൊണ്ടുപോകുംപോലെത്തന്നെയാണ് സർജറിയെയും സാധാരണക്കാർ നോക്കിക്കണ്ടിരുന്നത് എന്ന്‌ ചുരുക്കം. സർജറി വിജയകരമായി നടന്നു. അവൾ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. വർഷങ്ങൾക്കുശേഷം അവൾ വിവാഹിതയായി, ഗർഭിണിയായി. ഗർഭിണികളിൽ സാധാരണമായി നടത്തുന്ന അനോമലസ് സ്‌കാൻചെയ്തുനോക്കിയപ്പോൾ ഗർഭസ്ഥശിശുവിനും അമ്മയിൽ പണ്ടുണ്ടായിരുന്ന അതേ ഹൃദയവൈകല്യം ഉണ്ടെന്ന്‌ കണ്ടെത്തി. ഇനിയിപ്പോൾ ഗർഭസ്ഥശിശുവിൽതന്നെ ഓപ്പറേഷൻചെയ്യാൻപറ്റുമോ എന്നറിയാനാണ് അവർ വന്നിരിക്കുന്നത്.

ഇതാണ് പത്തിരുപതുവർഷംകൊണ്ട് വൈദ്യശാസ്ത്രരംഗത്തുണ്ടായ കുതിച്ചുചാട്ടം. അന്ന് സർജറിക്കുതന്നെ പേടിച്ചിരുന്നവരാണ് ഇന്ന് ഗർഭസ്ഥശിശുവിൽ അങ്ങനെ ചെയ്യാനാകുമോയെന്ന്‌ അന്വേഷിച്ച്‌ വന്നിരിക്കുന്നത്. ഈ മാറ്റം വൈദ്യശാസ്ത്രമേഖലയിലെ വളർച്ചയെയാണ് കാണിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം അനസ്‌തേഷ്യാരംഗത്തുണ്ടായ പുരോഗതിതന്നെയാണ്. മുൻകാലത്ത് ഒരു രോഗത്തിന് ശസ്ത്രക്രിയ നിർദേശിച്ചുകഴിഞ്ഞാൽതന്നെ അതിന്‌ തയ്യാറാവുന്ന രോഗികളുടെയും ബന്ധുക്കളുടെയും എണ്ണം വളരെ കുറവായിരുന്നു. അതിന് പ്രധാന കാരണം ശസ്ത്രക്രിയാസമയത്തും തുടർന്നും സംഭവിക്കാവുന്ന മരണംവരെയെത്താവുന്ന അപകടസാധ്യതയും ദീർഘകാലം വേണ്ടിവരുന്ന ബെഡ് റെസ്റ്റുമാണ്. ഇന്ന് സർജറിസമയത്ത് രോഗിയെ അനങ്ങാതെ കിടത്തുക മാത്രമല്ല വേദന അറിയാതെ ബോധമനസ്സിലും ഉപബോധമനസ്സിലും യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ എത്രയും വേഗം പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. പണ്ടുകാലത്ത് സർജറിക്കുണ്ടായിരുന്ന അപകടനിരക്ക് ഇന്ന് എത്രയോ കുറഞ്ഞിരിക്കുന്നു.

എന്താണ് അനസ്തേഷ്യ ?

പലരും തെറ്റിദ്ധരിച്ചിരിക്കുന്നപോലെ ഒരു ഇൻജെക്‌ഷൻ കൊടുത്ത് രോഗിയെ ഉറക്കുകയും മറ്റൊരു ഇൻജെക്‌ഷൻ കൊടുത്ത് രോഗിയെ ഉണർത്തുകയും ചെയ്യുകയല്ല അനസ്‌തേഷ്യ. ഓരോ രോഗിയുടെയും പ്രായത്തിനും ശാരീരികാവസ്ഥയ്ക്കും സർജറിയുടെ രീതിക്കുമനുസരിച്ച് എത്ര അളവിലുള്ള മരുന്ന് രോഗിക്ക് വേണമെന്ന് വ്യക്തമായ പ്ലാനിങ് നടത്തി അനസ്തേഷ്യ നല്കുന്നതുവഴി അപകടരഹിതമായി, വേദനയില്ലാതെ സർജറി കഴിഞ്ഞ് എത്രയും പെട്ടെന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ചെയ്ത്‌ വീട്ടിലെത്താനാവുന്നു.

സമയത്തിന്റെ വില വളരെയേറെ വലുതാണ്. അണുകുടുംബസങ്കല്പത്തിൽ രോഗിക്ക്‌ മാത്രമല്ല കൂട്ടിരിപ്പുകാർക്കും എത്രയും പെട്ടെന്ന് ജീവിതത്തിന്റെ തിരക്കുകളിലേക്ക് തിരിച്ചുചെല്ലാനാണ് താത്‌പര്യം. അതിനനുസരിച്ച് താക്കോൽദ്വാര ശസ്ത്രക്രിയകളും ഡേ കെയർ അനസ്‌തേഷ്യകളും വികസിച്ചുവന്നു. പണ്ടുകാലത്ത് എട്ടും പത്തും ദിവസം ആശുപത്രിവാസം ആവശ്യമായിരുന്ന സർജറികൾ ഇന്ന് സർജറിചെയ്ത അതേദിവസംതന്നെ രോഗിയെ ഡിസ്ചാർജ് നല്കി വീട്ടിലേക്ക് അയക്കാൻപറ്റുന്ന രീതിയിൽ മാറിക്കഴിഞ്ഞു.

പ്രീ അനസ്തേഷ്യ ചെക്കപ്പ്

സർജറിക്കുമുൻപുള്ള പ്രീ അനസ്തേഷ്യ ചെക്കപ്പ് പ്രധാന പങ്കുവഹിക്കുന്നു. അനസ്തേഷ്യോളജിസ്റ്റ് രോഗിയെ വിശദമായി പരിശോധിക്കുന്നതിവിടെയാണ്. പൾസ്, ബി.പി., ശ്വാസോച്ഛ്വാസനിരക്ക്, ചലനങ്ങൾ, നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങൾ, ബോധാവസ്ഥ, പ്രതികരണശേഷി ഇവയോടൊപ്പംതന്നെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനങ്ങൾ എന്നിവ എല്ലാ രോഗികളിലും പരിശോധിക്കുന്നു. അതോടൊപ്പം അസുഖം എത്രത്തോളം തീവ്രമാണെന്നും അത് രോഗിയുടെ ശരീരത്തിൽ എത്രത്തോളം ബാധിച്ചിരിക്കുന്നുവെന്നും വിലയിരുത്തുന്നു. പ്രായത്തിനും അസുഖത്തിനുമനുസരിച്ചുള്ള രക്തം, മൂത്രം എന്നിവയുടെ വിവിധതരം ലാബ് ടെസ്റ്റുകൾ, ഇ.സി.ജി., നെഞ്ചിന്റെ എക്സ്‌റേ എന്നിവയും അനിവാര്യമാണ്.

ഹൃദ്രോഗികളാണെങ്കിൽ എക്കോ പോലുള്ള ടെസ്റ്റുകളും അത്യാവശ്യമാണ്. പ്രീ അനസ്തേഷ്യ ക്ലിനിക്കിൽ വരുമ്പോൾ എല്ലാ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളും കൈയിൽ കരുതണം, മുൻപുചെയ്ത സർജറിയുടെ രേഖകളുൾപ്പെടെ. പ്രമേഹം, അമിതരക്തസമ്മർദം, അപസ്മാരം, ആസ്ത്‌മ, അലർജി, മനോരോഗങ്ങൾ തുടങ്ങിയ അസുഖങ്ങളുണ്ടെങ്കിൽ അവയ്ക്കുപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും പുകവലി, മദ്യപാനം മുതലായ ശീലങ്ങളെക്കുറിച്ചും സത്യസന്ധമായി അനസ്തേഷ്യോളജിസ്റ്റിനോട് വിശദമാക്കേണ്ടതാണ്.

അനസ്തേഷ്യാസമയത്തും തുർന്നുമുള്ള ആശയക്കുഴപ്പങ്ങളൊഴിവാക്കാൻ ഇത് സഹായിക്കും. വിശദമായ പരിശോധനയ്ക്കുശേഷം രോഗിയെ മാനസികമായും ശാരീരികമായും സർജറിക്ക്‌ പാകപ്പെടുത്തിയെടുക്കുന്നു.
ഓപ്പറേഷനുമുൻപേയുള്ള നിർദേശങ്ങൾ ഇവിടെനിന്നു നൽകുന്നു. കഴിച്ചുകൊണ്ടിരിക്കുന്ന ചില മരുന്നുകൾ, പ്രത്യേകിച്ചും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ ഓപ്പറേഷന് നാലുദിവസം മുൻപ്‌ നിർത്തിയേക്കാം. രക്തസമ്മർദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകളിൽ ഏറ്റക്കുറച്ചിലുകളും നിർദേശിക്കപ്പെട്ടേക്കാം. അപസ്മാരം, ആസ്ത്‌മ, മനോരോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ തുടരുന്നവർ ഓപ്പറേഷന്റെ ദിവസം ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ഉപയോഗിക്കാവൂ. രോഗിയുടെ പ്രായത്തിനനുസരിച്ച് ഭക്ഷണവും ജലപാനവും പൂർണമായും വർജിക്കേണ്ട സമയവും നിശ്ചയിക്കും.

മുന്നേറ്റങ്ങൾ

ചുരുങ്ങിയ സമയംകൊണ്ട് മെച്ചപ്പെട്ട ഫലംതരുന്ന, അപകടസാധ്യതകൾ കുറഞ്ഞ മരുന്നുകളുടെ ആവിർഭാവവും ആധുനിക മോണിറ്ററുകളുടെയും അനസ്തേഷ്യാ വർക് സ്റ്റേഷനുകളുടെയും കണ്ടുപിടിത്തങ്ങളും ഒരു അനസ്തേഷ്യോളജിസ്റ്റിന് കൃത്യമായും വ്യക്തമായുമുള്ള അനസ്തേഷ്യ നൽകുന്നതിന് ഏറെ സഹായകരമാണ്. ഓപ്പറേഷൻ തിയേറ്ററിൽത്തന്നെ സജ്ജമായിരിക്കുന്ന ഇൻവേസീവ് മോണിറ്ററുകൾ, ട്രാൻസ് ഈസോഫാജിയൽ എക്കോകാർഡിയോഗ്രാം, അൾട്രാസോണോഗ്രാം, ന്യൂറോമസ്കുലാർ മോണിറ്ററുകൾ, ബിസ് മോണിറ്ററുകൾ, വെന്റിലേറ്ററുകൾ ഇവയെല്ലാം അപകടരഹിതമായി അനസ്തേഷ്യ നൽകാനും വേഗത്തിൽത്തന്നെ ഓപ്പറേഷൻ തിയേറ്ററിൽനിന്നും ഇന്റൻസീവ് കെയർ യൂണിറ്റിൽനിന്നും രോഗിയെ രോഗം ഭേദമാക്കി സ്വജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ഏറെ സഹായിക്കുന്നു. ആശങ്കകളില്ലാതെ സർജറിക്ക്‌ വിധേയനാവുന്നതിന് രോഗിയെയും സങ്കീർണമായ സർജറികൾ അപകടരഹിതമായി ചെയ്യാൻ സർജനെയും പ്രാപ്തനാക്കുന്ന മികച്ച സംഘാടകനാണ് ഒരു അനസ്തേഷ്യോളജിസ്റ്റ്.

അനസ്‌തേഷ്യ പലതരം

ഏതുതരത്തിലുള്ള അനസ്‌തേഷ്യ വേണ്ടിവരുമെന്ന് തീരുമാനിക്കുന്നത് രോഗിയുടെ പ്രായം, മാനസിക- ശാരീരിക അവസ്ഥ, രോഗതീവ്രത എന്നതിനെയൊക്കെ ആശ്രയിച്ചാണ്.

റീജണൽ അനസ്‌തേഷ്യ

ശരീരത്തിന്റെ ഒരുഭാഗം മാത്രം മരവിപ്പിക്കുന്ന രീതിയാണ് റീജണൽ അനസ്‌തേഷ്യയിലുള്ളത്.
ഉദാ: വയറ്റിലും കൈയിലും കാലിലുമൊക്കെ വേണ്ടിവരുന്ന സർജറികൾ ചെയ്യുമ്പോൾ ഉപയോഗിക്കുന്നത്.

റീജണൽ അനസ്‌തേഷ്യ നാല് തരം

സ്‌പൈനൽ അനസ്‌തേഷ്യ: നട്ടെല്ലിലെ സ്പൈനൽ ഫ്ളൂയിഡിലേക്കാണ് ഈ ഇഞ്ചക്ഷൻ നൽകുന്നത്. ഗർഭിണികളിലെ സിസേറിയൻ സർജറിക്ക് പൊതുവേ നൽകുന്നതാണിത്. പൂർണമായും ബോധംകെടുത്താത്തതുകൊണ്ടുതന്നെ കുഞ്ഞ് പിറന്നുവീണയുടനെ അമ്മയ്ക്ക് കുഞ്ഞിനെ കാണാനാകും. വയറിനും വയറിന്റെ താഴെയുള്ള ഭാഗങ്ങൾക്കും വേണ്ടിവരുന്ന സർജറികൾക്കും സ്പൈനൽ അനസ്‌തേഷ്യയാണ് നൽകുന്നത്.

എപ്പിഡ്യൂറൽ: ദീർഘനേരം നീണ്ടുനിൽക്കുന്ന ഓപ്പറേഷനുകളിൽ എപ്പിഡ്യൂറൽ അനസ്‌തേഷ്യ ഫലപ്രദമാണ്. നട്ടെല്ലിനകത്ത് സെറിബ്രോസ്‌പൈനൽ ഫ്ളൂയിഡ് നിറഞ്ഞിരിക്കുന്ന ഒരു ഭാഗമുണ്ട്. ഇതിനെ സാക് എന്ന് പറയും. ഇതിന് ചുറ്റുമാണ് എപ്പിഡ്യൂറൽ സ്‌പേസ്. ഇവിടേക്കാണ് എപ്പിഡ്യൂറൽ ഇഞ്ചക്ഷൻ നൽകുന്നത്. വേദനാരഹിത പ്രസവത്തിനും എപ്പിഡ്യൂറൽ അനസ്തേഷ്യ നൽകാറുണ്ട്.

നെർവ് ബ്ലോക്കുകൾ: കൈയുടെ എല്ല് പൊട്ടിയാലുള്ള സർജറിക്ക് ആ കൈ മാത്രം തരിപ്പിക്കുന്നത്.

കോഡൽ: നട്ടെല്ലിന്റെ അവസാന ഭാഗമായ സാക്രത്തിലെ എപ്പിഡ്യൂറൽ സ്‌പേസിൽ നൽകുന്ന അനസ്തേഷ്യയാണ് കോഡൽ അനസ്തേഷ്യ.

ജനറൽ അനസ്‌തേഷ്യ

നെഞ്ചിന്റെയും തലയുടെയുമൊക്കെ സർജറികൾ ജനറൽ അനസ്‌തേഷ്യയിലാണ് ചെയ്യുന്നത്. ഇവിടെ രോഗിയെ പൂർണമായും ബോധംകെടുത്തി ശരീരം മരവിപ്പിച്ച് കൃത്രിമശ്വാസം വെന്റിലേറ്റർ വഴി നൽകുന്നു. ഓപ്പറേഷന്റെ ദൈർഘ്യത്തിനനുസരിച്ച് മരുന്നുകളും കൃത്യമായ ഇടവേളകളിൽ ആവർത്തിച്ച് കൊടുക്കുന്നു. സർജറിയുടെ അടിയന്തരസ്വഭാവം, രീതികൾ, രോഗിയുടെ ആരോഗ്യനില എന്നിവയ്ക്കനുസരിച്ച് അനസ്‌തേഷ്യാരീതിയിലും മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം.

നടുവേദനയുണ്ടാകുമോ?

സ്‌പൈനൽ അനസ്‌തേഷ്യക്കുശേഷം നടുവേദന വരുമോ എന്ന ഭയം പല രോഗികളും പങ്കുവെയ്ക്കാറുണ്ടെങ്കിലും അത് തെറ്റാണ്. നമ്മുടെ മുടിനാരിന്റെയത്രത്തോളം മാത്രം വണ്ണമുള്ള സൂചി ഉപയോഗിക്കുന്നതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ ഒന്നുംതന്നെയില്ല.

കോട്ടക്കൽ എച്ച്.എം.എസ്. ഹോസ്പിറ്റലിലെ അനസ്‌തേഷ്യ വിഭാഗം മേധാവിയാണ് ലേഖകൻ

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: what is anesthesia, types of anesthesia

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented