രോ​ഗിക്ക് വെന്റിലേറ്റർ സഹായം വേണ്ടിവരുന്ന സാഹചര്യങ്ങൾ ഏതെല്ലാം? സങ്കീർണതകൾ എന്തൊക്കെ?


ഡോ. ചെറിയാൻ റോയ്

Representative Image| Photo: Canva.com

അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോ​ഗിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഒരുപകരണമാണ് മെക്കാനിക്കൽ വെന്റിലേറ്റർ. രോ​ഗിക്ക് സ്വയം ശ്വസിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓക്സിജൻ നൽകുകയും കാർബൺ ഡയോക്സൈഡ് ശരീരത്തിൽ നിന്ന് നീക്കുകയും ചെയ്യുന്ന ജോലി വെന്റിലേറ്റർ ഏറ്റെടുക്കുന്നത്. റെസ്പിറേറ്റർ, ബ്രീത്തിങ് മെഷീൻ എന്നീ പേരുകളിലും ഈ ഉപകരണം അറിയപ്പെടുന്നു. വെന്റിലേറ്ററിന്റെ പ്രധാനപ്പെട്ട ഭാ​ഗങ്ങൾ ഇവയാണ്.

പവർ സോഴ്സ്: വൈദ്യുതിയിലാണ് വെന്റിലേറ്റർ പ്രവർത്തിക്കുന്നത്. വൈദ്യുതി തടസ്സം ഉണ്ടാവുമ്പോൾ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ബാക്ക്അപ്പ് സംവിധാനമുണ്ട്.

കൺട്രോൾസ്: അത്യാഹിത വിഭാ​ഗത്തിലെ ഡോക്ടർമാരോ നഴ്സുമാരോ ആണ് വെന്റിലേറ്റർ പ്രവർത്തിപ്പിക്കുന്നത്. രോ​ഗിക്ക് ഏത് അളവിൽ, ഏത് മർദത്തിൽ ഓക്സിജൻ നൽകണമെന്ന് ഡോക്ടർ തീരുമാനിച്ച് ഉപകരണത്തിന്റെ കൺട്രോളിൽ സെറ്റ് ചെയ്യും. ഇതിന് അനുസരിച്ചാണ് വെന്റിലേറ്റർ പ്രവർത്തിക്കുക.

മോണിറ്റർ: ഓക്സിജൻ നൽകുന്നതിന്റെയും കാർബൺ ഡയോക്സൈഡ് നീക്കം ചെയ്യുന്നതിന്റെയും തൽസ്ഥിതി ​ഗ്രാഫിക്സ് രൂപത്തിലും അക്കങ്ങളായും മോണറ്ററിൽ ഡിസ്പ്ലേ ചെയ്യും. ഇതുവഴി വെന്റിലേറ്ററിന്റെ പ്രവർത്തനം വിലയിരുത്താം.

സേഫ്റ്റി ഫീച്ചറുകൾ:
രോ​ഗിയുടെ ജീവൻ നിലനിർത്തുന്ന ഉപകരണമായതിനാൽ നിരവധി സുരക്ഷാ സംവിധാനങ്ങൾ ഇതിലുണ്ട്. വെന്റിലേറ്ററിൽ സെറ്റ് ചെയ്തിരിക്കുന്ന പ്രഷർ നില താഴുമ്പോഴും മെഷീനിലേക്കുള്ള വൈദ്യുതി നഷ്ടപ്പെടുമ്പോഴും അത്യാഹിത വിഭാ​ഗത്തിലെ ആരോ​ഗ്യപ്രവർത്തകരെ അറിയിക്കുന്ന സേഫ്റ്റി അലാം ഇതിന്റെ ഭാ​ഗമാണ്.

വെന്റിലേഷൻ രണ്ടുതരം

നെ​ഗറ്റീവ് പ്രഷർ വെന്റിലേഷൻ
രോ​ഗിയുടെ നെഞ്ചിന് ചുറ്റുമുള്ള ഭാ​ഗത്ത് നെ​ഗറ്റീവ് പ്രഷർ രൂപപ്പെടുത്തി ശ്വാസകോശത്തിലേക്ക് വായു വലിച്ചെടുക്കപ്പെടുന്നു. ഈ സംവിധാനം ഇപ്പോൾ കാര്യമായി ഉപയോ​ഗിക്കുന്നില്ല.

പോസിറ്റീവ് പ്രഷർ വെന്റിലേഷൻ
നിലവിൽ ഉപയോ​ഗിക്കുന്ന സംവിധാനമാണിത്. രോ​ഗിയുടെ ശ്വാസവഴികളിലേക്ക്(എയർവേ) പ്രഷർ വർധിപ്പിക്കുന്നതു വഴി ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന രീതിയാണിത്.

വെന്റിലേറ്റർ എപ്പോൾ?

വെന്റിലേറ്റർ ഉപയോ​ഗിക്കുന്ന പ്രധാനപ്പെട്ട സാഹചര്യങ്ങൾ ഇവയാണ്.

 • ശ്വാസവഴികളുമായി(എയർവേ) ബന്ധപ്പെട്ട പ്രശ്നങ്ങൾ
 • ഹൃദ്രോ​ഗ, പൾമണറി എഡിമ, മയോകാർഡിയൽ ഇൻഫാർക്ഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങി വിവിധ പ്രശ്നങ്ങൾ
 • സി.ഒ.പി.ഡി., കടുത്ത ബ്രോങ്കിയൽ ആസ്ത്മ, കടുത്ത ന്യുമോണിയ, നെഞ്ചിൽ ഏൽക്കുന്ന ആഘാതങ്ങൾ, ശ്വസനനിരക്ക് ഉയരൽ, ശ്വാസമെടുക്കാൻ കഷ്ടപ്പാട്, ശരീരത്തിൽ കാർ‌ബൺഡയോക്സൈഡിന്റെ അളവ് കൂടുന്നതോ കുറയുന്നതോ ആയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ.
 • സ്ട്രോക്ക് മൂലമോ മറ്റോ മസ്തിഷ്കത്തിനകത്ത് പ്രഷർ ഉയരുന്ന അവസ്ഥ, അബോധാവസ്ഥയിലാവുക തുടങ്ങിയ ന്യൂറോളജിക്കൽ രോ​ഗാവസ്ഥകളിൽ.
 • വലിയ ശസ്ത്രക്രിയകൾക്ക് ശേഷം.
 • ശ്വസിക്കാൻ സാധിക്കാത്തവിധം ശ്വാസകോശ പേശികൾക്ക് തളർച്ചയുണ്ടാകുന്ന അവസ്ഥ.
വെന്റിലേറ്റർ ഘടിപ്പിക്കുന്നത് രണ്ട് തരത്തിൽ

നോൺ ഇൻവേസീവ് വെന്റിലേഷൻ
എൻ.ഐ.വി എന്നറിയപ്പെടുന്ന മാസ്ക് രോ​ഗിയുടെ മുഖത്ത് മൂക്കും വായും മൂടുന്ന തരത്തിൽ വെച്ച് പ്ലാസ്റ്റിക്കിൽ തയ്യാറാക്കിയ ഒരു ബ്രീത്തിങ് സർക്ക്യൂട്ടിന്റെ സഹായത്തോടെ വെന്റിലേറ്ററുമായി ഘടിപ്പിക്കുന്ന രീതിയാണിത്. രോ​ഗിയുടെ ആരോ​ഗ്യസ്ഥിതി കണക്കിലെടുത്ത് നിശ്ചിത ഇടവേളകളിൽ ഭക്ഷണം നൽകാനും മറ്റും കുറച്ചുസമയത്തേക്ക് ഈ വെന്റിലേറ്റർ നീക്കാൻ സാധിക്കാറുണ്ട്. ഈ സമയത്ത് രോ​ഗിക്ക് സംസാരിക്കാനാകും.

ഇൻവേസീവ് മെക്കാനിക്കൽ വെന്റിലേഷൻ
കൃത്രിമ ശ്വാസവഴിയുണ്ടാക്കി ശ്വാസം നൽകുന്ന രീതിയാണിത്. രോ​ഗിയുടെ ശ്വാസനാളത്തിലൂടെ(ട്രക്കിയ) ട്യൂബ് ഇറക്കി(എൻഡോട്രാക്കിയൽ ട്യൂബ്/ ട്രാക്കിയോസ്റ്റോമി ട്യൂബ്) അതിലൂടെ ഓക്സിജൻ ശ്വാസകോശത്തിലേക്ക് കടത്തിവിടുന്ന സംവിധാനമാണിത്. ഇൻട്യൂബേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. അൽപം വേദനയുണ്ടാക്കുന്നതിനാൽ ഇത് ചെയ്യുന്നതിന് മുമ്പ് രോ​ഗിയെ മരുന്ന് നൽകി മയക്കും. ​ഗുരുതരാവസ്ഥയുള്ളവരിലാണ് ഈ രീതി കൂടുതലായി ഉപയോ​ഗിക്കുന്നത്. ഇത് ഉപയോ​ഗിക്കുന്ന രോ​ഗിക്ക് നിശ്ചിത ഇടവേളകളിൽ സെഡേഷൻ നൽകും. സ്വബോധം എത്രമാത്രം ഉണ്ട്, വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാനുള്ള സാധ്യത എത്രയാണ് തുടങ്ങിയ നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് സെഡേഷൻ നൽകുക. ഈ രോ​ഗികളിൽ മൂക്കിലൂടെ ട്യൂബിട്ട്(Ryleഠs Tube) അതുവഴി ഭക്ഷണം നേരിട്ട് വയറ്റിലേക്കാണ് നൽകുക.

വെന്റിലേറ്ററിൽ എത്രനാൾ?

രോ​ഗിയുടെ ആരോ​ഗ്യസ്ഥിതി വിലയിരുത്തിയാണ് എത്രനാൾ വെന്റിലേറ്റർ ഉപയോ​ഗിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരിക്കൽ വെന്റിലേറ്റർ ഉപയോ​ഗിച്ചാൽ പിന്നീട് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കില്ലെന്നും ജീവിതകാലം മുഴുവൻ ഉപയോ​ഗിക്കേണ്ടി വരുമെന്നുമുള്ള ധാരണ തെറ്റാണ്.

താഴെപറയുന്ന സാഹചര്യങ്ങളിൽ രോ​ഗിയുടെ ആരോ​ഗ്യാവസ്ഥ വിലയിരുത്തിയശേഷം വെന്റിലേറ്റർ നീക്കം ചെയ്യണോയെന്ന് ഡോക്ടർ തീരുമാനിക്കും.

 • വെന്റിലേറ്റർ ഘടിപ്പിക്കാനുണ്ടായ സാഹചര്യം മാറി രോ​ഗി ജീവിതത്തിലേക്ക് തിരിച്ചെത്തിയാൽ.
 • ഹൃദയസ്പന്ദന നിരക്ക്, രക്തസമ്മർം, ശ്വാസോച്ഛ്വാസ നിരക്ക്, രക്തത്തിലെ ഓക്സിജന്റെ അളവ്, ശരീരത്തിലെ ആസിഡുകളുടെ നില എന്നിവ ശരിയായ അവസ്ഥയിലെത്തിയാൽ.
 • രോ​ഗിക്ക് ബോധം തിരിച്ചുകിട്ടി പ്രതികരിച്ചു തുടങ്ങുമ്പോൾ.
 • വെന്റിലേറ്ററിന്റെ സഹായമില്ലാതെ തന്നെ രോ​ഗിക്ക് ശ്വസിക്കാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പായാൽ.
 • ചുമച്ച് കഫം തുപ്പാനുള്ള ആരോ​ഗ്യമുണ്ടായാൽ.
 • രോ​ഗിയുടെ ശ്വാസകോശ പേശികൾക്ക് ആവശ്യമായ ശക്തി ലഭിച്ചാൽ.
സങ്കീർണതകൾ
വെന്റിലേറ്റർ ഉപയോ​ഗിക്കുമ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. ചിലരിൽ ചെറിയ ചില സങ്കീർണതകൾക്ക് സാധ്യതയുണ്ട്. ചെറിയ പരിക്കുകൾ, ചെറിയ തോതിൽ രക്തസ്രാവം, ന്യൂമോതൊറാക്സ്(ശ്വാസകോശത്തിൽ ചോർച്ചയുണ്ടാകുന്ന അവസ്ഥ), ട്യൂബ് ഇടുന്നതിൽ ബുദ്ധിമുട്ട്, വെന്റിലേറ്ററുമായി ബന്ധപ്പെട്ട ശ്വാസകോശാണുബാധ)ന്യുമോണിയ എന്നിവയുണ്ടാകാം. ചിലരിൽ തൊണ്ടയിലൂടെ ട്യൂബ് ഇട്ടതുമൂലമുള്ള ചെറിയ അസ്വസ്ഥതകൾ, തൊറാസിക് കാവിറ്റി(നെഞ്ചിന്റ) ഭാ​ഗത്ത് ഉയർന്ന തോതിൽ പോസിറ്റീവ് പ്രഷർ നൽകിയതിനെ തുടർന്നുള്ള സങ്കീർണതകൾ. ഉയർന്ന ബി.പി, അസാധാരണമായ ഹൃദയസ്പന്ദനം, പേശികൾക്ക് തളർച്ച, വെന്റിലേറ്റർ ഉപയോ​ഗം മൂലമുണ്ടാകുന്ന ശ്വാസകോശത്തിലെ പരിക്കുകൾ, ഉയർന്ന തോതിൽ ഓക്സിജൻ ലഭിച്ചതുമൂലമുള്ള ചില പ്രശ്നങ്ങൾ(ഓക്സിജൻ ടോക്സിസിറ്റി) എന്നിവയും കാണാറുണ്ട്.

സമ്മതപത്രം വേണം
രോ​ഗിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും വെന്റിലേറ്റർ ഘ​ടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും അതിന്റെ സങ്കീർണതകളെക്കുറിച്ചും ഡോക്ടർ രോ​ഗിയുടെ ഒപ്പമുള്ളവരോട് സംസാരിക്കും. തുടർന്ന് എഴുതി തയ്യാറാക്കിയ സമ്മതപത്രം ഒപ്പിട്ടു വാങ്ങിയ ശേഷമേ രോ​ഗിക്ക് വെന്റിലേറ്റർ ഘടിപ്പിക്കൂ.

വെന്റിലേറ്റർ നീക്കം ചെയ്യാൻ
രോ​ഗിയുടെ ആരോ​ഗ്യാവസ്ഥ ഉൾപ്പെടെ പല ഘടകങ്ങളും പരി​ഗണിച്ച് ചികിത്സിക്കുന്ന ഡോക്ടറാണ് അക്കാര്യം തീരുമാനിക്കുക. ശ്വസിക്കാൻ ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസ നിരക്ക് കൂടുന്നത്, ചുമച്ച് തുപ്പാൻ സാധിക്കാത്ത അവസ്ഥ, അബോധാവസ്ഥയിലേക്ക് പോകൽ, ശ്വാസവഴികളിൽ പ്രശ്നങ്ങൾ തുടങ്ങിയവ ചിലരോ​ഗികളിൽ വീണ്ടും കണ്ടുവരാറുണ്ട്. അപ്പോൾ അവർക്ക് വീണ്ടും വെന്റിലേറ്റർ സ​ഹായം വേണ്ടിവരാം.

ഐ.സി.യു.വിലും വെന്റിലേറ്ററിലും കിടക്കുന്ന രോ​ഗിക്ക് കാലുകളിലും മറ്റു പേശികളിലും തളർച്ച വരാറുണ്ട്. ദിവസവും പോഷകാഹാരം കഴിക്കുന്നതു വഴിയും ഫിസിയോതെറാപ്പി നൽകുന്നതുവഴിയും ഇതിൽ നിന്ന് മുക്തി നേടാം.

വെന്റിലേറ്റർ വീട്ടിലും
കടുത്ത രോ​ഗങ്ങൾ മൂല ദീർഘകാലം വെന്റിലേറ്റർ സഹായം വേണ്ടിവരുന്നവർക്ക് ഇത് വീട്ടിലും മറ്റ് പുനരധിവാസ കേന്ദ്രങ്ങളിലും ഉപയോ​ഗിക്കാം. ഈ ഘട്ടങ്ങളിൽ ബൈപാപ് മെഷീൻ, സി-പാപ് മെഷീൻ എന്നിവയാണ് ഉപയോ​ഗിക്കുന്നത്.

ഒഡീഷയിലെ ഐ.എം.എസ്& എസ്.യു.എം ഹോസ്പിറ്റലിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാ​ഗം റെസിഡന്റാണ് ലേഖകൻ

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: what is a ventilator uses types and their role


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented