കുട്ടികളുടെ മുന്നിൽവെച്ച് വഴക്കിടാറുണ്ടോ? അവ പല പ്രശ്നങ്ങളിലേക്കും നയിക്കും


​ഗം​ഗ കൈലാസ് (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്)

Representative Image | Photo: Canva.com

കുടുംബാന്തരീക്ഷം കുട്ടികളുടെ മാനസികാരോഗ്യത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. അച്ഛനമ്മമാർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കുട്ടികളുടെ മാനസികാരോഗ്യത്തെ മാത്രമല്ല, അവരുടെ സാമൂഹിക ഇടപെടലുകൾ, പഠനം, സ്വഭാവം, വൈകാരികപക്വത തുടങ്ങിയവയെയൊക്കെ സ്വാധീനിക്കുന്നതാണ്. അതിനാൽ അച്ഛനമ്മമാർ തമ്മിലുള്ള വഴക്കുകൾ അവയുടെ തീവ്രതയനുസരിച്ച് കുട്ടികളെ പല പ്രശ്നങ്ങളിലേക്കും നയിക്കാം.

വഴക്കുണ്ടാകാനുള്ള കാരണങ്ങൾ, അതിന്റെ തീവ്രത, ആവർത്തനം, വഴക്കുകളുണ്ടായാൽ അത് എത്രസമയം നീണ്ടുനിൽക്കുന്നു തുടങ്ങിയവയൊക്കെയാണ് അതിന്റെ പരിണതഫലങ്ങൾ നിശ്ചയിക്കുന്ന ഘടകങ്ങൾ. ഈ വഴക്കുകളെ കുട്ടികൾ എങ്ങനെയാണ് നോക്കിക്കാണുന്നത്, അല്ലെങ്കിൽ വിലയിരുത്തുന്നത്, എങ്ങനെയൊക്കെ അത് അവരെ ബാധിക്കുന്നുണ്ട് തുടങ്ങിയവയൊക്കെ അവരുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നവയാണ്.കുടുംബവഴക്കും കുട്ടികളും

കുടുംബവഴക്കുകൾ മൂലംപ്രധാനമായും കുട്ടികളിൽ സംഭവിക്കുന്നത് ഇവയാണ്:

വൈകാരിക സുരക്ഷിതത്വം നഷ്ടപ്പെടുന്നു: നിരന്തരമായി അച്ഛനമ്മമാരുടെ വഴക്കുകൾക്കിടയിൽ വളരുന്ന കുട്ടികളിൽ വൈകാരികസുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്വന്തം വീട്ടിൽ അവർക്ക് സുരക്ഷിതത്വം തോന്നാത്ത അവസ്ഥയാണിത്. വീട്ടിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടാതാവുകയും, തുടർന്ന് ഉത്കണ്ഠ, വിഷാദം, പഠനത്തിൽ പിന്നോട്ടുപോവുക, വൈകാരിക-സ്വഭാവ പ്രശ്നങ്ങൾ തുടങ്ങിയവയിലേക്കൊക്കെ ഇത് നയിക്കുകയും ചെയ്യാം. അച്ഛനമ്മമാർ വഴക്കുകൾ തീർക്കാൻ സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ കുട്ടികൾ പഠിക്കുന്നതുവഴി, ഭാവിയിൽ അവരുടെ ജീവിതത്തിലും ഇതേ പ്രശ്നങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ട്.

Also Read

 വണ്ണം കുറയ്ക്കാനൊരുങ്ങുകയാണോ? ഒഴിവാക്കുകയും ...

വായിൽ വെളുത്ത/ചുവന്ന പാടുകളോ ഉണങ്ങാത്ത ...

​ഗർഭധാരണം ​ഗർഭപാത്രത്തിന് പുറത്താകുമ്പോൾ; ...

എപ്പോഴൊക്കെയാണ് ബൈപാസ്‌ സർജറി വേണ്ടിവരുന്നത്? ...

പെട്ടെന്ന് ഭാരം കുറയ്ക്കരുത്, വണ്ണം കുറയ്ക്കും ...

സ്വയം പഴിക്കൽ: അച്ഛനമ്മമാരുടെ വഴക്കിന്റെ കാരണം താനാണെന്നും, അവരുടെ വഴക്ക് പരിഹരിക്കാൻ കഴിയാത്ത താൻ ഒരു പരാജയമാണെന്നുമൊക്കെ കുട്ടികൾ ചിന്തിക്കാൻ സാധ്യതയുണ്ട്. ഇത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും, മുതിർന്നുകഴിഞ്ഞാലും ഇതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ തുടരുകയും ചെയ്യാം.

കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ അച്ഛനമ്മമാർ തമ്മിലുള്ള നിരന്തരവും തീവ്രവും നീണ്ടുനിൽക്കുന്നതും പരിഹരിക്കപ്പെടാത്തതുമായ വഴക്കുകൾ വളരെ വലിയ സ്ട്രെസ് തന്നെയാണ്. ഓരോ കുട്ടിയുടെയും പൊതുവേയുള്ള പ്രകൃതം, ലിംഗവ്യത്യാസം, അച്ഛനമ്മമാരുടെ വഴക്കുകൾ മൂലം മുൻപ് തനിക്കുണ്ടായ അനുഭവങ്ങൾ, പൊതുവെ കുടുംബത്തിൽ കുട്ടിക്കനുഭവപ്പെടുന്ന വൈകാരികബന്ധത്തിന്റെ മൂല്യവും മേന്മയും തുടങ്ങിയവയൊക്കെ അനുസരിച്ച്‌ ഇത്തരം വഴക്കുകളോടുള്ള അവരുടെ പ്രതികരണത്തിൽ വ്യത്യാസമുണ്ടാകാം. ഉദാഹരണത്തിന്, ചില കുട്ടികൾ മറ്റുകുട്ടികളെക്കാൾ സ്ട്രെസ്സുണ്ടാക്കുന്ന സന്ദർഭങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നവരായിരിക്കാം. അതുപോലെ ആൺകുട്ടികളും പെൺകുട്ടികളും അവർക്ക് കിട്ടിയ വ്യത്യസ്ത സാമൂഹികാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം വഴക്കുകളോട് വ്യത്യസ്തമായിട്ടാകാം പ്രതികരിക്കുന്നത്. അച്ഛനമ്മമാരുടെ വഴക്കുകളോട് ആൺകുട്ടികൾ അക്രമാത്മകമായി പ്രതികരിക്കാനും, പെൺകുട്ടികൾ അവയിൽനിന്നു പിൻവലിയാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, വഴക്കുകളുണ്ടാകുന്ന സന്ദർഭത്തിൽ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്നതും പ്രാധാന്യമർഹിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ കുട്ടി ഇതിനകംതന്നെ വിഷമത്തിലോ പിരിമുറുക്കത്തിലോ ആണെങ്കിൽ അച്ഛനമ്മമാരുടെ വഴക്കുകൾ അവർക്ക് കൂടുതൽ സ്ട്രെസ്സുണ്ടാക്കുന്നവയായിമാറും. അച്ഛനമ്മമാരുടെ വഴക്കുകൾ മുതിർന്ന കുട്ടികളെക്കാൾ സ്ട്രെസ് ചെറിയ കുട്ടികളിൽ ഉണ്ടാക്കാറുണ്ട്. അവർക്ക് പലപ്പോഴും വഴക്കിന്റെ കാരണം മനസ്സിലാക്കാൻ കഴിയണമെന്നില്ല എന്നതുകൊണ്ടാണിത്‌.

ഭാര്യാഭർത്താക്കന്മാർ തമ്മിൽ പലവിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നതും ചെറിയ വഴക്കുകളും പിണക്കങ്ങളും ഉണ്ടാകുന്നതും ദാമ്പത്യജീവിതത്തിൽ സ്വാഭാവികമാണ്. എന്നാൽ, അത് കുടുംബത്തിന്റെ കെട്ടുറപ്പിനെയും കുട്ടികളെയും മോശമായി ബാധിക്കുന്നതരത്തിൽ തീവ്രമാകാതിരിക്കാനുള്ള ശ്രദ്ധ അവർക്ക് വേണം. ആരോഗ്യകരമായ ബന്ധങ്ങളിൽപ്പോലും ഇടയ്ക്ക് തർക്കങ്ങളോ വഴക്കുകളോ ഉണ്ടാകാതെ ജീവിക്കുകയെന്നത് പ്രയാസകരമാണ്. അതിനാൽ വഴക്ക് ഉണ്ടാകാതെ സൂക്ഷിക്കുക എന്നതിനെക്കാൾ, അവ പക്വതയോടും കഴിയുന്നത്ര സ്വകാര്യതയോടും കുട്ടികളെ ബാധിക്കാത്തതരത്തിലും കൈകാര്യംചെയ്യാൻ പഠിക്കുകയാണ് വേണ്ടത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്ത് മാർഗങ്ങളാണ് മാതാപിതാക്കൾ സ്വീകരിക്കുന്നതെന്നതും പ്രാധാന്യമർഹിക്കുന്നു.

മാതാപിതാക്കളുടെ എല്ലാ വഴക്കുകളും കുട്ടികളിൽ മോശം ഫലങ്ങൾ മാത്രമല്ല ഉണ്ടാക്കുന്നതെന്നും, ചില സാഹചര്യങ്ങളിൽ പല നല്ലവശങ്ങളും ഇതിൽനിന്ന് കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്നും പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വഴക്കുകൾ കുട്ടികളിലുണ്ടാക്കുന്ന വിവിധ ഫലങ്ങളെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളുടെ വഴക്കുകളെ രണ്ടായി തരംതിരിക്കാറുണ്ട്.

ഗുണകരമായ വശങ്ങൾ

ചില വഴക്കുകളുണ്ടാകുമ്പോൾ, അത് കുട്ടികൾക്ക് ദോഷത്തെക്കാളേറെ ഗുണകരമായ ചില വൈകാരികപ്രതികരണങ്ങളുണ്ടാക്കാൻ സഹായകമാകാറുണ്ട്. അതവരുടെ വൈകാരികസുരക്ഷയെ കൂട്ടുന്നതിലേക്ക് നയിക്കും. ഇവയാണ് സൃഷ്ടിപരമായ വഴക്കുകൾ (കൺസ്ട്രക്ടീവ് കോൺഫ്ലിക്ട്സ്). പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്തുന്നതിനുള്ള രണ്ടുപേരുടെയും ശ്രമം, കുട്ടികളോട് വഴക്കിനെപ്പറ്റിയുള്ള അത്യാവശ്യവിവരങ്ങൾ വിശദമാക്കൽ, ദേഷ്യം നിയന്ത്രിക്കുക തുടങ്ങിയവയൊക്കെ ഇത്തരം വഴക്കുകളുടെ സവിശേഷതകളാണ്. ഇത്തരം രീതികൾ അവലംബിക്കുമ്പോൾ അത് കുട്ടികളിൽ ഭാവിയിലുണ്ടായേക്കാവുന്ന വഴക്കുകളെക്കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കുകയും, അവർക്ക് കൂടുതൽ വൈകാരികസുരക്ഷ ഉറപ്പുനൽകുകയും ചെയ്യുന്നു. മാത്രമല്ല, അവരുടെ സ്വന്തം ജീവിതത്തിലും പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നും വഴക്കുകൾ എങ്ങനെ ഒത്തുതീർപ്പാക്കണമെന്നും ദേഷ്യപ്പെടുന്ന അവസരത്തിലും പരസ്പരബഹുമാനത്തിന് മുൻതൂക്കം നൽകണമെന്നുമൊക്കെയുള്ള കാര്യങ്ങൾ പഠിക്കുന്നതിനും ഇത് സഹായകമാകുന്നു.

വിനാശകരമായ വശങ്ങൾ

വഴക്കുകൾ കുട്ടികളിൽ ഗുണത്തെക്കാളേറെ ദോഷഫലങ്ങളുണ്ടാക്കുകയും, അവരുടെ വൈകാരികസുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്താൽ അത്തരം വഴക്കുകൾ വിനാശകരമായ വഴക്കുകൾ (ഡിസ്ട്രക്ടീവ് കോൺഫ്ലിക്ട്സ്) ആണെന്നുപറയാം. പങ്കാളിയെ അസഭ്യം പറയുക, തെറിവിളിക്കുക, ശാരീരികമായി ഉപദ്രവിക്കുക, ബന്ധങ്ങൾക്ക് മൂല്യം നൽകാതെയുള്ള ശത്രുതയും പെരുമാറ്റരീതികളും ഒക്കെ വിനാശകരമായ വഴക്കുകളുടെ ഗണത്തിൽപ്പെടുന്നവയാണ്. ഇങ്ങനെയുള്ള വഴക്കുകൾ കുട്ടികളിൽ ഇത്തരം സാഹചര്യങ്ങളെപ്പറ്റി അമിതമായ ആശങ്കയുണ്ടാക്കാനും സ്വയംനിയന്ത്രണം കുറയാനും തെറ്റായ വിലയിരുത്തലുകൾ നടത്താനും കാരണമാകാം. ഇത്തരം രീതികൾ അവരുടെ വൈകാരികസുരക്ഷിതത്വം കുറയ്ക്കുന്നതിനാൽ മാതാപിതാക്കളുടെ വഴക്കുകളിൽ കുട്ടികൾ ഇടപെടാനുള്ള സാധ്യത കൂടുകയും
ചെയ്യുന്നു.

തർക്കിക്കല്ലേ, പരിഹാരമുണ്ട്

ഭാര്യാ-ഭർതൃബന്ധം പോലെ വളരെ അടുത്ത ബന്ധങ്ങളിൽപ്പോലും പലവിഷയങ്ങളിലും യോജിപ്പില്ലായ്മയും വ്യത്യസ്താഭിപ്രായങ്ങളും വഴക്കുകളും ഉണ്ടാകാമെന്നും, ദേഷ്യപ്പെടാതെതന്നെ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുമെന്നും കുട്ടികൾ അറിയേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാൽ കുട്ടികളുടെമുന്നിൽ മാതാപിതാക്കൾ ഇത്തരം സന്ദർഭങ്ങളിൽ വാദപ്രതിവാദങ്ങളും അക്രമങ്ങളും പരിഹസിക്കലുകളും ഒഴിവാക്കി ആരോഗ്യകരമായ മാർഗങ്ങൾ സ്വീകരിച്ച് മാതൃകയാകണം.

  • കുട്ടികളുമായി വളരെ ദൃഢമായ ആത്മബന്ധം സൂക്ഷിക്കാൻ അച്ഛനുമമ്മയും ശ്രദ്ധിക്കുക.
  • വഴക്കിനെക്കുറിച്ച് ആവശ്യമുള്ള കാര്യങ്ങൾ, കുഞ്ഞുങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നവമാത്രം, അവരോട് പങ്കിടുക. കുഞ്ഞുങ്ങൾ ഒരിക്കലും അവരുടെ വഴക്കിന്റെ കാരണമല്ലെന്ന് അവരെ ബോധ്യപ്പെടുത്തുക.
  • കുട്ടികളുടെ മുന്നിൽവെച്ച് പരസ്പരം ബഹുമാനമില്ലാതെ തർക്കങ്ങളിലേർപ്പെടുന്നത് ഒഴിവാക്കുക.
  • തർക്കസമയത്തും പങ്കാളിയുടെ കാഴ്ചപ്പാടുകളെയും വികാരങ്ങളെയും പരിഗണനയോടെ കാണാൻ ശ്രദ്ധിക്കുക. മറ്റേയാൾക്കും സംസാരിക്കാൻ അവസരം നൽകുക.
  • കുട്ടികളോട് പങ്കാളിയുടെ കുറ്റങ്ങൾ പറയുന്ന ശീലമുണ്ടെങ്കിൽ അത് തീർത്തും ഒഴിവാക്കേണ്ടതാണ്.
  • വഴക്കുണ്ടാക്കി പിണങ്ങിയിരിക്കുന്ന അവസരത്തിൽപ്പോലും, കുട്ടികളുടെ കാര്യത്തിൽ നേരത്തേ ഒരുമിച്ചെടുത്ത തീരുമാനങ്ങളിൽ മാറ്റംവരുത്താതിരിക്കുക. ഉദാഹരണത്തിന്, കുട്ടികൾക്ക് സ്‌ക്രീൻ ടൈം (ടെലിവിഷനും മൊബൈൽഫോണും ഉപയോഗിക്കാനുള്ള സമയം) നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, പങ്കാളിയോടുള്ള ദേഷ്യംകൊണ്ട് ആ സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതിരിക്കുക.
  • പങ്കാളിയോടുള്ള ദേഷ്യം കുട്ടികളെ വഴക്കുപറഞ്ഞും ഉപദ്രവിച്ചും തീർക്കരുത്.
  • തെറ്റുകളെക്കുറിച്ച് ആവർത്തിച്ചുപറയുന്നതിനുപകരം പരിഹാരം കണ്ടെത്തുന്നതിന് പ്രാധാന്യം നൽകുക. കഴിവതും ബഹളങ്ങളും അലർച്ചയുമൊക്കെ ഒഴിവാക്കുക.
  • കുട്ടികളുടെ മുന്നിൽവെച്ച് തർക്കങ്ങൾ നിയന്ത്രണാതീതമാകുന്നു എന്നുതോന്നിയാൽ, തത്കാലം ഒരു ടൈം ഔട്ട് എടുത്തിട്ട് പിന്നീട് കാര്യങ്ങൾ ചർച്ചചെയ്യാൻ ശീലിക്കുക.
  • വഴക്കിന്റെപേരിൽ കുട്ടികളുടെ ദിനചര്യകളിൽ മുടക്കംവരുത്താതിരിക്കുക.
ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: what happens to children when parents fight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented