Representative Image| Photo: Canva.com
സമ്മർദമാർന്ന ജീവിതവും ചിട്ടയില്ലാത്ത ഭക്ഷണക്രമവുമൊക്കെ മൂലം ഇന്ന് സാധാരണമായി കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങളാണ് ഹൈപ്പർടെൻഷനും ഉയർന്ന കൊളസ്ട്രോളും. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയാണ് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. ബി.പദ്മകുമാർ.
ചോദ്യം
എനിക്ക് 69 വയസ്സുണ്ട്. 30 വർഷത്തിലധികമായി അമിത ബി.പി.യുണ്ട്. കൊളസ്ട്രോളും കൂടുതലാണ്. ഇത് രണ്ടും നിയന്ത്രിക്കാൻ അക്കാലംമുതൽ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു. 2020 ജൂലായിൽ പരിശോധിച്ചപ്പോൾ, ബി.പി. 190/100 ആണ് കണ്ടത്. ഡോക്ടറെ കണ്ട് മരുന്നിൽ ആവശ്യമായ മാറ്റം വരുത്തിയപ്പോൾ, ബി.പി. അൽപം കുറഞ്ഞു.
എന്നാൽ മൂന്നുമാസം കഴിഞ്ഞപ്പോൾ വീണ്ടും വർധിച്ചു. ശരീരത്തിന് വിറയലും ശക്തിക്ഷയവും ഭക്ഷണത്തിനോട് വിരക്തിയും അനുഭവപ്പെട്ടു. രക്തം പരിശോധിച്ചപ്പോൾ, സോഡിയത്തിന്റെ അളവ് കുറഞ്ഞതായി കണ്ടു. 129 ആണുണ്ടായിരുന്നത്. ഗുളികകൾ നിർദേശിച്ചു. അതിനുശേഷം ബി.പി. 130/80-ൽ ആയിരുന്നു. എന്നാൽ ബി.പി. വീണ്ടും 203/100-ൽ എത്തി. വീണ്ടും ഡോക്ടറെ കണ്ട് മരുന്നിൽ മാറ്റം വരുത്തിയപ്പോൾ അത് 138/85 എന്ന നിലയിലായി. കൊളസ്ട്രോളിന്റെ കാര്യത്തിലും ഈ ഏറ്റക്കുറച്ചിലുകൾ വരുന്നു. അത് പലതവണ 250-ന് മുകളിലെത്തി. കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഭക്ഷണങ്ങളൊന്നും കഴിക്കാറില്ല. മുക്കാൽ മണിക്കൂർ നടക്കാറുമുണ്ട്. ഇങ്ങനെയൊക്കെ ചെയ്തിട്ടും ബി.പി.യും കൊളസ്ട്രോളും കൂടുന്നത് എന്തുകൊണ്ടാണ്?
ശ്രീധരൻ പി.കെ.
ഉത്തരം
ഏറ്റവും കൂടുതലായി കണ്ടുവരുന്ന ജീവിതശൈലീരോഗമാണ് ഹൈപ്പർടെൻഷൻ. ഉയർന്ന കൊളസ്ട്രോൾ നിലയും കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ രണ്ട് പ്രശ്നങ്ങൾക്കും കൃത്യമായി മരുന്ന് കഴിച്ചിട്ടും, ആവശ്യമായ ജീവിതച്ചിട്ടകൾ പാലിച്ചിട്ടും നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നതാണ് താങ്കളുടെ പ്രശ്നം. പലകാരണങ്ങൾകൊണ്ടും ഇത്തരത്തിൽ സംഭവിക്കാറുണ്ട്.
ആദ്യം അമിത ബി.പി.യുടെ കാര്യം തന്നെയെടുക്കാം. സാധാരണഗതിയിൽ ഒരു മരുന്നുകൊണ്ടുതന്നെ ബി.പി. നോർമലാകാറുണ്ട്. ചിലപ്പോൾ ബി.പി. നോർമലാക്കാനായി മറ്റൊരു ഗ്രൂപ്പിൽപ്പെട്ട വ്യത്യസ്തമായ പ്രവർത്തനരീതിയുള്ള ഒരു മരുന്നുകൂടി കഴിക്കേണ്ടിവരും. മൂന്നോ അതിലധികമോ മരുന്നുകൾ കഴിക്കുകയും അതിലൊന്ന് മൂത്രം പോകാൻ സഹായിക്കുന്ന ഡൈയൂററ്റിക്കായിട്ടും ബി.പി. നോർമലാകുന്നില്ലെങ്കിൽ, അതിനെ റസിസ്റ്റന്റ് ഹൈപ്പർടെൻഷൻ എന്നാണ് വിളിക്കുന്നത്. താങ്കളുടെ പ്രശ്നം റസിസ്റ്റന്റ് ഹൈപ്പർടെൻഷനാണ്. ഡോക്ടറുടെ അടുത്തുപോയി ബി.പി. നോക്കുമ്പോൾ മാത്രം പ്രഷർ ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ. അത്ര അപൂർവമല്ലാത്ത ഈ പ്രശ്നം സമൂഹത്തിൽ 15 മുതൽ 30 ശതമാനംവരെ ആളുകൾക്കുണ്ട്.
ഡോക്ടറുടെ ക്ലിനിക്കിൽ പോയി ബി.പി. പരിശോധിക്കുമ്പോഴുള്ള ഉത്കണ്ഠയാണ് ഇങ്ങനെ ബി.പി. കൂടാനുള്ള പ്രധാനകാരണം. ഇങ്ങനെയുള്ളവർ സ്വസ്ഥമായി വീട്ടിലിരുന്ന് ഇലക്ട്രോണിക് ബി.പി. മോണിറ്ററുപയോഗിച്ച് ബി.പി. പരിശോധിക്കുമ്പോൾ ബി.പി. നോർമലായിരിക്കും.
മരുന്ന് കഴിച്ചിട്ടും ബി.പി. കുറയാതിരിക്കാനുള്ള മറ്റൊരുകാരണം സെക്കൻഡറി ഹൈപ്പർടെൻഷനാണ്. വൃക്കരോഗങ്ങൾ, വൃക്കയിലേക്കുള്ള രക്തപ്രവാഹത്തിലെ തടസ്സങ്ങൾ, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തകരാറുകൾ, ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം(ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ), സ്റ്റിറോയിഡ് പോലുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയൊക്കെ ബി.പി. കുറയാതിരിക്കാനുള്ള കാരണങ്ങളാണ്.
ബി.പി. പരിശോധിക്കുന്നതിനു മുൻപ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതും പ്രധാനമാണ്. അഞ്ചുമിനിറ്റെങ്കിലും സ്വസ്ഥമായിരുന്ന് വിശ്രമിച്ചതിനു ശേഷമായിരിക്കണം ബി.പി. രേഖപ്പെടുത്തേണ്ടത്. ബി.പി. നോക്കുന്നതിന് മുപ്പതുമിനിറ്റ് മുൻപായി പുകവലിക്കുകയോ കഫീനടങ്ങിയ പാനീയങ്ങൾ കുടിക്കുകയോ ചെയ്യരുത്.
ഇവയെല്ലാം ഒഴിച്ചുനിർത്തിയിട്ടും ബി.പി. കൂടി നിൽക്കുകയാണെങ്കിൽ ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ കൂടാതെ ഡൈയൂററ്റിക്കുകൾ, നോർഅഡ്രിനാലിൻ, സിറടോണിൻ തുടങ്ങിയ ബി.പി. കൂട്ടുന്ന ഘടകങ്ങളുടെ അളവ് കുറയ്ക്കുന്ന ക്ലോനിഡിൻ തുടങ്ങിയ മരുന്നുകൾകൂടി ഉപയോഗിക്കേണ്ടിവരും. കൂടാതെ ഇപ്പോൾ തുടരുന്നതുപോലെ ഭക്ഷണത്തിലെ ഉപ്പ് നിയന്ത്രിക്കണം. വ്യായാമം തുടങ്ങിയ ജീവിതശൈലീക്രമീകരണം തുടരുകയും വേണം.
അതുപോലെ കൊളസ്ട്രോൾ നില കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മരുന്നാണ് സ്റ്റാറ്റിനുകൾ. സ്റ്റാറ്റിനുകൾ കഴിച്ചിട്ടും വ്യായാമവും മറ്റും ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലെങ്കിൽ മറ്റു കാരണങ്ങൾ പരിശോധിക്കേണ്ടി വരും. ഏറ്റവും പ്രധാനമാണ് തൈറോയ്ഡിന്റെ പ്രവർത്തനമാന്ദ്യം അഥവാ ഹൈപ്പോതൈറോയ്ഡിസം. കൂടാതെ, ദീർഘകാല വൃക്കരോഗങ്ങൾ, പ്രമേഹം, അമിതവണ്ണം, തയാസൈഡ് പോലെയുള്ള ഡൈയൂററ്റിക്കുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയൊക്കെ കൊഴുപ്പിന്റെ അളവ് കൂട്ടാനിടയാക്കും.
സ്റ്റാറ്റിന്റെ ഡോസിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയും അപൂരിത കൊഴുപ്പടങ്ങിയ ഒലീവെണ്ണ, സൂര്യകാന്തി എണ്ണ എന്നിവ പാചകത്തിനായി ഉപയോഗിച്ചും കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രമിക്കണം.
Content Highlights: what causes high blood pressure and cholesterol
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..