ഒരാഴ്ചയിൽ കൂടുതൽ പനി നീണ്ടുനിന്നാൽ ശ്രദ്ധിക്കണം; ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാം


ഡോ. അനുപ ലൂക്കാസ് (അസോസിയേറ്റ് പ്രൊഫസർ കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഗവ. മെഡിക്കൽ കോളേജ്, കോട്ടയം)

5 min read
Read later
Print
Share

വ്യക്തി ശുചിത്വം പാലിക്കുന്നതുവഴി ഈ രോഗങ്ങളെ തടയാനാകും. 

Representative Image | Photo: Gettyimages.in

ഴക്കാലത്തോടെ ജലജന്യരോഗങ്ങൾ വ്യാപകമാവാറുണ്ട്. വ്യക്തി ശുചിത്വം പാലിക്കുന്നതുവഴി ഈ രോഗങ്ങളെ തടയാനാകും.
ഹെപ്പറ്റൈറ്റിസ് എ

മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് എ. ഹെപ്പറ്റൈറ്റിസ് എ എന്ന പേരിൽ അറിയപ്പെടുന്ന വൈറസ് ആണ് രോഗകാരി. പലതരം മഞ്ഞപ്പിത്തങ്ങളിൽ ഒരുതരമാണിത്. കരളിനെയാണ് ഈ രോഗം ബാധിക്കുന്നത്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.

ലക്ഷണങ്ങൾ

അണുബാധയുണ്ടായി രണ്ട് മുതൽ ആറ് ആഴ്ചകൾക്കുള്ളിലാണ് ലക്ഷണങ്ങൾ ഉണ്ടാവുക. പനി, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഒരാഴ്ച കഴിയുമ്പോൾ കണ്ണിലും മൂത്രത്തിലും മഞ്ഞനിറം കണ്ടുതുടങ്ങും.

Also Read

സ്വന്തം കാര്യം സിന്ദാബാദ് എന്ന് കരുതുന്നവർ; ...

ഭക്ഷണം എങ്ങനെ തയ്യാറാക്കുന്നു എന്നതും പ്രധാനമാണ്; ...

എല്ലാത്തിലും ഒന്നാമതാവണമെന്ന് പറയുന്നത് ...

'രാത്രിയിൽ ലക്ഷണങ്ങൾ അധികമാകും, ഫോണോ ...

ഇൻജെക്‌ഷൻ കൊടുത്ത് രോഗിയെ ഉറക്കി മറ്റൊരു ...

രോഗനിർണയം

ലിവർ ഫങ്ഷൻ ടെസ്റ്റ് വഴി രോഗനിർണയം നടത്താം. രോഗം ബാധിച്ചവർക്ക് എസ്.ജി.പി.ടി. വളരെ കൂടിയ അളവിൽ ഉണ്ടാകാറുണ്ട്. പതുക്കെ ബിലിറുബിന്റെ അളവും വർധിക്കും. അപൂർവമായി കരളിന് തകരാറുണ്ടാകാൻ ഈ രോഗം കാരണമാകാറുണ്ട്.

ചികിത്സ

ഹെപ്പറ്റൈറ്റിസ് എയ്ക്ക് പ്രത്യേക ചികിത്സയില്ല. പ്രതിരോധമാണ് പ്രധാനം. രോഗം ബാധിച്ചവരുടെ ശരീരത്തിൽ ജലാംശം നിലനിർത്തണം. ഇതിനായി ധാരാളം വെള്ളം കുടിക്കണം. അതിന് സാധിക്കാത്ത രീതിയിൽ ഛർദിയും ഓക്കാനവും ഉണ്ടെങ്കിൽ ഡ്രിപ്പ് വഴി നിർജ്ജലീകരണം തടയേണ്ടി വരും. കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. നന്നായി വിശ്രമിക്കുക.

ടൈഫോയ്ഡ്

ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന രോഗമാണ് ടൈഫോയ്ഡ്. സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്നത്. മലിനമായ കുടിവെള്ളത്തിലൂടെയും രോഗിയുടെ വിസർജ്യത്തിന്റെ അംശമടങ്ങിയ ഭക്ഷണത്തിലൂടെയും രോഗം പകരാം.

ഭക്ഷണസാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചകൾ വഴി ഈ രോഗം പകരാം. ബാക്ടീരിയ കുടലിലെത്തിയാൽ അത് രക്തത്തിൽ കലർന്ന് പിത്താശയം, കരൾ, പ്ലീഹ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. കുടലിൽ രക്തം വാർന്നുപോകൽ, വൃക്കകളുടെ തകരാർ തുടങ്ങിയവ രോഗത്തിന്റെ സങ്കീർണതയായി കാണാറുണ്ട്. ഈ സാഹചര്യമുണ്ടായാൽ നാലാഴ്ചയ്ക്കുള്ളിൽ രോഗം മൂർച്ഛിക്കാൻ ഇടയുണ്ട്. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ നില ഗുരുതരമാകാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

പനി, തലവേദന, വയറുവേദന, വയറിളക്കം, ചുമ എന്നിവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. ഒരാഴ്ചയിൽ കൂടുതൽ പനി നീണ്ടുനിൽക്കുമ്പോഴാണ് സാധാരണ ടൈഫോയ്ഡ് സംശയിക്കുന്നത്.

രോഗനിർണയം

രക്തപരിശോധനയിലൂടെ രോഗം തിരിച്ചറിയാം. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ നടത്തുന്ന ബ്ലഡ് കൾച്ചർ ടെസ്റ്റ്, മലം പരിശോധന എന്നിവയിലൂടെ ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാം.

ചികിത്സ

അസിത്രോമൈസിൻ, സെഫ്ട്രിയക്‌സോൺ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ചികിത്സയിൽ ഉപയോഗിക്കുന്നു.

വയറിളക്ക രോഗങ്ങൾ

ദിവസത്തിൽ പല തവണ വെള്ളംപോലെ മലം പോവുന്ന അവസ്ഥയാണ് വയറിളക്ക രോഗങ്ങളുടെ പ്രത്യേകത. ഇതുമൂലം ശരീരത്തിൽനിന്ന് ജലാംശവും പോഷകങ്ങളും ധാതുലവണങ്ങളും നഷ്ടപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ദിവസത്തിൽ മൂന്നോ അതിൽ അധികമോ തവണ മലം ഇളകി പോയാൽ അതിനെ വയറിളക്കമായി കണക്കാക്കുന്നു.

മനുഷ്യ മലത്തിന്റെ അംശം കലർന്ന വെള്ളമോ ഭക്ഷണമോ കഴിക്കുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. തിളപ്പിച്ച വെള്ളവും തിളപ്പിക്കാത്ത വെള്ളവും ഒന്നിച്ച് ചേർത്ത് കുടിക്കുന്നതും രോഗസാധ്യത കൂട്ടുന്നു.

വയറിളക്ക രോഗങ്ങളിൽ ഭൂരിഭാഗവും വെള്ളംപോലെ മലം പോകുന്ന അക്യൂട്ട് വാട്ടറി ഡയേറിയ എന്ന തരം വയറിളക്കമാണ്. ഷിഗെല്ല, വിബ്രിയോ കോളറ എന്ന ബാക്ടീരിയകളാണ് ഇതിന് കാരണം. പത്ത് ശതമാനത്തിൽ താഴെ വയറിളക്ക രോഗങ്ങളിൽ മലത്തിൽ രക്തവും കഫവും കൂടി കലർന്നിട്ടുണ്ടാകും. അക്യൂട്ട് ഡിസെൻട്രി എന്ന് പറയുന്നത് ഇത്തരം വയറിളക്കങ്ങളെയാണ്. ഇതിന് കാരണം ഷിഗെല്ല എന്ന ബാക്ടീരിയയാണ്.

ഷിഗെല്ല ബാക്ടീരിയ കുടലിന്റെ ശ്ലേഷ്മസ്തരത്തിലേക്കാണ് നുഴഞ്ഞുകയറുന്നത്. അതിനുള്ളിൽ വെച്ചുതന്നെ പെരുകുകയും ചില വിഷ പദാർഥങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് കുടലിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിക്കും. ഇതോടൊപ്പം കുടലിന്റെ സ്തരത്തിന്റെ ഏറ്റവും മുകളിലുള്ള ഭാഗം അഴുകി മലത്തോടൊപ്പം പുറത്തേക്ക് പോകും. ഇതാണ് മലത്തോടൊപ്പം രക്തവും പഴുപ്പുമൊക്കെ പുറത്തേക്ക് പോകുന്ന ഡിസൻട്രിക്ക് കാരണം.

രോഗലക്ഷണങ്ങൾ

രോഗാണു ശരീരത്തിൽ പ്രവേശിച്ച് പരമാവധി ഏഴ് ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. വയറിളക്കം, അതിസാരം, പനി, ഓക്കാനം, ഛർദി, വയറുവേദന, ദഹനക്കുറവ്, പെട്ടെന്ന് മലവിസർജനത്തിനുള്ള തോന്നൽ എന്നിവയാണ് ലക്ഷണങ്ങൾ. കടുത്ത വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം ഷോക്ക് എന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം. ഇത് മരണത്തിന് ഇടയാക്കും.

രോഗനിർണയം

രോഗലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിയാം. മലം കൾച്ചർ ചെയ്യുന്നതു വഴി രോഗാണുവിനെ തിരിച്ചറിയാം. ഗുരുതരമല്ലാത്ത കേസുകളിൽ ഇതിന്റെ ആവശ്യം വരാറില്ല.

ചികിത്സ

ജലനഷ്ടം പരിഹരിക്കാൻ ധാരാളം പാനീയങ്ങൾ നൽകണം. ഒ.ആർ.എസ്. ലായനി ഉപയോഗിച്ചുള്ള ചികിത്സയാണ് ചെയ്യേണ്ടത്. ശരീരത്തിലെ ജലവും ധാതുക്കളും നഷ്ടപ്പെട്ട് നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ ഇത് സഹായിക്കും. നിർജ്ജലീകരണം കൂടിയാൽ ഡ്രിപ്പ് നൽകാം.

രോഗികൾ ഭൂരിഭാഗവും അഞ്ച്‌ മുതൽ ഏഴ് ദിവസത്തിനുള്ളിൽ തന്നെ രോഗമുക്തി നേടും. എന്നാൽ രോഗികളിൽ പനിയോ മലത്തിലൂടെ രക്തം പോകുന്ന അവസ്ഥയോ വയറുവേദനയോ ഉണ്ടായാൽ കൂടുതൽ ശ്രദ്ധിക്കണം.

കോളറ

വിബ്രിയോ കോളറ എന്ന ബാക്ടീരിയമൂലം കുടലുകളിൽ ഉണ്ടാകുന്ന അണുബാധയാണ് കോളറ. മലം കഞ്ഞിവെള്ളംപോലെ പോകുന്ന വയറിളക്കമാണ് കോളറ ബാധിച്ചവരിൽ ഉണ്ടാവുക. രോഗാണുക്കൾ അടങ്ങിയ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. കേരളത്തിൽ ഈ രോഗം നിലവിൽ കുറവാണ്.

ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തുന്ന ബാക്ടീരിയ ചെറുകുടലിൽ പെരുകുകയും, ഒരു വിഷപദാർഥം വമിപ്പിക്കുകയും ചെയ്യും. ഇത് കുടലിന്റെ ഭിത്തിയിലെ കോശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുകയും കോശങ്ങളിൽനിന്ന് ജലാംശം നഷ്ടപ്പെടുകയും ചെയ്യും. ഇതാണ് വെള്ളംപോലെ മലം പോകാൻ കാരണം.

കോളറഅണുക്കളുള്ള മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. തുറസ്സായ സ്ഥലത്തുള്ള മല വിസർജനം, ശുദ്ധമല്ലാത്ത ജലസ്രോതസ്സുകൾ, മാലിന്യം കലർന്ന ജലവിതരണം എന്നിവ ഇതിന് കാരണമാണ്.

ലക്ഷണങ്ങൾ

രോഗാണുക്കൾ ഉള്ളിൽ കടന്നാൽ രണ്ടുദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. വയറിളക്കമാണ് ആദ്യം ഉണ്ടാവുക. മലം കഞ്ഞിവെള്ളംപോലെ പോകും. തുടർന്ന് ഛർദിയും ഉണ്ടാകും. കോളറയുടെ ഏറ്റവും ഗുരുതരമായ ലക്ഷണമാണ് നിർജലീകരണം. വയറിളക്കവും ഛർദിയും മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ് ഇതിന്‌ കാരണം. കോളറബാധിതരിൽ കുറച്ചുവേഗത്തിൽ നിർജലീകരണം ഉണ്ടാകും. വൈകാതെ കടുത്ത ദാഹം ഉണ്ടാകും. ജലാംശം നഷ്ടപ്പെടുന്നതനുസരിച്ച്‌ ക്ഷീണം, തലകറക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടാവും. 10 ശതമാനത്തിൽകൂടുതൽ ശരീരഭാരത്തിൽ കുറവുണ്ടായാൽ ഗുരുതര അവസ്ഥയായി. ഓർമക്കുറവ്, ബോധക്ഷയം, കണ്ണുകൾ കുഴിയുക, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം.

എങ്ങനെ തിരിച്ചറിയും ?

കോളറയ്ക്ക് സാധ്യതയുള്ള മേഖലയിലാണെങ്കിൽ അക്കാര്യം പരിഗണിച്ചുവേണം ചികിത്സ ചെയ്യാൻ. പ്രത്യേക സാഹചര്യങ്ങളിൽ മലത്തിൽനിന്ന് രോഗാണുവിനെ വേർതിരിച്ച്‌ അസുഖം സ്ഥിരീകരിക്കാം.

ചികിത്സ

വയറിളക്കരോഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സ ഫ്ളൂയിഡ് തെറാപ്പിയാണ്. ശരീരത്തിൽനിന്ന് നഷ്ടപ്പെടുന്ന ജലാംശം തിരിച്ചുകൊടുക്കുന്നതാണിത്. റീഹൈഡ്രേഷൻ എന്നും പറയുന്നു. കോളറയുടെ ഏറ്റവും പ്രധാന ചികിത്സയും ഇതുതന്നെയാണ്.

ഒ.ആർ.എസ്. ലായനിയാണ് നിർജലീകരണം തടയാൻ ഉപയോഗിക്കുന്നത്. കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡ്രിപ്പുകളും നൽകേണ്ടിവരും.

മുലപ്പാൽ കുടിക്കുന്ന കുഞ്ഞാണെങ്കിൽ മുലപ്പാൽ കൃത്യമായും നൽകണം. മുതിർന്ന കുട്ടികൾക്ക് കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവപോലെ വീട്ടിൽ ലഭ്യമായ മറ്റുപാനീയങ്ങളും നൽകാം. ശീതളപാനീയങ്ങൾ നൽകരുത്. ഛർദി കുറഞ്ഞാൽ സാധാരണ ഭക്ഷണങ്ങളും നൽകാം.

ഗുരുതര നിർജലീകരണം ഉണ്ടായാൽ ഓർമക്കുറവ്, കടുത്ത തളർച്ച, ബോധക്ഷയം, വെള്ളം കുടിക്കാൻപോലും സാധിക്കാത്ത അവസ്ഥ എന്നിവയുണ്ടാകാം. ഈ സമയത്ത് തീവ്രപരിചരണം ആവശ്യമുണ്ട്. ജീവൻതന്നെ നഷ്ടപ്പെടാൻ സാധ്യതയുള്ള അവസ്ഥയാണിത്.

ഒ.ആർ.എസിന്റെ ഗുണങ്ങൾ

ഒ.ആർ.എസ്. ലായനി തയ്യാറാക്കാനായി പായ്ക്കറ്റിൽ ലഭിക്കുന്ന പൊടി, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ്, ഗ്ലൂക്കോസ് എന്നിവയുടെ മിശ്രിതമാണ്. ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ 2.6 ഗ്രാം സോഡിയം ക്ലോറൈഡ്, 2.9 ഗ്രാം സോഡിയം സിട്രേറ്റ്, 1.5 ഗ്രാം പൊട്ടാസ്യം ക്ലോറൈഡ്, 13.5 ഗ്രാം ഗ്ലൂക്കോസ് എന്നിങ്ങനെയാണ് കണക്ക്. സോഡിയം സിട്രേറ്റിനുപകരം സോഡിയം ബൈകാർബണേറ്റും, ഗ്ലൂക്കോസിനുപകരം സുക്രോസും ഉപയോഗിക്കാവുന്നതാണ്.

6 ടീസ്പൂൺ (25.2 ഗ്രാം) പഞ്ചസാര, 0.5 ടീസ്പൂൺ (2.9 ഗ്രാം) ഉപ്പ് എന്നിവ ഒരു ലിറ്റർ ശുദ്ധജലത്തിൽ കലർത്തി ഒ.ആർ.എസ്. ലായനി തയ്യാറാക്കാം. തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് വീട്ടിൽതന്നെ ഒ.ആർ.എസ്. ലായനിക്ക് പകരമുള്ള ലായനി തയ്യാറാക്കാം.

ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാം

 • തിളപ്പിച്ചാറിയ ശുദ്ധമായ വെള്ളംമാത്രം കുടിക്കുക.
 • ഭക്ഷണസാധനങ്ങൾ വൃത്തിയായി പാകംചെയ്ത് അടച്ച്‌ സൂക്ഷിക്കണം.
 • ഭക്ഷണം നന്നായി വേവിച്ച് കഴിക്കുക.
 • പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ കഴുകി ഉപയോഗിക്കുക. സാലഡുകൾക്കായി ഉപയോഗിക്കുന്ന പച്ചക്കറികളും കഴുകി വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
 • കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി ശുദ്ധമാക്കണം.
 • തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം തടയണം.
 • മലമൂത്ര വിസർജനത്തിനുശേഷം കൈകൾ നന്നായി കഴുകി വൃത്തിയാക്കുക.
 • കുട്ടികളുടെ ഡയപ്പർ മാറ്റി കഴുകിക്കഴിഞ്ഞാൽ ആ വ്യക്തി സ്വന്തം കൈകൾ നന്നായി വൃത്തിയാക്കുക.
 • ഭക്ഷണം പാകംചെയ്യുന്നതിനുമുൻപും വിളമ്പുന്നതിനുമുൻപും കഴിക്കുന്നതിനുമുൻപും കൈകൾ നന്നായി വൃത്തിയാക്കുക.
 • രോഗിയുടെ മലവും മറ്റ് വിസർജ്യങ്ങളും പുരണ്ട തുണികൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ആവശ്യമായ ശുചിത്വം പാലിക്കുക.
 • രോഗിയുടെ വസ്ത്രങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
 • പൊതുകുളങ്ങൾ, പൊതുകിണറുകൾ, സ്വിമ്മിങ് പൂളുകൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽനിന്നുമുള്ള വെള്ളം വയറ്റിലെത്താതെ ശ്രദ്ധിക്കുക.
 • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
 • രോഗം വേഗത്തിൽ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുന്നതുവഴി രോഗം പടരുന്നത് തടയാം. രോഗബാധ എവിടെനിന്നാണെന്ന് കണ്ടെത്തി അവിടെ ശുദ്ധീകരണവും ആവശ്യമായ നടപടികളും സ്വീകരിച്ച് രോഗം പടരുന്നത് തടയണം.
തയ്യാറാക്കിയത്: അനു സോളമൻ

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: water borne diseases, most common waterborne illness symptoms

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rice

2 min

അത്താഴം കഴിഞ്ഞയുടനെ കിടക്കരുത്,ചോറിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കാം; ഹൃദയാരോ​ഗ്യം കാക്കാൻ

May 15, 2023


lifestyle disease

2 min

കുട്ടികളുടെ പ്രമേഹത്തില്‍ വന്‍ കുതിപ്പ്, ജീവിതശൈലീരോഗങ്ങള്‍ കുട്ടികളിലും കണ്ടുതുടങ്ങുന്നുവോ ?

May 20, 2022


microbiome

2 min

ആരോഗ്യം നിലനിര്‍ത്തുന്നതില്‍ സൂക്ഷ്മാണുക്കള്‍ക്കുള്ള പങ്കെന്ത്?

Apr 20, 2022

Most Commented