സർജറിക്കു ശേഷവും വിട്ടുമാറാതെ മൂത്രത്തിൽ കല്ല്; കാരണങ്ങളും പരിഹാരവും


Representative Image| Photo: Canva.com

മൂത്രത്തിലെ കല്ലും അതിന്റെ സങ്കീർണവശങ്ങളും സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയാണ് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി.പദ്മകുമാർ.

ചോദ്യംഎനിക്ക് 53 വയസ്സുണ്ട്. മൂത്രത്തിൽ കല്ലിന്റെ പ്രശ്നമാണ്. ബുദ്ധിമുട്ട് തുടങ്ങിയിട്ട് വർഷങ്ങളായി. കല്ല് നീക്കാൻ 3 തവണ സർജറി ചെയ്തു. ഓരോ സർജറി കഴിഞ്ഞ് മൂന്നോ നാലോ വർഷം കഴിയുമ്പോഴേക്കും വീണ്ടും പ്രശ്നം തുടങ്ങും. കാൽസ്യം കൂടുതലടങ്ങിയ ഭക്ഷണങ്ങളൊഴിവാക്കാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. അതെല്ലാം പാലിച്ചിട്ടും ഫലമില്ല. വീണ്ടും ഇതേ പ്രശ്നം തുടരുകയാണ്. ഇനിയെന്താണ് ചെയ്യേണ്ടത്?

ദിനേശൻ

ഉത്തരം

വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് താങ്കളുടേത്. ജീവിതരീതിയിലും ഭക്ഷണത്തിലും കാലാവസ്ഥയിലുമൊക്കെ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മൂത്രത്തിലെ കല്ല് വ്യാപകമാകാൻ കാരണമായിട്ടുണ്ട്. ചികിത്സിച്ചിട്ടും സർജറി ചെയ്തിട്ടും കല്ല് വീണ്ടും വീണ്ടും ഉണ്ടാകുന്നുവെന്നതാണ് താങ്കളെ വിഷമിപ്പിക്കുന്നത്. കല്ല് രൂപപ്പെടാനുള്ള സാഹചര്യം നിലനിൽക്കുന്നതാണ് പ്രശ്നം. മൂത്രത്തിലെ കല്ല് ഏതുതരമാണെന്ന് കണ്ടെത്തിയും വിശദമായ പരിശോധനയിലൂടെയും വേണം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ.

പ്രധാനമായും നാലുതരം കല്ലുകളാണ് വൃക്കയിൽ രൂപപ്പെടുന്നത്. ഏറ്റവും കൂടുതലായി കണ്ടുവരുന്നത് കാൽസ്യം കല്ലുകളാണ്. കാൽസ്യം ഓക്സലേറ്റ്, കാൽസ്യം ഫോസ്ഫേറ്റ് എന്നിങ്ങനെ രണ്ടുതരം കാൽസ്യം കല്ലുകളുണ്ട്. കാൽസ്യം കല്ലുകൾ കഴിഞ്ഞാൽ പിന്നീടുണ്ടാകുന്നത് യൂറിക് ആസിഡ് കല്ലുകളാണ്. മുൻപ് യൂറിക് ആസിഡ് കല്ലുകൾ അഞ്ചുശതമാനം മാത്രമായിരുന്നെങ്കിൽ, ഇപ്പോഴത് 20 ശതമാനമായി വർധിച്ചിട്ടുണ്ട്. ചുവന്ന മാംസത്തിന്റെയും സോഫ്റ്റ് ഡ്രിങ്ക്സിന്റെയും മദ്യത്തിന്റെയുമൊക്കെ ഉപയോഗം വർധിച്ചതാണ് യൂറിക് ആസിഡ് കല്ലുകൾ കൂടാൻ കാരണം.

സ്ട്രൂവൈറ്റ് കല്ലുകൾക്ക് കാരണം തുടർച്ചയായ മൂത്രാശയ അണുബാധയാണ്. ചില ജനിതകത്തകരാറുകൾ മൂലം സിസ്റ്റീൻ എന്ന അമിനോ ആസിഡ് മൂത്രത്തിലൂടെ തുടർച്ചയായി വിസർജിക്കപ്പെടുമ്പോഴാണ് സിസ്റ്റീൻ കല്ലുകളുണ്ടാകുന്നത്. വൃക്കയിൽ തന്നെ കല്ല് രൂപപ്പെടുന്നതിന് സഹായിക്കുന്ന ഘടകങ്ങളും കല്ലിനെ തടയുന്ന ഘടകങ്ങളുമുണ്ട്. കാൽസ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയവ കല്ല് രൂപപ്പെടുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. എന്നാൽ സിട്രേറ്റ് മഗ്നീഷ്യം തുടങ്ങിയവ കല്ല് രൂപപ്പെടുന്നത് തടയുന്ന ഘടകങ്ങളാണ്. മൂത്രത്തിൽ കൂടുതൽ അമ്ലഗണമുണ്ടാകുന്നതും(അസിഡിറ്റി) കല്ലുണ്ടാക്കും.

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും അമിത ചൂടുള്ള കാലാവസ്ഥയിൽ കഴിയേണ്ടിവരുന്നതുമൊക്കെ കല്ലുണ്ടാകാനുള്ള സാധാരണ കാരണങ്ങളാണ്. കൂടാതെ ഭക്ഷണത്തിലൂടെ കൂടുതൽ ആനിമൽ പ്രോട്ടീന്‌ ശരീരത്തിലെത്തുന്നതും കല്ലിന് കാരണമാകും. താങ്കൾ കത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഭക്ഷണവും വെള്ളവുമൊക്കെ ശ്രദ്ധിച്ചിട്ടും വീണ്ടും കല്ലുണ്ടാകുന്നുണ്ടെങ്കിൽ, കല്ല് രൂപപ്പെടാനുള്ള മറ്റ് കാരണങ്ങൾ പരിശോധിക്കേണ്ടി വരും. മൂത്രത്തിലെ തുടർച്ചയായ അണുബാധ സ്ട്രൂവൈറ്റ് കല്ലുകളുണ്ടാകാനുള്ള കാരണമാണ്. ക്രോൺസ് ഡിസീസ്, ദഹനേന്ദ്രിയ വ്യവസ്ഥയിൽ നടത്തുന്ന ചില ശസ്ത്രക്രിയകൾ, പോഷകാഗിരണത്തകരാറുകൾ എന്നിവയെത്തുടർന്ന് കൊഴുപ്പിന്റെ ആഗിരണം തടസ്സപ്പെടുന്നത് ഓക്സലേറ്റ് കല്ലുകൾ രൂപപ്പെടാനിടയാക്കും. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂടുന്ന ഹൈപ്പർ പാരാതൈറോയ്ഡിസവും കാൽസ്യം കല്ലുകളുണ്ടാകാൻ കാരണമാകും.

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, വൃക്കത്തകരാറുകൾ എന്നിവയും തുടർച്ചയായി കല്ലുകൾ രൂപപ്പെടാൻ സാഹചര്യമുണ്ടാക്കുന്നു. അൾട്രാസൗണ്ട് സ്കാനിങ്, എക്സ്റേ പരിശോധന എന്നിവയിലൂടെയും കല്ലിന്റെ സ്ഥാനവും വലിപ്പവുമറിയാൻ കഴിയും. എക്സ്റേയിൽ കാണുന്ന കല്ലുകൾ കാൽസ്യം കല്ലുകളായിരിക്കും. രക്തത്തിലെ യൂറിക് ആസിഡ്, കാൽസ്യം നില എന്നിവ പരിശോധിച്ചറിയണം. മൂത്രം കൾച്ചർ ചെയ്ത് അണുബാധയുണ്ടോ എന്നറിയണം. കൂടാതെ കല്ലിന്റെ രാസപരിശോധനയിലൂടെ ഏതുതരം കല്ലാണെന്നുമറിയണം.

ഏതായാലും താങ്കൾ ഇപ്പോൾ ചെയ്യുന്നതുപോലെ ധാരാളം വെള്ളം കുടിക്കുന്നത്(ദിവസം മൂന്ന് ലിറ്റർ) തുടരണം. ചുവന്ന മാംസം, സോഫ്റ്റ് ഡ്രിങ്ക്സ്, ബിയർ, ചായ, ചോക്ലേറ്റുകൾ എന്നിവയൊഴിവാക്കണം. തോടുള്ള മത്സ്യങ്ങളും ഒഴിവാക്കണം. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് മൂത്രത്തിന്റെ ക്ഷാരഗുണം വർധിപ്പിച്ച് കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഒരു യൂറോളജിസ്റ്റിനെ കണ്ട് തുടർപരിശോധനകൾ നടത്തുക.

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: urinary stone treatment, kidney stones symptoms causes and diagnosis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented