Representative Image| Photo: Canva.com
ആറുവയസ്സുള്ള കുട്ടി. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് അവന്‍ വന്നിരിക്കുന്നത്. മാതാപിതാക്കളുടെ മുഖത്ത് ആശങ്കയുണ്ട്.
''എന്താണ് പ്രശ്‌നം?'' ഞാന്‍ ചോദിച്ചു.
''ഇവന് ഇടയ്ക്കിടെ മൂത്രം പോകുന്ന പ്രശ്‌നമുണ്ടായിരുന്നു. രാത്രിയില്‍ ഇടയ്ക്കിടെ വെള്ളം കുടിക്കും. ആദ്യം ഞങ്ങളൊക്കെ വഴക്കുപറഞ്ഞു. എന്നാല്‍ രണ്ടുമാസത്തിലേറെയായിട്ടും ഒരു മാറ്റവുമില്ല. ശരീരം മെലിയാനുംതുടങ്ങിയപ്പോഴാണ് ഇത് എന്തെങ്കിലും രോഗലക്ഷണമാകുമോ എന്ന് തോന്നിയത്. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി ഷുഗര്‍നില ടെസ്റ്റ്‌ചെയ്തു. 500ന് മുകളിലാണ് എന്റെ മകന്റെ ഷുഗര്‍നില എന്ന റിപ്പോര്‍ട്ടാണ് കിട്ടിയത്. ഞങ്ങള്‍ ഞെട്ടിപ്പോയി ഡോക്ടറേ. അതാണ് ഇങ്ങോട്ട് വന്നത്. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തെറ്റുവന്നതാണെങ്കിലോ.'' ആ മാതാപിതാക്കള്‍ ആശങ്കയോടെ പറഞ്ഞു.
''എന്തായാലും നമുക്ക് ഒന്നുകൂടി രക്തപരിശോധന നടത്തിനോക്കാം'' ഞാന്‍ പറഞ്ഞു.
ഇത്തവണ രക്തപരിശോധനാഫലം വന്നപ്പോള്‍ ഷുഗര്‍നില 350ന് മുകളില്‍.
''ഷുഗര്‍നില കൂടുതലാണ്. എന്തായാലും നമുക്ക് എച്ച്.ബി.എ.വണ്‍.സി. പരിശോധനകൂടി നടത്താം. കഴിഞ്ഞ മൂന്നുമാസത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണക്കാക്കുന്ന ടെസ്റ്റാണിത്. 5.7 ശതമാനമാണ് പ്രമേഹമില്ലാത്ത അവസ്ഥ. ഇത് മുതിര്‍ന്നവരിലും കുട്ടികളിലും ഒരേ പോലെയാണ്. അതില്‍ കൂടിയാല്‍ പ്രമേഹചികിത്സ തുടങ്ങേണ്ടിവരും'' ഞാന്‍ പറഞ്ഞു.
''ഞങ്ങളുടെ മോന് ആറുവയസ്സില്‍തന്നെ പ്രമേഹമോ?'' അവരുടെ കണ്ണുകള്‍ നിറഞ്ഞു.
വൈകാതെ എച്ച്.ബി.എ.വണ്‍.സി. റിപ്പോര്‍ട്ടും വന്നു. 13.2 ശതമാനം.
''നിങ്ങളുടെ മകന് ടൈപ്പ് വണ്‍ പ്രമേഹമാണ്. നമുക്ക് എത്രയും വേഗം ഇന്‍സുലിന്‍ ചികിത്സ തുടങ്ങണം.''
ചികിത്സ തുടങ്ങാമെന്ന് പറഞ്ഞപ്പോള്‍തന്നെ രക്ഷിതാക്കള്‍ ചോദിച്ചത് ഗുളിക മതിയാകുമോ അതോ ഇന്‍സുലിന്‍തന്നെ വേണ്ടിവരുമോ എന്നായിരുന്നു.
ടൈപ്പ് വണ്‍ പ്രമേഹം
മാതാപിതാക്കളില്‍ വലിയ ആശങ്കയ്ക്കിടയാക്കുന്നതാണ് കുട്ടികളിലെ പ്രമേഹം. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത് ടൈപ്പ് വണ്‍ പ്രമേഹമാണ്. ഇന്നത്തെക്കാലത്ത് ടൈപ്പ് 2 പ്രമേഹവും കുട്ടികളില്‍ കണ്ടുവരുന്നുണ്ട്.
ടൈപ്പ് വണ്‍ പ്രമേഹം ഓട്ടോ ഇമ്യൂണ്‍ രോഗത്തില്‍പ്പെട്ടതാണ്. സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തെത്തന്നെ ആക്രമിച്ച് ശാരീരികപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണ്‍ രോഗാവസ്ഥയ്ക്ക് കാരണം. ഇവിടെ, കുട്ടിയുടെ ശരീരത്തിലെ പ്രതിരോധകോശങ്ങള്‍ അവന്റെ ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ്. അപ്പോള്‍ ഇന്‍സുലിന്‍ ഉത്പാദനം കുറഞ്ഞുപോകുന്നു. ഇതോടെ ഇന്‍സുലിന്‍ ഡെഫിഷ്യന്‍സി എന്ന അവസ്ഥയുണ്ടാകുന്നു. നമ്മുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെയുണ്ടാകുന്ന ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ ആവശ്യമായ ഇന്‍സുലിന്‍ പാന്‍ക്രിയാസിന് ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണിത്.
പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ നശിച്ചാല്‍ വീണ്ടും അവ ഉണ്ടാകില്ല. അതിനാല്‍ ഈ രോഗാവസ്ഥയില്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കല്‍ മാത്രമാണ് പരിഹാരം. കാരണം, എപ്പോള്‍ ഭക്ഷണം കഴിക്കുന്നുവോ അപ്പോഴെല്ലാം രക്തത്തില്‍ ഗ്ലൂക്കോസിന്റെ വര്‍ധനയുണ്ടാകും. ഇതിനെ നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ പുറമേനിന്ന് എടുത്തേസാധിക്കൂ.
''ഡോക്ടര്‍, ആറുവയസ്സുള്ള കുട്ടിക്ക് എങ്ങനെയാണ് ദിവസവും ഇന്‍സുലിന്‍ കുത്തിവയ്പ് എടുക്കുക? സ്‌കൂളിലൊക്കെ പോകുമ്പോള്‍ എന്തുചെയ്യും?''
തൊലിപ്പുറത്തുള്ള ഇന്‍ജെക്ഷന്‍ രൂപത്തിലാണ് ഇന്‍സുലിന്‍ എടുക്കേണ്ടത്. കുട്ടികള്‍ക്ക് ഇതെങ്ങനെ സ്വയം എടുക്കാനാവും എന്ന് മാതാപിതാക്കള്‍ ആശങ്കപ്പെടും. ഇതിനായി മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കാറുണ്ട്. ആദ്യമൊക്കെ ചെറിയ കുട്ടികള്‍ക്ക് മാതാപിതാക്കള്‍തന്നെ ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍ എടുക്കണം. പരിശീലിപ്പിക്കുന്നതോടെ കുട്ടികള്‍ സ്വയം ഇന്‍ജെക്ഷന്‍ എടുക്കാന്‍ പ്രാപ്തരാകും.
സ്‌കൂളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
- കുട്ടിക്ക് ടൈപ്പ് വണ്‍ പ്രമേഹമുള്ള കാര്യം അധ്യാപകരെ അറിയിക്കണം.
- കുട്ടി കൃത്യമായി ഇന്‍സുലിന്‍ എടുക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.
- കുട്ടിക്ക് ക്ഷീണമോ മറ്റോ ഉണ്ടെങ്കില്‍ അധ്യാപകര്‍ ശ്രദ്ധിക്കണം.
- ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസ്‌നില പരിശോധിക്കാന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കാം.
- ടൈപ്പ് വണ്‍ പ്രമേഹത്തെക്കുറിച്ച് കുട്ടിയുടെ സഹപാഠികളെയും ബോധവത്കരിക്കുക.
- ഗ്ലൂക്കോസ്‌നില കുറഞ്ഞാലോ കൂടിയാലോ എന്തൊക്കെ ചെയ്യണമെന്ന് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പറഞ്ഞുകൊടുക്കണം.
ഷോര്‍ട്ട് ആക്റ്റിങ് ഇന്‍സുലിന്‍, ലോങ് ആക്റ്റിങ് ഇന്‍സുലിന്‍ എന്നിങ്ങനെ പലതരത്തിലുള്ള ഇന്‍സുലിനുകള്‍ ലഭ്യമാണ്. ഭക്ഷണത്തിനുമുന്‍പ് എടുക്കുന്ന ഇന്‍സുലിനെയാണ് ഷോര്‍ട്ട് ആക്റ്റിങ് ഇന്‍സുലിന്‍ എന്ന് പറയുന്നത്. ഇന്‍സുലിന്‍ എടുത്ത് അരമണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ എന്നതരത്തിലുള്ള ഷോര്‍ട്ട് ആക്റ്റിങ് ഇന്‍സുലിനുണ്ട്. ഇന്‍സുലിന്‍ എടുത്ത് 15 മിനിറ്റ് കഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാം എന്നതരത്തിലുള്ള ഇന്‍സുലിനുണ്ട്. ഇപ്പോള്‍ പുതിയതരം ഇന്‍സുലിനുകള്‍ എടുത്ത് അഞ്ചുമിനിറ്റിനകംതന്നെ ഭക്ഷണം കഴിക്കാം.
ദിവസത്തില്‍ ഒരുപ്രാവശ്യം എടുക്കുന്നതരത്തിലുള്ള ലോങ് ആക്റ്റിങ് ഇന്‍സുലിനുണ്ട്. അതും ഇവര്‍ക്ക് തീര്‍ച്ചയായും അനുയോജ്യമാണ്.
ഇന്‍സുലിന്‍ എടുക്കുമ്പോഴും ഷുഗര്‍ എപ്പോള്‍ വേണമെങ്കിലും കുറയാന്‍ സാധ്യതയുണ്ട്. ടൈപ്പ് വണ്‍ പ്രമേഹമുള്ള കുട്ടികള്‍ക്ക് ദിവസത്തില്‍ നാലും അഞ്ചും തവണ ഇന്‍സുലിന്‍ എടുക്കേണ്ടിവരും. ഇതോടൊപ്പം ഇടയ്ക്കിടയ്ക്ക് ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് ഷുഗര്‍നില പരിശോധിക്കുകയും വേണം.
''ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ട അവസ്ഥയില്‍ ഇനി വേറെയെന്തെങ്കിലും അസുഖങ്ങള്‍ ഇതിനോടൊപ്പം വരാന്‍ സാധ്യതയുണ്ടോ?''
ടൈപ്പ് വണ്‍ പ്രമേഹം ഒരു ഓട്ടോ ഇമ്യൂണ്‍ രോഗമാണല്ലോ. അതിനാല്‍ ഇതിനൊപ്പം വേറെ ഓട്ടോ ഇമ്യൂണ്‍ രോഗം വരാന്‍ സാധ്യതയുണ്ട്. ടൈപ്പ് വണ്‍ പ്രമേഹമുള്ള 2030 ശതമാനം കുട്ടികളിലും തൈറോയ്ഡ് രോഗങ്ങള്‍ കണ്ടുവരാറുണ്ട്. 1520 ശതമാനം കുട്ടികളില്‍ ഗ്ലൂട്ടന്‍ പ്രോട്ടീന്‍ അലര്‍ജിയും കാണാറുണ്ട്. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവരില്‍ സീലിയാക് ഡിസീസാണ് കണ്ടുവരുന്നത്. ഗോതമ്പിനോടുള്ള അലര്‍ജിയാണിത്. ഗോതമ്പുപോലുള്ള ചില ധാന്യങ്ങള്‍ ദഹിക്കാന്‍സാധിക്കാത്ത അവസ്ഥയാണിത്.
ടൈപ്പ് വണ്‍ പ്രമേഹം കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ ചെറിയ രക്തക്കുഴലുകളെ ബാധിക്കാം. കണ്ണിലെ രക്തക്കുഴലുകളെ തകരാറിലാക്കിയാല്‍ കാഴ്ചയെ ബാധിക്കാം. കണ്ണിലെ റെറ്റിനയെ ബാധിച്ച് റെറ്റിനോപ്പതി പ്രശ്‌നങ്ങള്‍ വരാം. തിമിരവും കൂടുതലായി ഉണ്ടാകാം. വൃക്കകളെ ബാധിക്കുന്ന ഡയബെറ്റിക് നെഫ്രോപ്പതിയെന്ന അവസ്ഥയും ഉണ്ടാകാം. കാലുകളെ ബാധിക്കുന്ന ഡയബെറ്റിക് ന്യൂറോപ്പതിയും ഉണ്ടാകാം. ശരീരത്തിലെ വലിയ രക്തക്കുഴലുകളെ ടൈപ്പ് വണ്‍ പ്രമേഹം ബാധിക്കുമ്പോള്‍ ഹൃദയസംബന്ധമായ തകരാറുകള്‍, സ്‌ട്രോക്ക്, കാലുകളുമായി ബന്ധപ്പെട്ട പെരിഫെറല്‍ വാസ്‌കുലര്‍ ഡിസീസ് എന്നിവയുണ്ടാകാം.
ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കൃത്യമായി പ്രമേഹത്തെ നിയന്ത്രിക്കണം. അങ്ങനെ ദീര്‍ഘകാല സങ്കീര്‍ണതകള്‍ ഒഴിവാക്കാനാകും
''ഭക്ഷണം എങ്ങനെ വേണം നല്‍കാന്‍?''
ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് എന്തൊക്കെ ഭക്ഷണം കൊടുക്കാം, എന്തൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് സംശയമുണ്ടാകാറുണ്ട്. ടൈപ്പ് വണ്‍ പ്രമേഹമാണെങ്കിലും ടൈപ്പ് 2 പ്രമേഹമാണെങ്കിലും കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കണം. ധാന്യങ്ങളുടെ ഉപയോഗവും കുറയ്ക്കണം. പ്രോട്ടീന്റെ ഉപയോഗം കൂട്ടണം. നല്ല കൊഴുപ്പുകള്‍ ആവശ്യത്തിന് ഉപയോഗപ്പെടുത്താം. റാഗി, ചാമ, തിന തുടങ്ങിയ ധാന്യങ്ങളും കഴിക്കാം. ഇവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള വര്‍ധന കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം ഇന്‍സുലിന്‍ ഡോസും കുറയ്ക്കാന്‍ സഹായിക്കും.
'' ടെക്‌നോളജിയുടെ എന്തെങ്കിലും സഹായം പ്രമേഹചികിത്സയ്ക്കുണ്ടോ? ചെറിയ കുട്ടികള്‍ക്ക് ദിവസവും പലതവണ സൂചി കുത്തി ഇന്‍സുലിന്‍ എടുക്കുകയെന്നത് കഷ്ടമല്ലേ? ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?''
പ്രമേഹചികിത്സാരംഗത്തും ടെക്‌നോളജിയുടെ സഹായമുണ്ട്. നിരന്തര ഗ്ലൂക്കോസ് നിരീക്ഷണം(സി.ജി.എം.എസ്.), ഇന്‍സുലിന്‍ പമ്പ് എന്നിവയാണവ.
സി.ജി.എം.എസ്.
സി.ജി.എം.എസ്. എന്നൊരു ഉപകരണമുണ്ട്. കൈയുടെ ചര്‍മത്തിന്റെ അടിയില്‍ ഘടിപ്പിക്കാവുന്ന ചെറിയ സെന്‍സറാണിത്. കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം (സി.ജി.എം.എസ്.) എന്നാണിത് അറിയപ്പെടുന്നത്. ഈ ഉപകരണത്തിന്റെ സഹായത്തോടെ രക്തത്തിലെ ഷുഗര്‍നില 15 മിനിറ്റ് കൂടുമ്പോള്‍ രേഖപ്പെടുത്തും. ഈ അളവുകള്‍ സെന്‍സറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിലേക്ക് അയക്കുകയും അതുവഴി കൃത്യമായ അലാമും നല്‍കും. ഈ ഡേറ്റ വിശകലനംചെയ്ത് ഷുഗര്‍നില നമുക്ക് മനസ്സിലാക്കാം. കൈയില്‍ സൂചി കുത്താതെ ഷുഗര്‍നില അറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇന്‍സുലിന്‍ പമ്പ്
ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഇന്‍സുലിന്‍ പമ്പാണ് മറ്റൊരു ഉപകരണം. ഇത് ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണമാണ്. ഇത് നിശ്ചിത അളവില്‍ ഇന്‍സുലിന്‍ ശരീരത്തിലേക്ക് പമ്പ്‌ചെയ്യും. ശരീരത്തില്‍ ഷുഗര്‍നില കുറയുകയോ കൂടുകയോ ചെയ്യുമ്പോള്‍ അത് സംബന്ധിച്ച അലര്‍ട്ട് രോഗിക്ക് ലഭിക്കും. ഷുഗര്‍നില പരിധിയിലധികം കുറഞ്ഞാല്‍ ഇന്‍സുലിന്‍ ശരീരത്തിലേക്ക് കടക്കുന്നത് തനിയേ നിര്‍ത്തുകയും ചെയ്യും.
ടൈപ്പ് വണ്‍ പ്രമേഹത്തെ കൃത്യമായി നിയന്ത്രിച്ച് ജീവിക്കുന്ന ഒട്ടേറെ പേര്‍ നമുക്കിടയിലുണ്ട്. അതുകൊണ്ട് ഭയക്കാതെ, വ്യാജചികിത്സയ്ക്ക് പിന്നാലെ പോകാതെ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ രോഗത്തെ നിയന്ത്രിച്ച് ജീവിക്കാം. നല്ലൊരു ജീവിതം ആ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകട്ടെ.
കുട്ടികള്‍ക്കായി മിഠായി പദ്ധതി
ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും അവരുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും രോഗത്തെയും രോഗനിയന്ത്രണത്തെയും കുറിച്ചുള്ള ബോധവത്ക്കരണവും നല്‍കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയാണ് മിഠായി പദ്ധതി. മൂവായിരത്തോളം കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്.
ശരീരത്തിന് സ്വയം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ടൈപ്പ് വണ്‍ പ്രമേഹം. കുട്ടികളെയാണ് ഇത് ബാധിക്കുക. ഈ രോഗമുള്ളവര്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കേണ്ടി വരും. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ് ഈ രോഗത്തിന്റെ ചികിത്സാച്ചെലവ്. ഈ സാഹചര്യത്തിലാണ് 18 വയസ്സില്‍ താഴെ പ്രായമുള്ള ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ മിഠായി എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്.
ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് ഇന്‍സുലിന്‍ തെറാപ്പിയും ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണവും സൗജന്യമായി നല്‍കുകയാണ് ഈ പദ്ധതിയിലൂടെ. ഒപ്പം രോഗത്തെക്കുറിച്ചും രോഗത്തോടൊപ്പം ജീവിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിവ് നല്‍കുകയും കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിബന്ധനകള്‍
മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ താഴെയായിരിക്കണം. കേരളത്തില്‍ സ്ഥിരതാമസമുള്ള കേരളീയരായിരിക്കണം അപേക്ഷകര്‍. മിഠായി പദ്ധതിയില്‍ എംപാനല്‍ ചെയ്തിരിക്കുന്ന ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. കുട്ടിയുടെ പൂര്‍ണവിവരങ്ങള്‍, സ്‌കൂള്‍ വിവരങ്ങള്‍, ഫോട്ടോ, ആധാര്‍ വിവരങ്ങള്‍ എന്നിവ നല്‍കണം. മാതാപിതാക്കളുടെ വിശദാംശങ്ങള്‍, റേഷന്‍കാര്‍ഡ്, വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം അപേക്ഷയില്‍ നല്‍കണം. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.mittayi.org/home/apply# എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
പാലക്കാട് അഹല്യ ഡയബറ്റിസ് ഹോസ്പിറ്റലിൽ എൻഡോക്രൈനോളജി&ഡയബറ്റോളജി വിഭാഗം മേധാവിയാണ് ലേഖകൻ
Content Highlights: type 1 diabetes causes symptoms and complication
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..