Representative Image| Photo: Canva.com
ഡോക്ടർ, എന്റെ കുഞ്ഞിന്റെ പല്ല്, ജനിച്ചപ്പോൾ നല്ല വെളുത്തതായിരുന്നു. ഇപ്പോൾ അത് പൊടിഞ്ഞുപോയി. എന്താണെന്നറിയില്ല. പല്ലിന് ഒരു കുഴപ്പവും ഇല്ലായിരുന്നു- കുട്ടികളുടെ ദന്താരോഗ്യ ഒ.പി.യിൽ പൊതുവേ കേൾക്കുന്ന പരാതികളിലൊന്നാണിത്.
കുഞ്ഞ് ജനിക്കുമ്പോൾ പല്ലുകൾ ഉണ്ടാവുകയില്ല; ഉണ്ടെങ്കിൽത്തന്നെ അതിനെ നേറ്റൽ ടൂത്ത് (Natal Tooth) എന്നുപറയും. ജനിച്ച് ഒരു മാസത്തിനുള്ളിൽ മുളച്ചുവരുന്ന പല്ലിനെ നിയോ നേറ്റൽ ടൂത്ത് (Neo Natal Tooth) എന്നും വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയുണ്ടായാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ആ പല്ല് നിലനിർത്തണോ എന്ന് തീരുമാനമെടുക്കണം. മിക്കപ്പോഴും അങ്ങനെയുള്ള പല്ലുകളെ എടുത്ത് മാറ്റേണ്ടിവരും.
പാൽപ്പല്ലുകളെ എങ്ങനെ സംരക്ഷിക്കാം എന്നത് പ്രധാനമാണ്. കുഞ്ഞ് ജനിച്ച് ഏകദേശം നാല് മുതൽ ആറ് മാസം കഴിയുമ്പോഴായിരിക്കും പാൽപ്പല്ല് താഴത്തെ മുൻനിരയിൽ മുളച്ചുവരുന്നത്. അതിൽ രണ്ടോ മൂന്നോ മാസങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ചിലപ്പോൾ ഉണ്ടാകാറുണ്ട്. കുഞ്ഞിന്റെ ആദ്യകാല ആഹാരം മുലപ്പാൽ തന്നെയാണ്. ആറുമാസം ആകുമ്പോൾ കുറുക്ക്, പഴവർഗങ്ങളുടെ കുഴമ്പ് തുടങ്ങിയവ കൊടുത്തുതുടങ്ങാം.
Also Read
പാൽ കുടിച്ച് ഉറങ്ങിയാൽ
കുഞ്ഞുങ്ങളിലെ ദന്തരോഗങ്ങളിൽ കൂടുതലായും കാണുന്നത് ദന്തക്ഷയം അഥവാ പല്ലിലെ പോടുകൾ അല്ലെങ്കിൽ ഡെന്റൽ കേരീസ് (Dental Caries) ആണ്. ഇതിനുള്ള പ്രധാന കാരണം ഒരു വയസ്സിനുശേഷം കുഞ്ഞുങ്ങൾക്ക് ഉറങ്ങാനായി ആഹാരം നൽകുന്നതാണ്. ആഹാരം എന്ന് പറയുന്നത് മുലപ്പാൽ അല്ലെങ്കിൽ കുപ്പി പാൽ ആകാം, മറ്റ് ആഹാര പദാർഥങ്ങൾ ആകാം.
ഒരു വയസ്സുവരെ ഏത് സമയത്തും പാലുകൊടുക്കാം. എന്നാൽ കുട്ടിക്ക് ഒരു വയസ്സ് ആയതിന് ശേഷം ഉറങ്ങാൻ വേണ്ടി പാൽ കൊടുക്കാൻ പാടില്ല. രാത്രി കൊടുക്കുന്ന പാൽ ആകട്ടെ, മറ്റ് ആഹാരമാകട്ടെ ആ ഭക്ഷണത്തിന്റെ അംശം ഏറ്റവും കൂടുതൽ മേൽനിരയിലെ മുൻ പല്ലുകളുടെ മോണയുമായി ബന്ധപ്പെട്ട ഭാഗത്ത് പറ്റിക്കിടക്കും.
ദഹനപ്രക്രിയ മുതൽ വായ് വൃത്തിയാക്കുന്ന ജോലി വരെ നിർവഹിക്കുന്ന ദ്രാവകമാണ് ഉമിനീർ. കുഞ്ഞുങ്ങൾ തുടർച്ചയായി എട്ട് അല്ലെങ്കിൽ ഒമ്പത് മണിക്കൂറൊക്കെ ഉറങ്ങുക സാധാരണമാണ്. ആ സമയത്ത് ഉമിനീരിന്റെ അളവ് കുറയും. അപ്പോൾ വായയുടെ വൃത്തിയാക്കൽ അഥവാ ക്ലെൻസിങ് വേണ്ടവിധം നടക്കില്ല. ഈ സമയത്ത് അവരുടെ വായിൽ അമ്ളാംശം കൂടുതൽ ഉണ്ടാകുകയും ഉമിനീരിന്റെ പി.എച്ച്. താഴ്ന്ന് ഏകദേശം 5.5 എന്ന നിലയിൽ എത്തുകയും ചെയ്യും. അപ്പോൾ പല്ലുകളുടെ സൂക്ഷ്മഘടകങ്ങളായ ധാതുലവണങ്ങൾ പുറത്തേക്ക് കൊഴിഞ്ഞുപോകാൻ തുടങ്ങും. ഇങ്ങനെ പല ദിവസങ്ങളിൽ സംഭവിക്കുമ്പോൾ അത് പോടായി മാറും.
അമ്മമാർ പറയുന്നത് പൊടിഞ്ഞപോലെയാണ് പല്ല് മുളച്ചുവന്നത് എന്നാണ്. പക്ഷേ, വിശദമായി ചോദിക്കുമ്പോൾ അവർ പറയും ആദ്യം ഒരു വെള്ള വര പോലെ കണ്ടു, പിന്നെ അത് ഒരു ബ്രൗൺ നിറമായി, പിന്നെ കറുത്ത നിറമാകുകയും പല്ല് തട്ടോ മുട്ടോ കിട്ടുമ്പോൾ ഒടിഞ്ഞുപോവുകയും ചെയ്തു എന്ന്.
പല്ല് കേടാവുന്നത് തടയാൻ
ആറുമാസം കൂടുമ്പോൾ ശിശുദന്തരോഗവിദഗ്ധനെ കാണിച്ച് കേടുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. ടോപ്പിക്കൽ ഫ്ളൂറൈഡ് പോലുള്ള പദാർഥങ്ങൾ പല്ല് കേടുവരാതിരിക്കാൻ പല്ലിൽ പുരട്ടാൻ ഡോക്ടറുടെ സഹായം തേടാവുന്നതാണ്. ടോപ്പിക്കൽ ഫ്ളൂറൈഡ് കൃത്യമായുപയോഗിച്ചാൽ, പല്ലിൽ കേടുവരുന്നത് തൊണ്ണൂറുശതമാനത്തോളം തടയാൻ കഴിയും. ടോപ്പിക്കൽ ഫ്ളൂറൈഡ്, ഡെന്റൽ ക്ലിനിക്കുകളിൽവെച്ചുമാത്രമാണ് പല്ലിൽ പുരട്ടേണ്ടത്. വീടുകളിൽവെച്ച് ചെയ്യാൻ പാടില്ല. ടോപ്പിക്കൽ ഫ്ളൂറൈഡുകളിൽ മികച്ചത് ഫ്ളൂറൈഡ് വാർണിഷ്, എ.പി.എഫ്. ജെൽ മുതലായവയാണ്. പാൽ പ്രോട്ടീനായ കെസീനുള്ള പദാർഥങ്ങളും പല്ലിന്റെ ധാതുഘടനയെ സംരക്ഷിക്കാൻ ഡോക്ടർമാർ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഡോക്ടറുടെ നിർദേശപ്രകാരം ഡെന്റൽ ക്ലിനിക്കിൽനിന്ന് ചെയ്യേണ്ട പ്രതിരോധമാർഗങ്ങളാണ് ഇവയൊക്കെ.
കുട്ടിക്ക് രണ്ടുരണ്ടരവയസ്സാകുമ്പോൾത്തന്നെ ഇരുപത് പാൽപ്പല്ലുകളും പൂർണമായും മുളച്ചിട്ടുണ്ടാകും. ഈ സമയം കഴിഞ്ഞാൽപ്പിന്നെ, ഏകദേശം ആറുവയസ്സുവരെ മറ്റ് പല്ലുകളൊന്നും വരുന്നതല്ല.
കുട്ടിയുടെ പല്ലുകളുടെ മുകൾ ഭാഗം പരിശോധിക്കാനായി രണ്ടാഴ്ചയിലൊരിക്കലെങ്കിലും ചുണ്ടുകൾ പൊക്കിനോക്കണം. പല്ലുകളിൽ വെള്ളവരകൾ വരുന്നുണ്ടോ, മോണയിൽ തടിപ്പോ നിറവ്യത്യാസമോ വല്ലതുമുണ്ടോയെന്നൊക്കെ പെട്ടെന്ന് കണ്ടുപിടിക്കാനും ഉടനെ ചികിത്സ നൽകാനും ഇത് സഹായിക്കും.
പല്ല് സംരക്ഷിക്കാം പ്രായത്തിനൊത്ത്
കുട്ടി ജനിച്ച് ആറുമാസംവരെ, കുട്ടിക്ക് മുലപ്പാൽ കൊടുത്തതിനുശേഷം കുഞ്ഞിനെ ഒരു കൈയിൽ സൂക്ഷിച്ചുപിടിച്ച് വൃത്തിയുള്ള നനഞ്ഞ തുണിയെടുത്ത് മറ്റേ കൈയുടെ ചൂണ്ടുവിരൽകൊണ്ട് മൃദുവായ രീതിയിൽ വായ മസാജ് ചെയ്തുകൊടുക്കണം.
മറ്റ് ആഹാരങ്ങൾ കൊടുത്തുതുടങ്ങുന്ന പ്രായത്തിൽ കുട്ടിക്ക് ആഹാരം നൽകുന്ന പാത്രങ്ങൾ, സ്‌പൂൺ മുതലായവ തിളപ്പിച്ച വെള്ളത്തിൽ വൃത്തിയാക്കി സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. രക്ഷിതാക്കൾ കുട്ടിക്ക് ആഹാരം കൊടുക്കുന്ന സമയം സ്വന്തം വായിൽവെച്ച് അത്തരം വസ്തുക്കളുടെ ചൂട് പരിശോധിക്കുന്നത് തെറ്റായ പ്രവണതയാണ്. വായിലുള്ള അണുക്കൾ പെട്ടെന്നുതന്നെ കുഞ്ഞുങ്ങളുടെ വായിലേക്ക് കയറിപ്പറ്റാൻ ഇത്തരം പ്രവൃത്തികൾ കാരണമാകും.
ആറുമുതൽ 12 മാസംവരെ
ആറുമാസം മുതൽ ഒരു വയസ്സുവരെയുള്ള സമയത്തായിരിക്കും കുട്ടിയുടെ ആദ്യത്തെ പാൽപ്പല്ല് മിക്കവാറും മുളച്ചുവരുന്നത്. ഇവിടംമുതലാണ് ശ്രദ്ധ കൂടുതൽ കൊടുക്കേണ്ടത്. അതുവഴി ദന്തരോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
കുട്ടി ആഹാരം കഴിച്ചാലോ, പാലുകുടിച്ചാലോ പല്ലുകൾ ഉടനെ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഒരു പല്ല് വന്നുകഴിഞ്ഞാൽ കുട്ടിയുടെ വായിൽ സോഫ്റ്റ് ബ്രിസ്റ്റിൽ ഉള്ള ടൂത്ത് ബ്രഷ് വെള്ളത്തിന്റെകൂടെ ഉപയോഗിക്കാം. ടൂത്ത് പേസ്റ്റ് ഉപയോഗിക്കേണ്ടതില്ല. അതിനോടൊപ്പം മോണയിൽ മസാജ് ചെയ്തുകൊടുക്കാവുന്നതാണ്.
കുട്ടിക്ക് കട്ടിയാഹാരം ആറുമാസത്തിലാണ് കൊടുത്ത് തുടങ്ങുന്നത്. അതോടൊപ്പം കുട്ടികളെ ഒരു കപ്പിൽ വെള്ളം അല്ലെങ്കിൽ മറ്റുപാനീയങ്ങൾ കുടിക്കാൻ ശീലിപ്പിച്ചുതുടങ്ങേണ്ടതാണ്. അതോടൊപ്പം മധുരമുള്ള പാനീയങ്ങൾ, മധുരമുള്ള ആഹാരം എന്നിവ ഈ പ്രായംമുതൽ അളവ് കുറച്ച് നൽകിയാൽ നന്നായിരിക്കും. മധുരമുള്ള ആഹാരം കഴിക്കുന്ന സമയങ്ങൾ തമ്മിലുള്ള അന്തരം കൂട്ടണം. കുപ്പിപ്പാൽ കൊടുത്തതിനുശേഷം കുപ്പിയുമായി ചുറ്റിത്തിരിയാൻ അനുവദിക്കരുത്.
കുട്ടിയുടെ ഒന്നാമത്തെ ജന്മദിനം അല്ലെങ്കിൽ ആദ്യത്തെ പല്ലുവന്ന് ആറുമാസത്തിനകംതന്നെ ശിശു ദന്തരോഗവിദഗ്‌ധനെയോ അടുത്തുള്ള ഡെന്റൽ ഡോക്ടറെയോ കാണേണ്ടതാണ്.
ഒരുവയസ്സുമുതൽ ഒന്നര വയസ്സുവരെ
ഒരുവയസ്സ് കഴിഞ്ഞാൽ രണ്ടുനേരം ബ്രഷ് ചെയ്യുന്ന ശീലം തുടങ്ങേണ്ടതാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിക്കേണ്ടതില്ല. മാതാപിതാക്കൾ ദിവസേന അവരുടെ കൈപിടിച്ചുവേണം ബ്രഷ് ചെയ്തുകൊടുക്കാൻ. കുട്ടികളുടെ കൈയിൽ ബ്രഷ് ഈ പ്രായത്തിൽ കൊടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
ഒന്നര വയസ്സുമുതൽ 5 വയസ്സുവരെ
മുപ്പതുമാസത്തോടുകൂടി എല്ലാ പാൽപല്ലുകളും കുട്ടിയുടെ വായിൽ വന്നുകഴിഞ്ഞിരിക്കും. രണ്ടുവയസ്സ് ആയിക്കഴിഞ്ഞാൽ കുട്ടിക്ക് ടൂത്ത് പേസ്റ്റ് ഒരു അരിമണി വലുപ്പത്തിൽ ബ്രഷിലേക്ക് പുരട്ടിക്കൊടുക്കാം. കൂടുതൽ എടുത്താൽ കുട്ടികൾ അത് കുടിച്ചിറക്കുകയും അതിലെ പദാർഥങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യാം.
മൂന്നുവയസ്സാകുമ്പോൾ ടൂത്ത് പേസ്റ്റ് അല്പംകൂടി വലുപ്പത്തിൽ എടുക്കാം. സാധാരണനിലയിൽ ഈ കുട്ടികൾക്ക് കൈയുടെ ഏകോപനം വരാൻവേണ്ടി എപ്പോഴും നമ്മുടെ കൈ കൂടെവെച്ച് ബ്രഷ് ചെയ്യാൻ ശീലിപ്പിക്കണം. കുട്ടികളിൽ കാണുന്ന ചില അനാരോഗ്യപരമായ ശീലങ്ങൾ സാധാരണ നിർത്തുന്ന പ്രായമാണ് മൂന്നുവയസ്സ്. അതിനുശേഷം അത്തരം കാര്യങ്ങൾ തുടരുന്നുണ്ടെങ്കിൽ ഉടനെ ഡോക്ടറോട് പറയുക. ഉദാ: വിരൽ കുടി, പാസിഫയർ കുടി, നാക്കുതള്ളൽ, വായിൽകൂടി ശ്വസിക്കുന്നത് മുതലായവ.
ആറുവയസ്സ് മുതൽ
ആറുവയസ്സുവരെ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽതന്നെയായിരിക്കണം പല്ല് വൃത്തിയാക്കേണ്ടത്. അഞ്ചര, ആറ് വയസ്സാകുമ്പോൾ ആദ്യത്തെ സ്ഥിരദന്തത്തിലെ പല്ലുകൾ സമയബന്ധിതമായി വരാൻതുടങ്ങും. ഏകദേശം പന്ത്രണ്ടുവയസ്സാകുമ്പോൾ, എല്ലാ പാൽപ്പല്ലുകളും മാറി സ്ഥിരദന്തങ്ങൾ മുളച്ചിട്ടുണ്ടാകാം. കൊഴിഞ്ഞുപോകുന്ന പല്ലല്ലേ എന്ന് കരുതി അതിനെ സംരക്ഷിക്കാതിരുന്നാൽ, പിൽക്കാലത്ത് വളരെ ബുദ്ധിമുട്ടുകൾ കുട്ടിക്കുണ്ടാകും.
ഏഴുവയസ്സ് കഴിഞ്ഞാൽ കുട്ടികൾക്ക് സ്വന്തം നിലയ്ക്ക് ബ്രഷ് ചെയ്യാം. ഈ സമയങ്ങളിൽ എപ്പോഴും പല്ലിൽ വെള്ളപ്പാടുകൾ ഇല്ല എന്ന് ഇടയ്ക്കിടയ്ക്ക് നോക്കി ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ ആറുമാസംകൂടുമ്പോഴും കുട്ടിയെ കൃത്യമായ ദന്ത പരിശോധനയ്ക്ക് വിധേയമാക്കണം.
ഐസ്‌ക്രീം, ചോക്കലേറ്റ്, മിഠായികൾ, മറ്റ് മധുര പലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ കഴിച്ചാൽ നിർബന്ധമായും വായ കഴുകാൻ ശീലിപ്പിക്കുക.
പല്ലിലെ വെള്ളവര
വെള്ളവരപോലെ പല്ലിനുചുറ്റും വരുന്നതുകണ്ടാൽ ഓർത്തുകൊള്ളുക, ഇതാണ് പല്ലിന് കേടുവരുന്നതിന്റെ മുഖ്യലക്ഷണം. ഉടൻ ഡോക്ടറെ കാണുകയും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുകയും വേണം. എന്നാൽ അതൊരു ബ്രൗൺ നിറമായാൽ, അവിടെ ദന്തക്ഷയം അഥവാ പല്ലിലെ കേട് അല്ലെങ്കിൽ ഡെന്റൽ കേരീസ് എന്ന രോഗം പുരോഗമിച്ചുതുടങ്ങിയിട്ടുണ്ടാകും എന്നാണ് സൂചന.
ശിശുദന്തരോഗവിദഗ്ധന്റെ അടുത്ത് കുട്ടികളെ കൊണ്ടുവരുന്നത് ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലുള്ള പല്ലുകളുമായിട്ടാകും. പല്ലിന്റെ വേര് ദ്രവിച്ച് കുറ്റിയായി, മോണയിൽ പഴുപ്പ് കുമിളകളായതിനുശേഷമാണ് ഒട്ടുമിക്ക മാതാപിതാക്കളും ഇക്കാര്യം ഗൗരവമായിക്കാണുന്നത്.
കുഞ്ഞിന്റെ വായ വൃത്തിയാക്കണം
ഒരുവയസ്സിനുശേഷം കുഞ്ഞുങ്ങൾക്ക് പാൽ ഉറക്കത്തിൽ കൊടുക്കരുത്. പകരം രാത്രികാലങ്ങളിൽ കുട്ടികൾ ഉണർന്നിരിക്കുന്ന സമയത്ത് ആഹാരം കൊടുത്തുശീലിപ്പിക്കുകയും അതിനുശേഷം ശുദ്ധജലം കുടിക്കാൻ കൊടുക്കുകയും ചെയ്യണം. ആഹാരം കഴിച്ചതിനൊപ്പം ഉറങ്ങിപ്പോകുകയാണെങ്കിൽ, വൃത്തിയുള്ളതും അണുവിമുക്തവുമായ ചെറിയ കോട്ടൺ തുണി ഉപയോഗിച്ച് വായയും പല്ലും തുടച്ചുകൊടുക്കണം. പാൽ കൊടുത്ത് കുഞ്ഞുങ്ങളെ ഉറക്കുമ്പോൾ, പല അമ്മമാരും കൂടെ ഉറങ്ങിപ്പോകാറുണ്ട്. അപ്പോൾ പിതാവോ കുടുംബത്തിലെ മറ്റാരെങ്കിലുമോ വൃത്തിയുള്ള കൈയുപയോഗിച്ച് കുഞ്ഞിന്റെ പല്ലുകൾ തുടച്ചുകൊടുക്കുക.
ഒരുവയസ്സിന് മുകളിലുള്ള കുഞ്ഞിന് കുപ്പിപ്പാലാണ് ഉറക്കത്തിൽ കൊടുക്കേണ്ടിവരുന്നതെങ്കിൽ, പാൽ നേർപ്പിച്ച് കൊടുക്കുക. പഞ്ചസാര, കല്ക്കണ്ടം മുതലായവയുണ്ടെങ്കിൽ, അതിന്റെയും അളവ് കുറച്ചുകൊണ്ടുവരുക.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശിശു ദന്താരോഗ്യവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ
Content Highlights: tips for taking care of your childs teeth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..