വിട്ടുമാറാത്ത ചുമയും കഫക്കെട്ടും, തിരിച്ചറിയാതെ പോകുന്ന അമിത ബി.പി.; കരുതലെടുക്കാം, യൗവനം തുടരാം


ഡോ. ബി. പദ്മകുമാർ

ഊർജസ്വലമായി ജീവിക്കാൻ നാൽപ്പതുകഴിഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം ആരോഗ്യകരവും പോഷകങ്ങൾ നിറഞ്ഞതും സമീകൃതവുമാകണം...

Representative Image| Photo: Canva.com

ജീവിതത്തിലെ പ്രത്യേക കാലഘട്ടമാണ് നാൽപ്പതുകൾ. ചെറുപ്പമാണോ എന്ന് ചോദിച്ചാൽ ഒന്ന്‌ പരുങ്ങേണ്ടിവരും. എന്നാൽ വയസ്സായോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല! വലിയ സാമൂഹികമാറ്റങ്ങൾ ഇതിനകം വന്നു. ടി.വി.യുടെ മുൻപിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന പുതിയ ശീലം വ്യാപകമായി. ഒപ്പം ആണ്ടിലൊരിക്കലോ മറ്റോ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിരുന്നവരുടെ ഇടയിലേക്ക് ഈറ്റിങ് ഔട്ട് ഭക്ഷണസംസ്കാരവും കടന്നുവന്നു. ഫാസ്റ്റ്ഫുഡ് വിഭവങ്ങളും കഴിച്ച് ചടഞ്ഞിരിപ്പ് ശീലമാക്കിയവർക്ക് തടിയും വയറുമുണ്ടായി. ഇതിന്റെയെല്ലാം പ്രതിഫലനം ജീവിതത്തിലും തെളിയാൻ തുടങ്ങി.

മിക്കവർക്കും പ്രഷറും ഷുഗറും കൊളസ്‌ട്രോളും ഫാറ്റി ലിവറുമൊക്കെയുണ്ട്. അരകിലോമീറ്റർ നടന്നാൽ കിതയ്ക്കുന്നവരാണേറെയും. പ്രകൃതിയുമായി ബന്ധമില്ലാത്ത തെറ്റായ ജീവിതശൈലിയാണ് ഈ മാറ്റത്തിന് കാരണം. ഊർജസ്വലമായി ജീവിക്കാൻ നാൽപ്പതുകഴിഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം ആരോഗ്യകരവും പോഷകങ്ങൾ നിറഞ്ഞതും സമീകൃതവുമാകണം. നടക്കാനും സൈക്കിൾ ചവിട്ടാനും ശ്രദ്ധിക്കണം.ലഹരിവസ്തുക്കളോട് നോ പറയാൻ കഴിയണം. വർഷത്തിലൊരിക്കൽ മെഡിക്കൽ പരിശോധന നടത്താനും ശ്രദ്ധിക്കണം. പ്രഷറും ഷുഗറും കൊളസ്‌ട്രോളുമെല്ലാം എത്രയാണെന്നറിയണം. മാനസിക പിരിമുറുക്കം കുറയ്ക്കാൻ യോഗയും ധ്യാനവും ശീലമാക്കണം. ഈ ശ്രദ്ധയും കരുതലും തുടർജീവിതം ആരോഗ്യകരമാക്കാനുള്ള അടിത്തറയൊരുക്കും.

ഹൃദയത്തെ മറക്കരുത്

ജീവിതശൈലീ രോഗങ്ങളായ പ്രമേഹവും ഹൈപ്പർ ടെൻഷനും വ്യാപകമായതോടെ 50-കളിലും 60-കളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഹൃദയാഘാതം നേരത്തെ എത്തിക്കഴിഞ്ഞു. പുകവലി, അമിത കൊളസ്‌ട്രോൾ, അമിതവണ്ണം, വ്യായാമക്കുറവ്, ഹൃദ്രോഗപാരമ്പര്യം, കൂടാതെ തൊഴിൽപരമായ മാനസികസമ്മർദം എന്നിവയൊക്കെ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

നെഞ്ചുവേദന മാത്രമായിരിക്കുകയില്ല പലപ്പോഴും ഹൃദ്രോഗലക്ഷണമായി പ്രത്യക്ഷപ്പെടുന്നത്. പ്രവൃത്തികളിലേർപ്പെടുമ്പോൾ അനുഭവപ്പെടുന്ന അസാധാരണമായ ശ്വാസംമുട്ടൽ ഹൃദ്രോഗലക്ഷണമാകാം. മറ്റൊന്ന് ഉറക്കപ്രശ്നങ്ങളാണ്. നീണ്ടുനിൽക്കുന്ന ഉറക്കക്കുറവും പകലുറക്കവും മാറാത്ത ഉറക്കക്ഷീണവുമൊക്കെ ഹൃദ്രോഗസൂചനകളാവാം. കൂടാതെ അമിത ഉത്കണ്ഠ, തൈറോയ്ഡ് തകരാറുകൾ, നിയന്ത്രണമില്ലാത്ത പ്രമേഹം എന്നിവയും ഹൃദ്രോഗത്തിന്റെ തുടക്കമാവാം.

ഹൃദയത്തെ സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

 • അമിതവണ്ണം ഒഴിവാക്കുക (ബി.എം.ഐ. 25-ൽ താഴെ)
 • അരവണ്ണം സ്ത്രീകളിൽ 80 സെന്റിമീറ്ററിനും പുരുഷന്മാരിൽ 90 സെന്റിമീറ്ററിനും താഴെ.
 • പുകവലി പൂർണമായി ഒഴിവാക്കുക.
 • പ്രമേഹം നിയന്ത്രിക്കുക.
 • രക്തസമ്മർദം 120/80-ൽ താഴെ.
 • ആകെ കൊളസ്‌ട്രോൾ 200-ൽ താഴെ.
 • മധുരം, കൊഴുപ്പ്, ഉപ്പ് കുറയ്ക്കണം. നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.
 • 30 മിനിറ്റ് വീതം ആഴ്ചയിൽ 5 ദിവസം വ്യായാമം ചെയ്യുക.
 • വെയിൽ കൊള്ളുന്നതും മീനെണ്ണ, പാൽ, കരൾ, മുട്ട തുടങ്ങിയവയും വിറ്റാമിൻ ഡി.യുടെ അഭാവം പരിഹരിക്കും.
 • ചെറിയ മീനുകൾ (മത്തി, നത്തോലി) കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ സഹായിക്കും.
ജീവിത മധുരം നിലനിർത്താൻ

അമിത വിശപ്പ്, അമിത ദാഹം, മൂത്രം അമിതമായി പോവുക, കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക, തുടർച്ചയായുണ്ടാകുന്ന രോഗാണുബാധകൾ, ഫംഗസ് ബാധ, മുറിവുണ്ടായാൽ ഉണങ്ങാൻ താമസിക്കുക, കാഴ്ചയ്ക്ക് മങ്ങലുണ്ടാവുക എന്നിവയൊക്കെ പ്രമേഹ ലക്ഷണങ്ങളാകാം.

പ്രമേഹത്തെ തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീരഭാരം നിയന്ത്രിച്ചുനിർത്തണം. അമിതവണ്ണം ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയ്ക്കും.
30 മിനിറ്റ് വീതം ആഴ്ചയിൽ 5 ദിവസം വ്യായാമം ചെയ്യുക.
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഒഴിവാക്കുക.
ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ധാരാളം ഉപയോഗിക്കുക.
എണ്ണപ്പലഹാരങ്ങൾ, ചുവന്ന മാംസം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
രക്തസമ്മർദം കൂടിയവരും കൊളസ്‌ട്രോൾനില ഉയർന്നവരും അത് നിയന്ത്രിക്കാൻ മരുന്ന്‌ കഴിക്കുക.
40 കഴിഞ്ഞവർ വർഷത്തിലൊരിക്കലെങ്കിലും രക്തത്തിലെ ഷുഗർ പരിശോധിക്കുക.

പ്രമേഹസാധ്യത കൂടിയവർ

മാതാപിതാക്കൾക്ക് പ്രമേഹമുള്ളവർ (പാരമ്പര്യം), മാനസികസമ്മർദമുള്ളർ, സ്റ്റിറോയ്ഡുകൾ കഴിക്കുന്നവർ, അമിതവണ്ണമുള്ളവർ, 40 കഴിഞ്ഞവർ, കായികാധ്വാനം കുറഞ്ഞവർ.

സങ്കീർണതകൾ ഒഴിവാക്കാം: പ്രമേഹം രക്തക്കുഴലുകളെ ബാധിക്കുമ്പോഴാണ് റെറ്റിനോപ്പതി, നെഫ്രോപ്പതി, ന്യൂറോപ്പതി (മൈക്രോവാസ്‌കുലർ), ഹാർട്ട്‌ അറ്റാക്ക്, പക്ഷാഘാതം, പെരിഫെറൽ വാസ്‌കുലർ ഡിസീസ് (മാക്രോവാസ്‌കുലർ) തുടങ്ങിയ സങ്കീർണതകളുണ്ടാകുന്നത്.

തിരിച്ചറിയാതെ പോകുന്ന അമിത ബി.പി.

പ്രായം,പുകവലി,അമിതവണ്ണം,വ്യായാമക്കുറവ്,അമിതമായി ഉപ്പുചേർത്ത ഭക്ഷണം,മാനസിക പിരിമുറുക്കം,കുടുംബപാരമ്പര്യം എന്നിവ ആപദ്ഘടകങ്ങളാണ്. ഇവ കൂടാതെ പ്രമേഹം, അമിതമദ്യപാനം, വൃക്കരോഗങ്ങൾ, തൈറോയ്ഡ് തകരാറുകൾ, ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയ്ഡുകൾ എന്നിവയുടെ ഉപയോഗം തുടങ്ങിയവകൊണ്ടും ബി.പി. കൂടാം. എന്നാൽ 95 ശതമാനം രോഗികളിലും ബി.പി. കൂടാനുള്ള കാരണം കണ്ടെത്താനാകില്ല എന്നതാണ് യാഥാർഥ്യം.

തലകറക്കം പ്രഷറിന്റെ ലക്ഷണമല്ല

ചെവിക്കുള്ളിലെ തകരാറുമൂലം വെർട്ടിഗോ ഉണ്ടാകുമ്പോൾ ബി.പി. കൂടിയതാണെന്ന്‌ കരുതി ബി.പി. പരിശോധിക്കാനെത്തുന്നവർ ഏറെയാണ്.
എന്നാൽ അമിതരക്തസമ്മർദം പലപ്പോഴും നിശ്ശബ്ദമായിരിക്കും. യാദൃച്ഛിക വൈദ്യപരിശോധനയിലായിരിക്കും ബി.പി. കൂടുതലാണെന്ന് തിരിച്ചറിയുന്നത്. എന്നാൽ തലയുടെ പുറകുഭാഗത്തുണ്ടാകുന്ന വേദന, തലയ്ക്ക് ഭാരക്കുറവ്, കാഴ്ച മങ്ങൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.

അമിത ബി.പി. പ്രതിരോധിക്കാൻ: ശരീരഭാരം കുറയ്ക്കുക,വ്യായാമം ചെയ്യുക. പുകവലി, മദ്യപാനം നിർത്തുക. ഉപ്പിലിട്ടത്, പപ്പടം, ഉണക്കമീൻ എന്നിവ ഒഴിവാക്കുക. ഡാഷ്‌ ഡയറ്റ് ശീലിക്കുക (പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ ധാരാളമായി കഴിക്കുക). മാനസികപിരിമുറുക്കം ഒഴിവാക്കുക. 40 കഴിഞ്ഞവർ വർഷത്തിലൊരിക്കലെങ്കിലും ബി.പി. പരിശോധിക്കുക.

മരുന്നുകഴിക്കുന്നവർ ശ്രദ്ധിക്കേണ്ടത്: ബീറ്റാ ബ്ലോക്കേഴ്‌സ് (ഹൃദയമിടിപ്പും രക്തസമ്മർദവും കുറയ്ക്കുന്നു), എ.സി.ഇ. ഇൻഹിബിറ്റേഴ്‌സ്, എ.ആർ.ബി. കാൽസ്യം ചാനൽ ബ്ലോക്കേഴ്‌സ്, തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്ന മരുന്നുകൾ.

ദിവസവും ഒരേസമയത്ത് തന്നെ മരുന്ന്‌ കഴിക്കണം. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ മരുന്നുകൾ മാറ്റുകയോ നിർത്തുകയോ ചെയ്യാവൂ. ചില അവസരങ്ങളിൽ ബി.പി. നിയന്ത്രണത്തിനായി ഒന്നിൽകൂടുതൽ മരുന്നുകൾ കഴിക്കേണ്ടിവന്നേക്കാം.

കൊഴുപ്പ് പ്രശ്നമാകാതിരിക്കാൻ

ശരീരത്തിൽ പലതരത്തിലുള്ള കൊഴുപ്പുഘടകങ്ങളുണ്ട്. അതിൽ ഒന്നുമാത്രമാണ് കൊളസ്‌ട്രോൾ. ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോളിന്റെ അളവ് പരിധി വിടുമ്പോഴാണ് അപകടമാകുന്നത്.

കൊളസ്‌ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ലിപോപ്രോട്ടീനുകൾ. സാന്ദ്രത കൂടിയ ലിപോപ്രോട്ടീനെ എച്ച്‌.ഡി.എൽ. എന്നും സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീനെ എൽ.ഡി.എൽ. എന്നും വിളിക്കുന്നു. കോശങ്ങളിലും രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കരളിലെത്തിച്ച് വിഘടിപ്പിക്കുന്ന ധർമമാണ് എച്ച്.ഡി.എല്ലിന്റെത്. അതുകൊണ്ടാണ് എച്ച്.ഡി. എല്ലിനെ നല്ല കൊളസ്‌ട്രോൾ എന്ന്‌ പറയുന്നത്.

കരളിൽനിന്ന് കൊളസ്‌ട്രോളിനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും രക്തക്കുഴലിന്റെ ഉൾപ്പാളിയായ എൻഡോതീലിയത്തിൽ അടിഞ്ഞുകൂടാനിടയാക്കുകയും ചെയ്യുന്നതുകൊണ്ടാണ് എൽ.ഡി.എല്ലിനെ ചീത്ത കൊളസ്‌ട്രോൾ എന്ന്‌ വിളിക്കുന്നത്.

കൊളസ്‌ട്രോളിന്റെയും മറ്റ് കൊഴുപ്പുഘടകങ്ങളുടെയും അളവ് കണ്ടെത്താനുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്. 12 മണിക്കൂർ ഭക്ഷണം കഴിക്കാതിരുന്നതിനുശേഷമാണ് പരിശോധന നടത്തുക. കൊളസ്‌ട്രോൾ പരിധി കടന്നാൽ ഹൃദ്രോഗം, സ്‌ട്രോക്, പെരിഫറൽ ആർട്ടീരിയൽ ഡിസീസ്, അമിത ബി.പി., പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.

കൊഴുപ്പ്‌ കൂടിയ ഭക്ഷണം ഒഴിവാക്കണം. ദിവസവും വ്യായാമംചെയ്യുക. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ. കൂട്ടാനുള്ള ഏറ്റവും നല്ല മാർഗമാണ് വ്യായാമം. ഉയർന്ന കൊളസ്‌ട്രോളിനൊപ്പം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങളുള്ളവർ സ്റ്റാറ്റിൻ മരുന്നുകൾ കഴിക്കണം. ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് രാത്രിയിലായതുകൊണ്ട് സ്റ്റാറ്റിൻ ഗുളികകൾ രാത്രി കഴിക്കണം. മരുന്ന്‌ കഴിക്കുന്നവർ കൃത്യമായ ഇടവേളകളിൽ
ലിവർ ഫങ്ഷൻ ടെസ്റ്റുകൾ നടത്തണം.

കരൾ തടിക്കാതിരിക്കാൻ

പ്രമേഹവും അമിത ബി.പി.യും പോലെ തികച്ചും നിശ്ശബ്ദമായാണ് ദീർഘകാല കരൾരോഗങ്ങളും പുരോഗമിക്കുന്നത്.
കരളിലെ കോശങ്ങളിൽ കൊഴുപ്പടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. പൊതുവേ, ലക്ഷണങ്ങളൊന്നും കാണിക്കുകയില്ലെങ്കിലും വയറിന്റെ വലതുവശത്തായി വേദന, വിശപ്പില്ലായ്മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളുണ്ടായേക്കാം. ഫാറ്റി ലിവർ രണ്ടുതരമുണ്ട്. മദ്യപിക്കുന്നവരിൽ കണ്ടുവരുന്നതാണ് ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. മദ്യപിക്കാത്തവരിൽ കാണുന്നതാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD).

കരൾ എൻസൈമുകളായ എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. തുടങ്ങിവയുടെ നില ഉയർന്നത് രക്തപരിശോധനയിലൂടെ തിരിച്ചറിയാം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി. സ്‌കാൻ പരിശോധനയിലൂടെ കരളിന്റെ വലുപ്പവും ഘടനാവ്യതിയാനങ്ങളുമറിയാം. കൃത്യമായ വ്യായാമം, ഭക്ഷണക്രമീകരണം എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കണം. വിറ്റാമിൻ-ഇ ഗുളികകളും ഇൻസുലിൻ സെൻസിറ്റൈസറായ മെറ്റ്‌ഫോർമിൻപോലെയുള്ള മരുന്നുകളും നൽകാറുണ്ട്. മദ്യപാനം പൂർണമായി ഉപേക്ഷിക്കണം.

ഫാറ്റി ലിവർ പുരോഗമിച്ചാൽ, കരളിൽ നീർവീക്കവും (ഹെപ്പറ്റെറ്റിസ്) കരൾരോഗങ്ങളുടെ അവസാനഘട്ടമായ സിറോസിസും ഉണ്ടാകാം. മദ്യപാനമൊഴിവാക്കിയും കൊഴുപ്പും മധുരവും അമിതമായടങ്ങിയ ഭക്ഷണസാധനങ്ങളൊഴിവാക്കിയും ഭാരം കുറച്ചും ഫാറ്റി ലിവറിനെ നിയന്ത്രിക്കാം. ഒപ്പം നാല്പതിനുശേഷം മുടങ്ങാതെ വാർഷിക സ്‌ക്രീനിങ് പരിശോധന നടത്തി, കരളിന്റെ ആരോഗ്യം ഉറപ്പാക്കണം.

അമിതവണ്ണം ഒഴിവാക്കാം

ഇരിപ്പുജോലികളും കൊഴുപ്പുകൂടിയ ആഹാരവും വ്യായാമക്കുറവുമൊക്കെയാണ് നാല്പതു കഴിയുന്നവരെ അമിതവണ്ണത്തിന്റെ പിടിയിലാക്കുന്നത്. കൂടാതെ നാല്പതുകഴിഞ്ഞാൽ, പേശീഭാരം കുറയുന്നതും കൊഴുപ്പടിഞ്ഞുകൂടാനിടയാക്കും. ഇന്ത്യക്കാരിൽ, ബോഡി മാസ് ഇൻഡക്‌സ് (ബി.എം.ഐ.) 25-ന് മുകളിലായാൽത്തന്നെ അമിതവണ്ണമായി കണക്കാക്കുന്നു. വെയ്സ്റ്റ്-ഹിപ്പ് റേഷ്യോ സ്ത്രീകളിൽ 0.85-ലും പുരുഷന്മാരിൽ 1-ലും കൂടുതലായാലും അമിതവണ്ണമായി. അമിതവണ്ണം പല വിധത്തിലുള്ള രോഗസാധ്യത കൂട്ടുന്നു എന്ന് ഓർക്കണം.

അമിതവണ്ണത്തിലേക്ക് പോകാതിരിക്കാൻ ഭക്ഷണരീതികളും ജീവിതശൈലിയും മാറ്റണം. കൊഴുപ്പും എണ്ണയും മധുരവും കൂടുതലായി അടങ്ങിയ ഭക്ഷണവിഭവങ്ങൾ ഒഴിവാക്കണം. മുഴുധാന്യങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. പതിവായി വ്യായാമം ചെയ്യണം. വ്യായാമവും ഭക്ഷണക്രമീകരണവും ശ്രമിച്ച് പരാജയപ്പെടുമ്പോഴാണ് വണ്ണം കുറയ്ക്കാനായുള്ള ശസ്ത്രക്രിയയെക്കുറിച്ച് (ബാരിയാട്രിക് സർജറി) ആലോചിക്കേണ്ടത്.

നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും

അസിഡിറ്റിയുടെ പ്രശ്നങ്ങളുമായെത്തുന്നവർ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കൂടാതെ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, ഭക്ഷണം തികട്ടിവരിക, നെഞ്ചുവേദന, തൊണ്ടവേദന, രാത്രിയിലെ ചുമ തുടങ്ങിയ പ്രശ്നങ്ങളും പറയാറുണ്ട്.

ആമാശയത്തെ അസിഡിറ്റിയിൽനിന്ന് സംരക്ഷിക്കുന്നത് കൊഴുത്ത പാളികളായ മ്യൂക്കസ്‌ സ്തരമാണ് (Mucus Layer). ഇതിൽ വിള്ളലുണ്ടാകുമ്പോഴും ആസിഡ് അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോഴും അസിഡിറ്റിയുടെ പ്രശ്നങ്ങളുണ്ടാകും. എച്ച്. പൈലോറി എന്ന ബാക്ടീരിയയുടെ ആക്രമണം, വേദനസംഹാരികളുടെ ഉപയോഗം, പുകവലി, മദ്യപാനം എന്നിവയൊക്കെ അസിഡിറ്റിയുണ്ടാക്കാം.

അസിഡിറ്റിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • ഭക്ഷണം കഴിക്കാൻ കഴിവതും കൃത്യസമയം പാലിക്കുക.
 • പുകവലി, മദ്യപാനം ഒഴിവാക്കുക.
 • രാത്രിഭക്ഷണം മിതമാക്കുക. ഭക്ഷണം കഴിച്ച ഉടൻ കിടക്കരുത്.
 • എണ്ണപ്പലഹാരങ്ങൾ, വറപൊരി സാധനങ്ങൾ എന്നിവ നിയന്ത്രിക്കുക.
 • ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക.
 • ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കണം.
 • എച്ച്. പൈലോറി ബാധ ഒഴിവാക്കാൻ ഭക്ഷണശുചിത്വം പാലിക്കുക.
ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകാനുള്ള തോന്നൽ‍

ഐ.ബി.എസ്. എന്ന് വിളിക്കുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോമാണ് ഇവിടെ പ്രശ്നമാകുന്നത്. കുടലിന്റെ ചലനമാറ്റങ്ങളാണ് അസ്വസ്ഥതയ്ക്ക് കാരണം. കുടലിന്റെ ചലനം വേഗത്തിലാണെങ്കിൽ, വയറിളക്കവും സാവധാനത്തിലാണെങ്കിൽ, മലബന്ധവും ഉണ്ടാകും. ടെൻഷൻപോലെയുള്ള മാനസികപ്രശ്നങ്ങൾ, ഐ.ബി.എസ്. കൂടുതൽ വഷളാക്കും.

കൂടാതെ, ഹോർമോൺ വ്യതിയാനങ്ങൾ, പാരമ്പര്യം, ഭക്ഷണശുചിത്വക്കുറവ് തുടങ്ങിയവയും ഐ.ബി.എസിന് കാരണമാകും.

ഐ.ബി.എസ്. നാലുതരം

 • ഐ.ബി.എസ്. ഡി: വയറിളക്കം മുഖ്യലക്ഷണം.
 • ഐ.ബി.എസ്. സി: മലബന്ധം കൂടുതലായി കാണുന്നു.
 • ഐ.ബി.എസ്. എം: വയറിളക്കവും മലബന്ധവും ഒരുപോലെയുണ്ടാകുന്നു.
 • ഐ.ബി.എസ്. എ: വയറിളക്കം, മലബന്ധം എന്നിവ മാറിമാറി വരുന്നു.
പരിഹാരം

 • നാരുള്ള ഭക്ഷണം കഴിക്കുക.
 • ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.
 • പാലുത്പന്നങ്ങൾ, കൊഴുപ്പുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുക.
 • മദ്യം, പുകവലി എന്നിവ ഒഴിവാക്കുക.
 • മാനസികപിരിമുറുക്കം കുറയ്ക്കണം. യോഗ ശീലമാക്കാം.
 • പതിവായി വ്യായാമം ചെയ്യുക.
വിട്ടുമാറാത്ത ചുമയും കഫക്കെട്ടും

കഴിഞ്ഞ കുറെ വർഷങ്ങളായി ആസ്ത്മരോഗികളുടെ എണ്ണം കൂടുന്നുണ്ട്. അന്തരീക്ഷമലിനീകരണവും കാലാവസ്ഥാവ്യതിയാനവും മാറുന്ന ജീവിതശൈലിയും വ്യായാമക്കുറവുമൊക്കെയാണ് ഇതിന് കാരണം. ഇൻഹേലർ ചികിത്സയിലൂടെ ആസ്ത്മ പൂർണമായും നിയന്ത്രിക്കാമെങ്കിലും തെറ്റിദ്ധാരണമൂലം ഇൻഹേലറുകൾ ഉപയോഗിക്കാൻ മടികാണിക്കുന്നവരേറെയാണ്. പൊടിപടലങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, ഫുഡ് അലർജി തുടങ്ങിയ അലർജിപ്രശ്നങ്ങളും തുമ്മലിനും ശ്വാസംമുട്ടലിനും ആസ്ത്മയ്ക്കും കാരണമാകും.

തുടർച്ചയായ ചുമയും കഫക്കെട്ടും, നെഞ്ചിനകത്ത് ഭാരം, രാത്രികാലങ്ങളിലെ വരണ്ട ചുമ, കിതപ്പ്, ശ്വാസമെടുക്കുമ്പോൾ, നെഞ്ചിനകത്ത് കുറുങ്ങൽ, വിട്ടുമാറാത്ത തുമ്മൽ, ജലദോഷം എന്നിവയാണ് ലക്ഷണങ്ങൾ.

ശാരീരികപരിശോധന, ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അറിയാനായി സ്‌പൈറോമീറ്റർ ഉപയോഗിച്ചുള്ള പരിശോധന, രോഗപുരോഗതി അറിയാൻ പീക് ഫ്ളോ മീറ്റർ തുടങ്ങിയവയാണ് പരിശോധനാമാർഗങ്ങൾ.

ഇൻഹേലർ ചികിത്സ: മരുന്ന് തീരേ ചെറിയ അളവിൽ നേരിട്ട് ശ്വാസകോശത്തിലെത്തിക്കുന്നു എന്നതാണ് ഇൻഹേലർ ചികിത്സയുടെ പ്രത്യേകത. ശ്വാസതടസ്സം മാറ്റാനുള്ള റിലീവർ മരുന്നുകളും ശ്വാസനാളിയിലെ നീർക്കെട്ട് മാറ്റാനുള്ള കൺട്രോളർ മരുന്നുകളും ലഭ്യമാണ്. മരുന്ന് വായ്ക്കകത്തേക്ക് സ്‌പ്രേചെയ്യുന്ന മീറ്റേഡ് ഡോസ് ഇൻഹേലർ, പൗഡർരൂപത്തിലുള്ള മരുന്ന് വലിച്ചെടുക്കുന്ന റോട്ടഹേലർ, കൂടാതെ ആസ്ത്മ തീവ്രമാകുമ്പോൾ ഉപയോഗിക്കുന്ന നെബുലൈസർ തുടങ്ങിയവയാണ് പ്രധാന ഇൻഹേലറുകൾ. ഇവ ഒരിക്കൽ ഉപയോഗിച്ചുതുടങ്ങിയാൽ ആജീവനാന്തം ഉപയോഗിക്കണമെന്നത് തെറ്റിദ്ധാരണയാണ്. ആസ്ത്മ നിയന്ത്രണവിധേയമാകുമ്പോൾ ഇൻഹേലർ ഉപയോഗം കുറച്ചുകൊണ്ടുവന്ന് നിർത്താനാകും.

തൈറോയ്ഡ് ഹോർമോൺ മാറ്റങ്ങൾ

തൈറോയ്ഡ്പ്രശ്നങ്ങൾ കൂടിവരുകയാണ്. പണ്ടൊക്കെ അയഡിന്റെ കുറവുകൊണ്ടുള്ള പ്രശ്നങ്ങളായിരുന്നു കൂടുതലെങ്കിൽ ഇപ്പോൾ ഓട്ടോ ഇമ്യൂൺ തകരാറുകളായ ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ്, ഗ്രേവ്‌സ് ഡിസീസ് തുടങ്ങിയവയാണ് തൈറോയ്ഡ് തകരാറുകൾക്ക് കാരണം.
തൈറോയ്ഡ്പ്രശ്നങ്ങൾ പ്രധാനമായും രണ്ടുതരമുണ്ട്. തൈറോയ്ഡ്ഗ്രന്ഥി അമിതമായി പ്രവർത്തിക്കുന്ന ഹൈപ്പർതൈറോയ്ഡിസം. നല്ല വിശപ്പുണ്ടായിട്ടും നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരം മെലിയുക, നെഞ്ചിടിപ്പ്, കൈവിറയൽ, അമിത വിയർപ്പ്, ചൂട് തീരേ സഹിക്കാനാവാതെവരുക, വയറിളക്കം, പെട്ടെന്ന് ദേഷ്യം വരുക, അമിത ഉത്കണ്ഠ, മുടികൊഴിച്ചിൽ, ആർത്തവക്രമക്കേടുകൾ (ആർത്തവം ഉണ്ടാകാതിരിക്കുക, രക്തസ്രാവം കുറയുക) തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.

തൈറോയ്ഡ് തകരാറുകൾ ഉള്ളവരിൽ കഴുത്തിനുമുൻപിലായി തൊണ്ടമുഴ (ഗോയിറ്റർ) ഉണ്ടായെന്നുവരാം. ഹൃദയമിടിപ്പുനിരക്ക് കൂടുതലായിരിക്കും. രക്തപരിശോധനയിൽ തൈറോയ്ഡ് ഹോർമോണുകളായ ടി3, ടി4 എന്നിവയുടെ അളവ് കൂടിയും പിറ്റ്യൂട്ടറിഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി.എസ്.എച്ചിന്റെ അളവ് കുറഞ്ഞുമിരിക്കും.

ആന്റി തൈറോയ്ഡ് മരുന്നുകൾ, റേഡിയോ അയഡിൻ (Iodine-13 1) ചികിത്സ, ശസ്ത്രക്രിയ എന്നിവയാണ് ചികിത്സാരീതികൾ. രോഗിയെയും രോഗത്തിന്റെ സ്വഭാവത്തെയുമനുസരിച്ചാണ് ചികിത്സ ഏത് വേണമെന്ന് നിശ്ചയിക്കുന്നത്.

ഏറ്റവും സാധാരണമായി കണ്ടുവരുന്ന തൈറോയ്ഡ് രോഗമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്ന ഹൈപ്പോതൈറോയ്ഡിസം. സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.

ശരീരഭാരം കൂടുക,ക്ഷീണം, തളർച്ച,അമിത ഉറക്കം,മലബന്ധം,ആർത്തവരക്തസ്രാവം,മുടികൊഴിച്ചിൽ, ചർമത്തിലെ വരൾച്ച, തണുപ്പ് സഹിക്കാൻകഴിയാതാവുക, നടക്കുമ്പോൾ കിതപ്പ്, പേശീബലക്ഷയം, ശബ്ദം പരുക്കനാവുക എന്നിവയാണ് ലക്ഷണങ്ങൾ.
തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് ചെയ്യുമ്പോൾ തൈറോയ്ഡ് ഹോർമോണുകളായ ടി3, ടി4 എന്നിവയുടെ അളവ് കുറഞ്ഞിരിക്കും. അതേസമയം പിറ്റ്യൂട്ടറിഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോണിന്റെ (ടി.എസ്.എച്ച്.) അളവ് കൂടിയുമിരിക്കും.

ചികിത്സ: തൈറോക്സിൻ ഗുളികകഴിക്കുകയാണ് ചികിത്സ. രാവിലെ വെറുംവയറ്റിലാണ് ഗുളിക കഴിക്കേണ്ടത്. മിക്കവാറുമാളുകളിൽ ആജീവനാന്തചികിത്സ വേണ്ടിവരും. ഭക്ഷണത്തിൽ കാബേജ്, കോളിഫ്ളവർ, ബീറ്റ്‌റൂട്ട് തുടങ്ങിയ ഗോയിട്രോജനുകൾ അടങ്ങിയ വിഭവങ്ങൾ മിതമായി മാത്രമേ കഴിക്കാവൂ.

കാൽമുട്ടുകൾക്കും കൈവിരലുകൾക്കും വേദന

ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈകാൽസന്ധികൾക്കനുഭവപ്പെടുന്ന വേദന, നീർക്കെട്ട്, രാവിലെയുണ്ടാകുന്ന വഴക്കമില്ലായ്മ (മോണിങ് സ്റ്റിഫ്‌നെസ്) തുടങ്ങിയവയാണ് റുമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം പുരോഗമിക്കുമ്പോൾ കൈകാൽവിരലുകൾക്ക് ഘടനാവൈകല്യങ്ങളും ഉണ്ടാകാം. അപൂർവമായി രക്തധമനികൾ, ശ്വാസകോശം, ഹൃദയം, വൃക്ക, നേത്രപടലം എന്നിവയെയും രോഗം ബാധിക്കാം.
രക്തത്തിലെ റുമറ്റോയ്ഡ് ഫാക്ടർ, ആന്റി സി.സി.പി., ഇ.എസ്.ആർ., സി.ആർ.പി. തുടങ്ങിയ പരിശോധനകളിലൂടെ രോഗനിർണയവും തീവ്രതയും അറിയാം. എക്‌സ്‌റേ, ബോൺ സ്‌കാൻ തുടങ്ങിയ പരിശോധനകളും വേണ്ടിവന്നേക്കാം. വേദനസംഹാരികൾ, സ്റ്റിറോയ്ഡ് മരുന്നുകൾ, രോഗത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്ന മെത്തോട്രക്‌സേറ്റ്, സൾഫസലസിൻ തുടങ്ങിയ ഡിസീസ് മൊബിലൈസിങ് മരുന്നുകൾ, ബയോളജിക്കൽ മരുന്നുകൾ തുടങ്ങിയവയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.

ഗൗട്ട്

യൂറിക് ആസിഡ് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുന്നതിനെത്തുടർന്നുണ്ടാകുന്ന സന്ധിരോഗമാണ് ഗൗട്ട്. കാലിന്റെ പെരുവിരൽസന്ധിയിൽ പെട്ടെന്നുണ്ടാകുന്ന ശക്തമായ വേദനയാണ് മുഖ്യലക്ഷണം. മദ്യപാനികളിലും അമിതമായി ചുവന്ന മാംസം ഉപയോഗിക്കുന്നവരിലും ഗൗട്ടിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ അമിതവണ്ണം, പ്രമേഹം, വൃക്കരോഗങ്ങൾ തുടങ്ങിയവയും ഗൗട്ടിനുള്ള സാധ്യത വർധിപ്പിക്കുന്നു. വേദനസംഹാരികൾ, കോൾച്ചിസിൻ, അലോപ്യൂറിനോൾ, ഫെബുക്‌സോസ്റ്റാറ്റ് തുടങ്ങിയവയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ.

ഓസ്റ്റിയോ ആർത്രൈറ്റിസ്

പണ്ടൊക്കെ അമ്പതുകാരെയും അറുപതുകാരെയുമാക്കെ പിടികൂടിയിരുന്ന സന്ധിതേയ്മാനരോഗമായ ഓസ്റ്റിയോ ആർത്രൈറ്റിസ് ഇപ്പോൾ നാൽപ്പതുകാരെയും പിടികൂടുന്നു. അമിതവണ്ണവും വ്യായാമക്കുറവുമൊക്കെയാണ് പ്രധാന കാരണം.

കാൽമുട്ടുവേദന, മുട്ട്‌ മടക്കി നിവർത്താൻ പ്രയാസം, കുറച്ചുനേരം ഇരുന്നിട്ട് എഴുന്നേൽക്കാൻ വിഷമം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം പുരോഗമിക്കുമ്പോൾ കാൽമുട്ടുകൾക്ക് വളവുണ്ടാകുന്നു. ശരീരഭാരം കുറയ്ക്കുക, ഫിസിയോതെറാപ്പി, തരുണാസ്ഥിനഷ്ടം പരിഹരിക്കുന്ന കോൺജുഗേറ്റിങ്‌, ഗ്ലൂക്കോസമിൻ, വേദനസംഹാരികൾ തുടങ്ങിയവയാണ് പരിഹാരമാർഗങ്ങൾ. മരുന്നുകൊണ്ട് മാറ്റാൻകഴിയാത്ത അവസ്ഥയിൽ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരും.

സ്‌പോൺഡിലോ ആർത്രൈറ്റിസ്

ദീർഘകാലം നീണ്ടുനിൽക്കുന്ന നടുവേദനയാണ് മുഖ്യലക്ഷണം. പുരുഷന്മാരിലാണ് ഇത്തരം സന്ധിവാതം കൂടുതലായി കണ്ടുവരുന്നത്. രാവിലെ കിടക്കയിൽനിന്ന്‌ എഴുന്നേൽക്കുമ്പോഴായിരിക്കും നടുവേദന കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇടുപ്പുസന്ധി, കാൽമുട്ട്, തോൾസന്ധി തുടങ്ങിയവയെയും രോഗം ബാധിക്കാം. കണ്ണ്, ഹൃദയം, ശ്വാസകോശം, ദഹനേന്ദ്രിയങ്ങൾ എന്നിവയെയും രോഗം ബാധിക്കാം. വേദനസംഹാരികൾ, ഡിസീസ് മോഡിഫയിങ് മരുന്നുകൾ, ബയോളജിക്കലുകൾ തുടങ്ങിയവയാണ് ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്നത്.

ഓട്ടോ ഇമ്യൂൺ രോഗങ്ങൾ

സിസ്റ്റമിക് ലൂപസ് എറിത്തമാറ്റോസസ് (SLE), സിസ്റ്റമിക് സ്‌ക്ലീറോസിസ്, ജോഗ്രൻസ് സിൻഡ്രം തുടങ്ങിയ പ്രശ്നങ്ങളും നാൽപ്പതുകാരെ ബാധിക്കാറുണ്ട്. സന്ധിവേദനകൾ, മുടികൊഴിച്ചിൽ, ചർമത്തിൽ പാടുകൾ, തൊലി വലിഞ്ഞുമുറുകുക, തൊണ്ടയും വായയും വരളുക തുടങ്ങിയവയാണ് ഇവയുടെ പൊതുലക്ഷണങ്ങൾ. എ.എൻ.എ. പ്രൊഫൈലാണ് പ്രധാന രക്തപരിശോധന.

ഇരിപ്പുജോലി പ്രശ്നമാകുമ്പോൾ

വിട്ടുമാറാത്ത കഴുത്തുവേദനയുമായിട്ടാണ് ആശുപത്രിയിലെ കംപ്യൂട്ടർ ബില്ലിങ് സെക്‌ഷനിൽ ജോലിചെയ്യുന്ന 40 വയസ്സുള്ള സ്ത്രീ ഒ.പി.യിലെത്തിയത്. കഴുത്തുവേദന പതുക്കെ തോളുകളിലേക്ക് കൂടി വ്യാപിച്ചതോടെയാണ് ഡോക്ടറെ കാണാമെന്ന് വിചാരിച്ചത്. ദിവസവും 6-7 മണിക്കൂറാണ് കംപ്യൂട്ടറിന്റെ മുന്നിലിരിക്കുന്നത്. സ്‌ക്രീനിൽ കണ്ണുംനട്ട് കഴുത്ത് മുന്നോട്ടാഞ്ഞ് ഏറെനേരം ഇരിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന ടെക്‌സ്റ്റ് നെക് സിൻഡ്രോം എന്ന ന്യൂജനറേഷൻ പ്രശ്നമായിരുന്നു ഇവർക്ക്.

തുടർച്ചയായി ഒരേപോലെ ഇരിക്കുന്നത് സുഖകരമായി തോന്നാം. എന്നാൽ വെറുതേയുള്ള ചടഞ്ഞിരിക്കുന്ന ശീലം പല തരത്തിലുള്ള ലൈഫ് സ്റ്റൈൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. കൂടാതെ കഴുത്തുവേദന, നടുവേദന, തോൾവേദന തുടങ്ങിയ അസ്ഥി-പേശി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം.

തടിയും വയറും തന്നെയാണ് പ്രധാന പ്രശ്നം. ടി.വി.യുടെയും ലാപ്‌ടോപ്പിന്റെയും മുന്നിലുള്ള ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്പോൾ ശരീരഭാരം വർധിക്കുന്നു. ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്‌ട്രോൾ നില കൂടാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എൽ. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. അമിതവണ്ണം പിന്നീട് പ്രമേഹത്തിലേക്കും രോഗങ്ങളുടെ സമുച്ചയമായ മെറ്റബോളിക് സിൻഡ്രോമിലേക്കും നയിക്കും. വളരെ നിശ്ശബ്ദമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്പോഴാണ് അസ്ഥികൾ ദുർബലമാകുന്നത്.

കൈകാൽ വേദന, കഴുത്തുവേദന, നടുവേദന തുടങ്ങിയ തുടർച്ചയായ വേദനകൾ ദീർഘനേരമുള്ള ഇരിപ്പുമൂലമുണ്ടാകുന്ന മസ്‌ക്കുലോ സ്കെലിട്ടൽ പെയിൻ സിൻഡ്രോമിന്റെ ഭാഗമായുണ്ടാകുന്നതാണ്. തുടർച്ചയായുള്ള ഇരിപ്പ്, പേശികളുടെ ക്ഷമതക്കുറവ്, ജോലിസമ്മർദം എന്നിവയ്ക്ക് പുറമേ വെയിൽ ഏൽക്കാത്തതുമൂലമുണ്ടാകുന്ന വിറ്റാമിൻ-ഡിയുടെ കുറവും ഇത്തരം വേദനകൾക്ക് കാരണമാകാം.

ഒരു മണിക്കൂർ ഇരുന്നാൽ 10 മിനിറ്റ് നടക്കാം

 • ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങളുമുണ്ട്.
 • കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.
 • പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക.
 • കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.
 • കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക.
 • കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ആണ് ലേഖകൻ

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)


Content Highlights: tips for a healthy lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented