പെട്ടെന്ന് ഭാരം കുറയ്ക്കരുത്, വണ്ണം കുറയ്ക്കും മുമ്പ് ഡോക്ടറെ കാണുന്നതും പ്രധാനം


ഡോ. ശ്രീജിത്ത് പി.എൻ

Representative Image | Photo: Canva.com

ശരീരഭാരം കുറയ്ക്കുമ്പോള്‍ രൂപത്തില്‍ മാത്രമല്ല ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തിലും ശരീരത്തിന്റെ ജലാംശത്തിലും ലവണങ്ങളുടെ നിലയിലുമെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും. എന്നാല്‍ ആരോഗ്യകരമായ രീതിയിലായിരിക്കണം ഈ മാറ്റങ്ങളെല്ലാം. അതുകൊണ്ട് വളരെ ശ്രദ്ധയോടെയായിരിക്കണം ശരീരഭാരം കുറയ്‌ക്കേണ്ടത്.

ഉയരത്തിനനുസരിച്ചുള്ള ഭാരമാണ് ഒരാളുടെ ആരോഗ്യകരമായ ഭാരമായി പൊതുവേ കണക്കാക്കുന്നത്. അതുകൊണ്ട് ഇത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ബി.എം.ഐ. (ബോഡി മാസ് ഇന്‍ക്‌സ്) എന്ന അളവുകോലാണ് അമിത ഭാരമുണ്ടോ എന്നറിയാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്.എങ്ങനെ ബി.എം.ഐ കണക്കാക്കാം?

കിലോ​ഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വർ​ഗംകൊണ്ട് ഹരിക്കുക. ഉദാ.ശരീരഭാരം 67 കിലോ​ഗ്രാം. ഉയരം 1.57 മീറ്റർ. ബി.എം.ഐ കാണാൻ 1.57*1.57= 2.46. ശരീരഭാരമായ 67നെ 2.46 കൊണ്ട് ഹരിക്കുക. ബി.എം.ഐ. 27.23. മറ്റൊരു രീതിയുമുണ്ട്. സെന്റിമീറ്ററിലുള്ള ഉയരത്തിൽ നിന്ന് 100 കുറയ്ക്കുമ്പോൾ ലഭിക്കുന്നതാണ് ആരോ​ഗ്യകരമായ ഭാരം.

നിങ്ങൾക്ക് അമിതഭാരമുണ്ടോ?

ബി.എം.ഐ വിഭാ​ഗം
18ൽ കുറവ്ഭാരക്കുറവ്
18-25 ആരോ​ഗ്യകരം
‍25-30 അമിത ഭാരം
30-35 അമിതവണ്ണം ​ഗ്രേഡ് 1
35-40 അമിതവണ്ണം ​ഗ്രേഡ് 2
40 ന് മുകളിൽഅമിതവണ്ണം ​ഗ്രേഡ് 3

ഭാരം കുറയ്ക്കുംമുന്‍പ്

ആരോഗ്യത്തെ ബാധിക്കാത്ത തരത്തില്‍ വേണം ഭാരം കുറയ്ക്കാന്‍. അല്ലെങ്കില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റാന്‍ ഇടയുണ്ട്. അതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ചെയ്യണം.

ഡോക്ടറെ കാണുക

ഭാരം കുറയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഡോക്ടറെ കാണുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റും വര്‍ക്ക്ഔട്ടും തയ്യാറാക്കേണ്ടത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍, ചില മരുന്നുകള്‍ എന്നിവ ഭാരം കൂട്ടാറുണ്ട്. ഇവ പരിഗണിച്ചില്ലെങ്കില്‍ ഭാരം കുറയ്ക്കാനുള്ള ശ്രമം പരാജയപ്പെടാനിടയുണ്ട്.

ഭാരം കൂട്ടുന്ന ചില രോഗങ്ങള്‍: ഹൈപ്പോതൈറോയ്ഡിസം, പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് (പി.സി.ഒ.ഡി.), ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (നിദ്രാവൈകല്യങ്ങള്‍), പ്രമേഹം, സ്റ്റിറോയ്ഡ് ഹോര്‍മോണുകളുടെ അമിത ഉത്പാദനം (കുഷിങ് സിന്‍ഡ്രോം) തുടങ്ങിയവ ഭാരം കൂട്ടാന്‍ ഇടയാക്കാറുണ്ട്.

ഭാരം കൂട്ടുന്ന ചില മരുന്നുകള്‍: ചില മരുന്നുകളുടെ ഉപയോഗവും ശരീരഭാരം കൂട്ടാം. ഇന്‍സുലിന്‍, കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകള്‍, ഹൈപ്പര്‍ടെന്‍ഷന്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ബീറ്റ ബ്ലോക്കറുകള്‍, അപസ്മാര ചികിത്സയ്ക്കുള്ള ചില മരുന്നുകള്‍ എന്നിവ ഉദാഹരണങ്ങളാണ്.

വൈദ്യപരിശോധന

തടി കുറയ്ക്കാനുള്ള ഡയറ്റും വര്‍ക്ക്ഔട്ടും തുടങ്ങുന്നതിന് മുന്‍പ് വൈദ്യപരിശോധന നടത്തണം. രക്തസമ്മര്‍ദം, രക്തത്തിലെ ഷുഗര്‍നില, കൊളസ്‌ട്രോള്‍നില, ബി.എം.ഐ., ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്, തൈറോയിഡ് ഫങ്ഷന്‍ ടെസ്റ്റ്, യൂറിക് ആസിഡ് ടെസ്റ്റ്, ഇ.സി.ജി. പരിശോധന എന്നിവ നടത്തണം. അവയില്‍ എന്തെങ്കിലും വ്യതിയാനങ്ങളുണ്ടെങ്കില്‍ അത് ആദ്യം പരിഹരിക്കണം. അമിതഭാരംമൂലം പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

പെട്ടെന്ന് കുറയ്ക്കരുത്

പെട്ടെന്ന് ഭാരം കുറയ്ക്കാം എന്ന് കരുതരുത്. മാസം 20 കിലോഗ്രാം കുറയ്ക്കാം,വ്യായാമം ചെയ്യാതെ ഭാരം കുറയ്ക്കാം, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാമെന്നൊക്കെ കേള്‍ക്കുമ്പോ ള്‍ പലരും അത് വിശ്വസിക്കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. ഘട്ടംഘട്ടമായി സാവധാനത്തിലായിരിക്കണം ശരീരഭാരം കുറയ്‌ക്കേണ്ടത്. ഒരുമാസം ആരോഗ്യകരമായി കുറയ്ക്കാവുന്ന ഭാരം രണ്ട് മൂന്നര കിലോഗ്രാമാണ്. അതിന് ചിട്ടയായതും ശരീരത്തിന് സാധിക്കുന്നതുമായ മിതമായ വ്യായാമവും, പോഷകാഹാരം അടങ്ങുന്ന ഡയറ്റ് പ്ലാനും ആവശ്യമാണ്. ഭാരം കുറയ്ക്കാന്‍ ഒറ്റമൂലികള്‍ ഇല്ല.

രോഗമുള്ളവര്‍ അമിതഭാരം കുറയ്ക്കുമ്പോള്‍

പ്രമേഹമുണ്ടെങ്കില്‍

പ്രമേഹമുള്ളവര്‍ അമിതഭാരം കുറയ്ക്കുന്നത് രോഗനിയന്ത്രണത്തിന് വളരെ ഫലപ്രദമാണ്. പ്രമേഹരോഗികള്‍ക്ക് ചിട്ടയായ വ്യായാമം ആവശ്യമാണ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കാന്‍ സഹായിക്കും. പ്രമേഹചികിത്സ കൂടുതല്‍ ഫലപ്രദമാകാന്‍ ഇത് സഹായകരമാണ്. പ്രമേഹരോഗികള്‍ വര്‍ക്ക്ഔട്ടും ഡയറ്റും ചെയ്യാന്‍ ഒരുങ്ങുന്നതിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം ഭക്ഷണവും വ്യായാമവും ക്രമീകരിക്കാന്‍. ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള ഡയറ്റ് സ്വീകരിക്കണം. കഠിനമായ വ്യായാമമുറകള്‍ ഒഴിവാക്കണം. പ്രമേഹരോഗികളില്‍ വര്‍ക്ക്ഔട്ടിനിടെ ഷുഗര്‍നില താഴ്ന്നുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അല്പം മധുരവും ഗ്ലൂക്കോസ് നില പരിശോധിക്കാനുള്ള ഗ്ലൂക്കോമീറ്ററും കൈവശമുണ്ടാകണം. കണ്ണില്‍ ഇരുട്ട് കയറുക, അമിതമായി വിയര്‍ക്കുക, വിറയല്‍ ഉണ്ടാവുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വ്യായാമം നിര്‍ത്തിവയ്ക്കണം. തുടര്‍ന്ന് ഗ്ലൂക്കോസ് പരിശോധിച്ച് കുറവുണ്ടെങ്കില്‍ അല്പം മധുരം കഴിച്ച് ഡോക്ടറെ കാണണം.

ഹൃദയപ്രശ്‌നമുള്ളവര്‍

ഹൃദയപ്രശ്‌നമുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം സ്വീകരിച്ചശേഷം മാത്രമേ ഭാരം കുറയ്ക്കല്‍ തുടങ്ങാവൂ. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വ്യായാമങ്ങളേ ഇവര്‍ ചെയ്യാവൂ. കഠിന വ്യായാമങ്ങള്‍ ചെയ്യരുത്. ഹൃദ്രോഗികളില്‍ ഹൃദയസ്പന്ദനനിരക്ക് കൂടുന്നത് അപകടമാണ്. സാവധാനത്തില്‍ നടക്കുന്നതാണ് നല്ലത്. എയ്‌റോബിക് ട്രെയ്‌നിങ്, സ്‌ട്രെച്ചിങ് എക്‌സര്‍സൈസ്, ലഘുവായ യോഗാസനങ്ങള്‍ എന്നിവ ചെയ്യാം. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയസ്പന്ദനം കൂടുക, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ കാണണം.

ഹീമോഗ്ലോബിന്‍ കുറവാണെങ്കില്‍

രക്തത്തിലെ ഓക്‌സിജന്‍ വാഹകരാണ് ഹീമോഗ്ലോബിന്‍. പ്രായപൂര്‍ത്തിയായ പുരുഷന് 13.517.5 ഉം സ്ത്രീകളില്‍ 1215.5 ഉം ആണ് ഹീമോഗ്ലോബിന്‍ വേണ്ടത്. ഹീമോഗ്ലോബിന്‍ അളവ് കുറഞ്ഞാല്‍ പേശികള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാവില്ല. അധ്വാനശേഷി കുറയാന്‍ ഇത് ഇടയാക്കുന്നു. അതുമൂലം കൃത്യമായി വര്‍ക്ക്ഔട്ട് ചെയ്യാന്‍ സാധിക്കില്ല.

ഹീമോഗ്ലോബിന്‍ വളരെയധികം കുറഞ്ഞാല്‍ വ്യായാമം ചെയ്യുമ്പോള്‍ കിതപ്പ്, ക്ഷീണം, കണ്ണില്‍ ഇരുട്ട് കയറല്‍ എന്നിവയുണ്ടാകാം. അതിനാല്‍ ഹീമോഗ്ലോബിന്‍ കുറവുള്ളവര്‍ തീവ്രത കുറഞ്ഞ വര്‍ക്ക്ഔട്ടുകള്‍ കുറഞ്ഞ ആവൃത്തികള്‍ മാത്രമേ ചെയ്യാവൂ. ഹീമോഗ്ലോബിന്‍ കുറവുള്ളവര്‍ ഇരുമ്പുസത്തടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇതിനായി ഡോക്ടറുടെ സഹായം തേടാം.

ബി.പി. വ്യതിയാനങ്ങള്‍ ഉള്ളവര്‍

അമിത ബി.പി. നിയന്ത്രിക്കാന്‍ വ്യായാമം നല്ലതാണ്. എന്നാല്‍ കഠിന വ്യായാമങ്ങളും ശീര്‍ഷാസനംപോലുള്ള യോഗാസനങ്ങളും ഉയര്‍ന്ന ബി.പി. ഉള്ളവര്‍ ഒഴിവാക്കണം. വര്‍ക്ക്ഔട്ടിന് ശരീരത്തെ സജ്ജമാക്കാന്‍ വ്യായാമത്തിന് മുന്‍പ് അഞ്ചുമിനിറ്റ് വാംഅപ്പും വ്യായാമം പൂര്‍ത്തിയായ ശേഷം അഞ്ചുമിനിറ്റ് കൂളിങ് ഡൗണും ചെയ്യുന്നത് നല്ലതാണ്. അമിത ബി.പി. ഉള്ളവര്‍ ഈ സമയം കൂട്ടണം. പ്രത്യേകിച്ചും കൂളിങ് ഡൗണ്‍ സമയം. ഇത് ശരീരവും മനസ്സും സ്വസ്ഥമാകാന്‍ സഹായിക്കും. ബി.പി. നിയന്ത്രിക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ക്ക് വര്‍ക്ക്ഔട്ടിനിടെ ബി.പി. കുറയാം. അങ്ങനെ സംഭവിച്ചാല്‍ വര്‍ക്ക്ഔട്ട് നിര്‍ത്തി കുറച്ചുസമയം വിശ്രമിച്ച് ഡോക്ടറെ സമീപിക്കണം.

മുട്ടുവേദനയുള്ളവര്‍

മധ്യവയസ്സില്‍ സാധാരണമായി കാണുന്നതാണ് മുട്ടുവേദന. ഈ പ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ വര്‍ക്ക്ഔട്ടുകള്‍ തിരഞ്ഞെടുക്കാവൂ. കാല്‍മുട്ടിന് വലിയ തോതില്‍ ആയാസം കൊടുക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യരുത്. ട്രെഡ്മില്ലില്‍ കുറഞ്ഞ വേഗത്തില്‍ മാത്രമേ നടക്കാവൂ. വേഗം കൂട്ടുന്നത് മുട്ടിന് ആയാസമുണ്ടാക്കും. നിരപ്പായ പ്രതലമാണ് ട്രെഡ്മില്ലുകളില്‍ സെറ്റ് ചെയ്യേണ്ടത്. മറ്റ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ സന്ധികളില്‍ അമിതഭാരം കേന്ദ്രീകരിക്കാന്‍ ഇടയാക്കരുത്. വ്യായാമം ചെയ്യുമ്പോള്‍ മുട്ടുകള്‍ക്ക് സമ്മര്‍ദമേല്‍ക്കാതിരിക്കാന്‍ മുട്ടില്‍ ബാന്‍ഡേജുകളോ നീ ക്യാപ്പോ (knee cap) ധരിക്കാം. സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികള്‍ക്ക് ബലംനല്‍കുന്നതരം വ്യായാമങ്ങളും ചെയ്യാം. അനുയോജ്യമായ വ്യായാമങ്ങള്‍ വിദഗ്ധ നിര്‍ദേശപ്രകാരം തിരഞ്ഞെടുക്കുക.

ഭാരം കൂടിയാല്‍ ഈ രോഗങ്ങള്‍ക്ക് സാധ്യത കൂടും

അമിതഭാരം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കാറുണ്ട്. അവയില്‍ പ്രധാനമായത് ഇവയൊക്കെയാണ്.

ഹൃദ്രോഗവും സ്‌ട്രോക്കും

വയറിന് ചുറ്റും കൊഴുപ്പടിഞ്ഞുകൂടി അരവണ്ണം കൂടുന്നത് ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് പഠനങ്ങള്‍ പറയുന്നു. അമിതഭാരം രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍, ആകെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കൂടുതലാക്കാം. ഇത് ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെട്ട് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമാകാം.

തേയ്മാന രോഗങ്ങള്‍

ഭാരം കൂടുമ്പോള്‍ സന്ധികളില്‍ തേയ്മാനം സംഭവിക്കുന്നു. കാല്‍മുട്ടിലെ സന്ധികളിലാണ് ഇത് കൂടുതലുണ്ടാവുക. രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ യൂറിക് ആസിഡ് പരലുകള്‍ സന്ധികളില്‍ പറ്റിപ്പിടിച്ച് വേദനയ്ക്കും നീര്‍വീക്കത്തിനും ഇടയാക്കുന്ന ഗൗട്ട് എന്ന രോഗമുണ്ടാകാം.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

അമിതഭാരം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതല്‍. പ്രത്യുത്പാദനശേഷിയും ഗര്‍ഭധാരണശേഷിയും കുറയ്ക്കാന്‍ ഇത് കാരണമാകാറുണ്ട്. പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് വന്ധ്യതയിലേക്ക് നയിക്കാം. ആര്‍ത്തവ തകരാറുകള്‍ കൂടുതലായി കാണാറുണ്ട്. അമിതഭാരംമൂലമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍ പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാം.

ശ്വസനപ്രശ്‌നങ്ങള്‍

അമിതഭാരമുണ്ടായാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി കുറയാം. ഇത് ശരീരത്തിലേക്കെത്തുന്ന ഓക്‌സിജന്റെ അളവ് കുറയാനിടയാക്കും. കുടവയറുള്ളവരില്‍ ഉറക്കത്തിനിടയിലുള്ള ശ്വാസതടസ്സത്തിന് (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ) ഉണ്ടാകാനിടയുണ്ട്.

കരള്‍ രോഗങ്ങള്‍

കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പടിയുന്നത് ഫാറ്റിലിവര്‍ മുതല്‍ ലിവര്‍ സിറോസിസ് വരെയുള്ള കരള്‍ രോഗങ്ങളിലേക്ക് നയിച്ചേക്കാം.

ഹൈപ്പര്‍ടെന്‍ഷന്‍

അമിതവണ്ണവും ഭാരവും രക്തക്കുഴലുകളുടെ വികാസശേഷി കുറയ്ക്കാന്‍ ഇടയാക്കും.അതുകൊണ്ട് ഹൃദയം ഓരോ മിനിറ്റിലും പമ്പുചെയ്യുന്ന അളവും കൂടുതലായിരിക്കും. ഇത് രക്തസമ്മര്‍ദം കൂടുന്നതിന് ഇടയാക്കും.

മഞ്ചേരി ​ഗവ.മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: things to know about weight loss


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented