കരൾ മാറ്റിവെക്കൽ മറ്റ് അവയവങ്ങളെ ഏത് രീതിയില്‍ ബാധിക്കാം? അറിയേണ്ട കാര്യങ്ങൾ


ഡോ.ഹരികുമാർ ആർ. നായർ

Representative Image | Photo: Canva.com

മറ്റ് പല കരള്‍ രോഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും സാധാരണമായി കരള്‍ മാറ്റിവയ്ക്കല്‍ നിര്‍ദേശിക്കപ്പെടുന്നത് സിറോസിസ് രോഗികളിലാണ്. സിറോസിസ് രോഗം വര്‍ഷങ്ങളോളം നിശ്ശബ്ദാവസ്ഥയില്‍ നിലകൊള്ളുകയും പിന്നീട് കുറേശ്ശെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യും. കാലിലെ നീരും ക്ഷീണവുമൊക്കെയാണ് ആദ്യ ലക്ഷണങ്ങള്‍. ക്രമേണ വയറ്റിലേക്ക് വെള്ളം നിറയുക, മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുക, കരള്‍ പ്രഷര്‍ വര്‍ധിച്ച് രക്തം ഛര്‍ദിക്കുക തുടങ്ങിയ അവസാനഘട്ട ലക്ഷണങ്ങളിലെത്തിനില്‍ക്കും. ഈ ഘട്ടത്തില്‍ മരുന്നുചികിത്സ ഫലപ്രദമല്ല. ഈ അവസ്ഥയിലാണ് കരള്‍ മാറ്റിവയ്ക്കല്‍ നിര്‍ദേശിക്കുക.

കരള്‍ മാറ്റിവയ്ക്കലിന് മുന്‍പ് രണ്ട് ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടത്.
കരള്‍മാറ്റ ശസ്ത്രക്രിയ അനിവാര്യമായ ഘട്ടത്തിലാണോ രോഗാവസ്ഥ? അതോ മരുന്നുചികിത്സയുമായി മുന്നോട്ടുപോകാന്‍ സാധ്യമാണോ?
കരള്‍ മാറ്റിവെച്ചാലും വിജയശതമാനം കുറവായേക്കാം എന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും ഘടകങ്ങള്‍ രോഗിയിലോ രോഗാവസ്ഥയിലോ ഉണ്ടോ?
ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം മെല്‍ഡ് (MELD) സ്‌കോറില്‍നിന്നാണ് ലഭിക്കുക. രക്തത്തിലെ ബിലിറൂബിന്റെ അളവ്, ക്രിയാറ്റിനിന്റെ അളവ് എന്നിവയും രക്തം കട്ടപിടിക്കുന്നതിന്റെ ശേഷി നിര്‍ണയിക്കുന്ന PT/ INR എന്ന ടെസ്റ്റും കൂടിച്ചേര്‍ന്ന ഫോര്‍മുലയാണ് മെല്‍ഡ് സ്‌കോര്‍. ഈ സ്‌കോര്‍ 15ന് മുകളിലാണെങ്കില്‍ കരള്‍മാറ്റത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങണം എന്നര്‍ഥം.

വിജയശതമാനം കുറവാണോ കൂടുതലാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് വിശദമായ പരിശോധനകളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ്. കരള്‍ മാറ്റിയാലും വിജയിക്കില്ല എന്ന് സൂചനകളുണ്ടെങ്കില്‍ അത് രോഗിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കരള്‍ സിറോസിസ് കാരണം കരള്‍ പ്രഷര്‍ വര്‍ധിച്ച് അവസാനഘട്ടമാകുമ്പോള്‍ മറ്റ് അവയവങ്ങളെയും ബാധിക്കുന്നതായി കാണാറുണ്ട്.ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം, പേശികള്‍, വൃക്ക, എല്ല്, ചര്‍മം എന്നുവേണ്ട ശരീരത്തിലെ മിക്ക അവയവങ്ങളിലും കരള്‍ സിറോസിസ് രോഗികളില്‍ വ്യത്യാസങ്ങള്‍ കാണാറുണ്ട്. ഇവയില്‍ ചിലത് കരള്‍ മാറ്റിവയ്ക്കലിനുശേഷം പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുവരും. മറ്റ് ചിലതാകട്ടെ പരിപൂര്‍ണമായി ഭേദപ്പെടാത്തതുമാണ്. കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞാലും മറ്റ് അവയവങ്ങളില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളില്‍ ഏതെങ്കിലും തിരിച്ചുവരാന്‍ സാധ്യതയില്ലാത്തതാണെങ്കില്‍ ആ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകൊണ്ട് അര്‍ഥമില്ലാതാകും. അതിനാല്‍ എല്ലാ അവയവങ്ങളുടെയും ആരോഗ്യം വിവിധ പരിശോധനകളിലൂടെ തിട്ടപ്പെടുത്താറുണ്ട്.

മറ്റ് അവയവങ്ങളെ ഏത് രീതിയില്‍ ബാധിക്കാമെന്ന് നോക്കാം

ഹൃദയം

കരള്‍ സിറോസിസുള്ളവരില്‍ ഹൃദയത്തിന്റെ പേശികള്‍ക്ക് വ്യതിയാനങ്ങള്‍ സംഭവിക്കാറുണ്ട്. ഇതാണ് 'സിറോട്ടിക് കാര്‍ഡിയോമയോപ്പതി'. ഈ അവസ്ഥ കരള്‍ മാറ്റിവയ്ക്കലിനുശേഷം ഭേദമാകാറുണ്ട്.

ശ്വാസകോശം

നെഞ്ചിലെ നീര്‍ക്കെട്ട് (Hepatic hydrothorax) കരള്‍ മാറ്റിവയ്ക്കലിനുശേഷം പൂര്‍ണമായി മാറാറുണ്ട്. ശ്വാസകോശത്തിലെ ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗമാണ് 'ഹെപറ്റോ പള്‍മണറി സിന്‍ഡ്രോം' ശ്വാസകോശത്തില്‍നിന്ന് രക്തത്തിലേക്ക് ഓക്‌സിജന്‍ തന്മാത്രകള്‍ പ്രവഹിക്കുന്നതിനെ ഈ രോഗം തടസ്സപ്പെടുത്തുന്നു. കരള്‍ മാറ്റിവയ്ക്കല്‍ കഴിയുമ്പോള്‍ ഈ രോഗം പൂര്‍ണമായി മാറും. ഏതാനും മാസങ്ങളാണ് ഇത് മാറാനെടുക്കുന്ന സമയം. ശ്വാസകോശത്തിലെ വലിയ രക്തക്കുഴലുകള്‍ക്കുള്ളിലുള്ള സമ്മര്‍ദം വര്‍ധിക്കുന്ന രോഗമാണ് 'പോര്‍ട്ടോ പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍'. ഈ രോഗം കഠിനമായവര്‍ക്ക് കരള്‍ മാറ്റിവയ്ക്കാറില്ല. ചെറിയതോതിലുള്ള പോര്‍ട്ടോ പള്‍മണറി ഹൈപ്പര്‍ ടെന്‍ഷനില്‍ കരള്‍ മാറ്റിവയ്ക്കാറുണ്ട്. കരള്‍ മാറ്റിവെച്ചതിനുശേഷം ഹൃദ്രോഗവിദഗ്ധനും ശ്വാസകോശവിദഗ്ധനും പറയുന്നതനുസരിച്ചുള്ള ചികിത്സാമാര്‍ഗങ്ങളുമായി മുന്നോട്ട് പോകണം. കാരണം ഈ രോഗം പരിപൂര്‍ണമായി മാറില്ല.

വൃക്കകള്‍

കരള്‍ മാറ്റിവയ്ക്കലിനുശേഷം ഏറ്റവും പ്രാധാന്യത്തോടുകൂടി കാണേണ്ട അവയവമാണ് വൃക്കകള്‍. വൈകിയാണ് കരള്‍ മാറ്റിവയ്ക്കുന്നതെങ്കില്‍ വൃക്കകള്‍ക്ക് സംഭവിക്കുന്ന ആഘാതം കൂടുതലായിരിക്കും.

എല്ലുകള്‍

കരള്‍ സിറോസിസ് കാരണം എല്ലിന്റെ കട്ടി കുറയുന്നതിന് 'ഹെപ്പാറ്റിക് ഓസ്റ്റിയോ ഡിസ്‌ട്രോഫി' എന്ന് പറയുന്നു. കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞാല്‍ ഏറക്കുറെ ഈ പ്രശ്‌നം മാറുന്നുണ്ട്. ആറുമാസംതൊട്ട് രണ്ടുവര്‍ഷംവരെ എടുക്കും ഇത് ഭേദമാകാന്‍.

മേല്‍പ്പറഞ്ഞ ഓരോ അവയവങ്ങളുടെയും വിശദമായ ടെസ്റ്റുകള്‍, സ്‌കാനുകള്‍, രക്തപരിശോധനകള്‍ എന്നിവ കരള്‍ മാറ്റിവയ്ക്കുന്നതിനുമുന്‍പ് നടത്തേണ്ടതുണ്ട്. ഇതുകൂടാതെ കരള്‍ മാറ്റിവയ്ക്കല്‍വരെ രോഗിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി പോഷകാഹാരം നിര്‍ദേശിക്കും. ആഹാരത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുകയും പ്രോട്ടീനിന്റെ തോത് കൂട്ടുകയും ചെയ്യുന്നതാണ് രീതി.

കരള്‍ കാന്‍സര്‍, കരള്‍ മാറ്റിവയ്ക്കലിന് മറ്റൊരു കാരണമാണ്. കരള്‍ മാറ്റിവയ്ക്കല്‍വരെ ഈ കാന്‍സര്‍ വളരാനും മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുള്ളതിനാല്‍ ചില ബ്രിഡ്ജ് ചികിത്സകള്‍ ഇതിനാവശ്യമാണ്. കരള്‍ കാന്‍സറിലേക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തുക, കരള്‍ കാന്‍സര്‍ കരിച്ചുകളയുക, കരള്‍ കാന്‍സര്‍ കോശങ്ങളിലേക്ക് റേഡിയേഷന്‍ ചികിത്സ കൊടുക്കുക എന്നിവ ചെയ്താണ് കരള്‍ കാന്‍സറിന്റെ വളര്‍ച്ചയെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയവരെ തടസ്സപ്പെടുത്തി നിര്‍ത്തുന്നത്.

ഇതിനെല്ലാം പുറമേ, സൈക്കോസോഷ്യല്‍ ഘടകങ്ങളും കരള്‍ മാറ്റിവയ്ക്കലിനുമുന്‍പ് ശ്രദ്ധിക്കേണ്ടതാണ്. അവയവമാറ്റം കഴിഞ്ഞ്, ജോലിയിലേക്ക് പ്രവേശിച്ച് സമൂഹത്തിനും കുടുംബത്തിനും തനിക്കുമുതകുന്ന രീതിയിലുള്ള ജീവിതം നയിക്കുക എന്നതാണ് കരള്‍ മാറ്റിവയ്ക്കല്‍ കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, ഈ കടമ്പ കടക്കാനുള്ള സാമ്പത്തികചെലവും കുടുംബത്തിന്റെ പിന്തുണയുമൊക്കെ വളരെ പ്രധാനമാണ്.

കൊച്ചി കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്പ്ലാന്റ് ഫിസിഷ്യനും സീനിയർ കൺസൽട്ടന്റ് ഹെപ്പറ്റോളജിസ്റ്റുമാണ് ലേഖകൻ.

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: things to know about liver transplant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented