Representative Image | Photo: Gettyimages.in
കൊളസ്ട്രോൾ അളവുകൾ വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും വഴിയൊരുക്കും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. എന്നാൽ ടോട്ടൽ കൊളസ്ട്രോൾ 200 കടന്നാൽ ഉടൻ കൊളസ്ട്രോൾ നിയന്ത്രണത്തിനുള്ള മരുന്ന് കഴിക്കേണ്ടതില്ല. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം വേണ്ടത്. എന്നിട്ടും കൊളസ്ട്രോൾ നിയന്ത്രണത്തിലായില്ലെങ്കിൽ മരുന്ന് ചികിത്സ വേണ്ടിവരും. ചില കാര്യങ്ങൾ പരിഗണിച്ചാണ് മരുന്ന് ചികിത്സ തീരുമാനിക്കുന്നത്.
ഹൃദ്രോഗം, സ്ട്രോക്ക്, പെരിഫെറൽ വാസ്കുലാർ ഡിസീസ് (കാലിലേക്കുള്ള രക്തയോട്ടക്കുറവ്), റുമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള വാതരോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവ തടയാൻ കൊളസ്ട്രോൾ അളവ് സാധാരണ അളവുകളിലാകേണ്ടത്(Normal Range) പ്രധാനമാണ്. കൊളസ്ട്രോൾ എത്രത്തോളം കുറയ്ക്കണമെന്ന് കണക്കാക്കുന്നതും ഈ രോഗങ്ങൾ വരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ്. അത്തരം ഘട്ടത്തിൽ പ്രാഥമിക പ്രതിരോധം എന്ന നിലയിൽ മരുന്ന് ചികിത്സയെ സ്വീകരിക്കാം. അതായത്, ടോട്ടൽ കൊളസ്ട്രോൾ കൂടുതലുണ്ട്. എൽ.ഡി.എൽ., എച്ച്.ഡി.എൽ. എന്നിവ ആരോഗ്യകരമായ അളവിലല്ല. പക്ഷേ, ഇപ്പോൾ മറ്റ് രോഗങ്ങൾ ഒന്നും ഇല്ല. ഈ സാഹചര്യത്തിൽ ആ വ്യക്തിയ്ക്ക് ഭാവിയിൽ ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ചികിത്സ എന്ന നിലയിലാണ് കൊളസ്ട്രോൾ മരുന്നിനെ ഉപയോഗിക്കാറുള്ളത്.
ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, പെരിഫെറൽ വാസ്കുലാർ ഡിസീസ് എന്നിവ വരാനുള്ള സാധ്യത 20 ശതമാനത്തിന് മുകളിൽ, എൽ.ഡി.എൽ. കൊളസ്ട്രോൾ അളവ് നൂറിന് മുകളിൽ, പ്രായം കൂടുന്നത്, പുകവലി ശീലം, കൊളസ്ട്രോൾ അളവുകളിലെ വലിയ വ്യതിയാനങ്ങൾ, കുടുംബത്തിൽ ചെറുപ്രായത്തിൽ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ബാധിച്ചവരുണ്ടോ തുടങ്ങിയ കാര്യങ്ങൾ കൂടി ചികിത്സയ്ക്ക് മുൻപ് കണക്കിലെടുക്കും.
കൊളസ്ട്രോൾ നില കൂടി നിന്നാൽ പത്ത് വർഷത്തിനുള്ളിൽ ഹാർട്ട് അറ്റാക്കിനോ സ്ട്രോക്കിനോ പെരിഫെറൽ വാസ്കുലാർ ഡിസീസിനോ സാധ്യത എത്രത്തോളമുണ്ടെന്ന് വിലയിരുത്തും. ഈ സാധ്യത കണക്കാക്കാൻ വയസ്സ്, കൊളസ്ട്രോളിന്റെ അളവ്, രക്തസമ്മർദം എന്നിവ കൂടി പരിഗണിക്കും.
എൽ.ഡി. എൽ., ടോട്ടൽ കൊളസ്ട്രോൾ-എച്ച്.ഡി.എൽ. റേഷ്യോ, എൽ.ഡി.എൽ.-എച്ച്.ഡി.എൽ. റേഷ്യോ, ഹൃദയസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യതയുണ്ടോ എന്നറിയാനുള്ള ApoB, ApoA അളവുകൾ എന്നിവയും ചികിത്സ ഏതുതരത്തിൽ വേണമെന്ന് തീരുമാനിക്കാൻ പരിഗണിക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങളെെല്ലാം പരിഗണിച്ച് 20 ശതമാനത്തിൽ കൂടുതൽ അപകടസാധ്യതയുണ്ടെങ്കിൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ മരുന്ന് നിർദേശിക്കും.
രക്തസമ്മർദം സാധാരണ നിലയിലും, പ്രായം കുറവുമുള്ള ഒരാൾക്ക് കൊളസ്ട്രോൾ അളവുകൾ അല്പം കൂടിയിരുന്നാലും റിസ്ക് കുറവാണെങ്കിൽ ജീവിതശൈലീക്രമീകരണത്തിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രമിക്കാം. എന്നാൽ അയാളുടെ കുടുംബത്തിൽ ചെറിയ പ്രായത്തിൽ തന്നെ സ്ട്രോക്കോ ഹൃദ്രോഗമോ കൊളസ്ട്രോൾ പ്രശ്നങ്ങളോ ഉള്ളവരുണ്ടെങ്കിൽ കൂടുതൽ പരിശോധനകൾ നടത്തിയശേഷം മരുന്ന് വേണമോ എന്ന് ഡോക്ടർ തീരുമാനിക്കും.
Also Read
മരുന്നുകൾ
കൊളസ്ട്രോളിന് പ്രധാനമായും മൂന്ന് തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്.
എസെറ്റിമൈബ് (Ezetimibe): ഭക്ഷണത്തിലൂടെ എത്തുന്ന കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് തടയുന്ന മരുന്നാണിത്.
പി.സി.എസ്.കെ. ഇൻഹിബിറ്റേഴ്സ്: കൊളസ്ട്രോൾ നിയന്ത്രണത്തിനുള്ള നൂതനമായ മരുന്നാണിത്. കുത്തിവെപ്പായാണ് ഈ മരുന്ന് നൽകുന്നത്.
സ്റ്റാറ്റിൻ മരുന്നുകൾ: കൊളസ്ട്രോൾ കുറയ്ക്കാൻ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മരുന്നാണ് സ്റ്റാറ്റിൻ. കൂടുതലായി ഉപയോഗത്തിലുള്ളതും ഈ മരുന്നാണ്.
സ്റ്റാറ്റിൻ വിഭാഗത്തിൽപ്പെട്ട ചില മരുന്നുകൾ ഇവയാണ്.
ലോവാസ്റ്റാറ്റിൻ,സിംവാസ്റ്റാറ്റിൻ,പ്രവാസ്റ്റാറ്റിൻ,ഫ്ളുവാസ്റ്റാറ്റിൻ,അറ്റോർവാസ്റ്റാറ്റിൻ,റോസുവാസ്റ്റാറ്റിൻ,പിറ്റാവാസ്റ്റാറ്റിൻ.
സി-റിയാക്ടീവ് പ്രോട്ടീൻ എന്ന ഘടകം രക്തത്തിൽ കൂടുതലുള്ള ഒരാൾക്ക് റോസുവാസ്റ്റാറ്റിൻ എന്ന മരുന്നാണ് കുറച്ചുകൂടി നല്ലത്. സാധാരണ രീതിയിലാണെങ്കിൽ അറ്റോർവാസ്റ്റാറ്റിനാണ് ഉപയോഗിക്കാറുള്ളത്. പല കാര്യങ്ങളും പരിഗണിച്ച് ഏത് മരുന്ന് ഉപയോഗിക്കണമെന്നത് ഡോക്ടറാണ് തീരുമാനിക്കുക. ഹൃദ്രോഗ സാധ്യതയുള്ളവർ, ഹൃദയധമനികളിൽ ബ്ലോക്കുകളുള്ളവർ, പ്രമേഹമുള്ളവർ, ഹാർട്ട് അറ്റാക്ക് ഉള്ളവർ എന്നിവർക്കൊക്കെ എൽ.ഡി.എൽ. കൊളസ്ട്രോൾ ഉയരുന്നത് ഗൗരവമായി കാണണം. ഹൃദ്രോഗമുള്ളവർക്ക് എൽ.ഡി.എൽ. 100 കടന്നാൽ സ്റ്റാറ്റിൻ തുടങ്ങണം. പ്രമേഹമുള്ളവരുടെ എൽ.ഡി.എൽ. കൊളസ്ട്രോൾ നില 130 എത്തുമ്പോൾ മരുന്നുകൾ നൽകും.
സ്റ്റാറ്റിൻ മരുന്നുകൾക്ക് ചില പാർശ്വഫലങ്ങൾ കാണാറുണ്ട്. ചിലരിൽ പേശീവേദന, കരളിന്റെ പ്രവർത്തന തകരാറുകൾ. ക്ഷീണം, തലവേദന എന്നിവ ഉണ്ടാകാം. കരൾ ഉത്പാദിപ്പിക്കുന്ന എൻസൈമുകളായ എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. എന്നിവയുടെ അളവ് ഉയരാം. ചിലരിൽ വിശപ്പില്ലായ്മയും വയറിന് അസ്വസ്ഥതയും ഓക്കാനവും ഛർദിയും ഉണ്ടാകാറുണ്ട്.
മറ്റ് മരുന്നുകൾ കഴിക്കുമ്പോൾ സ്റ്റാറ്റിൻ കഴിക്കാമോ?
സ്റ്റാറ്റിൻ മരുന്നുകളുടെ മെറ്റബോളിസം പ്രക്രിയയ്ക്ക് സഹായിക്കുന്ന ഒരു എൻസൈമാണ് സൈറ്റോക്രോം പി-450. ഇത് കരളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ എൻസൈമിന്റെ പ്രവർത്തനത്തെ കുറയ്ക്കുന്ന ചില മരുന്നുകളുണ്ട്. ആന്റിബയോട്ടിക്കായ എറിത്രോമൈസിൻ, ആന്റിഫംഗസ് മരുന്നായ കീറ്റോകൊണാസോൾ, സൈക്ലോസ്പോറിൻ, എച്ച്.ഐ.വി. എയ്ഡ്സ് ചികിത്സയ്ക്കുള്ള ചില മരുന്നുകൾ എന്നിവ കഴിക്കുമ്പോൾ എൻസൈമിന്റെ പ്രവർത്തനം കുറയുകയും സ്റ്റാറ്റിന്റെ അളവ് കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്.
രാത്രിയിലാണോ കഴിക്കേണ്ടത്?
എച്ച്.എം.ജി. കൊ-എ റിഡക്ടേഴ്സ് എന്ന എൻസൈമാണ് കൊളസ്ട്രോൾ നിർമാണത്തിന് സഹായിക്കുന്നത്. ഇതിന്റെ പ്രവർത്തനത്തെ തടഞ്ഞുകൊണ്ടാണ് സ്റ്റാറ്റിൻ പ്രവർത്തിക്കുന്നത്. ഈ എൻസൈം മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് രാത്രിയിലാണെന്നാണ് കണ്ടെത്തൽ. അതുകൊണ്ട് രാത്രിയിൽ കഴിക്കുന്നത് നല്ലതാണ്. പക്ഷേ, പകൽ കഴിച്ചാലും പ്രശ്നമൊന്നുമില്ല. ദിവസവും സ്ഥിരമായി ഒരേ സമയത്തുതന്നെ കഴിക്കുന്നതായിരിക്കും നല്ലത്.
ഗർഭിണികൾക്ക് സ്റ്റാറ്റിൻ കഴിക്കാമോ?
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സ്റ്റാറ്റിൻ നൽകാൻ പാടില്ല.
സ്റ്റാറ്റിൻ മരുന്നുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നത് എങ്ങനെ?
ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ 80 ശതമാനവും ഉണ്ടാവുന്നത് കരളിലാണ്. എച്ച്.എം.ജി. കൊ-എ(HMG-CoA) എന്ന ഘടകത്തെ മെവലോണേറ്റാക്കി മാറ്റുന്ന പ്രക്രിയയാണ് കൊളസ്ട്രോൾ ഉത്പാദനത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം. ഈ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഒരു എൻസൈമാണ്. എച്ച്.എം.ജി.കൊ.എ. റിഡക്ടേഴ്സ് എന്നാണ് ഈ എൻസൈം അറിയപ്പെടുന്നത്. ഈ എൻസൈമിന്റെ പ്രവർത്തനത്തെ തടഞ്ഞുകൊണ്ട് കൊളസ്ട്രോളിന്റെ ഉത്പാദനം കുറയ്ക്കുകയാണ് സ്റ്റാറ്റിൻ മരുന്നുകൾ ചെയ്യുന്നത്. കൊളസ്ട്രോൾ ഉത്പാദനം അമ്പത് ശതമാനംവരെ കുറയ്ക്കാൻ സ്റ്റാറ്റിൻ മരുന്നുകൾ സഹായിക്കുന്നു.
സ്റ്റാറ്റിൻ കഴിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ
- സ്റ്റാറ്റിൻ മരുന്നുകൾ ദീർഘനാൾ കഴിക്കേണ്ടിവരും. കൊളസ്ട്രോൾ നില കുറഞ്ഞാലും ഡോക്ടർ നിർദേശിക്കുന്ന കാലംവരെ കഴിക്കണം. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്ന് നിർത്തരുത്.
- കൃത്യമായ ഇടവേളകളിൽ ലിവർ ഫങ്ഷൻ ടെസ്റ്റ് ചെയ്യണം. എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. തുടങ്ങിയ എൻസൈമുകളുടെ അളവ് അറിയാനാണിത്.
- മദ്യപാനം ഒഴിവാക്കണം.
- പാർശ്വഫലങ്ങൾ എന്തെങ്കിലും കണ്ടാൽ ഡോക്ടറെ സമീപിക്കണം.
- ഭക്ഷണനിയന്ത്രണം, വ്യായാമം എന്നിവ ഒഴിവാക്കരുത്.
- ഹൃദയാഘാതം വന്നവർക്ക് സ്റ്റാറ്റിൻ മരുന്നുകൾ ദീർഘനാൾ ഉപയോഗിക്കാൻ നൽകാറുണ്ട്. വീണ്ടും ഹൃദയാഘാതം വരാതിരിക്കാനും സങ്കീർണ ശസ്ത്രക്രിയകൾ ഒഴിവാക്കാനും ഇത് ആവശ്യമാണ്.
- ഹൃദ്രോഗം ഉള്ളവരിൽ കൊളസ്ട്രോൾ സാധാരണ നിലയിലാണെങ്കിലും രക്തധമനികളുടെ നാശം തടയാനായി സ്റ്റാറ്റിൻ നൽകാറുണ്ട്.
ഹൃദയാഘാതം: കൊളസ്ട്രോൾ നില ഉയരുന്നത് ഏറ്റവും കൂടുതൽ ബാധിക്കുക ഹൃദയത്തെയാണ്. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ., ട്രൈഗ്ലിസറൈഡ് എന്നിവ കൂടുകയും നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ. കുറയുകയും ചെയ്യുന്നത് ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി ബ്ലോക്കുണ്ടാക്കാനിടയാക്കും. ഇതോടെ ഹൃദയത്തിലേക്ക് ശുദ്ധരക്തം എത്തുന്നത് കുറയും. ഇത് ഹൃദയത്തിന്റെ പേശികളുടെ നാശത്തിന് ഇടയാക്കും. ഈ സമയത്താണ് ആൻജൈന എന്നറിയപ്പെടുന്ന നെഞ്ചുവേദന അനുഭവപ്പെടുക. ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന കൊറോണറി ധമനികളിൽ ബ്ലോക്കുണ്ടാകുന്നതുമൂലം രക്തമൊഴുക്ക് പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.
സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് തടസ്സപ്പെടൽ, തലച്ചോറിലേക്കുള്ള രക്തക്കുഴലിന് പൊട്ടലുണ്ടാവുക എന്നീ സാഹചര്യങ്ങളിലാണ് സ്ട്രോക്ക് ഉണ്ടാവുക. തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യത്തിന് രക്തം ലഭിക്കാത്ത അവസ്ഥയാണ് ഇതുമൂലമുണ്ടാകുന്നത്. രക്തം ലഭിക്കാത്ത ഭാഗത്തെ തലച്ചോറിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കാം.
തലച്ചോറിലെ രക്തക്കുഴൽ പൊട്ടുന്നതുമൂലമുണ്ടാകുന്ന സ്ട്രോക്കാണ് ഹെമറാജിക് സ്ട്രോക്ക്. രക്തക്കുഴലിലെ ബ്ലോക്ക് മൂലം രക്തം തലച്ചോറിലേക്ക് വേണ്ടത്ര എത്താത്തതുമൂലം വരുന്ന സ്ട്രോക്കാണ് ഇസ്കീമിക് സ്ട്രോക്ക്. ഉയർന്ന കൊളസ്ട്രോളാണ് ഇവിടെ വില്ലനാകുന്നത്.
പെരിഫെറൽ ആർട്ടീരിയൽ ഡിസീസസ്: രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞ് രക്തം ഒഴുകുന്നതിന്റെ അളവ് കുറയുന്നത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആരോഗ്യപ്രശ്നമുണ്ടാക്കാം. കൈകൾ, കാലുകൾ, പാദങ്ങൾ എന്നീ ശരീരഭാഗങ്ങളിലാണ് ഇതിന്റെ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. ഈ ഭാഗങ്ങളിലേക്കുള്ള രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ് പെരിഫെറൽ വസ്കുലാർ ഡിസീസസ്.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്, മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ & എച്ച്.ഒ.ഡി. ആണ് ഡോ.ജിജിത്ത് കൃഷ്ണൻ
തയ്യാറാക്കിയത്: അനു സോളമൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..