എല്ലാത്തിലും ഒന്നാമതാവണമെന്ന് പറയുന്നത് സ്വാർഥത കൂട്ടിയേക്കാം; കുട്ടികൾ തോൽക്കാനും പഠിക്കണം


ഡോ. വർഷ വിദ്യാധരൻ

ചില കാര്യങ്ങൾ കുട്ടികൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കണം.

Representative Image | Photo: Gettyimages.in

കുട്ടികളെ പല കാര്യങ്ങളും പഠിപ്പിക്കാറുണ്ടല്ലോ. അവരെ തോൽക്കാനും പഠിപ്പിക്കണോ ? അതിശയിക്കേണ്ട, ഇക്കാര്യത്തെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം. ആദ്യം ചില ജീവിതകഥകളിലേക്ക്...

പ്ലസ്ടു കഴിഞ്ഞശേഷം അഞ്ചുവർഷത്തെ ഇന്റ​ഗ്രേറ്റഡ് കോഴ്സ്, മാനേജ്മെന്റ് രം​ഗത്ത് ചെയ്യണമെന്നത് ആദ്യയുടെ ആ​ഗ്രഹമായിരുന്നു. അതിനുവേണ്ടി അവൾ പഠിച്ചു. ഇന്ത്യയിലെ പ്രശസ്തമായ ഒരു കോളേജിൽ ചേരുകയും ചെയ്തു. എന്നാൽ കോളേജിലെ പഠനം വിചാരിച്ചതിലും ബുദ്ധിമുട്ടായി അവൾക്ക് തോന്നി. എത്ര പഠിക്കുന്നു എന്നതുമാത്രമല്ല മറ്റുള്ളവരുടെ മാർക്ക് കൂടി പരി​ഗണിച്ചാലേ അവൾ എവിടെ നിൽക്കുന്നു എന്ന് തീരുമാനിക്കാനാവൂ എന്ന് അവൾക്ക് മനസ്സിലായി. ക്യൂമുലേറ്റീവ് ​ഗ്രേഡ് പോയിന്റ് ആവറേജ്(CGPA) സ്കോറുകൾ അവൾക്ക് ദുസ്സഹമായി തോന്നാൻ തുടങ്ങി. മൂന്നുവർഷം കഴിഞ്ഞ് ഡി​ഗ്രി പൂർത്തിയാവുന്നതോടെ ഇന്ത്യയിലെ പ്രശസ്തമായ മറ്റ് സ്ഥാപനങ്ങളിലേക്ക്, അല്ലെങ്കിൽ വിദേശ യൂണിവേഴ്സിറ്റികളിലേക്ക് മാസ്റ്റേഴ്സ് പഠിക്കാൻ പോകാൻ കഴിയുമോ എന്നതിൽ അവൾക്ക് ആധിയായി. ഈ പഠനം വിചാരിച്ച പോലെയുള്ള ജോലിയിലേക്ക് എത്തിക്കില്ല എന്ന മുൻവിധിയിലേക്ക് എത്തിയതോടെ അവൾ ഉത്കണ്ഠയുടെ, ഉറക്കമില്ലാത്ത ആധിയുടെ ദിനങ്ങളിലേക്ക് വീണു.

ഇനി മറ്റൊരു ജീവിതകഥ. അച്ഛന്റെ ചിട്ടയായ ജീവിതരീതി കണ്ടാണ് സച്ചിൻ പ്രൊഫഷണൽ കോളേജിലേക്ക് എത്തിയത്. പക്ഷേ, ആ ജീവിതത്തിൽ തീരെ സ്വാതന്ത്ര്യമില്ലെന്ന് പുതിയ കോളേജിൽ എത്തിയപ്പോഴാണ് അവന് മനസ്സിലായത്. തോൽവി ഭയന്ന് ചെറിയ പരീക്ഷകൾ അവൻ എഴുതാതായി. പഠിക്കാതെ, പരീക്ഷകൾ എഴുതാതെ വന്നപ്പോൾ സെമസ്റ്റർ പരീക്ഷകളിൽ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഇത് വീട്ടിൽ പറയാതിരിക്കാൻ പല കള്ളങ്ങളും അവൻ പറഞ്ഞുകൊണ്ടിരുന്നു. ഒരുഭാ​ഗത്ത് കുറ്റബോധം, മറുഭാ​ഗത്ത് കാര്യങ്ങൾ ശരിയാക്കാനാകില്ലെന്ന ഭയം, ഇനിയുമൊരു ഭാ​ഗത്ത് തെറ്റിലേക്ക് തുടങ്ങിയ യാത്ര എന്നുതുടങ്ങി എല്ലാംകൂടി അവനെ വിഷാദത്തിലേക്ക് എത്തിച്ചിരുന്നുവെന്ന് മാതാപിതാക്കൾ അറിഞ്ഞത് വളരെ വൈകിയാണ്.

തോൽവികളെ മറികടക്കാൻ

എല്ലാ കാര്യങ്ങളും ആത്മാർഥമായി, ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കാൻ നമുക്ക് കുട്ടികളോട് പറയാം. അതിൽ തെറ്റില്ല. പക്ഷേ ആ വഴിയിൽ പരാജയങ്ങളും ഉണ്ടാവും. ആത്മാർഥമായി പരിശ്രമിച്ചിട്ടും തോൽവി നേരിടേണ്ടി വരുമ്പോൾ അത് താങ്ങാനുള്ള മനശ്ശക്തിയെക്കുറിച്ചുകൂടി കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. ക്ലാസ്റൂം പഠനം, അതോടൊപ്പം ജീവിതനൈപുണികൾ(Lifeskills) കൂടി കുട്ടികൾ പഠിക്കട്ടെ. സ്വയം അറിയൽ, സ്വന്തം കഴിവുകളും പരിമിതികളും മനസ്സിലാക്കൽ, മറ്റുള്ളവരെ മനസ്സിലാക്കാനും മറ്റുള്ളവരുമായി നല്ലരീതിയിൽ ആശയവിനിമയം ചെയ്യാനുമുള്ള ശേഷി, സമ്മർദങ്ങൾ കൈകാര്യം ചെയ്യൽ, നല്ല പ്രശ്നപരിഹാരശേഷി, വിമർശനാത്മകമായി ചിന്തിക്കാനുള്ള ശേഷി, സൃഷ്ടിപരമായ ചിന്ത തുടങ്ങിയ കഴിവുകൾ ചേർന്നതാണ് ജീവിതനൈപുണികൾ.

അതിനായി കുറച്ച് ജീവിതാനുഭവങ്ങൾക്കു കൂടി പ്രാധാന്യം കൊടുക്കണം. ഐ.ക്യു.(I.Q അഥവാ ബുദ്ധിശക്തിയോടൊപ്പം ഇ.ക്യു.(E.Q) അഥവാ വൈകാരികബുദ്ധിക്ക് കൂടി ശ്രദ്ധകൊടുക്കണം. മാർക്കുകൾക്ക് വേണ്ടി പഠിക്കുക, അല്ലെങ്കിൽ ​ഗ്രേഡിനു വേണ്ടി പഠിക്കുക എന്ന് ഊന്നിപ്പറയുന്നതിന് പകരം പാഠഭാ​ഗങ്ങൾ മനസ്സിലാക്കി പഠിക്കാൻ ശ്രദ്ധകൊടുക്കാൻ പറയാം. കൃത്യമായി മനസ്സിലായാൽ ശരിക്ക് എഴുതാനും മാർക്ക് വാങ്ങാനും കഴിയുമല്ലോ. എല്ലാത്തിലും ഒന്നാമതാവണമെന്ന് പറയുമ്പോൾ മത്സരബുദ്ധി ഒരു പരിധിയിൽ കൂടുമ്പോൾ അത് സ്വാർഥത കൂട്ടാനും സാധ്യതയുണ്ടെന്നറിയണം. മാത്രമല്ല എല്ലാം നാം വിചാരിച്ചപോലെ നടക്കില്ലെന്നറിയുമ്പോൾ പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ കുറയുമ്പോൾ, പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുമ്പോട്ടു പോകാനാകാതെ വരുമ്പോൾ അത് കുട്ടികളുടെ മനോനിലയെ ബാധിക്കുമെന്ന് അറിയുക.

ഇനി ആദ്യയുടെ ജീവിതകഥയിലേക്ക് തിരിച്ചുപോകാം. ആദ്യയോടെ പല സെഷനുകളായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണ് ഒരു ഭാ​ഗത്ത് ചെയ്തത്. പഠനം, ഉന്നതവിജയം, ജീവിതലക്ഷ്യങ്ങൾ ഇവയെ യഥാർഥ ബോധത്തോടെ കാണാൻ സഹായിക്കുന്ന തരത്തിൽ, അവൾക്ക് നേരിട്ട മാനസിക സമ്മർദം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന തരത്തിൽ, ചിന്തകളും വാക്കുകളും വികാരങ്ങളും പ്രവൃത്തികളും അവളുടെ മുന്നോട്ടുള്ള പുരോ​ഗതിക്ക് സഹായിക്കുന്ന രീതിയിൽ ചികിത്സയും പിന്തുണയും നൽകിയപ്പോൾ അവൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനായി.

സച്ചിന്റെ കാര്യത്തിലാവട്ടെ തോൽവി യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ, അത് വീട്ടുകാരോട് സംസാരിക്കാൻ, കുറ്റബോധവും സമ്മർദവും വിഷാദവും ഉത്കണ്ഠയും കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിലുള്ള പിന്തുണയും ചികിത്സാ സഹായവുമാണ് നൽകിയത്.

അനുഭവങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കട്ടെ

  • കുട്ടികൾക്ക് എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാനുള്ള അടുപ്പമുണ്ടാവുകയെന്നത് പ്രസക്തമായ കാര്യമാണ്. അത് ഒരുദിവസം കൊണ്ടല്ല,കുറച്ച് സമയമെടുത്ത് അവർക്ക് പറയാനുള്ള കാര്യങ്ങൾ മുൻവിധിയില്ലാതെ, ഉപാധികളില്ലാതെ കേൾക്കാൻ തയ്യാറാകണം. അവർക്കുവേണ്ടി സമയം ചെലവഴിക്കണം. അപ്പോൾ തോൽവിയുടെയോ കൊച്ചുകൊച്ചു സങ്കടങ്ങളുടെയോ കഥകൾ നമുക്ക് കേൾക്കാനാവും. അവിടെ നമുക്ക് നമ്മുടേതായ അഭിപ്രായങ്ങൾ പറയാം. ചെറിയ തിരുത്തലുകൾ സ്നേഹത്തോടെയാവാം.
  • ജയം, തോൽവി എന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം വന്നാൽ അത് നേരിടാനുള്ള കഴിവ് വളർത്തിയെടുക്കാനായി ചില സാഹചര്യങ്ങളോ, ജീവിതകഥകളോ പറഞ്ഞുകൊടുക്കാം.
  • മോശം സാഹചര്യങ്ങളിലും പ്രതീക്ഷ കൈവിടിയാതെ, മനസ്സിനെ വിഷാദം നിറഞ്ഞ നെ​ഗറ്റീവായ ചിന്തകകൊണ്ട് നിറയ്ക്കാറുള്ള പ്രവണത ഒഴിവാക്കാൻ നല്ല കഥകളും ആരോ​ഗ്യംനിറഞ്ഞ കുടുംബാന്തരീക്ഷവും ഒരുക്കി നൽകാം.
  • ജീവിതനൈപുണികളെ(Lifeskills) പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും ഒരുമിച്ച് വിരസതയില്ലാതെ ശ്രമിക്കാം.
  • കുട്ടികളുടെ പ്രായത്തിനനുസരിച്ച് ചില തീരുമാനങ്ങൾ അവർ എടുക്കട്ടെ. തീരുമാനത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കട്ടെ. അത് ​ഗുണമായാലും ദോഷമായാലും നേരിട്ട് പഠിക്കട്ടെ.
  • ചില കാര്യങ്ങൾ കുട്ടികൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കണം. എല്ലാ അവസരങ്ങളിലും സഹായിക്കാനായി ഓടിയെത്തും മുമ്പ് എല്ലാ കളികളിലും അവർക്ക് ജയിക്കാനായി തോറ്റുകൊടുക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കുക. അത് താൽക്കാലിക സന്തോഷം മാത്രമാവാതിരിക്കട്ടെ. അവർക്ക് സ്വന്തം കഴിവുകളും ബലഹീനതകളും തിരിച്ചറിയാനുതകുന്ന ജീവിതാവസരങ്ങൾ ഉണ്ടാകട്ടെ. വിഷമങ്ങൾ അറിഞ്ഞ്, ബുദ്ധിമുട്ടുകൾ മനസ്സിലാക്കി മുന്നേറട്ടെ. ഈ വിഷയത്തെപ്പറ്റി മുതിർന്ന ക്ലാസ്സുകളിൽ ക്ലാസ്റൂം പഠനത്തിന്റെ ഭാ​ഗമായി റോൾ പ്ലേകളും കൂട്ടായ ചർച്ചകളും ഉണ്ടായാൽ നല്ലതാണ്. തോൽവി അറിഞ്ഞ്, അത് ഉൾക്കൊണ്ട്, അത് മറികടക്കാൻ കുട്ടികൾ പഠിക്കുകതന്നെ വേണം.
കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേജ്, സൈക്യാട്രിക് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: teach your kids to fail, parenting tips, kids health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented