Representative Image| Photo: Canva.com
കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ തേടലാണ് കാൻസർ പ്രതിരോധത്തിൽ പ്രധാനം. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമാക്കാതെ മതിയായ ടെസ്റ്റുകൾ നടത്തി കാൻസറാണോ എന്ന് ഉറപ്പുവരുത്തണം. കാൻസർ സംബന്ധമായ ചില സംശയങ്ങളും അവയുടെ മറുപടിയും പരിശോധിക്കാം.
ഒരേ കാൻസർതന്നെ ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിൽ അതിനനുസരിച്ച് ചികിത്സയിൽ മാറ്റം വരുത്തണോ?
ഒരേ കാൻസർതന്നെ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഉദാഹരണമായി, ഒന്നാം സ്റ്റേജിലുള്ള സ്തനാർബുദം 90 ശതമാനത്തിലധികം ചികിത്സിച്ച് ഭേദമാക്കാനാകും. ഓപ്പറേഷനും കീമോതെറാപ്പിയും റേഡിയേഷനും ചെയ്താൽ ഭേദമാകുമെന്നാണ് പറയാറ്. എന്നാൽ അതേയാൾക്ക് ഒരുവർഷത്തിനുശേഷം വീണ്ടും കാൻസറുണ്ടാകുന്നുവെന്ന് കരുതുക. സ്വാഭാവികമായും അവർ ചോദിക്കും, പൂർണമായും ഭേദമാകുമെന്നുപറഞ്ഞിട്ട് എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന്. വീടിനടുത്ത് മറ്റൊരു സ്ത്രീയുണ്ട്. അവർക്ക് പത്തുവർഷത്തിലേറെയായി അസുഖം വന്നിട്ട്. നാലാമത്തെ സ്റ്റേജിലായിരുന്നു കണ്ടെത്തിയത്. ശ്വാസകോശത്തെയും എല്ലിനെയും ബാധിച്ചിരുന്നു. ഒന്നും ചെയ്യാൻ കഴിയില്ലെന്നുപറഞ്ഞ് ഹോർമോൺ ഗുളികമാത്രമാണ് നൽകിയത്. ഒന്നാം സ്റ്റേജിലുള്ള സ്തനാർബുദം മാറുമെന്ന് വിചാരിച്ചവർക്ക് തിരിച്ചുവരുന്നു. നാലാമത്തെ സ്റ്റേജിലെത്തിയവർ 10 വർഷത്തിലധികമായി കുഴപ്പമൊന്നുമില്ലാതെ ജീവിതം നയിക്കുന്നു. ഇത് എന്തുകൊണ്ടാണ്? ഇതിന്റെ അന്വേഷണം എത്തിച്ചത് പേഴ്‌സണലൈസ്ഡ് മെഡിസിൻ അഥവാ പ്രിസിഷൻ മെഡിസിൻ എന്ന രീതിയിലേക്കാണ്. കാൻസർ തന്മാത്രാതലത്തിൽ വ്യത്യസ്തമാണ്. അപ്പോൾ കാൻസർ ഒന്നാമത്തെ സ്റ്റേജിലാണോ നാലാമത്തെ സ്റ്റേജിലാണോ എന്നതുമാത്രമല്ല കാര്യം. ചിലപ്പോൾ ഒന്നാമത്തെ സ്റ്റേജിലുള്ള കാൻസറിന് നാലാമത്തെ സ്റ്റേജിലെ കാൻസറിനെക്കാൾ ശക്തിയുണ്ടാകും. ഇത് ജീൻ സ്റ്റഡിയിലൂടെ മനസ്സിലാക്കാനാകും.
മുകളിൽ പറഞ്ഞ ഉദാഹരണത്തിലെ, നാലാമത്തെ സ്റ്റേജിലുള്ള അവർക്ക് ട്യൂമറിൽ ഹോർമോൺ റിസപ്റ്റർ പോസിറ്റീവാണ്. അതുകൊണ്ട് ഹോർമോണുകൾ വഴിയാണ് കാൻസർ വളരുന്നത്. ട്യൂമർ സെല്ലുകൾക്ക് വളരാനാവശ്യമായ ഹോർമോൺ ഒഴിവാക്കിയാൽത്തന്നെ അതിനെ നിയന്ത്രിക്കാം.
Also Read
രോഗത്തിന്റെ സ്റ്റേജിനുപുറമേ എത് ജീനിലാണ് കുഴപ്പം വന്നിരിക്കുന്നത്, എന്ത് ജനിതകമാറ്റമാണ് വന്നിരിക്കുന്നത്, ആ ജനിതകമാറ്റം എന്തുതരത്തിലുള്ള സ്വഭാവമാണ് കാൻസർ കോശങ്ങളിൽ പ്രകടിപ്പിക്കുക എന്നിവയെല്ലാം വിലയിരുത്തി ഏതുതരത്തിലുള്ള ചികിത്സയാണ് വേണ്ടതെന്ന് തീരുമാനിച്ചാൽ ഈ കാൻസറിനെ നിയന്ത്രിക്കാൻ പറ്റും.
ഒന്നാമതായി പറഞ്ഞവരിൽ ട്രിപ്പിൾ നെഗറ്റീവാണ്. അതായത് അവരിൽ ഒരു റിസപ്റ്ററും പോസിറ്റീവല്ല. ജനിതകമാറ്റങ്ങൾ പാരമ്പര്യമായ ജീൻ തകരാറുകൾകൊണ്ടായിരിക്കാം സംഭവിച്ചിരിക്കുക. അത്തരം കാൻസറുകൾക്ക് ശക്തികൂടുതലായിരിക്കും. അത് നേരത്തേ കണ്ടെത്തിയാൽപ്പോലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഹോർമോൺ റിസപ്‌റ്റേഴ്‌സ് പോസിറ്റീവും അതിന്റെ പ്രോലിഫറേറ്റീവ് ഇൻഡക്സ് 15 ശതമാനത്തിന് താഴെയുമാണെങ്കിൽ ഹോർമോൺ ഗുളികകൾകൊണ്ടുതന്നെ നിയന്ത്രിച്ചുകൊണ്ടുപോകാനാകും.
കാൻസർ എന്തുകാരണംകൊണ്ടാണ് ഉണ്ടായതെന്നറിഞ്ഞ്, അതിനനുസരിച്ച് ചികിത്സ തീരുമാനിച്ചാൽ കാൻസറിനെ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കും.
ഗർഭാശയഗള കാൻസർ തടയാൻ എച്ച്.പി.വി. വാക്സിൻ സാർവത്രിക വാക്സിനേഷന്റെ ഭാഗമാക്കേണ്ടതല്ലേ? ഈ വാക്സിൻ എടുക്കേണ്ടത് എപ്പോഴൊക്കെയാണ്?
ഗർഭാശയഗള കാൻസർ തടയുന്നതിന് എച്ച്.പി.വി. വാക്സിൻ സാർവത്രിക വാക്സിനേഷന്റെ ഭാഗമാക്കേണ്ടതാണ്. അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. തത്കാലം ഒൻപത് വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നതെങ്കിലും ഒൻപത് വയസ്സുമുതൽ 28 വയസ്സുവരെയുള്ളവർക്ക് നൽകുന്നത് തീർച്ചയായും ഗർഭാശയഗള കാൻസർ തടയുന്നതിന് സഹായകമാകും. 70 മുതൽ 80 വരെ ശതമാനം ഗർഭാശയഗള കാൻസറിനും കാരണം എച്ച്.പി.വി. (ഹ്യൂമൺ പാപ്പിലോമ വൈറസ്) ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ വൈറസിനെ പ്രതിരോധിച്ചാൽ വലിയതോതിൽ ഗർഭാശയഗള കാൻസർ തടയാൻ പറ്റും. പണ്ട് ഏറ്റവും കൂടുതൽ കണ്ടിരുന്ന കാൻസറായിരുന്നു ഇത്. ഇപ്പോൾ ഗർഭാശയഗള കാൻസർ വളരെയേറെ കുറഞ്ഞിട്ടുണ്ട്.
ഒൻപത് വയസ്സുമുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് രണ്ടു ഡോസ് വാക്സിനും 14 വയസ്സിനും 28 വയസ്സിനും ഇടയിലുള്ളവരാണെങ്കിൽ മൂന്നു ഡോസുമാണ് നിർദേശിച്ചിട്ടുള്ളത്. ഇത് സാർവത്രിക വാക്സിനേഷന്റെ ഭാഗമാക്കിയത് നല്ല തീരുമാനമാണ്.
പുരുഷന്മാരിൽ ഹ്യൂമൺ പാപ്പിലോമ വൈറസ് കാൻസറിന് കാരണമാകുമോ?
പുരുഷന്മാരിൽ ഹ്യൂമൺ പാപ്പിലോമ വൈറസ് കാൻസറിന് കാരണമാകുന്നുണ്ട്. എച്ച്.പി.വി. അണുബാധ ശാരീരികമായ ബന്ധത്തിലൂടെ ഉണ്ടാകാം. അതുകൊണ്ട് ഓറൽ സെക്സിൽ ഏർപ്പെടുന്നതും ദുഗഭോഗത്തിൽ ഏർപ്പെടുന്നതും ലിംഗാഗ്രത്തിലും മലദ്വാരത്തിലും വായയിലും കാൻസറിന് കാരണമാകാറുണ്ട്. എന്നാൽ, പുരുഷന്മാരിൽ അപൂർവമായി മാത്രമേ ഇത് കാൻസറിന് കാരണമാകാറുള്ളൂ. അതുകൊണ്ട് പുരുഷന്മാരിൽ സാർവത്രികമായി എച്ച്.പി.വി. വാക്സിൻ എടുക്കാൻ നിർദേശിക്കാറില്ല.
ശരീരം നൽകുന്ന പൊതുവായ സൂചനകൾ എന്തൊക്കെയാണ്?
- കാൻസർ ബാധിക്കുന്ന ഭാഗത്തിനനുസരിച്ച് സൂചനകളിലും വ്യത്യാസം വരും. വിട്ടുമാറാത്ത തലവേദന, പ്രത്യേകിച്ചും രാവിലെ ഉറങ്ങിയെഴുന്നേൽക്കുമ്പോഴുള്ള കഠിനമായ തലവേദന, രാത്രി ഉറക്കം ഞെട്ടിയുണരുന്നവിധത്തിലുള്ള തലവേദന ഒക്കെ ചിലപ്പോൾ സൂചനയാകാം. അപസ്മാരം, രക്തസ്രാവം തുടങ്ങിയവയും ലക്ഷണമാകാം. പക്ഷേ, ഇതെല്ലാം സാധാരണ മറ്റ് രോഗങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് കാൻസറല്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾ ആവശ്യമാണ്.
- വേദനയുള്ളതും വേദനയില്ലാത്തതുമായ മുഴകൾ കാൻസറിന് കാരണമാകാം. ചില മുഴകൾ പെട്ടെന്ന് വളരുന്നവയായിരിക്കാം. ഏതുതരത്തിലുള്ള മുഴയാണെങ്കിലും പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പാക്കണം.
- ശരീരഭാരത്തിലുള്ള വ്യത്യാസമാണ് മറ്റൊരു സൂചന. ശരീരഭാരം ക്രമാതീതമായി കുറയുകയോ കൂടുകയോ ചെയ്യുക. വിട്ടുമാറാത്ത പനി, ചുമ, മലമൂത്രവിസർജനത്തിലുള്ള വ്യത്യാസം, മൂത്രം പോകാൻ തടസ്സം നേരിടുക, കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക എന്നിവയൊന്നും അവഗണിക്കരുത്. ആർത്തവവിരാമം കഴിഞ്ഞ് രക്തസ്രാവമുണ്ടെങ്കിൽ പരിശോധിക്കണം. ശബ്ദത്തിലുള്ള വ്യത്യാസം, ശബ്ദം അടഞ്ഞുപോകുന്ന അവസ്ഥ എന്നിവയുണ്ടെങ്കിലും പരിശോധന നടത്തണം.
- ചർമത്തിൽ മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കിൽ പരിശോധന നടത്തണം. വായിൽ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിൽ പരിശോധന നടത്തി പ്രശ്നകാരിയല്ലെന്ന് ഉറപ്പാക്കണം.
കാൻസർ സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന പരിശോധനകൾ എന്തെങ്കിലുമുണ്ടോ?
ലക്ഷണമൊന്നുമില്ലാത്ത അവസ്ഥയിൽത്തന്നെ പരിശോധന നടത്തുന്ന രീതിയാണ് സ്‌ക്രീനിങ്. കാൻസർ നേരത്തേ കണ്ടെത്തിയാൽ വേഗത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നുറപ്പുള്ള കാൻസറുകൾക്കാണ് പൊതുവേ സ്‌ക്രീനിങ് നിർദേശിക്കുക.
സ്തനാർബുദം ഇത്തരത്തിൽ നേരത്തേ കണ്ടെത്താം. 40 വയസ്സിനുമുകളിലുള്ള സ്‌ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാം പരിശോധന നടത്തുന്നത് ഉചിതമാണ്. സ്തനം സ്വയം പരിശോധിച്ച് മാറ്റങ്ങൾ വിലയിരുത്താം. ആർത്തവശേഷം ആറ്-ഏഴ് ദിവസത്തിനുശേഷം സ്വയംപരിശോധന നടത്താം.
ഗർഭാശയഗള കാൻസർ കണ്ടുപിടിക്കുന്നതിന് പാപ്‌സ്മിയർ ടെസ്റ്റ് നടത്താം. വൻകുടലിന്റെ കാൻസർ രക്തപരിശോധനയിലൂടെ കണ്ടെത്താം. മലത്തിൽ രക്തത്തിന്റെ അംശമുണ്ടെങ്കിൽ പരിശോധന നടത്തണം. 50 വയസ്സിന് മുകളിലുള്ളവർ വർഷത്തിലൊരിക്കൽ പരിശോധന നടത്തണം.
വായിലെ കാൻസർ എളുപ്പത്തിൽ കണ്ടെത്താം. വായിൽ ഉണങ്ങാതെയുള്ള മുറിവുകളുണ്ടെങ്കിൽ വേഗത്തിൽ കണ്ടെത്താം.
പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശ കാൻസറാണ്. അത് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കില്ല. എങ്കിലും ലോ ഡോസ് സി.ടി. സ്കാൻ ഉപയോഗിച്ച് വിലയിരുത്താം. പുകവലിക്കുന്നവരും നേരത്തേ പുകവലിശീലം ഉണ്ടായിരുന്നവരും ആണെങ്കിൽ ഈ പരിശോധനചെയ്യാം.
പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താൻ പി.എസ്.എ. ടെസ്റ്റ് ചെയ്യാവുന്നതാണ്. 50 വയസ്സ് കഴിഞ്ഞവർ വർഷത്തിൽ ഒരുതവണ ചെയ്യാവുന്നതാണ്. രക്തപരിശോധനയിലൂടെ ഇത് കണ്ടെത്താനാകും.
കുടലിലെ ബാക്ടീരിയകളുടെ ഘടനയും കാൻസറും തമ്മിൽ ബന്ധമുണ്ടോ?
കുടലിലെ ബാക്ടീരിയയുടെ ഘടനയും കാൻസറും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ശരീരത്തിലുണ്ട്. അതിൽ കുടലിൽ നല്ല ബാക്ടീരിയകളുടെ വലിയ കൂട്ടംതന്നെയുണ്ട്. ഗട്ട് മൈക്രോബയോം എന്നാണ് ഇതിന് പറയുക. പ്രധാനമായും വൻകുടലിലെ ബാക്ടീരിയകളുടെ പ്രത്യേക സംഘംതന്നെയുണ്ട്. ഈ ബാക്ടീരിയകളുടെ ഘടനയിൽ വരുന്ന മാറ്റം കാൻസറിലേക്ക് നയിക്കും. ഈ ബാക്ടീരിയകളും ശരീരത്തിന്റെ പ്രതിരോധശക്തിയും തമ്മിൽ അടുത്തബന്ധമുണ്ട്. ബാക്ടീരിയയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രതിരോധശേഷിയിൽ മാറ്റം വരും. അതൊരു ആവാസവ്യവസ്ഥയാണ്. ഇതിൽ പലകാരണങ്ങൾകൊണ്ടും മാറ്റം വരും. കുടലിലെ ബാക്ടീരിയയുടെ ഘടന മാറുന്നതിനനുസരിച്ച് കാൻസർ സാധ്യത കൂടുകയോ കുറയുകയോ ചെയ്യാം. ഗട്ട് മൈക്രോബയോമിനെ പുഷ്ടിപ്പെടുത്താൻ നാരുകളടങ്ങിയ ഭക്ഷണം സഹായിക്കും.
കോഴിക്കോട് എം.വി.ആർ. കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മെഡിക്കൽ ഡയറക്ടറുമാണ് ലേഖകൻ
Content Highlights: Symptoms and causes of Cancer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..