Representative Image | Photo: Gettyimages.in
രോഗത്തിന്റെ തീവ്രത, രോഗിയുടെ പ്രായം, ശാരീരിക സവിശേഷതകൾ തുടങ്ങി അനേകം കാര്യങ്ങൾ വിശകലനം ചെയ്തശേഷമാണ് ഏതുമരുന്ന്, എങ്ങനെ, എത്രനാൾ, ഏതുഡോസിൽ കൊടുക്കണം എന്ന തീരുമാനത്തിൽ ഡോക്ടർ എത്തുന്നത്.
ഒരു രോഗിക്ക് കുറിച്ച മരുന്ന്, മറ്റൊരു രോഗിക്കോ, ഇതേ രോഗിക്കുതന്നെ മറ്റൊരവസരത്തിലോ ചേരണമെന്നില്ല. അതുകൊണ്ടാണ് സ്വയം ചികിത്സ ഒഴിവാക്കണമെന്നും മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ മരുന്ന് വാങ്ങി കഴിക്കരുതെന്നും പറയുന്നത്. എന്നാൽ ഇന്ത്യയിൽ വർഷാവർഷം ശരാശരി 138 മില്യൺ ഡോളറിന്റെ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. ചർമരോഗങ്ങൾ ഉള്ളവരാണ് അതിന്റെ ഉപഭോക്താക്കൾ.
സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങൾ കുറഞ്ഞ വിലയിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെതന്നെ വിപണിയിൽ ലഭിക്കുന്ന സാഹചര്യമുണ്ട്. ചൊറിച്ചിലിന്, വട്ടച്ചൊറിക്ക്, മുഖക്കുരുവിന് എന്നുവേണ്ട, ഒരു പ്രശ്നവും ഇല്ലാത്തപ്പോഴും ചർമത്തിന്റെ നിറത്തിനും മുഖകാന്തിക്കുംവേണ്ടി ഇത്തരം ലേപനങ്ങളെ ആശ്രയിക്കുന്നവരുണ്ട്.
ഇത്തരം ലേപനങ്ങളുടെ അശാസ്ത്രീയമായ ഉപയോഗം ചർമത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ നിസ്സാരമല്ല, പലതും പൂർവസ്ഥിതിയിൽ ആക്കാൻ പറ്റാത്തതുമാണ്. മുഖചർമത്തിന് പൊതുവെ കട്ടി കുറവായതിനാൽ ലേപനങ്ങൾ കൂടുതൽ ആഗിരണം ചെയ്യപ്പെടുകയും പാർശ്വഫലങ്ങൾക്കുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
Also Read
സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളുടെ അശാസ്ത്രീയ ഉപയോഗം വരുത്തിവയ്ക്കുന്ന പ്രധാന പ്രശ്നങ്ങൾ നോക്കാം.
എക്സിമ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾക്ക് സ്റ്റിറോയ്ഡ് ലേപനങ്ങൾ ഫലപ്രദമാണ്. എന്നാൽ ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ ഇവയുടെ ഉപയോഗം വിപരീതഫലം ചെയ്യും. താത്കാലിക ആശ്വാസം ലഭിച്ചേക്കാം എങ്കിലും മരുന്ന് നിറുത്തുമ്പോൾ രോഗം മൂർച്ഛിക്കും. അതിനാൽ, ക്രമേണ ഇവയുടെ ഉപയോഗം അഡിക്ഷനായി മാറിയേക്കാം.
ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ ഇത്തരം സ്റ്റിറോയ്ഡ് ലേപനങ്ങൾ പുരട്ടുമ്പോൾ രോഗാണുക്കൾ സാധാരണ മരുന്നുകളോട് പ്രതിരോധം (Resistance) ആർജിക്കുകയും രോഗി മരുന്നുകളോട് പ്രതികരിക്കാതെ വരുകയും ചെയ്യുന്നു. ഇത് കൂടുതൽ ചെലവേറിയ മരുന്നുകൾ വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കും.
സ്റ്റിറോയ്ഡ് ലേപനങ്ങൾ ചർമത്തിലെ പാടുകളുടെ യഥാർഥ രൂപത്തിൽ മാറ്റം വരുത്തുന്നു. പിന്നീട് വിദഗ്ധ വൈദ്യപരിശോധനയും ടെസ്റ്റുകളും ചെയ്താൽപോലും രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടാകും.
ഇത്തരം മരുന്നുകൾ ചർമത്തിന്റെ കട്ടി കുറയ്ക്കാം. ഇതുമൂലം രക്തക്കുഴലുകൾ തെളിഞ്ഞുകാണുകയും, പ്രസവശേഷം സ്ത്രീകളിൽ വയറിൽ കാണുന്നപോലെയുള്ള വരകൾ ചർമത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാം. ഇത്തരം പാർശ്വഫലങ്ങൾ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുക ശ്രമകരമാണ്.
ഇത്തരം ലേപനങ്ങൾമൂലം ചർമത്തിൽ ചുവപ്പ്, അമിത രോമവളർച്ച, മുഖക്കുരു, വെയിലിനോട് അലർജി, കറുത്തതോ വെളുത്തതോ ആയ പാടുകൾ, വായയ്ക്കുചുറ്റും ചുവന്ന കുരുക്കൾ (Perioral dermatitis), ബാക്ടീരിയൽ അണുബാധ എന്നിവ ഉണ്ടാകാം.
സ്റ്റിറോയ്ഡ് നിർത്തുമ്പോൾ
ഡോക്ടറുടെ നിർദേശമില്ലാതെ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറുടെ നിർദേശം തേടണം. ഈ പ്രക്രിയ വളരെ സങ്കീർണമാണ്. മരുന്ന് നിറുത്തുമ്പോൾ മുൻപ് ഉണ്ടായിരുന്ന രോഗം മൂർച്ഛിക്കാം. മാത്രമല്ല, ചില പാർശ്വഫലങ്ങൾ പൂർവസ്ഥിതിയിലേക്ക് മാറ്റാനും ബുദ്ധിമുട്ടാവും. ഇവിടെ രോഗിക്ക് മാനസികപിന്തുണ വളരെ അത്യാവശ്യമാണ്.
ചില സന്ദർഭങ്ങളിൽ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിക്കുന്നത് നിറുത്താനായി മറ്റുമരുന്നുകളുടെ സഹായം വേണ്ടിവന്നേക്കാം.
ചികിത്സാ കാലയളവിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. തണുത്ത വെള്ളം തുണിയിൽ മുക്കിപ്പിടിക്കുന്നതും മോയ്സ്ചറൈസർ ഉപയോഗിക്കുന്നതും നീറ്റൽ കുറയ്ക്കാൻ സഹായിക്കും.
അനാവശ്യ ഭയം വേണ്ട
സ്റ്റിറോയ്ഡ് അമിതോപയോഗത്തിന്റെ മറുവശം സ്റ്റിറോയിഡ് ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിൽ അതിനോടുള്ള അമിത പേടിയാണ് (Steroid phobia). സ്റ്റിറോയ്ഡ് മരുന്നുകൾ ചികിത്സയിൽ ആവശ്യമായിവരുന്ന കുറെയധികം ചർമരോഗങ്ങളുണ്ട്; സോറിയാസിസ്, എക്സിമ, പെമ്ഫിഗസ് ഒക്കെ ഉദാഹരണങ്ങളാണ്. ഏതുതരം സ്റ്റിറോയ്ഡ്, എപ്പോൾ, എവിടെ, ആരിൽ, എത്രനാൾ ഉപയോഗിക്കണം എന്ന് ചർമരോഗ വിദഗ്ധർ നിർദേശിക്കും. ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ പാർശ്വഫലങ്ങൾ കൂടാതെ രോഗം ഭേദമാകും.
കോട്ടയം ഗവ. മെഡിക്കൽ കോളേജ് ത്വക് രോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖിക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..