Representative Image| Photo: Canva.com
പ്രായമാകുംതോറും പുരുഷന്മാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് രോഗങ്ങള്‍. ഇതുസംബന്ധിച്ച സംശയത്തിന് മറുപടി നല്‍കുകയാണ് ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ.ബി.പദ്മകുമാര്‍.
ചോദ്യം
എനിക്ക് 60 വയസ്സുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് മൂത്രം പോകാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടര്‍ന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. പ്രോസ്റ്റേറ്റ് വീക്കത്തിന് മരുന്ന് കഴിക്കുന്നുണ്ട്. എന്നാല്‍ മരുന്ന് നിര്‍ത്തിയാല്‍ വീണ്ടും അസ്വസ്ഥതകളുണ്ടാവുകയാണ്. പ്രോസ്റ്റേറ്റ് വീക്കത്തിന് ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരുമോ? ഏത് അവസ്ഥയിലാണ് ശസ്ത്രക്രിയ വേണ്ടിവരുന്നത്? അമിത ബി.പി.ക്ക് മരുന്ന് കഴിക്കുന്നുണ്ട്.
സുരേഷ് ബാബു കെ.എസ്.
Also Read
ഉത്തരം
പ്രായമേറുന്തോറും പുരുഷന്മാര്‍ നേരിടേണ്ടി വരുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് രോഗങ്ങള്‍. താങ്കള്‍ പങ്കുവെച്ചതുപോലെ സര്‍ജറിയെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ഒട്ടേറെ ആശങ്കകളും രോഗികള്‍ക്കുണ്ട്. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളെ നേരത്തെതന്നെ കണ്ടെത്തുകയും ശരിയായ ചികിത്സ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.
താങ്കള്‍ക്കുള്ളതുപോലെയുള്ള പ്രോസ്റ്റേറ്റ് വീക്കമാണ് പ്രായമേറിയവരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന പ്രോസ്റ്റേറ്റ് പ്രശ്‌നം. പ്രോസ്റ്റേറ്റ് കോശങ്ങള്‍ പെരുകി ഗ്രന്ഥി വീര്‍ത്ത് വലുതാവുന്ന അവസ്ഥയാണിത്. പ്രോസ്റ്റേറ്റ് കോശങ്ങള്‍ പെരുകുമ്പോള്‍ അതിന് നടുവിലൂടെ പോകുന്ന മൂത്രനാളിയും ഞെരുങ്ങുന്നു. ഇത് കാരണമാണ് മൂത്രതടസ്സം ഉണ്ടാകുന്നത്. മൂത്രം വരാന്‍ താമസം, മൂത്രമൊഴിക്കുമ്പോള്‍ ശക്തി കുറഞ്ഞുപോവുക, കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക, മൂത്രമൊഴിച്ചുകഴിഞ്ഞിട്ടും മൂത്രം കെട്ടിക്കിടക്കുന്നതായി തോന്നുക, രാത്രിയില്‍ പലതവണ മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയവയാണ് പ്രോസ്റ്റേറ്റ് വീക്കത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ മരുന്ന് ചികിത്സ മതിയാകും. പ്രോസ്റ്റേറ്റിലെ പേശികളുടെ മുറുക്കം കുറച്ച് ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്ന ആല്‍ഫ ബ്ലോക്കറുകള്‍, പ്രോസ്റ്റേറ്റിന്റെ വലുപ്പം കുറയ്ക്കുന്ന 5 ആല്‍ഫ റിഡക്ടേസ് ഇന്‍ഹിബിറ്റേഴ്‌സ് തുടങ്ങിയവയാണ് പ്രധാന മരുന്നുകള്‍. 40 സി.സിയില്‍ കൂടുതല്‍ വലുപ്പമുള്ള ഗ്രന്ഥിയാണെങ്കില്‍ രണ്ട് വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെയും സംയുക്തങ്ങള്‍ നല്‍കേണ്ടിവരും. ചികിത്സയുടെ ദൈര്‍ഘ്യം ഓരോ വ്യക്തിയുടെയും രോഗലക്ഷണങ്ങളെയും പ്രോസ്റ്റേറ്റ് വലുപ്പത്തെയും ആശ്രയിച്ചിരിക്കും. ഏതാനും മാസങ്ങള്‍ മുതല്‍ രണ്ടുവര്‍ഷം വരെ തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടി വന്നേക്കാം.
ആല്‍ഫ ബ്ലോക്കര്‍ മരുന്നുകള്‍ രക്തസമ്മര്‍ദം കുറയ്ക്കാം. തലവേദന, ക്ഷീണം, ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. ഹൈപ്പര്‍ടെന്‍ഷനുള്ള മറ്റ് മരുന്നുകളായ ബീറ്റ ബ്ലോക്കറുകള്‍, കാല്‍സ്യം ചാനല്‍ ബ്ലോക്കറുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. കാരണം പെട്ടെന്ന് ബി.പി കുറയാനിടയുണ്ട്.
പെട്ടെന്നുണ്ടാകുന്ന മൂത്രതടസ്സം, മരുന്നുകള്‍ ഫലിക്കാതെവരുക, വൃക്കകള്‍ക്ക് പ്രവര്‍ത്തന മാന്ദ്യമുണ്ടാവുക, തുടര്‍ച്ചയായ മൂത്രാശായ അണുബാധ, മൂത്രത്തില്‍ കല്ല് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുമ്പോഴാണ് ശസ്ത്രക്രിയ നിര്‍ദേശിക്കാറുള്ളത്. രണ്ടുതരത്തിലുള്ള ശസ്ത്രക്രിയകളാണ് സാധാരണയായി നടത്താറുള്ളത്. മൂത്രനാളിയിലൂടെ റിസക്ടോസ്‌കോപ് എന്ന ഉപകരണം കടത്തി പ്രോസ്റ്റേറ്റിലെ വീക്കമുള്ള ഭാഗത്തെ കോശങ്ങള്‍ ചുരണ്ടിക്കളയുന്ന ടി.യു.ആര്‍.പി., കൂടാതെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം 100 ഗ്രാമില്‍ കൂടുതലാണെങ്കില്‍ തുറന്നുള്ള ശസ്ത്രക്രിയയും വേണ്ടിവരാം. ശരീരപരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനിങ്, രക്ത-മൂത്ര പരിശോധനകള്‍, ബയോപ്‌സി തുടങ്ങിയ പരിശോധനകളിലൂടെയാണ് പ്രോസ്റ്റേറ്റ് ചികിത്സ തീരുമാനിക്കുന്നത്.
Content Highlights: prostate diseases symptoms diagnosis and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..