'വെറും' മുഖക്കുരു എന്ന് കരുതുന്നവ ചിലപ്പോൾ  മറ്റുചില ചര്‍മരോഗങ്ങളാകാം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ


ഡോ. രാമന്‍ ബി.വി.

ചിലരില്‍  ചെറുപ്രായത്തില്‍ തുടങ്ങുകയും മറ്റുചിലരില്‍ മുപ്പതുകള്‍ക്ക് ശേഷവും തുടരാറുമുണ്ട്.

Representative Image | Photo: Gettyimages.in

മുഖക്കുരു സൗന്ദര്യപ്രശ്‌നം മാത്രമല്ല. അത് ചിലരില്‍ വിഷാദം, അപകര്‍ഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകള്‍ക്കും കാരണമാകാറുണ്ട്. സാധാരണമായി മുഖക്കുരു കൗമാര പ്രായത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ഏകദേശം 25 വയസ്സ് ആകുമ്പോള്‍ നിലയ്ക്കുകയും ചെയ്യും. എന്നാല്‍ ചിലരില്‍ ചെറുപ്രായത്തില്‍ തുടങ്ങുകയും മറ്റുചിലരില്‍ മുപ്പതുകള്‍ക്ക് ശേഷവും തുടരാറുമുണ്ട്.

എന്താണ് മുഖക്കുരു ?

മനുഷ്യശരീരത്തില്‍ ഏറ്റവുമാദ്യം പ്രവര്‍ത്തിച്ചുതുടങ്ങുന്ന ഗ്രന്ഥിയാണ് സെബേഷ്യസ് ഗ്രന്ഥികള്‍ (Sebaceous Glands). ഇവ എണ്ണമയമാര്‍ന്ന സീബം (Sebum) എന്ന സ്രവം ഉത്പാദിപ്പിക്കുന്നു. ഈ സ്രവം രോമകൂപങ്ങള്‍ വഴി തൊലിപ്പുറത്തെത്തുകയും ചര്‍മത്തിന് മെഴുക്കുമയം നല്‍കുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ ഏകദേശം നാലാം മാസത്തില്‍ തുടങ്ങി ജീവിതകാലം ഉടനീളം തുടരുന്ന പ്രക്രിയയാണിത്.

ഉത്പാദനം അധികമാകുമ്പോള്‍ അല്ലെങ്കില്‍ ഗ്രന്ഥികളുടെ പുറത്തേക്കുള്ള പാത അടഞ്ഞ് പോകുമ്പോള്‍ സീബം ഉള്ളില്‍ തിങ്ങിനിറയുകയും സെബേഷ്യസ് ഗ്രന്ഥികള്‍ വീര്‍ത്ത് മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന്റെ ആദ്യ ഘട്ടം. ഇവയെ കാര (comedones) എന്ന് വിളിക്കുന്നു.

Also Read

രക്താതിമർദം വളരെ അധികമെങ്കിൽ ചികിത്സ തുടങ്ങാൻ ...

വൈറസ് എന്ന സൂക്ഷ്മാണുവിനുമുന്നിൽ മുട്ടുമടക്കി ...

ഒരിക്കൽ ഹാർട്ട് അറ്റാക്ക് ഉണ്ടായി; വീണ്ടും ...

പ്രോസ്റ്റേറ്റ് കാൻസർ ചികിത്സിച്ചുമാറ്റാനാകുമോ?

'ഭാനുവേട്ടൻ അലറി; എനിക്ക് ആരോടും ഒന്നും ...

ചര്‍മപ്രതലത്തിലെ സുഷിരങ്ങള്‍ അടഞ്ഞിരുന്നാല്‍ വെളുത്ത് കാണപ്പെടുന്ന കാരകളെ വൈറ്റ്‌ഹെഡ്‌സ് (Whiteheads) എന്നും സുഷിരങ്ങള്‍ തുറന്ന അവസ്ഥയില്‍ കറുത്ത് കാണപ്പെടുന്ന കാരകളെ ബ്ലാക്ക് ഹെഡ്‌സ് (Blackheads) എന്നും വിളിക്കുന്നു. ക്യൂട്ടിബാക്ടീരിയം അക്‌നെസ് പോലുള്ള രോഗാണുബാധമൂലം മുഖക്കുരു പഴുക്കുകയും അവ ഉണങ്ങിയാലും കലകളും വടുക്കളും അവശേഷിക്കുകയും ചെയ്യുന്നു.

മുഖക്കുരു മാറുന്ന സമയത്ത് തൊലിയില്‍ അവശേഷിക്കുന്ന ഇളംബ്രൗണ്‍ അല്ലെങ്കില്‍ കറുപ്പുനിറത്തിലുള്ള അടയാളത്തെ കലകള്‍ (Postinflammatory hyperpigmentation) എന്നാണ് പറയുക. തീവ്രത കൂടിയ മുഖക്കുരുക്കള്‍ ഉണങ്ങുന്ന സമയത്ത് മുഖത്ത് അവശേഷിക്കുന്ന ചെറിയ സുഷിരങ്ങളാണ് വടുക്കള്‍ (Scars). കലകള്‍ ഏതാനും മാസങ്ങള്‍കൊണ്ടോ വര്‍ഷങ്ങള്‍കൊണ്ടോ തനിയെ മാറിപ്പോകാം. എന്നാല്‍ വടുക്കള്‍ എന്നെന്നും നിലനില്‍ക്കും.

കാരണങ്ങള്‍

മുഖക്കുരു എന്നാണ് പേരെങ്കിലും അവ മുഖത്തെ മാത്രമല്ല ബാധിക്കുക. സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതല്‍ ഉള്ള മുഖം, നെഞ്ച്, തോളുകള്‍, മുതുക് എന്നിവിടങ്ങളിലാണ് കുരുക്കള്‍ കൂടുതല്‍ കാണപ്പെടുക. ഹോര്‍മോണുകള്‍, പ്രധാനമായും ലൈംഗികഹോര്‍മോണുകള്‍ ആണ് സെബേഷ്യസ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത്. സ്‌ത്രൈണഹോര്‍മോണായ ഈസ്ട്രജന്‍ സെബേഷ്യസ് ഗ്രന്ഥികളെ മന്ദീഭവിപ്പിക്കുമ്പോള്‍ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ അവയെ ഉത്തേജിപ്പിക്കുന്നു. പ്രായപൂര്‍ത്തിയാവുന്ന ഘട്ടത്തിലും ആര്‍ത്തവചക്രത്തിലുമുള്ള ഹോര്‍മോണ്‍ ഉത്പാദനം മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാകാറുണ്ട്.

ജനിതകമായ കാരണങ്ങള്‍കൊണ്ടും മുഖക്കുരു ഉണ്ടാകാം. മാതാപിതാക്കളില്‍നിന്ന് അടുത്ത തലമുറയിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ചില സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ അമിതോപയോഗം മുഖത്ത് കാരകള്‍ ഉണ്ടാകാന്‍ കാരണമാകാറുണ്ട്. (Cosmetic acne / Acne venenata). ജോലി സംബന്ധിയായ കാരണങ്ങളാല്‍ ചില രാസപദാര്‍ഥങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കും കുരുക്കള്‍ ഉണ്ടാകാം (occupational acne). പെട്രോളിയം ഉത്പന്നങ്ങള്‍, കോള്‍ ടാര്‍ (Tar acne), ആരോമാറ്റിക് സംയുക്തങ്ങള്‍ മുതലായവ ഉദാഹരണങ്ങളാണ്. ചൂടും, ഈര്‍പ്പവും കൂടുതല്‍ ഉള്ള കാലാവസ്ഥയില്‍ (Tropical acne) ചിലപ്പോള്‍ മുഖക്കുരുക്കള്‍ പ്രത്യക്ഷപ്പെടാം. അമിത ക്ഷാരഗുണമുള്ള ഡിറ്റര്‍ജന്റ് ഉപയോഗം (Detergent acne), ഇടയ്ക്കിടെ തൊലിയില്‍ ഉണ്ടാകുന്ന ഉരസല്‍, അനാവശ്യമായി മുഖം ഉരച്ചുകഴുകുന്ന രീതി എന്നിവയെല്ലാം മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാറുണ്ട്.

പലപ്പോഴും മുഖകാന്തിക്കുവേണ്ടി പുരട്ടുന്ന ലേപനങ്ങളില്‍ സ്റ്റിറോയിഡ് മരുന്നുകള്‍ അടങ്ങിയിട്ടുണ്ടാവാം. സ്റ്റിറോയിഡ് മരുന്നുകളുടെ പാര്‍ശ്വഫലമായി മുഖക്കുരു പ്രത്യക്ഷപ്പെടാറുണ്ട് (Steroid induced acne). സ്ഥിരമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ പുരട്ടി കേടുവന്ന ചര്‍മത്തെ (Steroid damaged face) ഭേദപ്പെടുത്താന്‍ വളരെയധികം നാളുകളുടെ ചികിത്സ വേണ്ടി വന്നേക്കാം. ഏത് മരുന്നുകള്‍ക്കും, പ്രത്യേകിച്ച് സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ക്ക്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ മരുന്നുകള്‍ പുരട്ടരുത്. മാനസികപിരിമുറുക്കം, ഉത്കണ്ഠ മുതലായവ ശരീരത്തിലെ സ്റ്റിറോയിഡ് ഹോര്‍മോണുകളുടെ അളവ് വര്‍ധിപ്പിച്ചു മുഖക്കുരുക്കള്‍ കൂട്ടാം. അപ്രകാരം മനസ്സും ചര്‍മത്തിന്റെ ആരോഗ്യവും ബന്ധപ്പെട്ട് കിടക്കുന്നു.

വളരെ അപൂര്‍വമായി പനിയും, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും ആഴമേറിയ മുഖക്കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകാറുണ്ട് (Acne fulminans / acne maligna). ആഴമേറിയ വടുക്കളും കലകളും നിറയെ പ്രത്യക്ഷപ്പെടുന്ന, അസാധാരണവും തീവ്രവുമായ അസുഖവും (cne conglobata) കാണാറുണ്ട്.

മാസ്‌ക് ഉപയോഗവും മുഖക്കുരുവും

കൊറോണക്കാലത്ത് മാസ്‌ക് സ്ഥിരമായി ഉപയോഗിക്കുന്നതുമൂലം മുഖക്കുരുകള്‍ കൂടുതലായി കണ്ടുവരുന്നുണ്ട് (maskne). കഴുകിയതും വൃത്തിയുള്ളതുമായ മാസ്‌ക്കുകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കല്‍മാത്രം ഉപയോഗിക്കാവുന്ന മാസ്‌ക്കുകള്‍ ഒരു ദിവസത്തില്‍ക്കൂടുതല്‍ ഉപയോഗിക്കരുത്. നാലുമണിക്കൂറില്‍ക്കൂടുതല്‍ തുടര്‍ച്ചയായി ഒരേ മാസ്‌ക് ഉപയോഗിക്കാതിരിക്കുക. അലര്‍ജി ഉണ്ടാക്കാത്ത നല്ലതരം മാസ്‌ക്കുകള്‍മാത്രം ധരിക്കുക.

ഭക്ഷണവുമായി ബന്ധമുണ്ടോ ?

ഭക്ഷണവുമായി മുഖക്കുരുവിന് ബന്ധമുണ്ടോ എന്ന് ഉറപ്പിച്ചുപറയാന്‍ പഠനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കൂടിയ ഭക്ഷണപദാര്‍ഥങ്ങളും പാലും പഞ്ചസാരയും പാലുത്പന്നങ്ങളും ചിലരില്‍ മുഖക്കുരുവിന് കാരണമാകാം.

പരിശോധനകള്‍

സാധാരണയായി മുഖക്കുരുവിന് മറ്റ് പരിശോധനകളുടെ ആവശ്യമില്ല. പക്ഷേ, ചിലപ്പോള്‍ മുഖക്കുരു മറ്റ് അസുഖങ്ങളുടെ ഭാഗമായി പ്രത്യക്ഷപ്പെടാം. മുഖക്കുരുവിനോടൊപ്പം അമിത രോമവളര്‍ച്ച, ആര്‍ത്തവ ക്രമക്കേടുകള്‍, ശബ്ദത്തിലെ വ്യത്യാസം, അമിതവണ്ണം, കൗമാരത്തിനുമുന്‍പോ യൗവനകാലത്തിനുശേഷമോ ഉണ്ടാകുന്ന മുഖക്കുരു, ചികിത്സയ്ക്ക് പ്രതികരിക്കാത്ത മുഖക്കുരു തുടങ്ങിയവ കൂടുതല്‍ പരിശോധന വേണമെന്ന സൂചന നല്‍കുന്നു.

പി.സി.ഒ.എസ്, അണ്ഡാശയ മുഴകള്‍, പുരുഷഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന ട്യൂമറുകള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് മുഖക്കുരു പ്രത്യക്ഷപ്പെടാം. ഈ സാഹചര്യത്തില്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഹോര്‍മോണ്‍ പരിശോധനകളും സ്‌കാനിങ്ങും മറ്റ് പരിശോധനകളും ചെയ്യേണ്ടതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചര്‍മരോഗവിദഗ്ധന് പുറമേ എന്‍ഡോക്രൈനോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ് തുടങ്ങിയവരുടെ സഹായവും വേണ്ടിവന്നേക്കാം. പലപ്പോഴും തീവ്രതകൂടിയ മുഖക്കുരുവുള്ളവരില്‍ ഉത്കണ്ഠയും വിഷാദരോഗവും കാണാറുണ്ട്. അപ്പോള്‍ മാനസികരോഗ വിദഗ്ധന്റെ സഹായവും വേണ്ടിവരാറുണ്ട്.

ചിലപ്പോള്‍ 'വെറും' മുഖക്കുരു എന്ന് സാധാരണ ആളുകള്‍ കരുതുന്നത് യഥാര്‍ഥത്തില്‍ മറ്റുചില ചര്‍മരോഗങ്ങളാകാം. ഹൈഡ്രഡിനൈറ്റിസ് സപ്പുററ്റിവ, ട്യൂബറസ് സ്‌ക്‌ളീറോസിസ് മുതലായവ ഉദാഹരണം. അതുകൊണ്ട് തുടക്കത്തില്‍ത്തന്നെ ഡോക്ടറെ കാണിക്കുന്നതാണ് ഉചിതം.

ചികിത്സ

മുഖക്കുരു ചികിത്സിക്കുന്നതിന്റെ ഉദ്ദേശ്യം മുഖത്ത് വടുക്കളും പാടുകളും വരാതെ സംരക്ഷിക്കുക എന്നതാണ്. മുഖത്തെ കലകളും വടുക്കളും ചികിത്സിച്ച് ഭേദമാക്കുകയെന്നത് മുഖക്കുരു ചികിത്സപോലെ എളുപ്പമല്ല. മുഖക്കുരുവിന്റെ കാഠിന്യത്തിനനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുക. കാഠിന്യം കുറഞ്ഞ അവസ്ഥയില്‍ ബെന്‍സോയ്ല്‍ പേറോക്‌സയിഡ്, ക്ലിന്‍ഡമൈസിന്‍, റെറ്റിനോയ്ഡ്‌സ് തുടങ്ങിയ ലേപനങ്ങള്‍ മതിയാകും. മുഖക്കുരുവില്‍ മാത്രമല്ല, ലേപനങ്ങള്‍ മുഖം മുഴുവനായും പുരട്ടേണ്ടതുണ്ട്. ലേപനങ്ങള്‍ പുരട്ടുന്നതിനുമുന്‍പായി തീവ്രതകുറഞ്ഞ സോപ്പ്/ഫേസ്‌വാഷ് ഉപയോഗിച്ച് മുഖംകഴുകണം. റെറ്റിനോയ്ഡ് ക്രീമുകള്‍ സാധാരണയായി രാത്രിമാത്രമാണ് പുരട്ടേണ്ടത്. റെറ്റിനോയ്ഡുകള്‍ ചര്‍മം വരണ്ടതാക്കാനുള്ള സാധ്യത ഉള്ളതിനാല്‍ ചിലപ്പോള്‍ മോയിസ്ചറൈസര്‍ ക്രീമുകളും ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാല്‍ അഡിപ്ലിന്‍ ജെല്‍ (Adapalene gel) രണ്ട് നേരം പുരട്ടാവുന്നതാണ്.

മുഖക്കുരുവിന്റെ തീവ്രതകൂടിയ അവസരങ്ങളില്‍ ഡോക്ടറുടെ ഉപദേശപ്രകാരം ആന്റിബയോടിക്, ഹോര്‍മോണ്‍, റെറ്റിനോയ്ഡ് ഗുളികകള്‍ കഴിക്കേണ്ടിവന്നേക്കാം. മുഖക്കുരു ചികിത്സയില്‍ ഏറ്റവും ഫലപ്രദമായ മരുന്നാണ് റെറ്റിനോയ്ഡ്. എന്നാല്‍ ഗര്‍ഭിണികള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നാണിത്. അവയുടെ ഉപയോഗം നിര്‍ത്തിയശേഷം ഒരുമാസംകഴിഞ്ഞ് ഗര്‍ഭധാരണത്തിന് കുഴപ്പമില്ല.

കലകളുടെയും വടുക്കളുടെയും ചികിത്സ

കലകളും വടുക്കളും മാറാന്‍ ഇന്ന് കൂടുതല്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ്. വടുക്കള്‍ പൂര്‍ണമായി മാറ്റാനാകില്ലെങ്കിലും നല്ലരീതിയില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയും. ഇതില്‍ വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റങ്ങള്‍ വരാം. കെമിക്കല്‍ പീല്‍സ്, മൈക്രോഡെര്‍മാബ്രെഷന്‍, ക്രയോതെറാപ്പി, ഡെര്‍മല്‍ ഫില്ലര്‍ മുതലായ ചികിത്സകള്‍ നല്ല കോസ്‌മെറ്റോളജി ക്ലിനിക്കുകളില്‍ ലഭ്യമാണ്. ഇവയ്ക്കുപുറമേ പഞ്ച് എക്‌സിഷന്‍, സബ്‌സിഷന്‍, ഡെര്‍മല്‍ ഗ്രാഫ്റ്റിങ്, കോളജിന്‍ ഇംപ്ലാന്റേഷന്‍, സ്‌കാര്‍ റിവിഷന്‍ മുതലായ ശസ്ത്രക്രിയാ സംവിധാനങ്ങളുമുണ്ട്. ലേസര്‍ ചികിത്സാ സംവിധാനങ്ങളും വടുക്കളുടെ ചികിത്സയ്ക്ക് ഫലപ്രദമാണ്. ഡോക്ടറുടെ ഉപദേശപ്രകാരം പേഷ്യന്റിന് സ്വയം ഉപയോഗിക്കാവുന്ന മൈക്രോ നീഡില്‍ പാച്ചസ് ലഭ്യമാണ്. സ്വന്തം ശരീരത്തില്‍നിന്നെടുക്കുന്ന ഘടകങ്ങള്‍തന്നെ ഉപയോഗിക്കുന്ന പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (PRP), നാനോഫാറ്റ് ട്രാന്‍സ്ഫര്‍ എന്നീ നൂതന ചികിത്സാരീതികളും പ്രചാരം നേടിവരുന്നു.

ചെയ്യേണ്ടത്

  • തുടക്കത്തില്‍ത്തന്നെ ഡോക്ടറുടെ ഉപദേശപ്രകാരം മുഖക്കുരു ചികിത്സിക്കുക.
  • ദിവസവും രണ്ടുനേരമെങ്കിലും വീര്യംകുറഞ്ഞ സോപ്പ് അല്ലെങ്കില്‍ ഫേസ്‌വാഷ് ഉപയോഗിച്ച് മുഖംകഴുകുക.
  • ചിട്ടയായ വ്യായാമവും ഭക്ഷണക്രമീകരണവും ശീലമാക്കുക.
ചെയ്യരുതാത്തത്

  • മുഖക്കുരുവിനെ പ്രായത്തിന്റെ പ്രശ്‌നമായി അവഗണിക്കരുത്.
  • കൈ ഉപയോഗിച്ച് മുഖക്കുരു അമര്‍ത്തി പൊട്ടിക്കാനോ സൂചികൊണ്ട് കുത്തിപ്പൊട്ടിക്കാനോ ശ്രമിക്കുമ്പോള്‍ പഴുപ്പ് ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതല്‍ വലുപ്പമുള്ള പാടുകള്‍ മുഖത്ത് അവശേഷിപ്പിക്കുന്നു. അതുകൊണ്ട് മുഖക്കുരുവില്‍ മരുന്നുപുരട്ടുന്നതിനപ്പുറമൊന്നും ചെയ്യാതിരിക്കുക.
  • കുറച്ചുദിവസങ്ങളോ ആഴ്ചകളോമാത്രം ചികിത്സിച്ചശേഷം മരുന്നുകള്‍ മുടക്കരുത്.
  • ഡോക്ടറുടെ ഉപദേശപ്രകാരമല്ലാത്ത, ശാസ്ത്രീയമല്ലാത്ത ചികിത്സാരീതികള്‍ പരീക്ഷിക്കരുത്.
പാലക്കാട് അടക്കാപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡെര്‍മറ്റോളജിസ്റ്റ് ആണ് ലേഖകൻ

Content Highlights: pimples on face, pimples and acne treatment, remedies for pimples

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented