Representative Image| Photo: Mathrubhumi
പുരാതനകാലം മുതലേ അതുല്യമായൊരു പാചകപാരമ്പര്യമാണ് കേരളത്തിനുള്ളത്. ഇനത്തിലും ഗുണത്തിലും നിറത്തിലും വൈവിധ്യം പുലർത്തിയിരുന്ന അക്കാലത്തെ ഓരോ വിഭവങ്ങളും ഏറെ സ്വാദിഷ്ഠവും സമീകൃതവുമായിരുന്നു. എന്നാൽ ഒട്ടും പോഷകസമ്പന്നമല്ലാത്ത പാഴ് ഭക്ഷണങ്ങൾ നിത്യജീവിതത്തിൽ ഇടംനേടിയതോടെ ചിരപരിചിതവും പരമ്പരാഗതവുമായ ആഹാരശീലങ്ങളിൽനിന്ന് പലരും അകന്നുപോയി.
രോഗപ്രതിരോധത്തിന് ശരിയായ ഭക്ഷണശീലങ്ങൾക്കും വലിയൊരു പങ്കുണ്ട്. പരമ്പരാഗത സമ്പ്രദായങ്ങൾതന്നെയാണ് പോഷകസമ്പന്നമായ ഭക്ഷണമൊരുക്കാൻ എന്നും നമുക്ക് വഴികാട്ടികൾ. മത്തങ്ങ, കുമ്പളങ്ങ, വെള്ളരി ഇവ കെട്ടിത്തൂക്കിയും, പയറും പാവയ്ക്കയും, പച്ചമുളകും കൊണ്ടാട്ടമുണ്ടാക്കിയും പിൽക്കാലത്തേക്കവർ സൂക്ഷിച്ചിരുന്നു. മാങ്ങയും നാരങ്ങയും നെല്ലിക്കയും ഉണക്കിയോ അച്ചാറിട്ടോ ആണ് സൂക്ഷിക്കുക.
രോഗാവസ്ഥയിൽ ആഹാരത്തിന് പ്രാധാന്യമുണ്ടോ?
ആഹാരങ്ങൾ നിർദേശിച്ചും നിഷേധിച്ചും ആയുർവേദം രോഗങ്ങളെ വരുതിയിലാക്കുന്നു. സ്വസ്ഥന്റെയും ആതുരന്റെയും ചികിത്സയിൽ ഔഷധത്തോളം പ്രധാനമാണ് ആഹാരവും. പല രോഗാവസ്ഥകളിലും ഔഷധങ്ങൾക്കൊപ്പം ശീലമാക്കേണ്ട ഭക്ഷണങ്ങളും വ്യത്യസ്തമാണ്. എന്നാൽ രോഗികൾക്ക് പോഷകാഹാരക്കുറവ് വരാതെ ശ്രദ്ധിക്കുകയും വേണം. ഉദാഹരണത്തിന് ദഹനപ്രശ്നങ്ങളിൽ ഔഷധങ്ങൾക്കൊപ്പം കഞ്ഞി, പപ്പടം ചുട്ടത്, ഉപ്പിലിട്ട ചെറുനാരങ്ങ, കണ്ണിമാങ്ങ, കൂവപ്പൊടി കുറുക്കിയത്, മലർക്കഞ്ഞി, മാതളനാരങ്ങയുടെ നീര്, എന്നിവയൊക്കെ രോഗിയുടെ വിശപ്പിനും ദഹനത്തിനും അനുസരിച്ച് മാറിമാറി നൽകാം. അസുഖം മാറുന്ന മുറയ്ക്ക് ഈ ഭക്ഷണശൈലി മാറ്റുകയും വേണം. പ്രോട്ടീനിന്റെ അഭാവം നികത്തേണ്ട സന്ദർഭങ്ങളിൽ കുടംപുളി ചേർത്ത മീൻകറിയോ നാടൻ കോഴിസൂപ്പോ ദഹനത്തിനും രുചിക്കും അനുസരിച്ച് ഉൾപ്പെടുത്താറുണ്ട്. സസ്യാഹാരികൾക്കാകട്ടെ പച്ചക്കറി സൂപ്പ്, പരിപ്പ് രസം, പാൽ, പാൽക്കഞ്ഞി ഇവ ഉൾപ്പെടുത്താം. ഡീജനറേറ്റിവ് ആർത്രൈറ്റിസിൽ ഔഷധത്തോടൊപ്പം ആട്ടിൻസൂപ്പും ഉപയോഗിക്കാറുണ്ട്.
ഭക്ഷണം രോഗങ്ങൾക്ക് ഇടയാക്കുന്നതെങ്ങനെ?
നന്നായി വിശക്കുമ്പോൾമാത്രം ആഹാരം കഴിക്കുന്നതാണുചിതം. ഇക്കാലത്ത് പ്രത്യേകിച്ച് അന്നകാലങ്ങൾ അനവധിയാകുമ്പോൾ. ദേഹപ്രകൃതി, പ്രായം, തൊഴിൽ, ദഹനശക്തി എന്നിവയ്ക്കനുസരിച്ച് ഓരോരുത്തർക്കും ഭക്ഷണം തിരഞ്ഞെടുക്കാം.രണ്ട് ഭക്ഷണകാലങ്ങൾക്കിടയിൽ ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും ഇടവേളയുണ്ടായിരിക്കുകയും വേണം.
വിശപ്പില്ലാതെ കഴിക്കുക, ദഹിക്കുന്നതിനുമുൻപേ വീണ്ടും കഴിക്കുക, അസമയത്തും രാത്രി വൈകിയുമുള്ള അമിത ഭക്ഷണം ഇവയെല്ലാം രോഗകാരണമാകുന്നു. ദുഃഖം, കോപം, അമിതമായ വിശപ്പ് എന്നിവയുള്ള സമയത്ത് മിതമായി മാത്രമേ കഴിക്കാവൂ. കഠിനമായ പുറംപണി ചെയ്യുന്നവർക്ക് തത്തുല്യമായ ഭക്ഷണം മെയ്യനങ്ങാത്തവർക്ക് ആവശ്യമില്ല. വളരെ വേഗത്തിലും വളരെ സാവധാനത്തിലും ഭക്ഷണം കഴിക്കരുത്. വയറിന്റെ പകുതിഭാഗം നിറയത്തക്കവിധം ഖരപദാർഥങ്ങളും കാൽഭാഗംനിറയത്തക്കവിധം ദ്രവങ്ങളും കഴിക്കാം. ബാക്കി ഒഴിച്ചിടാം. ശരിയായ ദഹനത്തിനും വായുവിന്റെ സുഗമമായ പ്രവർത്തനത്തിനും ഇതനിവാര്യമാണ്.
Also Read
നിത്യവും കഴിക്കാവുന്ന വിഭവങ്ങൾ ഏതൊക്കെ?
ചെന്നല്ലരി, ഗോതമ്പ്, നവര, യവം, റാഗി, മലർ, ചെറുപയർ, നെല്ലിക്ക (1 -2 എണ്ണം), മുന്തിരിങ്ങ, മോര്, പടവലങ്ങ, പയർവർഗങ്ങൾ, നെയ്യ്, പാട മാറ്റിയ പാൽ, മാതളം, പാവക്ക, വാഴയ്ക്ക, കുമ്പളം, കോവയ്ക്ക, വെള്ളരി, മുരിങ്ങക്കായ, പേരക്ക, പപ്പായ, ശുദ്ധജലം, ചുക്കുംമല്ലിവെള്ളം, ജീരകവെള്ളം ഇവ മാറിമാറി നിത്യവും ഭക്ഷണത്തിൽപ്പെടുത്താം. മാംസാഹാരികൾക്ക് ചെറുമത്സ്യങ്ങൾ ഭക്ഷണത്തിൽപ്പെടുത്താം.
ഉഴുന്നുചേർത്ത ദോശ, ഇഡ്ഡലി ഇവ ദിവസവും കഴിക്കാമോ?
ഉഴുന്നുചേർത്ത് അരച്ചുണ്ടാക്കുന്ന വിഭവങ്ങളായ ദോശ, ഇഡ്ഡലി ഇവ ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കാനാണ് ആയുർവേദം നിർദേശിക്കുക. നിത്യവും പാടില്ല. ശരീരംകൊണ്ട് അധ്വാനമില്ലാത്തവർ ധാന്യത്തിന്റെ അളവ് അമിതമാകാതെ നോക്കണം. ദോശ, ഇഡ്ഡലി വിഭവങ്ങൾക്കൊപ്പം ചൂടുവെള്ളം കുടിക്കുന്നതും ദഹനം ക്രമപ്പെടുത്തും.
നിത്യവും കഴിക്കാൻ പാടില്ലാത്തവ ഏതൊക്കെ?
തൈര്, ഉഴുന്ന്, അമരയ്ക്ക, ചേമ്പ് മുതലായ കിഴങ്ങുകൾ, മാംസം, മുളപ്പിച്ച ധാന്യങ്ങൾ, അരച്ചുണ്ടാക്കിയ പലഹാരങ്ങൾ ഇവ ഒന്നിടവിട്ടേ കഴിക്കാവൂ. നിത്യവും പാടില്ല. ഗുണംകൊണ്ട് ആട്ടിറച്ചി മുൻപിലെങ്കിലും കൊഴുപ്പുള്ളതിനാൽ മാസത്തിലൊരിക്കലേ പാടുള്ളൂ. ഇടയ്ക്ക് മിതമായി നാടൻ കോഴിയും നാടൻ കോഴിമുട്ടയും ഭക്ഷണത്തിൽപ്പെടുത്താം.
ദഹനത്തെ ഉത്തേജിപ്പിക്കാൻ മോര്
മോര് ദഹിക്കാൻ എളുപ്പമുള്ളതാണ്. ദഹനത്തെ ഉത്തേജിപ്പിക്കുന്ന മോര് കരൾരോഗങ്ങൾ, അർശസ്സ്, ഗ്രഹണി, മൂത്രതടസ്സം, രുചിയില്ലായ്മ, പ്ലീഹാവീക്കം, രക്തക്കുറവ് ഇവയിലൊക്കെ ഗുണംചെയ്യും. എന്നാൽ തേൻ, നെല്ലിക്ക, പഞ്ചസാര ചെറുപയർപരിപ്പ് ഇവയിലേതെങ്കിലും കൂട്ടിയേ തൈര് പാടുള്ളൂ. ഇവയുണ്ടെങ്കിലും എന്നും തൈര് പാടില്ല. കൂടാതെ രാത്രിഭക്ഷണത്തോടൊപ്പമോ ചൂടാക്കിയോ തൈര് ഉപയോഗിക്കരുത്. എന്നാൽ അമീബിയാസിസിന്റെ തുടക്കത്തിൽ ഔഷധങ്ങൾക്കൊപ്പം തൈരും ഉൾപ്പെടുത്തിയാൽ രോഗം ലഘൂകരിക്കാനാകും. അതുപോലെ അതിസാരം, ഛർദി ഇവയോടനുബന്ധിച്ച് ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഔഷധങ്ങൾക്കൊപ്പം ഒരു സ്പൂൺ തൈര് തേനോ പഞ്ചസാരയോ ചേർത്ത് 2-3 തവണ നൽകാം.
പയറോ മുതിരയോ ചേർത്ത പുഴുക്ക്
പ്രാതലിന് കാപ്പിയും പലഹാരവും വരുന്നതിനുമുൻപ് പുഴുക്കായിരുന്നു നമ്മുടെ ഭക്ഷണങ്ങളിൽ പ്രധാനി. ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗങ്ങൾക്കൊപ്പം പയറോ മുതിരയോ ചേർന്നാൽ ‘പുഴുക്ക്’ പോഷകമായി. പ്രധാന ഭക്ഷണമാക്കാവുന്ന പുഴുക്ക് പ്രമേഹരോഗിക്കും കഴിക്കാം. ഒപ്പം അരിയോ ഗോതമ്പോ കഴിക്കാതെ പുഴുക്ക് മാത്രമായിവേണം പ്രമേഹരോഗി കഴിക്കേണ്ടത്. നാരുകളാൽ സമ്പന്നമായ പുഴുക്ക് വിശപ്പ് മാറാനും വയറ് നിറയാനും ഉത്തമമാണ്. നമ്മുടെ ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തിയാൽ പ്രമേഹം, ചിലതരം കാൻസർ, ഉദരരോഗങ്ങൾ, മലബന്ധം ഇവയുടെ കടന്നുവരവ് തടയും. നാരുകൾ ധാരാളമുള്ള ഭക്ഷണം കഴിച്ചാൽ ദഹനവ്യവസ്ഥിതിയിൽനിന്ന് പഞ്ചസാര വളരെ പതുക്കെ മാത്രമേ രക്തത്തിലേക്ക് വലിച്ചെടുക്കൂ.
ശരീരപുഷ്ടിക്ക് കിച്ചടി
ചെറുപയറും അരിയും സമം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. വറ്റാറാകുമ്പോൾ നെയ്യിൽ മൂപ്പിച്ച് കായം ഇഞ്ചി നുറുക്കിയത് ഇവ ചേർത്ത് വറ്റിച്ചെടുക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ശരീരപുഷ്ടിക്ക് ഉത്തമമാണിത്.
ദഹനത്തിന് ഇഞ്ചിച്ചമ്മന്തി
ഇഞ്ചിയും ചുവന്നുള്ളിയും വാളൻപുളിയും തേങ്ങയും ആവശ്യത്തിന് ഉപ്പും മുളകും കറിവേപ്പിലയും ചേർത്തുണ്ടാക്കുന്ന ചമ്മന്തി ദഹനരസത്തെ ഉദ്ദീപിപ്പിച്ച് അരുചിയെ അകറ്റും.
കുട്ടികൾക്ക് മലർ വിഭവങ്ങൾ
രണ്ടുവയസ്സ് കഴിഞ്ഞ കുട്ടികൾക്ക് മലർപ്പൊടിയും പഞ്ചസാരയും ഏലത്തരിയും ചേർത്ത് ചെറിയ ഉരുളകളായി ‘മലരുണ്ട’ നൽകുന്നൊരു പതിവ് മുൻപ് കേരളത്തിലുണ്ടായിരുന്നു. ശരീരപുഷ്ടിക്കും ദഹനശക്തിക്കും ഏറെ അനുയോജ്യമാണിത്. 12 വയസ്സുവരെയെങ്കിലും മലർ കുട്ടികളുടെ ഭക്ഷണത്തിൽപ്പെടുത്തണം. തേനും മലരും കൽക്കണ്ടവും ഈന്തപ്പഴവും ചേർത്തുരുട്ടി നൽകാം. മലർ പൊടിച്ച് നെയ്യും പഞ്ചസാരയും ചേർത്ത് ഉരുളകളാക്കി നൽകാം.
നെയ്യ്
ബുദ്ധി, ബലം, കാര്യഗ്രഹണശേഷി, വിവേചനശേഷി, ഓർമശക്തി, കാഴ്ചശക്തി, ഏകാഗ്രത ഇവയുണ്ടാകാൻ വെണ്ണ, നറുനെയ്യ് ഇവ കുട്ടികളുടെ ഭക്ഷണത്തിൽ പെടുത്തണം. ഇരുമ്പും കാത്സ്യവും സമൃദ്ധമായടങ്ങിയ പഞ്ഞപ്പുല്ല് പൊടിച്ച് ശർക്കരയും പാലും ചേർത്ത് കുറുക്കിയോ കുടിക്കാൻപാകത്തിലോ ശിശുക്കളുടെയും പഠിക്കുന്ന കുട്ടികളുടെയും ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കുട്ടികൾക്ക് മോര്, നെയ്യ്, പാൽ, അന്നന്ന് കടഞ്ഞെടുക്കുന്ന വെണ്ണ, ഇലക്കറികൾ, പഴങ്ങൾ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കഞ്ഞിയും പുഴുക്കും, ദോശയും സാമ്പാറും, പുട്ടും കടലയും പോലുള്ള പരമ്പരാഗത പ്രഭാതഭക്ഷണങ്ങളെക്കാൾ ഇന്ന് സ്വീകാര്യത ബ്രെഡിനും ജാമിനുമാണ്. ഉപ്പും പഞ്ചസാരയും കൊഴുപ്പും കൂടിയതോതിലടങ്ങിയ സംസ്കരിച്ച വിഭവങ്ങൾ, പൊറോട്ട, റെഡി ടു ഈറ്റ് വിഭവങ്ങൾ ഇവ ആരോഗ്യകരമല്ലെങ്കിലും നമ്മുടെ പ്രധാന ഭക്ഷണങ്ങളുടെ പട്ടികയിൽ ഇടംനേടി.
കുട്ടികളുടെ ശരീരത്തിനാവശ്യമായ ജീവകങ്ങളോ കാത്സ്യമോ ലവണങ്ങളോ ഒന്നും ഈ ഭക്ഷണങ്ങൾ നൽകുന്നില്ല. ഒരുദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമായ പ്രഭാതഭക്ഷണം ഏത് പ്രായത്തിലും പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. കുട്ടികൾ ഊർജസ്വലരായി പഠിക്കാൻ പ്രഭാതഭക്ഷണം കൂടിയേതീരൂ.
ഔഷധ പപ്പടം
രണ്ടുഗ്രാംവീതം ജീരകം, കായപ്പൊടി, കുരുമുളകുപൊടി ഇവ 100 ഗ്രാം ഉഴുന്നുപൊടിയും ആവശ്യത്തിന് ഇന്തുപ്പും ഒരു നുള്ള് സോഡാപ്പൊടിയും (ആവശ്യമെങ്കിൽ) ചേർത്ത് കുഴച്ച് പപ്പടത്തിന്റെ ആകൃതിയിൽ പരത്തിയെടുക്കാം. ഉഴുന്നുപൊടിക്ക് പകരം ചെറുപയർപൊടിയും ഉപയോഗിക്കാം.
എള്ളെണ്ണയും ഗോതമ്പും ഒരുമിച്ച് വേണ്ട
ഗോതമ്പ് വിഭവങ്ങളുടെ പാചകത്തിന് നെയ്യോ വെളിച്ചെണ്ണയോ ആവശ്യമെങ്കിൽ ചേർക്കാം. കണ്ണിന് ഗുണകരമല്ലാത്തതിനാൽ എള്ളെണ്ണയും ഗോതമ്പും ഒരുമിച്ച് പാടില്ല. ഗോതമ്പിനൊപ്പം തിളപ്പിച്ചാറിയ തണുത്ത വെള്ളം കുടിക്കാം.
മാതൃകാ ഭക്ഷണക്രമം
രാവിലെ
ഇളം ചൂടുവെള്ളം/ കാപ്പി/ചായ ഒരു കപ്പ്.
പ്രാതൽ
കഞ്ഞിയും ചെറുപയർ/ പുഴുക്ക്/ ഇഞ്ചി ചേർത്ത ചമ്മന്തി. അല്ലെങ്കിൽ ഇഡ്ഡലി/ ദോശ സാമ്പാർ/ ചട്ണി, അല്ലെങ്കിൽ പുട്ട്/ ചെറുപയർ/ കടലക്കറി അല്ലെങ്കിൽ ഇടിയപ്പം/ കുറുമ/ മുട്ടക്കറി.
ഉച്ചയ്ക്ക്
ചോറ്, സാമ്പാർ/ മോര്/ വെള്ളരിയോ ഏത്തക്കയോ ചേർത്ത പുളിശ്ശേരി/ പരിപ്പുകറി/ അവിയൽ/ തോരൻ/ മീൻകറി (മോരും മീനും വിരുദ്ധാഹാരമായതിനാൽ ഒന്നിച്ച് കഴിക്കരുത്)
വൈകുന്നേരം
ചായ/ കാപ്പി ഒരു കപ്പ്/ പഴം/ ഇലയട-ഒരെണ്ണം/ കൊഴുക്കട്ട-2 എണ്ണം
അത്താഴം
ചോറ്/ ചപ്പാത്തി/ കൂട്ടുകറി/ സാലഡ്/ ദാൽ കറി/ മീൻകറി
Content Highlights: opposite foods as per ayurveda, ayurvedic diet chart


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..