പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറഞ്ഞു, കൊഴുപ്പും മധുരവും കൂടി; ജീവിതശൈലിയും കാൻസറും 


By ഡോ. വി.പി ​ഗം​ഗാധരൻ

3 min read
Read later
Print
Share

ഡോ. വി.പി ​ഗം​ഗാധരൻ | Photo: Mathrubhumi

ജീവിതസാഹചര്യങ്ങളിലും രീതികളിലും വന്ന മാറ്റങ്ങൾ കാൻസർ വർധിപ്പിക്കുന്നുണ്ടോ?

കാൻസർ കൂടുന്നുണ്ട് എന്നുതന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള സാധ്യതകൾ കൂടിയത് ഒരു കാരണമാണ്. മുൻപ്‌ പലയാളുകളിലും രോഗം കണ്ടെത്താൻപറ്റിയിരുന്നില്ല. ഇപ്പോൾ ഒട്ടുമിക്കവരിലും കണ്ടെത്താനാകുന്നുണ്ട്. അതിനപ്പുറവും രോഗം കൂടുന്നുണ്ട്. തെറ്റായ ജീവിതശൈലി കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. അക്കൂട്ടത്തിൽ പ്രധാനം ആഹാരത്തിൽ വന്ന മാറ്റങ്ങൾതന്നെ. രണ്ടുതരത്തിലാണ് ആ മാറ്റങ്ങൾ. ഒന്ന് ആഹാരരീതി, അതായത് ആഹാരംതന്നെ മാറി. കഴിക്കുന്ന ആഹാരത്തിലെ ഘടകങ്ങളിൽ വന്ന മാറ്റങ്ങളാണ് മറ്റൊന്ന്. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ തോത് കാര്യമായി കുറഞ്ഞിട്ടുണ്ട് ഇന്നത്തെ ഭക്ഷണത്തിൽ. കൊഴുപ്പ്, നിറങ്ങൾ, മധുരം, കൃത്രിമരുചികൾ തുടങ്ങിയവ വളരെ കൂടി. ഇതൊക്കെ കാൻസർസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

ആഹാരംപോലെതന്നെ പ്രധാനമാണ് വ്യായാമവും. അമിതവണ്ണംപോലുള്ള പ്രശ്നങ്ങൾ കാൻസർസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും നാരുള്ള ഇനങ്ങളും ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുകയും മതിയായ ശാരീരികായാസം ഉറപ്പാക്കുകയും ചെയ്യുന്നത് കാൻസർപ്രതിരോധത്തിലും വളരെ പ്രധാനമാണ്.

കാൻസർപ്രതിരോധത്തിലെ പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?

കാൻസർപ്രതിരോധം എന്നതിൽ പ്രധാനമായും രണ്ട്‌ കാര്യങ്ങളുണ്ട്. ഒന്നാമത് സമഗ്രപ്രതിരോധം. രണ്ട് നേരത്തേ രോഗം കണ്ടുപിടിക്കൽ. കാൻസർചികിത്സയിലെ പ്രധാന വെല്ലുവിളി വളരെ വൈകി മാത്രം രോഗം കണ്ടെത്തുന്നു എന്നതാണ്. കാൻസർപ്രതിരോധത്തിനോ രോഗം വന്നവരിൽ നേരത്തേ കണ്ടെത്തുന്നതിനോ ഉള്ള പദ്ധതി നമുക്കില്ല.

Also Read

അൽഷിമേഴ്സിന്റെ ആദ്യലക്ഷണങ്ങൾ കണ്ണിൽ പ്രകടമാകും; ...

മുഖാവരണം ധരിച്ചുതുടങ്ങണം, മറക്കാതിരിക്കാം ...

നടുവേദന ഒരു രോഗലക്ഷണം മാത്രം, കാരണങ്ങൾ ...

ജാതകം നോക്കി സിസേറിയൻ ചെയ്യുന്ന രീതി ശരിയല്ല, ...

കാൻസർ സാധ്യത കുറയ്ക്കാൻ പാചകരീതികളിൽ ശ്രദ്ധിക്കേണ്ട ...

കാൻസർപ്രതിരോധത്തെ വളരെ വിശാലമായി കാണേണ്ടതാണ്. അത് കാൻസറിനപ്പുറം ഒരുവിധം രോഗങ്ങളെയൊക്കെ പ്രതിരോധിക്കാനുള്ള അവബോധ രൂപവത്കരണംതന്നെയാണ്. സ്‌കൂൾതലംമുതലേ ശരിയായ ഭക്ഷണത്തെക്കുറിച്ചും ശരിയായ ജീവിതശൈലിയെക്കുറിച്ചുമുള്ള ശാസ്ത്രീയാവബോധം പകരാൻ നമുക്ക് കഴിയേണ്ടതുണ്ട്.

ഭക്ഷ്യവസ്തുക്കളുടെയും പാകംചെയ്ത ഭക്ഷണയിനങ്ങളുടെയും കാര്യത്തിൽ ഗുണമേന്മ ഉറപ്പാക്കാൻ ഔദ്യോഗികസംവിധാനങ്ങൾക്ക് കഴിയണം. നിയമങ്ങളോ ചട്ടങ്ങളോ ഒക്കെ ഉണ്ട് എന്ന്‌ പറഞ്ഞിട്ട് കാര്യമില്ല അവ ഫലപ്രദമായി നടപ്പാക്കാൻകഴിയണം. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിക്കാണിക്കുകയും പരസ്യം പ്രദർശിപ്പിക്കുകയും ചെയ്തശേഷം നായകൻ പുകവലിക്കുന്ന ഗാംഭീര്യം നിറഞ്ഞ രംഗങ്ങൾ സിനിമയിൽ വരുമ്പോൾ ഏതിനാണ് പ്രാമുഖ്യം കിട്ടുക. നമ്മുടെ നിയമങ്ങളുടെയും ബോധവത്കരണങ്ങളുടെയും പൊതുസ്വഭാവം ഇങ്ങനെയാണ്.
രോഗനിർണയത്തിനാകട്ടെ ചിട്ടയുള്ള പദ്ധതികളൊന്നുമില്ല. പല വിദേശരാജ്യങ്ങളിലും ബഹുഭൂരിപക്ഷം ആളുകൾക്കും ആരോഗ്യ ഇൻഷുറൻസ് പോലുള്ളവയുണ്ട്. 40 കഴിഞ്ഞവർ മാമോഗ്രാം രണ്ടുവർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്തിരിക്കണം എന്നതുപോലെ പല നിബന്ധനകളുമുണ്ട്. എന്നാൽ, നിർഭാഗ്യവശാൽ നമുക്ക് അത്തരം ചിട്ടകളൊന്നുമില്ല. ഇനി, ചെക്ക്‌അപ്പുകളും മറ്റും നടത്തുന്നുണ്ടെങ്കിലും അക്കൂട്ടത്തിൽ കാൻസർസാധ്യത പരിശോധിക്കാനുള്ള ഇനങ്ങളൊന്നും ഉണ്ടാകാറില്ല. കാൻസർസാധ്യത കുറയ്ക്കുന്ന ചിലയിനം വാക്‌സിനുകളും നമ്മുടെ നാട്ടിൽ തീരേ പ്രചാരത്തിലില്ല. 25-30 വർഷം മുൻപുണ്ടായിരുന്നതിനെയപേക്ഷിച്ച് കാര്യങ്ങൾ ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഇക്കാലംകൊണ്ട് നമുക്ക് സാധിക്കാമായിരുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.

കാൻസർ പ്രതിരോധത്തിൽ എന്തുമാറ്റമാണ് വേണ്ടത്?

കാൻസറിന്റെ കാര്യത്തിലാകുമ്പോൾ, പ്രതിരോധത്തിൽ രണ്ട് ഘടകങ്ങളാണുള്ളത്. ഒന്ന്, രോഗം വരാതെ തടയുകയെന്നതാണ്. മറ്റൊന്ന്, രോഗം വന്നാൽ, ഏറ്റവും നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുകയെന്നതും. രോഗം വരാതെ തടയുകയെന്നതിൽ, അത് കാൻസർ പ്രതിരോധംമാത്രമല്ല, എല്ലാത്തരം രോഗാവസ്ഥകളിൽനിന്നുമുള്ള പ്രതിരോധംകൂടിയാണ്. കാൻസറിന്റെ കാര്യത്തിൽ പ്രത്യേകമായി ചെയ്യാനുള്ളത് കാൻസർ സാധ്യതാപരിശോധനകൾ വ്യാപകമാക്കുകയെന്നതാണ്. കാൻസർ സ്‌ക്രീനിങ്ങിനുള്ള സൗകര്യം എല്ലായിടത്തും വരണം. അത് സാധാരണമായൊരു കാര്യമായിരിക്കണം. 40 വയസ്സ് കഴിഞ്ഞാൽ, വർഷത്തിലൊരിക്കൽ മാമോഗ്രാം പരിശോധനകൾ സാർവത്രികമാക്കുക, എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും പതിവായി പ്രാഥമിക കാൻസർ പരിശോധനകൾ നടത്തുക തുടങ്ങിയവയാണ് വേണ്ടത്.

വ്യാജചികിത്സകൾ കാൻസർ ചികിത്സയെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുണ്ട്?

വ്യാജചികിത്സകൾ വലിയ പ്രശ്നമാണ്. അതുമാത്രമല്ല, ഔദ്യോഗികാംഗീകാരമുള്ള പല ചികിത്സാവിഭാഗങ്ങളിലും കാൻസർ ചികിത്സയ്ക്കുവേണ്ട ശരിയായ പദ്ധതികളില്ല. എങ്കിലും അവർ ചികിത്സിക്കുന്നുണ്ട്. വ്യാജചികിത്സകർ ഏതെങ്കിലും ഒരു പ്രത്യേകയിനം ചികിത്സയുടെ ഗുണത്തെക്കുറിച്ച് പ്രചരിപ്പിക്കുകയാണ് ചെയ്യുക. എത്ര പേരെ ചികിത്സിച്ചു, എങ്ങനെയാണ് ചികിത്സ, ആ മരുന്നിന്റെ പ്രവർത്തനം എങ്ങനെയാണ്, എത്ര പേർക്ക് ഗുണം കിട്ടിത്തുടങ്ങി എന്നിങ്ങനെ ഒരു കാര്യത്തിലും ചിട്ടയോടെയുള്ള വിവരങ്ങളൊന്നുമുണ്ടാവില്ല. തുറന്നടിച്ച് പ്രചരിപ്പിക്കൽമാത്രമാവും. ഏതുതരത്തിലായാലും ആളുകളെ ആ ചികിത്സയെക്കുറിച്ച് വിശ്വസിപ്പിച്ചെടുക്കാനാണ് ശ്രമം. വിശ്വാസംമാത്രമാണ്, അവർക്ക് വേണ്ടത്.

തട്ടിപ്പുചികിത്സകളുടെ കാര്യത്തിൽ മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ ഭാഗത്തും ചില വീഴ്ചകളുണ്ടെന്ന് ഞാൻ പറയും. ചികിത്സിക്കലാണ് ഡോക്ടർമാരുടെ ചുമതല, ശരിതന്നെ. എന്നാൽ അതുമാത്രമല്ല, പൊതുസമൂഹത്തിന് ആരോഗ്യശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ച് അറിവ് പകരുകയെന്നതും ഡോക്ടർമാരുടെ ഉത്തരവാദിത്വമാണ്. ഉദാഹരണത്തിന്, രക്താർബുദചികിത്സ. ഒരു പത്തിരുപത്തഞ്ചുകൊല്ലം മുൻപുവരെ ഏറ്റവും മാരകമായ, ഇനി രക്ഷയില്ലെന്നമട്ടിലുള്ള അസുഖമായിരുന്നു രക്താർബുദം. എന്നാലിന്ന് ഈ രോഗം വരുന്ന വലിയൊരു പങ്ക് രോഗികളെയും ചികിത്സിച്ച് പൂർണമായും ഭേദമാക്കാൻ കഴിയുന്നുണ്ട്. ചികിത്സയിലുണ്ടാകുന്ന മുന്നേറ്റങ്ങൾ, വ്യാജന്മാരുടെ തട്ടിപ്പുകൾ എന്നിവയെക്കുറിച്ചൊക്കെ സമൂഹത്തിന് അറിവ് പകരാൻ ഡോക്ടർമാർ തയ്യാറാകണം. അത് ഒരു സാമൂഹികസേവനംകൂടിയാണ്.

ഔദ്യോഗികാംഗീകാരമുള്ള വിവിധ ചികിത്സാവിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ കൂടുതലൊരു പരസ്പരധാരണയുണ്ടാക്കേണ്ടതുമുണ്ട്. ഒരു രോഗത്തിന് തങ്ങളുടെ ചികിത്സാശാസ്ത്രത്തിൽ എന്തൊക്കെ പ്രതിവിധികളാണുള്ളത്, മറ്റൊരു ചികിത്സാപദ്ധതിയിലേക്ക് മാറിയാൽ എന്താണ് നേട്ടം തുടങ്ങിയ കാര്യങ്ങൾ പരസ്പരം അറിഞ്ഞിരിക്കണം. ഉദാഹരണത്തിന്, ആയുർവേദത്തിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. എന്തൊക്കെ ചികിത്സാകാര്യങ്ങളിൽ, എത്രത്തോളം സാധ്യതയാണ് ആയുർവേദത്തിനുള്ളതെന്ന് മോഡേൺ മെഡിസിൻ ഡോക്ടർമാരും അറിഞ്ഞിരിക്കണം. ഒരു കാൻസർ രോഗിയെ തങ്ങൾക്ക് എത്രത്തോളം ചികിത്സിക്കാനാവുമെന്ന് ആയുർവേദഡോക്ടർമാരും മനസ്സിലാക്കണം. ശരിയായ സമയത്ത് ശരിയായ ചികിത്സാപദ്ധതിയിലേക്ക് ഒരു രോഗിയെ ഗൈഡ് ചെയ്യാൻ ചികിത്സകർക്ക് കഴിയണം. അതിന് ചികിത്സകരെ പ്രാപ്തരാക്കുന്ന വിധത്തിൽ, നമ്മുടെ വൈദ്യവിദ്യാഭ്യാസംതന്നെ ക്രമീകരിക്കേണ്ടതുണ്ട്.

ചിലയിനം കാൻസറുകൾ കുറയുമ്പോൾ, ചിലത് കൂടുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാവാം ഇത്തരം മാറ്റങ്ങൾ?

സ്തനാർബുദം, തൈറോയ്ഡ് കാൻസർ, വൻകുടലിലെ അർബുദം, കരളിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവയൊക്കെ കാര്യമായി കൂടിയിട്ടുണ്ട്. ഗർഭാശയഗളാർബുദംപോലെ ചില കാൻസറുകൾ കാര്യമായി കുറയുന്നുമുണ്ട്. നേരത്തേ പറഞ്ഞതുപോലെ, ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും വന്ന മാറ്റങ്ങളാണ് പലയിനം കാൻസറുകളും കൂടാൻ കാരണം. ഹ്യൂമൻ പാപ്പിലോമ വൈറസ് പോലുള്ള ചില അണുബാധകൾ കാര്യമായി കുറഞ്ഞത് ഗർഭാശയഗളാർബുദം പോലുള്ളവയുടെ കാര്യത്തിൽ വലിയ നേട്ടമായിട്ടുണ്ട്. ശുചിത്വം മെച്ചപ്പെട്ടതും സ്ത്രീകളുടെ ആരോഗ്യാവസ്ഥ കാര്യമായി മെച്ചപ്പെട്ടതും ലൈംഗികശീലങ്ങൾ ആരോഗ്യകരമായതുമൊക്കെ അതിനുള്ള കാരണങ്ങളാണ്.

എഴുത്ത്: ബിജു സി.പി.

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: oncologist dr vp gangadharan lifestyle and cancer risk

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cancer

4 min

കാൻസർ: ശരീരം നൽകുന്ന പൊതുവായ സൂചനകൾ എന്തൊക്കെയാണ്? ഒരേതരം കാൻസർ ഓരോരുത്തരിലും വ്യത്യസ്തമാണോ ?

May 4, 2023


microcephaly

2 min

കുഞ്ഞിന്റെ തല സ്വാഭാവിക വലുപ്പത്തേക്കാൾ ചെറുതാകുന്ന അവസ്ഥ; അറിയാം 'മൈക്രോസെഫാലി'യെ

Dec 30, 2022


hair dye

2 min

അലർജി ഇല്ലെന്ന് ഉറപ്പാക്കണം; ഹെയർ ഡൈ ഉപയോ​ഗിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട  കാര്യങ്ങൾ

Nov 16, 2022

Most Commented