പ്രമേഹ മരുന്ന് തുടങ്ങിയാൽ നിർത്താൻ പറ്റുമോ? മറ്റ് അസുഖങ്ങളുള്ളവർ പ്രമേഹമരുന്ന് കഴിക്കുമ്പോൾ


ഡോ. ഉഷാ മേനോൻ

Representative Image| Photo: Canva.com

തോമസ് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. എല്ലാം അനിയന്ത്രിതമായ പ്രമേഹംകൊണ്ടാണല്ലോ എന്നോർത്തപ്പോഴാണ് കൂടുതൽ വിഷമം. പ്രമേഹത്തിന് മരുന്ന് കഴിച്ചാൽ വൃക്ക കേടാകുമെന്ന് പേടിച്ചാണ് മരുന്ന് കഴിക്കാതിരുന്നത്. എന്നിട്ടിപ്പോൾ വൃക്ക കേടായി. അണുബാധയും സ്വകാര്യഭാഗങ്ങളിലെ തൊലിയിലെ പഴുപ്പുമെല്ലാമായി ആശുപത്രിയിലായിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. പഴുപ്പ് നന്നായി കുറഞ്ഞാൽ ആന്റിബയോട്ടിക് കുത്തിവെപ്പ് നിർത്തി ഗുളിക നൽകി വീട്ടിൽ വിടാമെന്നാണ് ഡോക്ടർ പറഞ്ഞത്. പ്രമേഹം തുടങ്ങിയിട്ട് ആറുവർഷത്തോളമായി. പക്ഷേ, ശരിയായൊരു ചികിത്സ ഇതുവരെ എടുക്കാതിരുന്നതാണ് തോമസിന് പറ്റിയ തെറ്റ്. പിന്നെ പ്രമേഹം കൂടിയത് അറിയാതെയും പോയി. ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ രക്തത്തിലെ ഗ്ലൂക്കോസ്‌നില 450 ആയിരുന്നു. എച്ച്.ബി.എ.വൺ.സി. 13 ശതമാനവും. ഇൻസുലിൻ എടുത്ത ശേഷമാണ് ഗ്ലൂക്കോസ് നില കുറഞ്ഞത്.

മരുന്ന് തുടങ്ങിയാൽ നിർത്താൻ പറ്റുമോ?

അനന്തു ഒരു ഐ.ടി. പ്രൊഫഷണലാണ്. പ്രമേഹ സാധ്യതയുള്ള കുടുംബപാരമ്പര്യം, അമിതവണ്ണം, വ്യായാമമില്ലാതെ സദാ കംപ്യൂട്ടറിന് മുന്നിലിരുന്നുള്ള ജോലി. ഇങ്ങനെ എല്ലാ പ്രമേഹസാധ്യതാഘടകങ്ങളുമുള്ള ആളായിരുന്നു അയാൾ. അതുകൊണ്ട് വാർഷിക പരിശോധനയിൽ പ്രമേഹമുണ്ട് എന്ന് സ്ഥിരീകരിച്ചപ്പോൾ അനന്തുവിന് വലിയ അദ്ഭുതമൊന്നും തോന്നിയില്ല. മരുന്ന് കഴിക്കണമെന്ന് നിർദേശിച്ച ഡോക്ടറോട് അടുത്ത മൂന്നുമാസം കൃത്യമായി വ്യായാമം ചെയ്യുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്യാം എന്നൊക്കെ പറഞ്ഞ് മരുന്ന് ഒഴിവാക്കി. പിന്നെ അടുത്തവർഷത്തെ ആരോഗ്യപരിശോധനയിലാണ് തന്റെ എച്ച്.ബി.എ.വൺ.സി. 8 ശതമാനമായ കാര്യം അറിയുന്നത്. ഇനിയെങ്കിലും മരുന്ന് നിർബന്ധമായും കഴിക്കണമെന്ന് നിർദേശിച്ച ഡോക്ടറോട് അനന്തു ചോദിച്ചു: 'ഈ മരുന്ന് ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ലല്ലോ?' ഏതായാലും മരുന്ന് കഴിച്ചുതുടങ്ങൂ. പിന്നീട് നിർത്താൻ ശ്രമിക്കാമെന്നായിരുന്നു ഡോക്ടറുടെ മറുപടി.

മരുന്ന് വൈകിപ്പിച്ചാൽ പ്രശ്‌നമാണോ?

Also Read

പ്രായമേറുന്തോറും പുരുഷന്മാർ നേരിടുന്ന പ്രധാന ...

'ഞങ്ങളുടെ മോന് ആറുവയസ്സിൽതന്നെ പ്രമേഹമോ?', ...

മൂത്രം പിടിച്ചുവെക്കുന്ന ശീലമരുത്, ലൈംഗിക ...

പ്രമേഹനിയന്ത്രണം, എട്ടുകാലിവിഷത്തിനുള്ള ...

പഞ്ചസാര, ഉപ്പ്; നെ​ഗറ്റീവ് ഘടകങ്ങൾക്കനുസരിച്ച് ...

സുനിത ആദ്യകുട്ടിയെ ഗർഭം ധരിച്ചപ്പോൾ ഗർഭകാല പ്രമേഹമുണ്ടായിരുന്നു. പ്രസവശേഷം ഇടയിലൊന്നും പ്രമേഹ പരിശോധന നടത്തിയുമില്ല. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോൾ തുടക്കം മുതലേ പ്രമേഹബാധിതയായിരുന്നു. പ്രസവശേഷം ഷുഗർ കുറഞ്ഞുവെങ്കിലും എച്ച്.ബി.എ.വൺ.സി. 7.8 ശതമാനം ആയിരുന്നതിനാൽ മരുന്ന് തുടങ്ങാൻ ഡോക്ടർ നിർദേശിച്ചെങ്കിലും സുനിതയ്ക്ക് കഴിയുന്നത്രകാലം മരുന്നില്ലാതെ പോകണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് മരുന്ന് തുടങ്ങിയതുമില്ല. ഏകദേശം നാലുവർഷം കഴിഞ്ഞാണ് കാലിൽ പുകച്ചിലും തരിപ്പുമായി ഡോക്ടറെ കാണാൻ എത്തിയത്. ടെസ്റ്റ് ചെയ്തപ്പോൾ എച്ച്.ബി.എ.വൺ.സി. 10 ശതമാനം. അനിയന്ത്രിതമായ പ്രമേഹം കാരണം ഡോക്ടർ ഇൻസുലിൻ തുടങ്ങി. പക്ഷേ, ഇതിനകം 12 കൊല്ലത്തോളമായി പ്രമേഹമുള്ള സുനിതയ്ക്ക് ന്യൂറോപ്പതി, നെഫ്രോപ്പതി, റെറ്റിനോപ്പതി എന്നിവ തുടങ്ങിക്കഴിഞ്ഞിരുന്നു. തുടക്കത്തിലേ മരുന്ന് കഴിക്കാതെയും പ്രമേഹം നിയന്ത്രിക്കാതെയും മുന്നോട്ട് പോയതാണ് ഇതിനൊക്കെ കാരണം.

മരുന്ന് കഴിച്ചാൽ ഷുഗർ കുറഞ്ഞുപോകുമോ?

ദീർഘദൂര ബസ് ഡ്രൈവറാണ് മൻസൂർ. 36ാം വയസ്സിൽ തന്നെ പ്രമേഹം തുടങ്ങിയതിന് കാരണം പാരമ്പര്യവും അസമയത്തെ ഭക്ഷണവും അലച്ചിലുമാണെന്നാണ് അയാളുടെ തോന്നൽ. കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നതുകൊണ്ടാണ് ചികിത്സ തേടിയെത്തിയത്. എച്ച്.ബി.എ.വൺ.സി. 11 ശതമാനം ആയതിനാൽ ഡോക്ടർ ഇൻസുലിൻ നിർദേശിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. ഗുളികകൾ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരുദിവസം ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം കിട്ടാത്തതിനാൽ ഉച്ചയ്ക്ക് രണ്ടുമണിവരെ കാക്കേണ്ടിവന്നു. ശക്തമായ ക്ഷീണവും വിറയലും ഉണ്ടായ അയാൾക്ക് ഷുഗർ കുറഞ്ഞതാണെന്ന് മനസ്സിലായില്ല. എങ്കിലും ബസ്സിലുണ്ടായ ഒരാളുടെ സമയോചിതമായ ഇടപെടൽമൂലം പെട്ടെന്ന് ഭക്ഷണം കഴിച്ച് അസ്വസ്ഥത മാറ്റി. എങ്കിലും ഇതയാളെ വല്ലാതെ പിടിച്ചുലച്ചു. അതോടെ അയാൾ ഗുളികയെല്ലാം നിർത്തി. ഷുഗർ കുറഞ്ഞുപോകാത്ത ഗുളികകൾ ഉണ്ടെന്നും അവ തുടരണമെന്നും ഡോക്ടർ പറഞ്ഞിട്ടും അയാൾ കേട്ടില്ല.

പ്രമേഹ മരുന്ന് കഴിക്കുമ്പോൾ അമിതവണ്ണം കുറയ്ക്കാൻ കഴിയില്ലേ?

മരിയാമിസ് കോളേജ് പ്രൊഫസറാണ്. 40 വയസ്സിലാണ് പ്രമേഹം വന്നത്. ഗുളികകളെപ്പറ്റി കേട്ട് ഭയന്നതുകൊണ്ട് തുടക്കംമുതൽതന്നെ ഇൻസുലിനിലാണ് ഉപയോഗിക്കുന്നത്. പ്രമേഹം നിയന്ത്രിതമാണെങ്കിലും കൂടിവരുന്ന വണ്ണം അവരെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. ക്രമേണ വ്യായാമം ചെയ്യാൻ പറ്റാത്തവിധം മുട്ടുവേദനയും വന്നു. മാത്രമല്ല ഭക്ഷണം കുറച്ചാൽ ഷുഗർ കുറഞ്ഞ് തലകറക്കം വരുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞില്ല. മറ്റൊരു ഡോക്ടറെ കണ്ട് ഈ പ്രശ്‌നങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം ഗുളികകൾ ഉപയോഗിച്ചാൽ അമിതവണ്ണം കുറയ്ക്കാനും ഇൻസുലിൻ ഒഴിവാക്കാനുമാകും എന്ന് പറഞ്ഞു. മനസ്സില്ലാമനസ്സോടെ മരിയ അത് സമ്മതിച്ചു. 52ാം വയസ്സിൽ പ്രമേഹം നിയന്ത്രിതമായപ്പോഴാണ് പ്രമേഹമരുന്നുകൾ അത്ര കുഴപ്പക്കാരല്ല എന്ന് അവർക്ക് മനസ്സിലായത്. മാത്രമല്ല കൊളസ്‌ട്രോൾ, ഫാറ്റിലിവർ, കിഡ്‌നി ഫങ്ഷൻ എന്നിവയും മെച്ചപ്പെട്ടു.

ആദ്യകാല നിയന്ത്രണം അതിപ്രധാനം

ടൈപ്പ് 2 പ്രമേഹം പലപ്പോഴും ഏറെക്കാലം വലിയ ലക്ഷണങ്ങൾ ഉണ്ടാക്കാത്തതിനാൽ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. പലരും മറ്റെന്തെങ്കിലും ആവശ്യത്തിന് പരിശോധിക്കുമ്പോൾ മാത്രമാണ് ഇത് തിരിച്ചറിയാറ്. കണ്ടുപിടിച്ചാൽതന്നെ ഉടനെ ചികിത്സയെടുക്കാൻ മടിക്കുന്നവരാണ് മിക്കവരും. ആദ്യഘട്ടത്തിൽ വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവ പ്രയോജനം ചെയ്യുമെങ്കിലും കാഠിന്യം കൂടിയ പ്രമേഹാവസ്ഥ നിയന്ത്രിക്കാൻ മരുന്നുകൾതന്നെ വേണ്ടിവരും.

എച്ച്.ബി.എ.വൺ.സി. 10 ശതമാനത്തിൽ കൂടുതലാവുകയോ മറ്റുരോഗാവസ്ഥകൾ ഉണ്ടെങ്കിലോ ഇൻസുലിൻതന്നെയാണ് നല്ലത്. ഏതായാലും പ്രമേഹചികിത്സയ്ക്ക് ഇൻസുലിൻ എടുത്താലും ഗുളികകൾ ആവശ്യമാണ്. പ്രത്യേകിച്ച് ഹൃദ്രോഗം, വൃക്കരോഗത്തിന്റെ ആരംഭം എന്നീ അവസ്ഥകളിൽ ഗുണപ്രദമായ പല പുതിയ ഗുളികകളും ഇന്ന് പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

അമിതവണ്ണം കുറയ്ക്കാനും ഫാറ്റിലിവർ, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാനുമെല്ലാം സഹായിക്കുന്നവയാണ് പുതിയ മരുന്നുകൾ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ അമിതവണ്ണമുള്ളവർക്ക് ഉചിതമാണ്. പിന്നെ ഷുഗർ പെട്ടെന്ന് കുറയുന്നത് (ഹൈപ്പോ ഗ്ലൈസീമിയ) ഒഴിവാക്കിത്തന്നെ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മരുന്നുകളും ഇന്ന് പ്രചാരത്തിലുണ്ട്. ഓരോരുത്തർക്കും അനുയോജ്യമായ മരുന്ന് തിരഞ്ഞെടുക്കണമെന്നതാണ് പ്രധാനം. അങ്ങനെ വേണ്ട മരുന്ന് വേണ്ട അളവിൽ കഴിച്ചും ഭക്ഷണനിയന്ത്രണം, വ്യായാമം എന്നിവ പരിശീലിച്ചും തുടക്കം മുതലേ പ്രമേഹത്തെ നിയന്ത്രിച്ചുനിർത്തുന്നത് ഭാവികാല സങ്കീർണതകൾ തടയാൻ വളരെ ഗുണകരമാണ് എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

എന്നാൽ യു.കെ.പി.ഡി.എസ്., ഡി.സി.സി.ടി. & ഇ.ഡി.ഐ.സി. സ്റ്റഡി, ഡയബറ്റെസ് & എയ്ജിങ് സ്റ്റഡി എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ട ഒരു വസ്തുത വെളിപ്പെടുത്തുകയുണ്ടായി. അതായത് പ്രമേഹം കണ്ടുപിടിച്ചാൽ ആദ്യ പത്തുവർഷത്തെ നിയന്ത്രണം എങ്ങനെയെന്നതനുസരിച്ചാണ് വർഷങ്ങൾക്കുശേഷം ഉണ്ടാകുന്ന സങ്കീർണതകൾ തീരുമാനിക്കപ്പെടുന്നത്. അതായത് ആദ്യകാലത്ത് തീരെ നിയന്ത്രണമില്ലാതെ 10 വർഷം കഴിഞ്ഞ് നന്നായി നിയന്ത്രിച്ചാലും സങ്കീർണതകൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കും. എന്നാൽ ആദ്യകാലത്ത് നന്നായി ഷുഗർ നില നിയന്ത്രിച്ചവർക്ക് പിന്നീട് നിയന്ത്രണം അല്പം നഷ്ടമായാൽപോലും സങ്കീർണതകളും മരണസാധ്യതയും കുറവായിരിക്കും എന്നാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്.

2018ൽ പ്രസിദ്ധീകരിച്ച ഡയബറ്റിസ് ആൻഡ് ഏജിങ് എന്ന പഠനത്തിലാകട്ടെ ഈ കാലയളവിൽ ആദ്യത്തെ ഒരുവർഷമാണ് ഏറ്റവും പ്രധാനം എന്നാണ് വ്യക്തമാക്കിയത്. എന്നാൽ ഈ ആദ്യവർഷം പ്രമേഹ നിയന്ത്രണത്തിൽ ഉഴപ്പിക്കളയുന്ന രീതിയാണ് നാം പൊതുവേ കാണാറ്. രോഗിയുടെ ഭയവും ആശങ്കയും കൊണ്ട് ഭൂരിപക്ഷം പേർക്കും ഈ സുവർണജാലക സമയം (golden window period) നഷ്ടപ്പെടുകയാണ്. അതുകൊണ്ട് ഇന്ന് ലഭ്യമായ തെളിവുകൾവെച്ച് പ്രമേഹം കണ്ടുപിടിച്ചാൽ ഉടനെത്തന്നെ കർശനമായി നിയന്ത്രിക്കണം. അതിന് ഗുളികകൾ കഴിക്കാൻ മടിക്കേണ്ട, പേടിക്കേണ്ട. ഭാവി സങ്കീർണതകൾ ഒഴിവാക്കാൻ നമുക്ക് ചെയ്യാവുന്ന കാര്യമാണിത്.

പ്രമേഹ മരുന്നുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കുട്ടികൾക്ക് എത്താത്ത സ്ഥലത്ത് വേണം പ്രമേഹ മരുന്നുകൾ സൂക്ഷിക്കാൻ. കാരണം, ഈ മരുന്നുകൾ രോഗമില്ലാത്തവർ കഴിച്ചാൽ അവരുടെ ഗ്ലൂക്കോസ് നില അപകടമാവുംവിധം കുറഞ്ഞുപോകും.
  • അധികം ചൂടും അധികം തണുപ്പുമില്ലാത്ത തരത്തിൽ വേണം പ്രമേഹ മരുന്നുകൾ വെയ്‌ക്കേണ്ടത്.
  • ഇൻസുലിനാണെങ്കിൽ, നിർദേശിക്കുന്ന താപനിലയിൽതന്നെ സൂക്ഷിക്കണം. അതിനാൽ ഇൻസുലിൻ ഒരു കൂൾപാക്കിൽ (ജെൽ പോലെയുള്ള) സൂക്ഷിക്കുന്നതാണ് നല്ലത്.
  • മരുന്നുകളുടെ കാലാവധി പരിശോധിക്കണം.
  • സ്ഥിരം മരുന്ന് കഴിക്കുന്ന ചില ആളുകൾ മരുന്ന് കഴിച്ചോയെന്ന് മറന്നുപോയി വീണ്ടും കഴിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പ്രായമായവരിലാണ് ഈ പ്രശ്‌നം ഉണ്ടാവാറ്. ഇത് പരിഹരിക്കാൻ, ഓരോ ദിവസവും കഴിക്കേണ്ട മരുന്നുകൾ മാത്രം എടുത്ത് പ്രത്യേകം സൂക്ഷിക്കുക. ചെറിയ മെഡിസിൻ ബോക്‌സിലോ മറ്റോ ഈ മരുന്ന് സൂക്ഷിക്കുന്നതുവഴി ഈ പ്രശ്‌നം മറികടക്കാം.
മധുരം കഴിച്ച് മരുന്നിന്റെ ഡോസ് സ്വയം കൂട്ടിയാൽ

ഭക്ഷണത്തിന്റെ അളവ് കൂടിയാൽ മരുന്നിന്റെ ഡോസും സ്വന്തം ഇഷ്ടപ്രകാരം കൂട്ടുന്ന ചില ആളുകളുണ്ട്. ഇന്ന് കുറച്ചധികം മധുരം കഴിച്ചു. അതുകൊണ്ട് മരുന്ന് അല്പം കൂടുതൽ കഴിക്കാം എന്നായിരിക്കും പലരുടെയും ചിന്ത. ഇത് അപകടകരമായ പ്രവണത തന്നെയാണ്. കാരണം, ഈ മരുന്നുകളിൽ മിക്കതും ദീർഘനേരം പ്രവർത്തിക്കുന്നതായിരിക്കും. അതിനാൽ അതിന്റെ ഫലം നീണ്ടുനിൽക്കും. നല്ലൊരു സദ്യ കഴിച്ചാൽ പിന്നീട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനോ അല്ലെങ്കിൽ കഴിച്ചില്ലെന്നോ വരുമ്പോൾ അപ്രതീക്ഷിതമായി ഷുഗർ നില കുറയാൻ സാധ്യതയുണ്ട്. ഇത് പ്രശ്‌നമാണ്. എത്ര കഴിച്ചു, ഗ്ലൂക്കോസ് നില എത്രയാണ്, എത്ര മരുന്ന് കഴിക്കണം എന്നതിനൊന്നും സ്വയം മനസ്സിലാക്കാൻ സാധാരണ സാധിക്കണമെന്നില്ല. അക്കാർബോസ്, വോഗ്ലിബോസ് എന്നിങ്ങനെ രണ്ട് ഗുളികകളുണ്ട്. ആ ഗുളികകളാണെങ്കിൽ ഭക്ഷണത്തിൽനിന്ന് ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുന്നതിന്റെ വേഗം കുറയ്ക്കുകയാണ് ചെയ്യുക. അത്തരം ഗുളികകളാണെങ്കിൽ അല്പം കാർബോഹൈഡ്രേറ്റോ മധുരമോ കഴിക്കുന്നതിന് മുൻപ് ഒരെണ്ണം ചവച്ചരച്ചു കഴിച്ചാൽ ഗ്ലൂക്കോസ് രക്തത്തിലെത്തുന്നതിന്റെ വേഗം അല്പം കുറയും. ഈ ഗുളികകൾ മാത്രമാണ് ഈ രീതിയിൽ കഴിക്കാവുന്നത്. മറ്റുള്ളവയൊന്നും അങ്ങനെ കഴിക്കരുത്. ഇക്കാര്യത്തിലെല്ലാം ഡോക്ടറുടെ നിർദേശം പാലിക്കുകയും വേണം.

മറ്റ് അസുഖങ്ങളുള്ളവർ പ്രമേഹമരുന്ന് കഴിക്കുമ്പോൾ

മറ്റ് അസുഖങ്ങൾ ഉള്ളവർ പ്രമേഹ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങളുണ്ട്. പ്രമേഹബാധിതരിൽ കൂടുതലായി കണ്ടുവരുന്നത് കരളിന്റെയും വൃക്കയുടെയുമൊക്കെ രോഗങ്ങളാണ്. കരളിന്റെ രോഗങ്ങൾ ഉള്ളവരാണെങ്കിൽ അതൊക്കെ ഏത് സ്റ്റേജിലാണെന്ന് മനസ്സിലാക്കി വേണം മരുന്നുകൾ കഴിക്കാൻ. കാരണം, ചില മരുന്നുകൾ കഴിക്കാൻ പാടില്ല, ചില മരുന്നുകൾ കഴിക്കാം എന്നൊക്കെയുണ്ട്. അതിനാൽ ഇക്കാര്യങ്ങളെല്ലാം ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ചെയ്യുന്നതാണ് നല്ലത്. കരൾ രോഗമുള്ളവർക്ക് പ്രമേഹമരുന്നുകൾ കഴിക്കുമ്പോൾതന്നെ ഗ്ലൂക്കോസ് കുറഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്. മിക്ക മരുന്നുകളും വൃക്കയിലൂടെയാണ് പുറത്തുപോകുന്നത്. അതുകൊണ്ട് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് അക്കാര്യം കൂടി പരിഗണിച്ചാണ് പ്രമേഹ മരുന്നുകൾ നൽകുന്നത്.

ഓരോ വ്യക്തിയുടെയും രോഗത്തിന്റെ കാഠിന്യം, അനുബന്ധ സങ്കീർണതകൾ, അതിനോട് ചേർന്നുള്ള മറ്റ് അസുഖങ്ങൾ, അവരുടെ ജോലി, ഭക്ഷണരീതി, ശരീരഭാരം എന്നിങ്ങനെ പല ഘടകങ്ങളും പരിഗണിച്ചാണ് ഒരു രോഗിക്ക് വേണ്ട മരുന്ന് നിശ്ചയിക്കുന്നത്. അതിനാൽ വിദഗ്ധ ഡോക്ടറുടെ സഹായത്തോടെ മാത്രം പ്രമേഹ ചികിത്സ നടത്തണം. പ്രമേഹമുള്ള ഒരാൾ ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി അറിഞ്ഞിരിക്കുന്നതുവഴി രോഗസങ്കീർണതകൾ ഒഴിവാക്കാനും ചികിത്സ മെച്ചപ്പെടുത്താനും സഹായിക്കും. പ്രമേഹവുമായി ജീവിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുള്ള ഒരു പ്രമേഹ ബാധിതന് രോഗത്തെ കൃത്യമായി വരുതിയിലാക്കി ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കാൻ സാധിക്കും.

കൊച്ചി അമൃത ഹോസ്പിറ്റലിൽ സെന്റർ ഫോർ എൻഡോക്രൈനോളജി&ഡയബറ്റിസ് വിഭാ​ഗം പ്രൊഫസറാണ് ലേഖിക

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: most commonly asked diabetes questions, diabetes symptoms and causes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented