Representative Image| Photo: Canva.com
കുഞ്ഞുങ്ങളുടെ തല സ്വാഭാവിക വലുപ്പത്തേക്കാൾ ചെറുതാകുന്ന മൈക്രോസെഫാലി എന്ന അവസ്ഥയെക്കുറിച്ചും അതിലേക്ക് ഇടയാക്കുന്ന കാരണങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് ഉത്തരം നൽകുകയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വിമൻസ് ഹെൽത്ത് വിഭാഗം സീനിയർ കൺസൾട്ടന്റ് ആയ ഡോ.ഷെർലി മാത്തൻ.
ചോദ്യം
എനിക്ക് 28 വയസ്സുണ്ട്, ആറുവയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയാണ്. രണ്ടാമത് ഗർഭിണിയായി നാലുമാസമാകുമ്പോഴേക്കും അത് അബോർഷൻ ചെയ്യേണ്ടി വന്നു. കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥയുണ്ടായതാണ് കാരണം. വീണ്ടും ഇതുപോലുള്ള പ്രശ്നമുണ്ടാകുമോ? എന്തുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്?
ബിൻസി
Also Read
ഉത്തരം
കുഞ്ഞിന്റെ തല സ്വാഭാവിക വലുപ്പത്തേക്കാൾ ചെറുതാണെങ്കിൽ ആ അവസ്ഥയെ മൈക്രോസെഫാലി എന്ന് പറയും. കുഞ്ഞ് ജനിക്കുന്നതിന് മുൻപ് രണ്ട്, മൂന്ന് ട്രെമസ്റ്ററുകളിൽ(ഓരോ മൂന്ന് മാസവും) അൾട്രാസൗണ്ട് സ്കാനിങ് ചെയ്ത് ഈ അവസ്ഥ തിരിച്ചറിയാവുന്നതാണ്. ഈ അവസ്ഥയ്ക്കുള്ള കാരണങ്ങൾ ഇവയൊക്കെയാണ്.
- ജന്മനാലുള്ള ക്രോമസോം തകരാറുകൾ
- വൈറൽ അണുബാധകൾ. ഉദാഹരണമായി ജർമൻ മീസിൽസ്, പാരസൈറ്റുകൾ, സൈറ്റോമെഗല്ലോ വൈറസ്, സിക്ക വൈറസ് ഇവയെല്ലാം ഗർഭിണിയെ ബാധിച്ചാൽ കുഞ്ഞിന്റെ ആരോഗ്യത്തെയും തകരാറിലാക്കും.
- മദ്യപാനം,മറ്റ് ലഹരികളുടെ ഉപയോഗം എന്നിവയും കുഞ്ഞിന്റെ തലയുടെ വളർച്ചയെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കാം.
- മെർക്കുറി മുതലായ ചില വസ്തുക്കൾ കൊണ്ടുള്ള വിഷാംശം ഏൽക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.
- അമ്മയ്ക്കുള്ള പോഷകക്കുറവും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാം.
- കുഞ്ഞിന്റെ ജനനത്തിനു ശേഷം ആ കുഞ്ഞിന് ആവശ്യമുള്ള ഓക്സിജൻ കിട്ടാതെയാവുകയോ മറ്റ് അണുബാധകളുണ്ടാവുകയോ ചെയ്താൽ കുഞ്ഞിന്റെ തലയുടെ വലിപ്പം വളരെ കുറയാൻ സാധ്യതയുണ്ട്.
ക്രാനിയോസൈനോസ്റ്റോസിസ് എന്ന അവസ്ഥമൂലം തലയിലെ എല്ലുകൾ വളരെ നേരത്തെ തന്നെ പസ്പരം ചേർന്നുപോകുന്നതിനാൽ തലയ്ക്ക് സ്വാഭാവിക വലുപ്പം കൈവരിക്കാൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ വളരെ നൂതനമായ ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാൻ സാധിക്കുന്നുണ്ട്.
അപൂർവം സന്ദർഭങ്ങളിൽ മൈക്രോസെഫാലി പാരമ്പര്യമായി കൈമാറിവരാം. ഈ രോഗാവസ്ഥ ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോലെ കണ്ടുവരാറുണ്ട്. മൈക്രോസെഫാലി ബാധിച്ച കുഞ്ഞുള്ള മാതാപിതാക്കളുടെ അടുത്ത കുഞ്ഞിന് ഈ രോഗാവസ്ഥ വരാനുള്ള സാധ്യത 25 ശതമാനത്തോളമാണ്. എക്സ്-ലിങ്ക്ഡ് മൈക്രോസെഫാലി ആണെങ്കിൽ മൈക്രോസെഫാലിയുള്ള ആൺകുഞ്ഞ് ജനിക്കാൻ സാധ്യത 50 ശതമാനത്തോളമാണ്. നേരത്തേ പറഞ്ഞതുപോലെ അണുബാധ കൊണ്ടും മറ്റുമുണ്ടാകുന്ന രോഗാവസ്ഥയാണെങ്കിൽ അടുത്ത കുഞ്ഞിന് ഇത് വരാനുള്ള സാധ്യത വളരെ കുറവാണ്.
ഗർഭിണിയായിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്
- കൈ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കിവെക്കുക.
- ജലദോഷം പോലുള്ള അസുഖങ്ങൾ വന്നാൽ ഉടൻ ചികിത്സ തേടുക.
- വളർത്തുമൃഗങ്ങളുടെ വിസർജ്യവും മറ്റും സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്യാതിരിക്കുക.
- മദ്യപാനം മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കുക.
- മെർക്കുറി മുതലായ ലോഹങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക.
Content Highlights: microcephaly causes and diagnosis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..