Representative Image| Photo: Canva.com
നടുവേദന ഒരു രോഗലക്ഷണം മാത്രമാണ്. അതിന് നിരവധി രോഗകാരണങ്ങളുമുണ്ട്. നടുവേദനയ്ക്കുള്ള ഏറ്റവും സാധാരണമായ കാരണങ്ങൾ ഡിസ്‌കിന്റെ പ്രശ്നങ്ങളും നട്ടെല്ലിനുള്ള തേയ്മാനവും പേശിവലിവുമൊക്കെയാണെങ്കിലും വേറെയും എണ്ണമറ്റ രോഗങ്ങളുടെ ലക്ഷണം നടുവേദനയാണ്. അത്തരം രോഗങ്ങൾ അപൂർവമാണെങ്കിലും ഇത് കണ്ടുപിടിക്കുകയെന്നുള്ളത്, കൃത്യമായ ചികിത്സ ലഭിക്കാൻ അത്യന്താപേക്ഷിതമാണ്.
ഡിസ്‌ക് ഹെർണിയേഷൻ (ഡിസ്‌ക് തള്ളിച്ച), സ്‌പോൺഡിലോസിസ് (നട്ടെല്ല് തേയ്മാനം),പേശിവലിവ്/ഉളുക്ക്, ലിസ്‌തെസിസ് (നട്ടെല്ലിന്റെ സ്ഥാനമാറ്റം), സ്റ്റെനോസിസ് (സുഷുമ്‌നാനാഡിയുടെ ചുരുങ്ങൽ) തുടങ്ങിയവയൊക്കെയാണ് നടുവേദനയ്ക്കുള്ള സാധാരണ കാരണങ്ങൾ. ഈ രോഗങ്ങളൊക്കെ നട്ടെല്ലിനെ നേരിട്ട് ബാധിക്കുന്നതും നടുവേദന അല്ലെങ്കിൽ, കാലിലേക്കുള്ള വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതുമാണ്. സാധാരണഗതിയിൽ രോഗലക്ഷണങ്ങൾ രണ്ടുമുതൽ നാലാഴ്ചവരെമാത്രമേ, നീണ്ടുനിൽക്കുകയുള്ളൂ. അപൂർവമായി ചില ആളുകളിൽ ഇത് വിട്ടുമാറാത്ത (Chronic) രോഗലക്ഷണങ്ങളുണ്ടാക്കാറുണ്ട്. 90 ശതമാനത്തിലധികം രോഗികൾക്കും മരുന്നുകൾകൊണ്ടും ഫിസിയോതെറാപ്പികൊണ്ടും ലക്ഷണങ്ങൾ പൂർണമായി സുഖം പ്രാപിക്കാറുണ്ട്.
നടുവേദനയ്ക്കുള്ള മറ്റ് കാരണങ്ങൾ
നട്ടെല്ലിനെ അപൂർവമായി ബാധിക്കുന്ന രോഗങ്ങളോ അല്ലെങ്കിൽ, മറ്റ് അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളോ ചിലപ്പോൾ പ്രകടിപ്പിക്കുന്ന പ്രധാനലക്ഷണം നടുവേദനയായിരിക്കും. ഇത്തരം രോഗങ്ങൾ തുടക്കത്തിലേ കണ്ടുപിടിക്കേണ്ടത്, രോഗാവസ്ഥ വഷളാകുന്നതിനുമുൻപ് കൃത്യമായ ചികിത്സ ലഭിക്കുന്നതിന് അത്യാവശ്യമാണ്. വാതരോഗങ്ങൾ അത്തരം കാരണങ്ങളിൽ ഉൾപ്പെടും. റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ആൻകിലോസിങ് സ്‌പോൺഡിലൈറ്റിസ്, സോറിയാറ്റിക് ആർത്രോപതി തുടങ്ങിയ വാതരോഗങ്ങൾ നട്ടെല്ലിനെ ബാധിക്കുന്നവയാണ്.
വേദന കൂടുതലനുഭവപ്പെടുന്നത് രാവിലെ എഴുന്നേൽക്കുമ്പോഴോ അല്ലെങ്കിൽ വിശ്രമത്തിനുശേഷം നടന്നുതുടങ്ങുമ്പോഴോ ആണ്. വേദന 30 മിനിറ്റോ അതിൽക്കൂടുതലോ നീണ്ടുനിൽക്കും. വിശ്രമത്തിനുശേഷം നടന്നുതുടങ്ങുമ്പോൾ, നട്ടെല്ലിന്റെ ചലനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടൽ, നട്ടെല്ലിന്റെ ചലനത്തിന് കുറവ് സംഭവിക്കുക, മറ്റ് സന്ധികൾക്കുള്ള വേദന എന്നിവയും ലക്ഷണങ്ങളാണ്.
നട്ടെല്ലിനെ ബാധിക്കുന്ന അണുബാധയും ട്യൂമറും നടുവേദന ലക്ഷണമായി വരുന്ന മറ്റ് രോഗാവസ്ഥകളാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മറ്റ് ശരീരഭാഗങ്ങളിലെ അസുഖങ്ങളുടെ ലക്ഷണങ്ങളായി നടുവേദന വരാറുണ്ട്. അവ ഇവയൊക്കെയാണ്.
ഉദരസംബന്ധമായ രോഗങ്ങൾ
പാൻക്രിയാസിനെയോ പിത്താശയത്തെയോ ആമാശയത്തെയോ ബാധിക്കുന്ന രോഗങ്ങളിൽ ചിലപ്പോൾ നടുവേദന ഒരു രോഗലക്ഷണമായി കാണപ്പെടാം.
വിശപ്പ് കുറവ്, ഛർദി, വയറുവേദന, ഓക്കാനം, ഭക്ഷണം കഴിക്കുമ്പോൾ വേദന കൂടുക, ശരീരഭാരം കുറയുക തുടങ്ങിയവയാണ് പൊതുവേ കാണുന്ന സൂചനകൾ.
വൃക്കരോഗങ്ങൾ
മൂത്രാശയ കല്ലുകളോ പഴുപ്പോ ചിലരിൽ നടുവേദന ഉണ്ടാക്കുന്നതായി കാണാറുണ്ട്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന പഴുപ്പും (Prostatitis) ചിലപ്പോൾ നടുവേദന ഉണ്ടാക്കാറുണ്ട്.
അരക്കെട്ടിന്റെ ഭാഗത്തുള്ള വേദന, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിനുള്ള നിറവ്യത്യാസം, പതിവായി വീണ്ടും മൂത്രമൊഴിക്കാനുള്ള തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്.
ഗർഭാശയ രോഗങ്ങൾ
ഗർഭാശയത്തെ ബാധിക്കുന്ന അണുബാധ (Pelvic inflammatory disease), ഫൈബ്രോയിഡ്, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങൾ നടുവേദന ഉണ്ടാക്കാം. ക്രമരഹിതമായ ആർത്തവം, ആർത്തവസമയത്തെ അതികഠിനമായ വേദന, അസാധാരണമായ കനത്ത രക്തസ്രാവം, കൂടുതലായുള്ള യോനീസ്രവം തുടങ്ങിയവയാണ് അനുബന്ധ ലക്ഷണങ്ങൾ.
ധമനികളെ ബാധിക്കുന്ന രോഗങ്ങൾ
ഹൃദയത്തിൽനിന്നുള്ള പ്രധാന രക്തധമനിയായ അയോർട്ടയെ (Aorta) ബാധിക്കുന്ന രോഗങ്ങൾ നടുവേദന ഉണ്ടാക്കും. അയോർട്ടയ്ക്കുണ്ടാകുന്ന വീക്കം (Aneurysm) അല്ലെങ്കിൽ ആന്തരികപാളി കീറൽ (Aortic dissection) ഇവയാണ് പ്രധാനമായും രോഗലക്ഷണം ഉണ്ടാക്കുന്നത്. ഇത് നേരത്തേതന്നെ കണ്ടുപിടിച്ചില്ലെങ്കിൽ ജീവനുതന്നെ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഈ രോഗങ്ങളുടെ പ്രധാന ലക്ഷണംതന്നെ നടുവേദനയാണ്.
അണുബാധ
ചെറുപ്പത്തിൽ ചിക്കൻ പോക്‌സ് വന്നവർക്ക് പ്രായമാകുമ്പോൾ അത് വീണ്ടും സജീവമാകുകയും നടുവിലോ നെഞ്ചിന്റെയോ വയറിന്റെയോ ഭാഗത്തോ വേദനയുള്ള കുമിളകളായി പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്.
രോഗനിർണയം
നടുവേദനയുടെ രോഗകാരണങ്ങൾ 90 ശതമാനവും രോഗി പറയുന്ന രോഗലക്ഷണങ്ങളിൽനിന്നും രോഗീപരിശോധനയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. എന്നാൽ ചില രോഗലക്ഷണങ്ങൾ രോഗി കാണിക്കുന്നുണ്ടെങ്കിൽ അത് മുൻപ് പറഞ്ഞിട്ടുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളാകാം. ഈ അപകടകരമായ രോഗലക്ഷണങ്ങളെ റെഡ് ഫ്ലാഗ് (Redflag) എന്ന് പറയുന്നു. ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ എക്സ്‌റേ, സ്‌കാനിങ് തുടങ്ങിയ പരിശോധനകൾ നടത്തി രോഗനിർണയം നടത്തേണ്ടതാണ്.
ചികിത്സ
ഭൂരിപക്ഷം വരുന്ന രോഗികൾക്കും രോഗകാരണം നട്ടെല്ലിനെ ബാധിക്കുന്ന തേയ്‌മാനമോ ഡിസ്‌ക് രോഗങ്ങളോ ആവാം. ഈ രോഗികൾക്ക് ഫിസിയോതെറാപ്പി, വ്യായാമം, ശരീരഭാരം കുറയ്ക്കൽ, വേദന സംഹാരികൾ എന്നിവകൊണ്ട് ശമനം ലഭിക്കുന്നതാണ്. മുൻപ് പറഞ്ഞിട്ടുള്ള രോഗങ്ങൾക്ക് രോഗകാരണവും കാഠിന്യവും അനുസരിച്ച് മരുന്നുകൾകൊണ്ടുള്ള ചികിത്സയോ ശസ്ത്രക്രിയയോ വേണ്ടിവന്നേക്കും. ഇപ്പോൾ മുൻപത്തേതിനെ അപേക്ഷിച്ച് ഭൂരിഭാഗം ശസ്ത്രക്രിയകളും ചെറിയ മുറിവിലൂടെ താക്കോൽദ്വാരം രീതികളിലൂടെ ചികിത്സിക്കാവുന്നതാണ്.
ന്യൂറൽ മോണിറ്ററിങ്, നാവിഗേഷൻ, മൈക്രോസ്കോപിക്/ എൻഡോസ്കോപിക് ടെക്നിക്കുകൾ തുടങ്ങിയവയുടെ സഹായത്തോടെ നട്ടെല്ലിനുള്ള ശസ്ത്രക്രിയകൾ സുരക്ഷിതമായി നടത്താൻ സാധിക്കുന്നുണ്ട്.
അപകടകരമായ ലക്ഷണങ്ങൾ
- 6 ആഴ്ചയിലും കൂടുതൽ കൂടുതൽ വേദന.
- 18 വയസ്സിന് താഴെയോ 60 വയസ്സിന് മുകളിലോ ഉള്ളവർക്ക് വരുന്ന നടുവേദന.
- പനി, രാത്രിയിലുള്ള വിയർക്കൽ.
- സദാസമയവുമുള്ള വേദന.
- ശരീരഭാരം കുറയൽ.
- രാത്രികാലങ്ങളിലുള്ള നടുവേദന.
- കൈകാലുകൾക്ക് തളർച്ചയോ മരവിപ്പോ.
- മലമൂത്ര വിസർജനത്തിനുള്ള തടസ്സം.
- ദീർഘകാലമായി സ്റ്റിറോയ്ഡ് പോലുള്ള മരുന്ന് ഉപയോഗിക്കുന്ന രോഗികൾക്ക് നടുവേദന വരുന്നത്.
വിഷാദരോഗം, പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder) തുടങ്ങിയ മാനസിക രോഗങ്ങൾ ഉള്ളവരിൽ നടുവേദന കൂടുതലായി കാണപ്പെടാറുണ്ട് എന്നുമാത്രമല്ല വേദനയുടെ തോത് കൂടുതലായിരിക്കുകയും ചെയ്യും. സാധാരണ നൽകുന്ന വേദനസംഹാരികൾകൊണ്ടോ ഫിസിയോ തെറാപ്പികൊണ്ടോ വേദനയ്ക്ക് ശമനം ലഭിക്കണമെന്നില്ല. ജോലിസംബന്ധമായ സമ്മർദമുള്ളവരിലും ഇതുപോലുള്ള രോഗലക്ഷണങ്ങൾ കാണാറുണ്ട്. ഇങ്ങനെയുള്ള രോഗികൾക്ക് ഒരു മാനസികരോഗവിദഗ്ധന്റെ സേവനം അത്യാവശ്യമാണ്.
കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിൽ സെന്റർ ഫോർ ബോൺ, ജോയ്ന്റ്& സ്പൈൻ വിഭാഗം കൺസൾട്ടന്റ് ആണ് ലേഖകൻ
Content Highlights: lower back pain symptoms diagnosis and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..