ഉറക്കക്കുറവ്  കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ?; സ്കൂൾ ബാഗിന്റെ അമിതഭാരം ക്ഷീണമുണ്ടാക്കുമോ?


9 min read
Read later
Print
Share

കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ കുട്ടികളുടെ പ്രമേഹത്തിൽ വൻ കുതിപ്പാണുണ്ടായിട്ടുള്ളത്;

Representative Image | Photo: Reuters

ജീവിതശൈലീരോ​ഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇത് തടഞ്ഞുനിർത്താനുള്ള മുൻകരുതലുകൾ കുട്ടികളിൽ നിന്നുതന്നെ തുടങ്ങണം. അതിന് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. പുതിയ സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന ആരോ​ഗ്യപ്രതിസന്ധികൾ എന്തൊക്കെയാണ്? എങ്ങനെയൊക്കെയാണ് അതിനെ മറികടക്കേണ്ടത് വി​ദ​ഗ്ധർ ചർച്ച ചെയ്യുന്നു.

പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങൾ കുട്ടികളിൽ കണ്ടുതുടങ്ങുന്നുണ്ടോ? ഭാവിയിൽ ഇത്തരം രോഗാവസ്ഥകൾ തടയാൻ കുട്ടികളുടെ കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?

കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ കുട്ടികളുടെ പ്രമേഹത്തിൽ വൻ കുതിപ്പാണുണ്ടായിട്ടുള്ളത്; പ്രത്യേകിച്ച് ഇന്ത്യയിലും ചൈനയിലും. ഇതിന്റെ ഒരു പ്രധാന കാരണം കുട്ടികളിലും കൗമാരക്കാരിലും കാണുന്ന അമിതവണ്ണമാണ്. ഒരുപാട് ആഹാരം കഴിക്കുകയും അതിനനുസരിച്ച് ഊർജം ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. ശരീരം അനങ്ങിയുള്ള കളികൾ തീരെയില്ല. ശരീരമനങ്ങാതെ ഇരുന്നുള്ള വീഡിയോഗെയിമുകളോടും ടി.വി., മൊബൈൽഫോൺ എന്നിവയോടുമാണ് അവർക്ക് താത്പര്യം. ഇതിന് കുട്ടിയുടെ മാതാപിതാക്കളും സമൂഹവും ഒരുപോലെ ഉത്തരവാദികളാണ്. കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ വളരെ കുറവാണിപ്പോൾ.

ഡോ. എസ്.കെ. സുരേഷ്‌കുമാർ

അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം കൂടിവരുന്നതായാണ് സർവേകൾ നൽകുന്ന സൂചനകൾ. എന്തൊക്കെയാണ് വെല്ലുവിളികൾ? എങ്ങനെ തടയാം?

ഒരു വയസ്സിനുമുൻപ്‌ ശരീരത്തിലെ കൊഴുപ്പ്‌ സംഭരണ സെല്ലുകളുടെ (Adipose tissue) എണ്ണത്തിലും വലുപ്പത്തിലുമുണ്ടാവുന്ന വർധനവാണ് ഭാവിയിൽ അമിതവണ്ണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണശീലമാണ് ഇതിനിടയാക്കുന്നത്.

ജങ്ക് ഫുഡുകളെന്നറിയപ്പെടുന്ന അന്നജവും കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം, ബേക്കറി സാധനങ്ങൾ, എണ്ണപ്പലഹാരങ്ങൾ, ഗ്ലൂക്കോസ് നിറഞ്ഞ പാനീയങ്ങൾ, അളവിൽ കവിഞ്ഞ ഭക്ഷണം, നേട്ടങ്ങൾ ആഘോഷിക്കാൻ ഭക്ഷണം നൽകുന്ന പുതുസംസ്കാരം എന്നിവ തെറ്റായ ഭക്ഷണശീലങ്ങളാണ്. മാനസിക സമ്മർദങ്ങൾ, അമിതവണ്ണമുള്ള മാതാപിതാക്കൾ എന്നീഘടകങ്ങളും അമിതവണ്ണത്തിന് കാരണമാവാം.

വീഡിയോ ഗെയിമുകളിലെ ഭ്രമം, കളികൾക്കും വ്യായാമത്തിനും സ്ഥലവും അവസരവും ലഭിക്കാത്ത അവസ്ഥ, മത്സരപ്പരീക്ഷകൾക്കും അക്കാദമിക കാര്യങ്ങൾക്കും നൽകുന്ന അമിത പ്രാമുഖ്യം, വ്യായാമ കാര്യങ്ങളിലുള്ള താത്‌പര്യക്കുറവ്, കുട്ടികൾക്ക് നഷ്ടപ്പെടുന്ന സാമൂഹിക ജീവിതം, സുഹൃത്തുക്കളില്ലാതെ, ഉൾവലിഞ്ഞ ജീവിത രീതി, സ്കൂളുകളിൽ കുറഞ്ഞുവരുന്ന വ്യായാമ സംസ്കാരം, കുട്ടികളെ സ്കൂളിൽപ്പോലും നടന്നുപോവാൻ അനുവദിക്കാത്ത ശീലം, എന്നിവയൊക്കെ ശാരീരിക വ്യായാമങ്ങളിൽനിന്ന് കുട്ടികളെ അകറ്റുന്നുണ്ട്.
ആരോഗ്യകരമായ ഭക്ഷണത്തിന് പ്രാമുഖ്യംനൽകുക, വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചെറുപ്പത്തിൽത്തന്നെ കുട്ടികളെ ബോധവത്കരിക്കുക എന്നിവയാണ് ഏറ്റവും അത്യാവശ്യമായ പ്രാഥമികനടപടികൾ.

ഡോ. എം.മുരളീധരൻ

സാമൂഹിക ഇടപെടലുകൾ കുറഞ്ഞത് കുട്ടികളുടെ മാനസികനിലയെ എങ്ങനെയാണ് ബാധിച്ചത്?

കോവിഡ് സാഹചര്യംമൂലം രണ്ടുവർഷത്തിലധികമായി സാമൂഹിക കൂടിച്ചേരലുകളൊന്നും ഇല്ലായിരുന്നു. ഇത്‌ കുട്ടികളുടെ മാനസികവളർച്ചയെ ബാധിക്കുന്നുണ്ട്. സാമൂഹികജീവിതത്തിന്റെ ആദ്യപാഠങ്ങൾ കുട്ടി പഠിക്കുന്നത് കുടുംബത്തിൽനിന്നാണല്ലോ. എന്നാൽ ഇന്ന് കുടുംബങ്ങളിൽ കുട്ടികൾക്ക് ആശയവിനിമയം നടത്താൻ മാതാപിതാക്കൾ മാത്രമായി മാറുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. അണുകുടുംബങ്ങളാണ് കൂടുതലും. അതോടെ മികച്ച ആശയവിനിമയത്തിനുള്ള അവസരം വീണ്ടും കുറയുന്നു.

കുട്ടിക്ക് സാമൂഹിക ഇടപെടലുകൾ നടത്താനുള്ള ഒരു ഇടം ഒരുക്കിനൽകേണ്ടത് മാതാപിതാക്കളാണ്. എന്നാൽ അതിനുള്ള സാഹചര്യവും ഇന്ന് വളരെ കുറവാണ്. നാട്ടിലെ ഉത്സവങ്ങൾ, കുടുംബങ്ങളുമായുള്ള കൂടിച്ചേരലുകൾ, വിവാഹങ്ങൾ, മറ്റ് ആഘോഷപരിപാടികൾ, അയൽപ്പക്കങ്ങളുമായുള്ള സൗഹൃദങ്ങൾ എന്നിവയൊക്കെ സാമൂഹിക ഇടപെടലുകൾക്ക് സഹായിക്കുന്ന അവസരങ്ങളാണ്.
മറ്റുള്ളവരുമായി ഒത്തുചേർന്ന് പ്രവർത്തിക്കാനുള്ള കഴിവ് (സോഷ്യൽ കൊഗ്‌നിഷ്യൻ), മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് (എമ്പതി), ഒരു പ്രശ്നം നേരിടേണ്ടിവന്നാൽ അത് എങ്ങനെ മറികടക്കും എന്ന തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെല്ലാം സാമൂഹികാവബോധത്തിന്റെ ഭാഗമാണ്. എന്നാൽ ഇതിനുള്ള അവസരം ശരിയായതരത്തിൽ ലഭിക്കാത്ത ഒരു കുട്ടി ഈ വികാസങ്ങൾ ലഭിക്കാത്ത അവസ്ഥയിലായിരിക്കും ഉണ്ടാവുക. വളർച്ചയെന്നത് ശരീരവളർച്ച മാത്രമല്ല, മാനസികവളർച്ചകൂടിയാണ്. അതിനാൽ ഇത്തരം പ്രശ്നങ്ങളെല്ലാം തീർച്ചയായും അവരുടെ മാനസികവളർച്ചയെ ബാധിക്കാൻ ഇടയാക്കും. കുട്ടികളിലെ വിഷാദം ഇപ്പോൾ വളരെ സാധാരണമായിമാറിയിരിക്കുന്നു. ആശയവിനിമയം കുറയുന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണം. വിഷാദം, സ്വന്തം കഴിവിൽ വിശ്വാസമില്ലായ്മ, സ്വയം ബഹുമാനം കുറയുക എന്നിവയെല്ലാം ആശയവിനിമയക്കുറവുണ്ടാകുമ്പോൾ കുട്ടികളിലുണ്ടാകുന്ന തകരാറുകളാണ്.

മായാ നായർ

പുതിയ പഠനസാഹചര്യങ്ങൾ കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയോ?

ക്ലാസ്‌മുറികളിൽ നടത്തുന്ന ക്ലാസുകൾക്ക് ചില ഗുണങ്ങളുണ്ട്. അവിടെ ആശയവിനിമയം കൂടുതൽ ഫലപ്രദമാണ്. കൂടുതൽ ആക്റ്റിവിറ്റികൾക്ക് സാധ്യതയുണ്ട്. അതിനാൽ അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് നേരിട്ടുള്ള ക്ലാസുകൾ വളരെയധികം സഹായിക്കും. എന്നാൽ കോവിഡ് വന്നതോടെ എല്ലാം തകിടംമറിഞ്ഞു. ഇതിന്റെ പ്രതിഫലനങ്ങൾ വിദ്യാർഥികളിലുമുണ്ടായി.

സ്ഥിരമായി ഓൺലൈൻ ക്ലാസിൽ ഇരിക്കുന്നത് അവരുടെ ആരോഗ്യകാര്യങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കി. ഇരിപ്പുരീതികൾതന്നെ മാറിപ്പോയ അവസ്ഥയുണ്ടായി. ഓൺലൈൻ ക്ലാസിനുവേണ്ടി മണിക്കൂറുകളോളം മൊബൈലിന്റയും ലാപ്‌ടോപ്പിന്റെയും മുൻപിൽ ചടഞ്ഞുകൂടിയിരിക്കുന്ന അവസ്ഥയുണ്ടായി. കുട്ടികളെല്ലാം നിവർന്നിരിക്കാതെ, വളഞ്ഞിരിക്കുന്ന അവസ്ഥയിലെത്തി. ഇതിന് കോളേജ് എന്നോ സ്‌കൂൾ എന്നോ
വ്യത്യാസമില്ല. ഡിജിറ്റൽ സ്‌ക്രീനിലേക്ക് ദീർഘനേരം ദൃഷ്ടിയുറപ്പിച്ച് ഇരിക്കുന്നത് അവരുടെ ശാരീരികാരോഗ്യത്തിന് ദോഷംചെയ്തിട്ടുണ്ട്. മാനസികാവസ്ഥയിലും ഇത്തരം പ്രശ്നങ്ങൾ പ്രകടമാണ്.

ഡിജിറ്റൽ ക്ലാസുകളും മറ്റും ഉറക്കത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസിനായി മണിക്കൂറുകളോളം ഡിജിറ്റൽ സ്‌ക്രീനുകൾക്ക് മുന്നിലിരിക്കുന്ന വിദ്യാർഥികൾ ക്ലാസിനുശേഷം അവരുടെ വിനോദങ്ങൾക്കുവേണ്ടിയും ഇതേ മൊബൈലും കംപ്യൂട്ടറും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കുകയാണ്. ഇത് രാത്രി ഉറങ്ങുന്നത് വൈകിപ്പിക്കും. ഇതോടെ ഉറക്കത്തിന്റെ സമയവും പാറ്റേണുകളുമൊക്കെ
മാറിപ്പോകും.

ഡോ. ടി. സുനില്‍കുമാര്‍

ഉറക്കം കൃത്യമാവാത്തതിന്റെ മാനസിക-ശാരീരിക പ്രശ്നങ്ങൾ നിരവധിയാണ്. ഉറക്കക്കുറവ് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ? സ്കൂൾ ബാഗിന്റെ അമിതഭാരം ക്ഷീണമുണ്ടാക്കുമോ?

നിരന്തരമായി ആക്ടീവ് ആയ ഒരു സിസ്റ്റത്തെ റീച്ചാർജ് ചെയ്യുന്ന സംവിധാനമാണ് ഉറക്കം. ഒന്നു മുതൽ പത്തു വയസ്സുവരെയുള്ള കുട്ടികൾക്ക് യഥാക്രമം 8 മുതൽ 11 മണിക്കൂർവരെ ഉറക്കം ആവശ്യമാണ്. തുടർച്ചയായി ഉറങ്ങാതിരുന്നാൽ കുട്ടി വലിയ തോതിൽ ക്ഷീണിതനാവുകയും, വിവേചനശേഷി കുറയുകയും ചെയ്യും. മൈക്രോ സ്ലീപ് എന്ന രീതി തലച്ചോർ അവലംബിക്കാനും തുടങ്ങും. പഠിക്കുന്ന കുട്ടികൾക്ക് ശരിയായ ഉറക്കം അത്യാവശ്യമാണ്. മുതിർന്ന കുട്ടികൾ പത്തുമണിക്ക് ഉറങ്ങി 5- 5.30ന് എഴുന്നേൽക്കുന്നതാണ് ഉത്തമം. ഏഴുമണിക്കൂറിലേറെ ഉറങ്ങാൻ കഴിയുകയും, രാവിലെ എഴുന്നേറ്റ് ഗൃഹപാഠങ്ങൾ ചെയ്യാനും, പഠിച്ച ഭാഗങ്ങൾ ഉറപ്പിക്കാനും കുളിച്ച് ഭക്ഷണം കഴിച്ച് സ്കൂളിൽ പോവാനും ധാരാളം സമയമുണ്ടാവുകയുംചെയ്യും. ഉറക്കമൊഴിവാക്കി പഠിക്കുന്നത് തെറ്റായ ഫലങ്ങളാണുണ്ടാക്കുക.

സ്കൂൾ ബാഗിന്റെ ശാസ്ത്രീയമായ തൂക്കം പ്രായത്തിനനുസരിച്ച് 3.5 കിലോ മുതൽ 5 കിലോവരെ മാത്രമേ പാടുള്ളൂ. നാഷനൽ എജ്യുക്കേഷൻ പോളിസി നിർദേശിക്കുന്നത് കുട്ടിയുടെ തൂക്കത്തിന്റെ പത്തുശതമാനത്തിലധികം സ്കൂൾ ബാഗിന് തൂക്കം പാടില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധർ നിർദേശിക്കുന്നത്.

ഡോ. എം.മുരളീധരൻ

ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ ആശയവിനിമയ തകരാറുകൾ ഉണ്ടാക്കിയോ?

ഓൺലൈൻ ക്ലാസ് വഴി ഉണ്ടായ മറ്റൊരു പ്രശ്നം കുട്ടികൾക്ക് സാമൂഹികമായ ആശയവിനിമയമുണ്ടാകുന്നില്ല എന്നതാണ്. കോവിഡ്‌കാലത്ത് വീടിനകത്ത് കഴിയാൻ നിർബന്ധിക്കപ്പെട്ടപ്പോൾ കുട്ടികൾക്ക് നഷ്ടപ്പെട്ടുപോയത് വീടിന് പുറത്തുള്ള ലോകമായിരുന്നു. ക്ലാസ്‌റൂമിൽ ഇരിക്കുമ്പോൾ ലഭിക്കുന്ന ഷെയർ ആൻഡ് കെയർ ഓൺലൈൻ ക്ലാസിൽനിന്ന് ആർക്കും ലഭിച്ചിരുന്നില്ല. വൈകാരികതലങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇതിൽ നഷ്ടപ്പെട്ടത്. അധ്യാപകരുമായും സഹപാഠികളുമായുമുള്ള ആശയവിനിമയം നഷ്ടപ്പെട്ടുപോയത് വലിയൊരു തിരിച്ചടിയായിരുന്നു. അധ്യാപകർക്ക് ഓൺലൈൻ ക്ലാസിനാവശ്യമായ ടെക്‌നിക്കൽ സംവിധാനങ്ങളും അറിവും ഇല്ലാത്തതും തിരിച്ചടിയായി. അതിനാൽ ഓൺലൈൻ ക്ലാസാണെങ്കിൽതന്നെ അതിനെ എങ്ങനെ മികച്ചതാക്കാം എന്നധാരണ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇല്ലാതെപോയി. അധ്യാപകർക്കും പരമ്പരാഗത അധ്യാപകപരിശീലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കോവിഡ്കാലത്തെ അടച്ചിടലിനുശേഷം കുട്ടികൾക്കിടയിലെ സ്വഭാവവൈകല്യങ്ങൾ കൂടിയതായിട്ടാണ് കണ്ടുവരുന്നത്. കുട്ടികൾ തമ്മിലുള്ള ബന്ധങ്ങളിലും കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധങ്ങളിലുമെല്ലാം വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അവരുടെ ആശയവിനിമയത്തിന്റെ തലങ്ങൾതന്നെ മാറിപ്പോയിട്ടുണ്ട്. മറ്റൊരുവിഭാഗം കുട്ടികൾ നിശ്ശബ്ദരായിപ്പോയിട്ടുണ്ട്.

ഡോ. ടി. സുനില്‍കുമാര്‍

കുട്ടികളുടെ ഭക്ഷണരീതിയിലും കാര്യമായ മാറ്റങ്ങൾ വന്നുകഴിഞ്ഞു. ഇത് എങ്ങനെയൊക്കെയാണ് ബാധിക്കുക?

കുട്ടികളുടെ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തിയത് മാതാപിതാക്കൾതന്നെയാണ്. ഏതുതരം ഭക്ഷണമായാലും അത് ആരോഗ്യം നൽകുന്നതായിരിക്കണം എന്ന് ഉറപ്പുവരുത്തണം. കാഴ്ചയ്ക്കും നാവിനും മാത്രമാവാതെ ആരോഗ്യത്തിനും കൂടി നല്ലതാവണം. അന്നജം, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവയെല്ലാം ചേർന്നതാണ് സമീകൃതാഹാരം. പക്ഷേ, നമ്മുടെ സമൂഹത്തിൽ ശീലിക്കുന്ന ഭക്ഷണത്തിൽ അന്നജം വളരെ കൂടിയതോതിലാണ്. പ്രോട്ടീനുകളുടെ അളവാകട്ടെ കുറവും.

ഉദാഹരണമായി, രാവിലെ പുട്ടും പഴവും പഞ്ചസാരയും കൊടുക്കുന്നു എന്ന് കരുതുക. ഈ മൂന്നിലും അന്നജമാണ് പ്രധാനം. ഇത് സമീകൃതമല്ല. ഇതിന് പകരമായി പുട്ടിനൊപ്പം കടലയോ ഗ്രീൻപീസോ പയറോ കറിയാക്കി കൊടുക്കുക. ഒപ്പം ഒരു മുട്ട പുഴുങ്ങിയതോ ഒരു ഗ്ലാസ് പാലോ കൊടുക്കുക. അപ്പോൾ സമീകൃതമായി. വളർന്നുവരുന്ന പ്രായത്തിൽ പ്രോട്ടീൻ വളരെ ആവശ്യമാണ്. എന്നാൽ അതാണ് ഇവിടെ കുറഞ്ഞുവരുന്നത്.

നല്ല ഭക്ഷണം എന്നാൽ വിലകൂടിയ ഭക്ഷണം, രുചിയുള്ള ഭക്ഷണം എന്നൊക്കെയായിരിക്കുന്നു ആളുകളുടെ ചിന്ത. അത് തെറ്റാണ്, പോഷകങ്ങളടങ്ങിയ ഭക്ഷണമാണ് നല്ല ഭക്ഷണം. പഴങ്ങളും പച്ചക്കറികളുമൊക്കെയാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ദിവസവും പഴങ്ങളും പച്ചക്കറികളും കഴിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. ഉയർന്നതോതിലുള്ള ഉപ്പും കൊഴുപ്പും മധുരവും ജീവിതശൈലീരോഗങ്ങളുടെ മുൻഗാമിയാണ്.

സ്കൂ‌ളുകളിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ആഘോഷത്തിന് മധുരം മാത്രമേ ഉള്ളൂവെന്ന ചിന്ത കുട്ടികളിൽ വളരാൻ ഇത് കാരണമാകുന്നുണ്ട്. അതിനാൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ച് മാതാപിതാക്കൾക്കും അധ്യാപകർക്കുമൊക്കെ ബോധവത്കരണം നടത്തേണ്ടതുണ്ട്.

ഡോ. എസ്.കെ. സുരേഷ്‌കുമാർ

കുട്ടികളിലെ മാനസികപ്രശ്നങ്ങളുടെ പ്രധാന കാരണങ്ങൾ ഇപ്പോൾ എന്തൊക്കെയാണ്?

മാതാപിതാക്കൾക്ക് മക്കളിലുള്ള പ്രതീക്ഷകൾ ഇന്ന് വളരെ കൂടുതലാണ്. ഇത് കുട്ടികളിൽ കടുത്ത മാനസികസമ്മർദത്തിന് ഇടയാക്കുന്നുണ്ട്. ഇത് ബോധപൂർവമുണ്ടാക്കുന്ന മാനസികസമ്മർദമല്ല. ഒരു കുട്ടിയേയുള്ളെങ്കിൽ ആ കുട്ടിയിലേക്കാണ് മാതാപിതാക്കളുടെ പ്രതീക്ഷയത്രയും. മാതാപിതാക്കൾ കുട്ടിയിൽ നേരിട്ട് സമ്മർദം ചെലുത്തിയില്ലെങ്കിലും തന്നിലാണ് മാതാപിതാക്കളുടെ മുഴുവൻ പ്രതീക്ഷയെന്ന് കുട്ടികൾക്ക് മനസ്സിലാവുന്നു. ഇത്തരത്തിൽ കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ പ്രതീക്ഷകളുടെ ഭാരം മുൻകാലങ്ങളെയപേക്ഷിച്ച് ഇന്ന് വലിയതോതിൽ കൂടുതലാണ്.

പാരന്റിങ് രീതികളിൽ വരുന്ന മാറ്റങ്ങളും കുട്ടികളിൽ മാനസികസമ്മർദമുണ്ടാക്കുന്നുണ്ട്. ഞങ്ങൾക്ക് ഏറ്റവും മികച്ച മാതാപിതാക്കളാകണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഇതിനായി മാതാപിതാക്കൾ ചെയ്യുന്ന പലതും പലപ്പോഴും അവർക്ക് തന്നെ തിരിച്ചടിയാവുകയാണ്. ചെറുപ്പംമുതൽ അമിത മാനസികസമ്മർദം അനുഭവിക്കേണ്ടിവരുന്നത് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. ജീവിതത്തിലെ വെല്ലുവിളികളേറ്റെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. പ്രതിസന്ധികളെ അവർ തിരിച്ചറിയട്ടെ. ജീവിതത്തിൽ ഒരു പ്രശ്നവും തിരിച്ചടിയും ഉണ്ടാവാത്തരീതിയിൽ കുട്ടികളുടെ ബോഡിഗാഡായി മാതാപിതാക്കൾ നിൽക്കരുത്.

പുറത്തിറങ്ങി സമപ്രായക്കാരായ കുട്ടികളുമായി കളിക്കാനുള്ള അവസരങ്ങൾ രക്ഷിതാക്കൾ അവർക്ക് നൽകേണ്ടതുണ്ട്. സ്കൂളിലെ പഠനം കഴിഞ്ഞ് ട്യൂഷൻ, കോച്ചിങ് എന്നിങ്ങനെ കുട്ടികളെ വീണ്ടും പഠനത്തിലേക്ക് വിടാതെ ശാരീരിക വ്യായാമത്തിനായി അവസരമൊരുക്കാം. പത്താംക്ലാസിലും പ്ലസ്ടുക്ലാസിലും പഠിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ അല്പസമയംപോലും കളിക്കാൻവിടാതെ മുഴുവൻസമയവും പഠിക്കാൻ നിർബന്ധിക്കുന്നത് കാണാറുണ്ട്. അത് ശരിയല്ല. പഠനത്തോടൊപ്പം ദിവസവും അവർക്ക് ശാരീരികവ്യായാമവും ആവശ്യമാണെന്ന് മറക്കരുത്.

മായാ നായർ

പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ വന്നതോടെ കായിക അധ്വാനമുള്ള കളികൾ കുറഞ്ഞുപോയിട്ടുണ്ട്. ഇത് എങ്ങനെ ബാധിക്കും?

ഇപ്പോൾ സ്കൂളുകളിൽ ഡ്രിൽ ക്ലാസുകളുള്ളതായി കാണുന്നില്ല. അതെല്ലാം മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കുകയാണ്. കുട്ടിക്ക് നന്നായി പഠിക്കാൻ സാധിക്കണമെങ്കിൽ ആരോഗ്യമുള്ള മനസ്സുണ്ടാകണം. ആരോഗ്യമുള്ള മനസ്സുണ്ടാകണമെങ്കിൽ ആരോഗ്യമുള്ള ശരീരമുണ്ടാകണം. ആരോഗ്യസംരക്ഷണത്തിലൂടെ മാത്രമേ അവരുടെ പഠനം മെച്ചപ്പെടുത്താൻ സാധിക്കൂ. ഇതിനായി കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കണം. ഇതിന്റെ ഭാഗമായി മാതാപിതാക്കൾക്കും അധ്യാപകർക്കുമൊക്കെ ബോധവത്കരണം ആവശ്യമാണ്. പഠനത്തെക്കുറിച്ചുള്ള പ്രോഗ്രസ് കാർഡ് മാത്രമാണല്ലോ ഇപ്പോൾ അധ്യാപകർ രക്ഷിതാക്കൾക്ക് നൽകുന്നത്. ഇനി പഠനനിലവാരത്തെക്കുറിച്ച് സംസാരിക്കാൻ സ്കൂളിൽ പോകുമ്പോൾ കുട്ടികളുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ചുകൂടി ചർച്ച ചെയ്യേണ്ടതാണ്. രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കിയാലേ അത് സാധിക്കൂ.

പ്രമേഹം, ഉയർന്ന രക്തസമ്മർദം, കാൻസർ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടങ്ങിയ പകർച്ചേതരരോഗങ്ങൾക്ക് ഭാവിതലമുറ അടിമകളാകുന്ന അവസ്ഥ ഒഴിവാക്കാനാക്കാൻ ഇതിലൂടെ സാധിക്കും.

ഡോ . എസ്.കെ. സുരേഷ്‌കുമാർ

ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കാൻ ഏതെല്ലാം കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്?

അന്നജവും കൊഴുപ്പും കുറഞ്ഞ, പച്ചക്കറികളും ധാന്യങ്ങളും, അണ്ടിപ്പരിപ്പുകളും, പഴങ്ങളും മത്സ്യവുമൊക്കെ ഉൾപ്പെട്ട ഭക്ഷണം വീടുകളിൽ ആവശ്യത്തിന് തയ്യാറാക്കാം. ഇറച്ചി, നെയ്യ്, മുട്ട, പാൽ തുടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കാം. ആരോഗ്യകരമായ ഭക്ഷണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിക്കാൻ സമൂഹവും സർക്കാരും ഇടപെടേണ്ടതുണ്ട്. ഫാസ്റ്റ്-ജങ്ക് ഭക്ഷണങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുപ്പത്തിൽ തന്നെ കുട്ടികളെ ബോധ്യപ്പെടുത്തണം. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമംചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കാം. നടത്തം, സൈക്ലിങ്ങ്, നീന്തൽ, ബാഡ്മിന്റൺ, നൃത്തം, എന്നിവയൊക്കെ കുട്ടികളിൽ ശീലമായി വളർത്തിയെടുക്കാൻ എളുപ്പമാണ്. വീട്ടിലെ മുതിർന്നവർ ഒരു റോൾ മോഡലായി നിന്നാൽ മാത്രംമതി. കളിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യങ്ങൾ സൃഷ്ടിക്കാൻ സമൂഹവും സർക്കാരും ശ്രദ്ധിക്കേണ്ടതുമുണ്ട്.

കുട്ടികൾക്ക് സമ്മാനമായി ഫാസ്റ്റ്- ജങ്ക് ഫുഡുകൾ നൽകാതിരിക്കുക, കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങുക എന്നിവയും അമിതവണ്ണ നിയന്ത്രണത്തിൽ പ്രാധാന്യമർഹിക്കുന്നു.

ഡോ. എം.മുരളീധരൻ

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ സ്കൂളുകൾക്ക് എന്ത് ചെയ്യാനാവും?

കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ഉറപ്പുവരുത്താൻ ഹെൽത്ത് പ്രൊഫഷണലുകളെ സ്കൂളിൽ കൊണ്ടുവന്ന് കുട്ടികളെ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കണം.

സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡ് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ കുട്ടികളെ ആ ശീലത്തിൽനിന്ന്‌ മാറ്റിയെടുക്കണം. ഇതിനായി തദ്ദേശീയ ഭക്ഷണങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കണം. ഇതിന്റെ ഭാഗമായി സ്കൂളിലും കോളേജിലുമൊക്കെ വിദ്യാർഥികളുടെ സഹകരണത്തോടെ കൃഷി തുടങ്ങാം. നാം കഴിക്കുന്ന ഒരു ഭക്ഷ്യവസ്തു എങ്ങനെയാണ് നടുന്നതെന്നും വളർന്ന് പാകമാവുന്നതെന്നും കുട്ടികൾ മനസ്സിലാക്കട്ടെ. അപ്പോൾ അവർ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചെത്തും. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് അവരിൽ മാനസികമായ സന്തോഷമുണ്ടാക്കും. അങ്ങനെ പോസിറ്റീവ് ഹോർമോണുകൾ അവരിലുണ്ടാകുന്നു. നെഗറ്റീവ് ആക്റ്റിവിറ്റികളിലേക്ക് അവരുടെ ശ്രദ്ധ തിരിയാതിരിക്കാനും ഇത് സഹായിക്കും. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിനുള്ള ആക്റ്റിവിറ്റികൾ ടീച്ചേഴ്‌സ് ട്രെയ്‌നിങ് കോഴ്‌സുകളുടെ ഭാഗമാക്കണം. അധ്യാപകർ ഈ വിഷയത്തിൽ പരിശീലനം നേടിയാൽ മാത്രമേ വിദ്യാർഥികൾക്ക് മികച്ച അറിവ് നൽകാനാവൂ. ഇൻ സർവീസ് കോഴ്‌സുകളായും അധ്യാപകർക്ക് ഇത് ചെയ്യാനുള്ള സംവിധാനമുണ്ടാക്കണം. സബ്ജക്റ്റിന് പുറത്തേക്കുള്ള കാര്യങ്ങളും അധ്യാപകർ വിദ്യാർഥികളോട് സംസാരിക്കണം. നല്ലൊരു അധ്യാപകന് നല്ലൊരു സൈക്കോളജിസ്റ്റായും വിദ്യാർഥികളോട് പെരുമാറാൻ സാധിക്കും.

സ്കൂൾ- കോളേജ് കാമ്പസുകൾ വിദ്യാർഥി സൗഹൃദമാക്കണം. വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢമാക്കണം. വിദ്യാർഥികളിൽ ജീവിതനൈപുണികൾ വളരാൻ സഹായിക്കണം. എങ്ങനെ ഒരു പ്രതിസന്ധിയെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾക്ക് പരിശീലനം നൽകണം. അത് ഇല്ലാത്തതുകൊണ്ടാണ് പലപ്പോഴും ആത്മഹത്യകൾ ഉണ്ടാകുന്നത്. തീരുമാനമെടുക്കാനുള്ള കഴിവ്, സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധം ഉണ്ടാകൽ തുടങ്ങിയ നിരവധി കാര്യങ്ങൾ ആർജിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. ലൈഫ് സ്കിൽ പ്രാക്ടീസ് സിലബസിന്റെ ഭാഗമാക്കണം.

ഡോ. ടി. സുനില്‍കുമാര്‍

ഹെൽത്ത് രജിസ്റ്റർ എങ്ങനെ തയ്യാറാക്കാം?

ഓരോ കുട്ടിയേയും സംബന്ധിച്ച് കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുകയും അവ ശരിയായ രീതിയിൽ രേഖപ്പെടുത്തുകയും വേണം. ഏറ്റവും കുറഞ്ഞത് ആറുമാസത്തിലൊരിക്കലെങ്കിലും ശിശുചികിത്സാ വിദഗ്ധൻ, ചർമരോഗ വിദഗ്ധൻ, നേത്രരോഗ വിദഗ്ധൻ, ഇ.എൻ.ടി. വിദഗ്ധൻ എന്നിവരൊക്കെ അടങ്ങുന്ന ടീം കുട്ടികളെ പരിശോധിച്ച് വിവരങ്ങൾ ഹെൽത്ത് രജിസ്റ്ററിൽ രേഖപ്പെടുത്തണം. അത്യാവശ്യമായ രക്ത പരിശോധനകളും ഇത്തരം അവസരങ്ങളിൽ ചെയ്യാവുന്നതാണ്. കുട്ടികളിലെ അസുഖങ്ങൾ നേരത്തേ കണ്ടുപിടിക്കാനും ആവശ്യമായ ചികിത്സകൾ നൽകാനും ആരോഗ്യ പരിശോധനകൾ സഹായകമാണ്. ഇത്തരം പരിശോധനാ അവസരങ്ങളിൽ ആരോഗ്യ ക്ലാസുകൾ നൽകിയാൽ കുട്ടികളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുവാൻ അവ പ്രയോജനപ്പെടും.

കുട്ടികളിൽ കാണുന്ന പല അസുഖങ്ങളും ആദ്യം തിരിച്ചറിയപ്പെടുന്നത് സ്കൂളുകളിലാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കേൾവിത്തകരാറുകൾ. അധ്യാപകരാവും പലപ്പോഴും കുട്ടികളുടെ കേൾവിത്തകരാറുകൾ ആദ്യം തിരിച്ചറിയുന്നത്. ഇത്തരത്തിലുള്ള കുട്ടികളെ എത്രയും വേഗം ഇ.എൻ.ടി. സ്പെഷലിസ്റ്റിനെ കാണിക്കാനും അധ്യാപകർക്ക് നിർദേശിക്കാവുന്നതാണ്.

മറ്റൊരു പ്രശ്നം കാഴ്ചത്തകരാറുകളാണ്. കുട്ടികൾ പുസ്തകം അടുപ്പിച്ച് പിടിച്ച് വായിക്കുന്നതോ ബോർഡിൽ എഴുതിയത് കൃത്യമായി വായിക്കാനാവാതെ പോകുന്നതോ ഒക്കെ ആദ്യം തിരിച്ചറിയുന്നത് സ്കൂളുകളിൽ വെച്ചാണ്. കുട്ടികളുടെ സമഗ്രമായ പ്രകടനകളിൽ ശ്രദ്ധയും, സാമൂഹികാവബോധവുമുള്ള അധ്യാപകർക്ക് ഇത്തരം ഇടപെടലുകൾ മികച്ച രീതിയിൽ നിർവഹിക്കാനാവും.

കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ ശാരീരിക രോഗങ്ങൾ പോലെ സാധാരണ ഗതിയിൽ എളുപ്പത്തിൽ തിരിച്ചറിയപ്പെടാറില്ല . വിഷാദരോഗമുളള കുട്ടികൾ, ആത്മവിശ്വാസക്കുറവുള്ള കുട്ടികൾ, ഗുരുതരമായ സഭാകമ്പമുള്ള കുട്ടികൾ , പഠന വൈകല്യമുള്ള (dyslexia) കുട്ടികൾ തുടങ്ങിയവരെ കണ്ടെത്തുവാനും മാനസിക ചികിത്സകരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും കഴിയുന്ന രീതിയിൽ അധ്യാപകരെ പരിശീലിപ്പിക്കേണ്ടതുമുണ്ട്. ക്ലാസിലെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം കുട്ടികൾക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് അധ്യാപകർക്ക് പെട്ടെന്ന് മനസ്സിലാക്കാനാകും. മറ്റുള്ള കുട്ടികളെ വേദനിപ്പിക്കുന്ന / ആക്രമിക്കുന്ന മാനസിക വൈകല്യങ്ങളും അധ്യാപകരുടെ ശ്രദ്ധയിൽ പെടാതെ പോവില്ല.ആ സമയത്ത് മാനസികരോഗ വിദഗ്ധന്റെ സഹായം നൽകുന്നത് കുട്ടിയ്ക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ഇത്തരത്തിൽ ഒട്ടേറെ ശാരീരിക-മാനസിക ആരോഗ്യപ്രശ്നങ്ങളിൽ സ്കൂളുകളിൽ വെച്ചു തന്നെ അധ്യാപകർക്ക് ഫലപ്രദമായി ഇടപെടാനാവും. ടൈപ്പ് വൺ പ്രമേഹം പോലുള്ള രോഗങ്ങളും സ്കൂളിൽ വെച്ച് തിരിച്ചറിയപ്പെടാറുണ്ട്. അസാധാരണമായ ക്ഷീണം, മെലിച്ചിൽ, ഇടക്കിടെ മൂത്രമൊഴിക്കൽ, അമിതമായ ദാഹം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ അധ്യാപകർക്ക് പെട്ടെന്നു മനസ്സിലാക്കാൻ കഴിയും. അതോടൊപ്പം പ്രമേഹബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ നൽകുക, ഭക്ഷണം ക്രമീകരിക്കുകതുടങ്ങി നിരവധി കാര്യങ്ങളിൽ അധ്യാപകരുടെ നിരീക്ഷണം ഉണ്ടാകുന്നത് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ഗുണപരമായ ദിശാബോധം നൽകും.

ഡോ. എം.മുരളീധരൻ

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്


Content Highlights: kids health, mental and physical health of kids, parenting tips

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kidney infection

2 min

നടുവേദന, വയറുവേ​ദന, ശക്തമായ പനി; വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം? പ്രതിരോധമാർ​ഗങ്ങൾ

Apr 1, 2023


malabar cancer centre

4 min

കാൻസർ വാർഡിലെ വര; അന്ന് നെഞ്ചിടിപ്പോടെ വന്നു, ഇന്ന് നിറംചാർത്തി മടങ്ങി

Apr 8, 2023


blood pressure

2 min

മരുന്ന് കഴിച്ചിട്ടും ബി.പി. കുറയാത്തത് എന്തുകൊണ്ടാണ്? ജീവിതശൈലിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം?

Mar 28, 2023


Most Commented