Representative Image| Photo: Canva.com
കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. പതിനെട്ടു വയസ്സുള്ള പെൺകുട്ടി, മൂത്രം പോകുമ്പോൾ വേദന, നടുവേദന, മൂത്രം രക്തം കലർന്നുപോകുന്നു എന്നീ രോഗലക്ഷണങ്ങളുമായി കാണാൻ വന്നു. രണ്ടുമാസമായി ഇതേ ലക്ഷണങ്ങൾക്ക് ചികിത്സ തേടുന്നു. മൂത്രത്തിൽ പഴുപ്പ്, മൂത്രക്കല്ല് എന്നൊക്കെ കരുതിയാണ് പലയിടത്തു നിന്നും ചികിത്സ തേടിയത്. എന്നാൽ അസുഖം മാറിയില്ല. പരിശോധനയ്ക്കൊടുവിൽ വൃക്കയെ ബാധിച്ച ക്ഷയരോഗം ആണെന്ന് സ്ഥിരീകരിക്കുകയും നിശ്ചിതകാലയളവിലേക്ക് അതിനുള്ള മരുന്ന് കഴിക്കുകയും ചെയ്തതോടുകൂടി രോഗം പൂർണമായും വിട്ടൊഴിഞ്ഞു.
ശ്വാസകോശങ്ങളെ ബാധിക്കുന്ന അണുബാധയെ ന്യൂമോണിയ എന്ന് പറയുന്നതുപോലെ വൃക്കകളെ ബാധിക്കുന്ന അണുബാധയെ പയിലോനെഫ്രൈറ്റിസ് എന്നാണ് പറയുക.
ബാക്ടീരിയ( ഉദാഹരണം: ഇ.കോളി, ക്ലബ്സിയല്ല, സ്യൂഡോമൊനസ്, ഫംഗസ്(Candida), വൈറസ്(Corona) പോലുള്ള പലതരം അണുക്കളും വൃക്കകളെ ബാധിക്കാം.
എങ്ങനെയാണ് വൃക്കകൾക്ക് അണുബാധയുണ്ടാകുന്നത്?
മൂത്രനാളിയിലും(Urethra) മൂത്രസഞ്ചിയിലും(Urinary Bladder) ഉണ്ടാകുന്ന അണുബാധയെയാണ് പൊതുവെ യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രത്തിൽ പഴുപ്പ് എന്ന് പറയുന്നത്. ഈ അണുക്കൾ മൂത്രവാഹിനി വഴി വൃക്കകളിലേക്ക് വ്യാപിക്കുന്നത് വഴിയാണ് കൂടുതലായും വൃക്കകകൾക്ക് അണുബാധകൾ ഉണ്ടാകുന്നത്.
കൂടാതെ ശരീരത്തിലെ മറ്റ് അവയവങ്ങളിലുള്ള അണുബാധകളും വൃക്കകളെ ബാധിക്കാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുണ്ടായ അണുബാധകൾ രക്തധമനികൾ വഴി വൃക്കകളിലെത്തിച്ചേർന്ന് അണുബാധകളുണ്ടാക്കാം. കൊറോണ വൈറസും എലിപ്പനിയും മലേറിയയും വൃക്കകളെ ബാധിക്കുന്നതും അങ്ങനെയാണ്.
അണുബാധയ്ക്കെതിരെ ചികിത്സ ഫലപ്രദമാണോ?
തീർച്ചയായും. എത്രയും പെട്ടെന്ന് കൾച്ചർ ചെയ്ത് ഏത് അണുബാധയാണ് ഉണ്ടായത് എന്ന് കണ്ടെത്തണം. അതിന് അനുസരിച്ചുള്ള മരുന്നുകൾ കഴിച്ചാൽ ഇത്തരം അസുഖങ്ങളെ ഭേദമാക്കാൻ സാധിക്കും. പഴുപ്പ് കെട്ടി വൃക്കയ്ക്ക് നീർക്കെട്ട് വരുന്ന അവസ്ഥയും(Pyonephrosis) വൃക്കയ്ക്ക് ചുറ്റും വ്രണം(Perinephric Abscess) വരുന്ന അവസ്ഥയും ഉണ്ടായാൽ സർജറി വേണ്ടിവരാറുണ്ട്.
വൃക്കയിൽ അണുബാധ വരാൻ സാധ്യതയുള്ളവർ ആരൊക്കെയാണ്?
നവജാതശിശു മുതൽ ഏത് പ്രായക്കാരിലും വൃക്കയിൽ അണുബാധ വരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും റിസ്ക് ഫാക്ടേഴ്സ് എന്ന് പറയുന്നത് പ്രമേഹരോഗികൾ, പ്രതിരോശധശേഷി കുറയ്ക്കുന്ന മരുന്നുപയോഗിക്കുന്നവർ(അവയവം മാറ്റിവെച്ചവർ, കാൻസർ രോഗികൾ), വൃക്കകളിൽ കല്ല് അടിക്കടി വരുന്നവർ, ആർത്തവവിരാമത്തിലെത്തിയവർ, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കമുള്ളവർ, മൂത്രം പോകാൻ ട്യൂബ് ഇടേണ്ടി വരുന്നവർ( Foleyഠs Catheter) എന്നിവരാണ്.
മൂത്രത്തിലെ കല്ലുകൾ വൃക്കയിലെ അണുബാധകൾക്ക് കാരണമാകുമോ?
മൂത്രക്കല്ലുകൾ വൃക്കയിലെ അണുബാധയ്ക്ക് കാരണമാകാം. അതുപോലെ വൃക്കയിലുണ്ടാകുന്ന അണുബാധകൾ മൂത്രക്കല്ലുകളും കാരണമാകാറുണ്ട്. മൂത്രക്കല്ലുകൾ മൂത്രാശയത്തിന്റെ ഏതെങ്കിലും ഭാഗത്ത് തങ്ങിനിന്ന് തടസ്സം സൃഷ്ടിക്കുമ്പോൾ അവിടെ മൂത്രം കെട്ടിനിൽക്കും. അങ്ങനെ മൂത്രം കെട്ടി നിൽക്കുന്നത് അണുക്കൾ പെരുകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.
തുടർച്ചയായി ഉണ്ടാകുന്ന മൂത്രാശയ അണുബാധകൾ പ്രത്യേകിച്ച് സ്ത്രീകളിൽ പ്രോട്ടിയെസ് എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന അണുബാധയ്ക്കും സ്ട്രൂവൈറ്റ് സ്റ്റോൺ എന്ന വൃക്കയിലെ കല്ലുകൾക്കും ഇടയാക്കാറുണ്ട്.
വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം?
കുളിരും വിറയലോടു കൂടിയുള്ള ശക്തമായ പനി, നടുവേദന, വയറുവേദന, മൂത്രമൊഴിക്കുമ്പോൾ വേദന, ഛർദി, വിശപ്പില്ലായ്മ എന്നിവയാണ് വൃക്കകളെ ബാധിക്കുന്ന അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. ശ്വേതരക്താണുക്കളുടെ തോത്, ക്രിയാറ്റിനിൻ, യൂറിയ എന്നിവയുടെ തോത് വർധിക്കുക എന്ന അവസ്ഥയും ഉണ്ടാകാം. അൾട്രാസൗണ്ട്, സി.ടി.സ്കാൻ, മൂത്രം കൾച്ചർ എന്നീ ടെസ്റ്റുകൾ ഇത്തരം അസുഖം സ്ഥിരീകരിക്കാൻ സഹായിക്കും.
വൃക്കകളിലെ അണുബാധ തടയാൻ സ്വീകരിക്കേണ്ട പ്രതിരോധമാർഗങ്ങൾ എന്തൊക്കെയാണ്?
- പ്രമേഹം നിയന്ത്രണവിധേയമാക്കുക.
- മൂത്രത്തിൽ കല്ലിനും പ്രോസ്റ്റേറ്റ് വീക്കത്തിനും ഫലപ്രദമായ ചികിത്സ ചെയ്യുക.
- വ്യക്തിശുചിത്വം പാലിക്കുക.
- ലൈംഗികശുചിത്വം പാലിക്കുക.
- വെള്ളം ധാരാളം കുടിക്കുക.
- മൂത്രക്കല്ല് ഒഴിവാക്കാനായി കാൽസ്യം, വിറ്റാമിൻ-സി, വിറ്റാമിൻ-ഡി പോലുള്ള ഗുളികകളുടെ അമിത ഉപയോഗം ഒഴിവാക്കണം.
പാല, മാർസ്ലീവ മെഡിസിറ്റിയിൽ സീനിയർ കൺസൽട്ടന്റ് നെഫ്രോളജിസ്റ്റ് ആണ് ലേഖിക
Content Highlights: Kidney Infection Symptoms and Treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..