പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സിച്ചുമാറ്റാനാകുമോ?


ഡോ. റയീസ് റഷീദ്

Representative Image| Photo: Gettyimages

പുരുഷ പ്രത്യുത്പാദന വ്യവസ്ഥയിലെ പ്രധാന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രസഞ്ചിയുടെ താഴെയായി മലാശയത്തിന് മുന്‍വശത്താണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ സ്ഥാനം. മൂത്രനാളി കടന്നുപോകുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ മധ്യത്തിലൂടെയാണ്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലും കണ്ടുവരുന്നത് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ്. പ്രായം കൂടുമ്പോള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയുംകൂടുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന, കാന്‍സര്‍ അല്ലാത്ത, സാധാരണ വീക്കം ഉണ്ട്. ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ (ബി.പി.എച്ച്.) എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ അസുഖം അമ്പത് കഴിഞ്ഞ പുരുഷന്‍മാരില്‍ സാധാരണമാണ്.

കാരണങ്ങള്‍

പ്രോസ്റ്റേറ്റ് കാന്‍സറിന്റെ കാരണം വ്യക്തമല്ല. പുരുഷ ഹോര്‍മോണ്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെയും അവിടെയുള്ള കാന്‍സര്‍ കോശങ്ങളെയും ഉദ്ദീപിപ്പിക്കും. പ്രായം ഇതിന്റെ സാധ്യത കൂട്ടുന്നു. ചുവന്ന മാംസവും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയുന്നതുമൊക്കെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം. അമിതവണ്ണം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയവയും പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കൂട്ടുന്നു. ചിലരില്‍ ബി.ആര്‍.സി.എ. ജീന്‍ എന്ന പാരമ്പര്യ ഘടകങ്ങള്‍ കാണാറുണ്ട്. ഇത് പ്രോസ്റ്റേറ്റ് കാന്‍സറിലേക്ക് നയിച്ചേക്കാം.

ലക്ഷണങ്ങള്‍

സാവധാനമാണ് ഈ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുക. വര്‍ഷങ്ങളോളം പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകണമെന്നില്ല. ഗുരുതരമാവുന്നതിന് അനുസരിച്ച് ലക്ഷണങ്ങളില്‍ വ്യത്യാസം വരും. മൂത്രതടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോവുക, അണുബാധ, വൃക്കകളുടെ പ്രവര്‍ത്തനത്തകരാര്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം, നട്ടെല്ലിനും മറ്റ് എല്ലുകള്‍ക്കും വേദന തുടങ്ങിയവ ഉണ്ടാകാം.

രോഗനിര്‍ണയം

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ശാരീരിക പരിശോധനകള്‍, രക്തപരിശോധന, സ്‌കാനിങ്, ബയോപ്സി എന്നിവ ചെയ്യണം.

പി.എസ്.എ. പരിശോധന

പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പ്രോട്ടീനാണ് പി.എസ്.എ. (പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്‍) രക്തത്തില്‍ ഇതിന്റെ അളവ് സാധാരണയായി നാല് നാനോഗ്രാം/ മില്ലിലിറ്റര്‍ ആണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചവരില്‍ പി.എസ്.എയുടെ അളവ് കൂടുതല്‍ കാണാം.

കാന്‍സര്‍ അല്ലാത്ത പ്രോസ്റ്റേറ്റ് വീക്കം ഉള്ളവരിലും പി.എസ്.എ.യുടെ അളവ് കൂടുതലായി കാണാറുണ്ട്. മൂത്രതടസ്സം, അണുബാധ തുടങ്ങിയവമൂലവും രക്തത്തില്‍ പി.എസ്.എ.യുടെ അളവ് കൂടാം. പി.എസ്.എയുടെ അളവ് പത്തില്‍ കൂടുതല്‍ കണ്ടാല്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

ശാരീരിക പരിശോധനകള്‍

യൂറോളജിസ്റ്റ് വിരല്‍ ഉപയോഗിച്ച് പ്രോസ്റ്റേറ്റിന്റെ വലുപ്പം പരിശോധിക്കും. ഇങ്ങനെ പരിശോധിക്കുമ്പോള്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കല്ലിപ്പ് കാണുകയാണെങ്കിലും പി.എസ്.എയുടെ അളവ് വളരെ കൂടുതല്‍ ആണെങ്കിലും ബയോപ്സി ടെസ്റ്റ് എടുക്കേണ്ടിവരും.

സ്‌കാനിങ്

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പത്തെക്കുറിച്ചും മുഴയെക്കുറിച്ചും വിശദമായി അറിയാന്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ് സഹായിക്കും.

ബയോപ്സി

മലദ്വാരത്തിലൂടെ പ്രത്യേകതരം സൂചി കടത്തി ബയോപ്സി പരിശോധന നടത്താം. ഇത് ചെയ്യുന്നതിന് മുന്‍പ് ആ ഭാഗം മരവിപ്പിക്കും. രോഗത്തിന്റെ തീവ്രത എത്രയുണ്ടെന്ന് തിരിച്ചറിയാന്‍ ബയോപ്സി റിപ്പോര്‍ട്ടിലൂടെ സാധിക്കും.

രോഗം നിര്‍ണയിച്ചുകഴിഞ്ഞാല്‍ സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, പെറ്റ് സ്‌കാന്‍, ബോണ്‍ സ്‌കാന്‍ എന്നീ പരിശോധനകള്‍ നടത്തി രോഗം മറ്റ് അവയവങ്ങളിലേക്കോ കഴലകളിലേക്കോ വ്യാപിച്ചിട്ടുണ്ടോ എന്നും വിലയിരുത്തും.

ചികിത്സ

രോഗത്തിന്റെ ഘട്ടം, കാഠിന്യം, രോഗിയുടെ വ്യക്തിഗത ആരോഗ്യം, മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് രോഗമെങ്കില്‍ ശസ്ത്രക്രിയയിലൂടെ ഭേദമാക്കാം. പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കംചെയ്തോ റേഡിയേഷന്‍ ചെയ്തോ കാന്‍സറിനെ ചികിത്സിക്കാം. പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനായി ഓപ്പണ്‍ സര്‍ജറി, കീഹോള്‍ സര്‍ജറി, റോബോട്ടിക് സര്‍ജറി എന്നിവ നിലവിലുണ്ട്. അപൂര്‍വമായി കീമോതെറാപ്പി വേണ്ടിവരും.

പ്രോസ്റ്റേറ്റിനൊപ്പം മറ്റ് അവയവങ്ങളെക്കൂടി കാന്‍സര്‍ ബാധിച്ചാല്‍, പുരുഷ ഹോര്‍മോണ്‍ പ്രവര്‍ത്തനം തടയുന്നതിനായി വൃഷണങ്ങള്‍ നീക്കംചെയ്യുന്ന ശസ്ത്രക്രിയയോ ഹോര്‍മോണ്‍ ഇഞ്ചക്ഷനുകള്‍ എടുക്കുകയോ വേണ്ടിവരും. ഹോര്‍മോണ്‍ ഇഞ്ചക്ഷനുകള്‍ മൂന്നുമാസം കൂടുമ്പോള്‍ എടുക്കണം.

ചികിത്സ കഴിഞ്ഞാല്‍ ആദ്യ രണ്ടുമാസങ്ങളില്‍ പതിവായി ഡോക്ടറെ കണ്ട് ഫോളോഅപ്പ് ചെയ്യേണ്ടതാണ്. തുടര്‍ന്നുള്ള അഞ്ചുവര്‍ഷം വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഡോക്ടറെ കണ്ട് ഫോളോഅപ്പ് നടത്തണം.

നിരീക്ഷണ രീതി

പ്രായമായവര്‍ക്കും മറ്റ് മാരകരോഗങ്ങള്‍ ഉള്ളവര്‍ക്കും ആദ്യഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് കാന്‍സറാണെങ്കില്‍ രോഗപുരോഗതി നിരീക്ഷിക്കും. പി.എസ്.എയുടെ അളവ് പത്തില്‍ താഴെയുള്ളവര്‍ക്കാണ് ഇത് ചെയ്യുക. പി.എസ്.എ. പരിശോധന, ശാരീരിക പരിശോധനകള്‍, സ്‌കാനിങ് എന്നിവ ചെയ്യും. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഈ പരിശോധനകള്‍ നടത്തുക. രോഗവ്യാപനം തിരിച്ചറിഞ്ഞാല്‍ അതിനനുസരിച്ചുള്ള ചികിത്സകളിലേക്ക് മാറും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പ്രായമായവരില്‍ പി.എസ്.എ. ടെസ്റ്റും ശാരീരിക പരിശോധനകളും നടത്തി പ്രോസ്റ്റേറ്റ് കാന്‍സര്‍ ഇല്ലെന്ന് ഉറപ്പാക്കണം.
  • ചുവന്ന മാംസവും കൊഴുപ്പുള്ള ആഹാരവും കുറച്ച്, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണം.
  • ചിട്ടയായ വ്യായാമം ശീലിക്കണം.
  • അമിതവണ്ണം ഒഴിവാക്കണം.
  • പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി കഴിക്കുക.
  • പുകവലി, മദ്യപാനം ഒഴിവാക്കുക.
  • കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ നേരത്തെ പരിശോധനകള്‍ നടത്തണം.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

തയ്യാറാക്കിയത്: അനു സോളമന്‍

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Prostate Cancer, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented