ടി.വി.യുടെയും ഫോണിന്റെയും ശബ്ദം കൂട്ടാറുണ്ടോ? തലകറക്കം സ്ഥിരമായി വരുന്നുണ്ടോ?; കേൾവി സംരക്ഷിക്കാൻ


ഡോ. പി.കെ. ഷറഫുദ്ദീൻ

5 min read
Read later
Print
Share

Representative Image | Photo: Gettyimages.in

കേൾവിയുള്ളവർക്ക് നിശ്ശബ്ദതയുടെ ലോകം അല്പനേരം ആശ്വാസം നൽകിയേക്കാം. എന്നാൽ കേൾവി നഷ്ടമാകുന്നവരുടെ അവസ്ഥ ഇതല്ല. കാതsപ്പിക്കുന്ന ശബ്ദങ്ങളും യന്ത്രസാമഗ്രികളുടെ കോലാഹലങ്ങളും സാധാരണ ജനങ്ങളുടെ കേൾവിശക്തിയെ കാര്യമായി ബാധിക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ ശബ്ദം കേൾക്കാനാവാത്തവരുടെ എണ്ണം വർധിക്കാനിടയുണ്ട്. ശബ്ദമലിനീകരണം തടയുന്നതിനാവശ്യമായ ബോധവത്കരണവും കൂടുതൽ ശക്തമായ നിയമനിർമാണവും ഇക്കാര്യത്തിൽ അനിവാര്യമായിരിക്കുന്നു.
ലോകത്ത് 360 മില്യൺ ആളുകൾ കേൾവിക്കുറവ് അനുഭവിക്കുന്നുണ്ട്. 32 മില്യൺ കുട്ടികൾ കേൾവിസംബന്ധമായ പ്രശ്നങ്ങളുള്ളവരാണ്. എന്നിട്ടും നഗരങ്ങളിലെ അമിത ശബ്ദകോലാഹലങ്ങൾ, വാഹനങ്ങളുടെ എയർ ഹോണുകൾ തുടങ്ങി ശബ്ദമലിനീകരണങ്ങൾ വിപുലമായിക്കൊണ്ടിരിക്കുന്നു.

ശബ്ദമലിനീകരണം വേണ്ടത്ര ഗൗരവമായി പലരും കണക്കാക്കുന്നില്ല. വാഹനങ്ങളുടെ ഹോണും സംഗീത പരിപാടികളിലെ അമിത ശബ്ദങ്ങളും മാത്രമല്ല, പല ജോലിസ്ഥലത്തും അമിത ശബ്ദമുണ്ട്. കെട്ടിട നിർമാണമേഖലയിലെ ടൈൽസ് ജോലിക്കാർ, പാറമടയിലെ തൊഴിലാളികൾ, ഖനന മേഖലയിൽ പണിയെടുക്കുന്നവർ, വിവിധ മെഷിനറികൾ ഉപയോഗിച്ച് ജോലിയെടുക്കുന്നവർ എന്നിവരിലെല്ലാം കേൾവിപ്രശ്നമുണ്ടാകാറുണ്ട്.

മറ്റു കാരണങ്ങൾ

ശബ്ദ മലിനീകരണം മാത്രമല്ല കേൾവിതകരാറുകൾ ഉണ്ടാക്കുന്നത്. ജനിച്ചയുടനേ കുട്ടികൾക്കുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ, ചില മരുന്നുകളുടെ അമിതോപയോഗം, പ്രായാധിക്യംതുടങ്ങി പലതും കേൾവിക്കുറവിന് കാരണമാകുന്നു.ചെവിയിലെ തീവ്രമായ അണുബാധ കേൾവിക്കുറവിന് പ്രധാന കാരണമാണ്. 65 വയസ്സിന് മുകളിലുള്ള മൂന്നിൽ ഒരാൾക്ക് കേൾവിക്കുറവുണ്ട്. ഗർഭാവസ്ഥയിലുള്ള കുട്ടികളെപ്പോലും അമിതമായ ശബ്ദം പ്രയാസപ്പെടുത്തുന്നുണ്ട്.

Also Read

എല്ലാ പോഷകങ്ങളും ഉൾപ്പെട്ടതായിരിക്കണം പ്രാതൽ; ...

ഡെങ്കിപ്പനി ​ഗുരുതരമാകും മുമ്പെ ചികിത്സ ...

ചെറിയ അളവ്‌ വ്യത്യാസങ്ങൾപോലും പ്രശ്നമാകും; ...

ഉറക്കക്കുറവ്  കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ?; ...

ചെവിയിൽ പ്രാണിയോ വെള്ളമോ പോയാൽ ചെയ്യേണ്ടതെന്ത്? ...

നേരത്തേ കണ്ടെത്തണം

കേൾവിപ്രശ്നങ്ങൾ നേരത്തേ തന്നെ കണ്ടെത്തുക പ്രധാനമാണ്. കുറവുകൾ മുൻകൂട്ടി കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സകൾ ഉറപ്പുവരുത്താൻ കഴിയും. കുട്ടികൾക്ക് കേൾവി പരിശോധന നിർബന്ധമാക്കണം.

പറയുന്നത് ആവർത്തിക്കാൻ ആവശ്യപ്പെടാറുണ്ടോ?, ടി.വി.യുടെയും ഫോണിന്റെയും ശബ്ദം കൂട്ടിവെയ്ക്കാറുണ്ടോ?, തലകറക്കം സ്ഥിരമായി വരാറുണ്ടോ?, ഉണ്ടെങ്കിൽ കേൾവിക്കുറവ് വരാൻ സാധ്യതയുണ്ട് എന്നാണ് സൂചന. കുട്ടികളിലാണെങ്കിൽ പഠനത്തിലെ പിന്നാക്കാവസ്ഥ, പ്രായത്തിനനുസരിച്ച് സംസാരത്തിന്റെയും ഭാഷയുടെയും വളർച്ചയില്ലായ്മ, ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതിരിക്കുക എന്നിവയാണ് പ്രധാനമായും കേൾവിക്കുറവിന്റെ ലക്ഷണങ്ങൾ.

ഇത്തരം ലക്ഷണങ്ങളുള്ളവരെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കേൾവി പരിശോധിക്കാൻ ആവശ്യപ്പെടുക. ആവശ്യമെങ്കിൽ ശ്രവണ സഹായി ഉപയോഗിക്കാൻ പറയുക. അവരെ ഒറ്റപ്പെടുത്തരുത്.

കേൾവിക്കുറവ് ഉള്ളവരോട് സംസാരിക്കുമ്പോൾ

കേൾവിക്കുറവുള്ളവരോട് സംസാരിക്കേണ്ട രീതി വ്യത്യസ്തമാണ്. കൂടുതൽ ശ്രദ്ധകൊടുത്ത് മുഖത്തുനോക്കി സംസാരിക്കാൻ ശ്രദ്ധിക്കുക. വ്യക്തമായി സംസാരിക്കുക, കേൾക്കുന്നില്ല എന്ന കാരണത്താൽ ദേഷ്യപ്പെട്ട് സംസാരിക്കരുത്. ശബ്ദമുഖരിതമായ അന്തരീക്ഷങ്ങളിൽ അവരോട് സംസാരിക്കുന്നത് കഴിവതും ഒഴിവാക്കാം. റേഡിയോ, ടി.വി. എന്നിവയുടെ ശബ്ദം കുറച്ചശേഷം സംസാരിക്കാൻ ശ്രദ്ധിക്കുക. വളരെ ഉച്ചത്തിൽ സംസാരിക്കുന്നതും ഒഴിവാക്കണം.

കേൾവി സംരക്ഷിക്കാൻ

കേൾവിശക്തി സംരക്ഷിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കണം. ചെവിവേദന, ചെവിയൊലിപ്പ്, തലകറക്കം, ചെവിക്കുള്ളിലെ മൂളൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകൾ ഉപയോഗിക്കുക. മറ്റു ചില കാര്യങ്ങളിലും ശ്രദ്ധവേണം:

  • മൂർച്ചയേറിയതും കാഠിന്യമുള്ളതുമായ വസ്തുക്കൾ ചെവിയിൽ ഇടരുത്.
  • അമിത ശബ്ദമുള്ള സ്ഥലത്തുനിന്ന് മാറിനിൽക്കുക.
  • ഇയർഫോണിന്റെ അമിതോപയോഗം ഒഴിവാക്കുക.
  • ചെവിയിൽ വെള്ളം കയറാതെ ശ്രദ്ധിക്കുക.
  • ഫാക്ടറിയിൽ ജോലി ചെയ്യുന്നവർ പ്രത്യേക ഇടവേളകളിൽ കേൾവി പരിശോധന നടത്തുക.
  • ശബ്ദം അമിതമായ സ്ഥലങ്ങളിൽ ഇയർ പ്ലഗ്ഗുകൾ ഉപയോഗിക്കുക,
  • ശബ്ദതീവ്രത അളക്കാൻ സ്മാർട്ട് ഫോൺ ആപ്പുകൾ ഉപയോഗിക്കുക.
കേൾവിക്കുറവ് മറ്റുചില പ്രശ്നങ്ങൾക്കും കാരണമാവാറുണ്ട്. ഓർമക്കുറവ്, മാനസികമായ തളർച്ച, സമൂഹത്തിൽനിന്ന് ഒറ്റപ്പെടൽ എന്നിവ നീണ്ടുനിൽക്കുന്ന കേൾവിക്കുറവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളാണ്.

കേൾവിക്കുറവ് കണ്ടെത്താൻ

മുതിർന്ന വ്യക്തികൾക്ക് കേൾവിക്കുറവുണ്ടോ എന്ന് കണ്ടുപിടിക്കാൻ പ്രധാനമായി ചെയ്തുവരുന്ന ടെസ്റ്റാണ് പി.ടി.എ. (Pure Tone Audiometry). ഓരോ തവണയും ശബ്ദങ്ങൾ കേൾക്കുമ്പോഴുള്ള പ്രതികരണങ്ങൾ രേഖപ്പെടുത്തി കേൾക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദം, ഗ്രാഫ് രൂപത്തിൽ ലഭിക്കുന്നു. എത്ര ശതമാനം കേൾവിക്കുറവുണ്ട്, എന്ത് തരത്തിലുള്ള കേൾവിക്കുറവാണ്, ഈ കേൾവിക്കുറവിനുള്ള പരിഹാരം എന്താണ് എന്നൊക്കെ ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ/ഓഡിയോളജിസ്റ്റ് നിർണയിക്കുക.

നവജാത ശിശുക്കളിൽ കേൾവിപരിശോധന നടത്താനുള്ള രീതിയാണ് സ്‌ക്രീനിങ് ഒ.എ.ഇ. (OAE). ഈ ടെസ്റ്റിൽ വിജയിച്ചില്ലെങ്കിൽ കൂടുതൽ വിശദമായ ടെസ്റ്റുകൾ ചെയ്ത് കേൾവിക്കുറവ് ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടതാണ്.അതിനായി പ്രധാനമായും ചെയ്തുവരുന്ന ടെസ്റ്റുകൾ ഇവയാണ്:

ഡൈഗ്നോസ്റ്റിക് ഒ.എ.ഇ: കൂടുതൽ സൗണ്ട് പ്രൂഫിങ് സംവിധാനത്തിൽ ഈ പരിശോധന ചെയ്യുന്നതുവഴി കോക്ലിയയിലെ കോശങ്ങളിലൂടെ പ്രവർത്തനം വിശദമായി അറിയാൻ സാധിക്കും.

ടിംപനോമെട്രി (Tympanometry): കുട്ടിയുടെ മധ്യകർണത്തിൽ പഴുപ്പോ മറ്റെന്തെങ്കിലും വളർച്ച കാരണമായ പ്രശ്നമോ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്നു.

ബി.ഒ.എ: ലൗഡ്‌സ്പീക്കറിലൂടെ വിവിധ തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിച്ച് ശബ്ദങ്ങളോടുള്ള കുട്ടിയുടെ പ്രതികരണങ്ങൾ (ഞെട്ടൽ, കരച്ചിൽ, കണ്ണുചിമ്മൽ, ശ്വാസോച്ഛ്വാസത്തിലുള്ള വ്യത്യാസങ്ങൾ, ശബ്ദം കേൾക്കുന്നിടത്തേക്കു തിരിഞ്ഞുനോക്കൽ) എന്നിവ രേഖപ്പെടുത്തി കേൾവിക്കുറവിന്റെ അളവ് സ്ഥിരീകരിക്കുന്നു.

BERA, ASSR, LLR: ഇവയെല്ലാം കംപ്യൂട്ടറൈസ്ഡ് പരിശോധനകളാണ്. ശ്രവണനാഡി മുതൽ തലച്ചോർവരെയുള്ള ഭാഗങ്ങൾ ശബ്ദത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നു. ഉറങ്ങുന്ന കുട്ടിയുടെ ചെവിയിലേക്ക് നൽകുന്ന ശബ്ദം നാഡിയിലൂടെ തലച്ചോറിലേക്ക് പോകുന്ന പ്രതികരണം ഇലക്‌ട്രോഡ്‌സ് വഴി ശേഖരിച്ച് എത്ര ശതമാനം കേൾവിയുണ്ടെന്ന് നിർണയിക്കാൻ ഈ ടെസ്റ്റ് സഹായിക്കുന്നു. ഓഡിറ്ററി ന്യൂറോപ്പതി (Auditory Neuropathy),ഓഡിറ്ററി മാച്ച്യുറേഷൻ ഡിലെ (Auditory maturation delay) എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വേർതിരിച്ചറിഞ്ഞ്‌ അതിന് പ്രതിവിധികൾ നൽകാൻ ഈ ടെസ്റ്റുകൾ ഉപകരിക്കുന്നു.

കോക്ലിയർ ഇംപ്ലാന്റേഷൻ

കേൾവി പ്രശ്നം പരിഹരിക്കാനുള്ള നൂതന ചികിത്സാരീതിയാണ്‌ കോക്ലിയർ ഇംപ്ലാന്റേഷൻ. ചെവിക്കകത്തെ കോക്ലിയ എന്ന അവയവത്തിലെ കോശങ്ങൾക്ക് തളർച്ച സംഭവിക്കുകയും ശക്തിയേറിയ ശ്രവണസഹായികൾ ഉപയോഗിച്ചിട്ടും പൂർണമായ പ്രയോജനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ കേൾവി തിരികെ കൊണ്ടുവരാനുള്ള ശസ്ത്രക്രിയയാണ് കോക്ലിയർ ഇംപ്ലാന്റേഷൻ.

എങ്ങനെയാണ് കോക്ലിയർ ഇംപ്ലാന്റ് പ്രവർത്തിക്കുന്നത്?

കോക്ലിയർ ഇംപ്ലാന്റിന് രണ്ട് ഭാഗങ്ങളാണുള്ളത്. പുറമേ ധരിക്കുന്ന സ്‌പീച്ച് പ്രൊസസറും ഹെഡ്പീസും. ശസ്ത്രക്രിയചെയ്ത് അകത്ത് ഘടിപ്പിക്കുന്ന റിസീവർ സ്റ്റിമുലേറ്ററും ഇലക്‌ട്രോഡുകളും. പുറമേയുള്ള ഭാഗം ശബ്ദങ്ങൾ പിടിച്ചെടുത്ത് റിസീവർ സ്റ്റിമുലേറ്ററിലേക്ക് കടത്തിവിടുന്നു. ഈ ശബ്ദതരംഗങ്ങൾ ഇലക്‌ട്രോഡിലേക്കെത്തുകയും അവിടെവെച്ച് ഓരോ ഇലക്‌ട്രോഡും സന്ദേശങ്ങളെ ശ്രവണനാഡിയിലേക്കയക്കുകയും ചെയ്യുന്നു. ഈ സന്ദേശങ്ങൾ ശ്രവണനാഡി വഴി തലച്ചോറിലെത്തുമ്പോൾ നാം ശബ്ദത്തെ തിരിച്ചറിയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഏകദേശം മൂന്നാഴ്ചകൾക്കുശേഷമാണ് സ്വിച്ച് ഓൺ എന്ന പ്രക്രിയ നടത്തുന്നത്. സ്വിച്ച് ഓൺ എന്നാൽ കോക്ലിയർ ഇംപ്ലാന്റിന്റെ പ്രവർത്തനം തുടങ്ങുകയെന്നാണ് അർഥം. ഇതിനുശേഷമാണ് കേൾക്കാൻ തുടങ്ങുന്നത്. സ്വിച്ച് ഓൺ പോലെ പ്രധാനമാണ് പ്രോഗ്രാമിങ്. കോക്ലിയയ്ക്കകത്ത് വെച്ചിട്ടുള്ള ഇലക്‌ട്രോഡുകളെ ഉത്തേജിപ്പിക്കുന്നതിനുവേണ്ട വൈദ്യുതിയുടെ അളവ് നിശ്ചയിക്കുകയാണ് പ്രോഗ്രാമിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ വ്യക്തമായ രീതിയിലുള്ള കേൾവി സാധ്യമാകുന്നതുവരെയും അതിനുശേഷം പ്രത്യേക ഇടവേളകളിലും പ്രോഗ്രാമിങ് ചെയ്യേണ്ടതുണ്ട്.

കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി ചെയ്യുന്നത് ഏത് വിധത്തിലാണ്?

ആദ്യം കോക്ലിയർ ഇംപ്ലാന്റ് വിദഗ്ധനായ ഇ.എൻ.ടി. ഡോക്ടറുടെ അഭിപ്രായം തേടണം. ആവശ്യമെന്ന് കണ്ടാൽ ആ വ്യക്തിക്ക് കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്യുന്നതിലൂടെ പ്രയോജനം ലഭിക്കുമോ എന്ന് വിദഗ്ധപരിശോധനയിലൂടെ വിലയിരുത്തും. ആശയവിനിമയം, മാനസികശേഷി, ശ്രവണശേഷി, വൈദ്യപരിശോധനകൾ, ആന്തരകർണത്തിന്റെ ഘടന ഇവയെല്ലാം അടിസ്ഥാനമാക്കിയാണ് കോക്ലിയർ ഇംപ്ലാന്റേഷന് യോഗ്യരാണോ എന്ന് വിലയിരുത്തുന്നത്. സാധാരണ ചെയ്യുന്ന ചെവിയുടെ മറ്റ് സർജറികൾപോലെത്തന്നെയാണ് ഇതും. മൂന്ന് മണിക്കൂറുകളോളം നീളുന്ന ഈ സർജറി കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാം. സർജറി കഴിഞ്ഞ് മുറിവുണങ്ങിയാൽ മൂന്നാഴ്ചയ്ക്കുശേഷം ചെവിക്ക് പുറകിൽ പ്രോസസറും ഹെഡ്പീസും ഘടിപ്പിച്ചാൽ ശബ്ദം കേട്ടുതുടങ്ങും.

കോക്ലിയർ ഇംപ്ലാന്റ് ആർക്കൊക്കെ ഗുണം ചെയ്യും?

ജന്മനാ ബധിരരായ കുട്ടികൾ, ശക്തിയേറിയ ശ്രവണസഹായികൾ ഉപയോഗിച്ചിട്ടും പ്രയോജനമില്ലാത്തവർ, അപകടംമൂലമോ, ഓട്ടോ സ്‌ക്ലീറോസിസ്, മെനിയേഴ്സ് ഡിസീസ് തുടങ്ങിയ അസുഖങ്ങൾമൂലമോ പൂർണമായും കേൾവി നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് കോക്ലിയർ ഇംപ്ലാന്റ് വഴി കേൾവിയുടെ ലോകത്തേക്ക് തിരിച്ചുവരാം.

കോക്ലിയർ ഇംപ്ലാന്റിന്റെ പ്രയോജനങ്ങൾ?

കോക്ലിയർ ഇംപ്ലാന്റ് ഉപയോഗിക്കുന്ന ഓരോരുത്തരും വ്യത്യസ്തരാണ്. ഇതിലൂടെ എന്തുമാത്രം പ്രയോജനം ലഭിക്കുമെന്നത് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. ഇംപ്ലാന്റ് ചെയ്യുന്ന സമയത്തെ വയസ്സ്, മുൻപുണ്ടായിരുന്ന കേൾവിശക്തി, ബധിരത ബാധിച്ചിട്ട് എത്ര കാലമായി, ഉൾച്ചെവിയിലെയും ശ്രവണനാഡിയുടെയും അവസ്ഥ എന്നീ ഘടകങ്ങൾ വളരെ പ്രധാനമാണ്.
കോക്ലിയർ ഇംപ്ലാന്റ് ഉപയോഗിക്കുന്ന എല്ലാവർക്കും നല്ലരീതിയിൽ ചുറ്റുപാടുമുള്ള ശബ്ദങ്ങൾ മനസ്സിലാക്കാൻ കഴിയും. ഇംപ്ലാന്റ് ടെക്‌നോളജിയിലുണ്ടായ പുതിയ നേട്ടങ്ങൾ ഇംപ്ലാന്റ് ഉപയോഗിക്കുന്ന എല്ലാവർക്കും ദൈനംദിന ജീവിതത്തിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും പശ്ചാത്തലശബ്ദം, പതിഞ്ഞ സംസാരം, സംഗീതാസ്വാദനം, ടെലിഫോൺ ശബ്ദങ്ങൾ എന്നിവ തിരിച്ചറിയാനും പ്രാപ്തരാക്കുന്നുണ്ട്.

എന്താണ് ഓഡിറ്ററി റിഹാബിലിറ്റേഷൻ ?

ക്ലോക്ലിയർ ഇംപ്ലാന്റേഷൻ സർജറി കഴിഞ്ഞവർക്ക് അതിന്റെ സഹായത്തോടെ സംസാരശേഷി നേടിയെടുക്കാൻ സഹായിക്കുംവിധമുള്ള പരിശീലനസമ്പ്രദായമാണ് ഓഡിറ്ററി റിഹാബിലിറ്റേഷൻ. ശ്രദ്ധ കേന്ദ്രീകരിക്കാൻ ശീലിക്കുന്നതിലൂടെ സംസാരഭാഷാ ക്രോഡീകരണവും ക്രമേണ സംസാരശേഷിയും കൈവരും. സ്വന്തം ശബ്ദവും മറ്റുള്ളവരുടെ ശബ്ദങ്ങളും ചുറ്റുപാടുമുള്ള മറ്റേത് ശബ്ദങ്ങളും ശ്രവിക്കാനുള്ള പരിശീലനമാണിത്.

ശ്രവണസഹായികളിൽ വന്ന മാറ്റങ്ങൾ

ആധുനിക സാങ്കേതികവിദ്യകളുടെ വളർച്ച ശ്രവണസഹായികളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഈ അടുത്തകാലങ്ങളിൽ ശ്രവണസഹായികളിൽ വന്ന പ്രധാന മാറ്റങ്ങൾ ഇവയൊക്കെയാണ്.

  • ചെവിയുടെ ഉള്ളിൽ നിന്ന് തീരെ പുറത്തേക്ക് കാണാത്ത രീതിയിൽ ഒതുങ്ങി നിൽക്കുന്നു.
  • ബാറ്ററി മാറ്റുന്നതിനുപകരം റീചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നു.
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി ഉൾപ്പെടുത്തിയിട്ടുള്ള ശ്രവണസഹായികൾ ഓരോ സാഹചര്യത്തിലും ഓട്ടോമാറ്റിക്കായി പൊരുത്തപ്പെടുന്നു.
  • വയോജനങ്ങൾക്ക് അടിതെറ്റി വീഴ്ചയുണ്ടാകുമ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ എത്തിക്കാനായി ഫാൾ അലർട്ട് (fall alerts) ഉൾപ്പെടുത്തിയിരിക്കുന്നു.
  • ബോഡി-െബ്രയിൻ ട്രാക്കിങ് സംവിധാനം. ദിവസേനയുള്ള പ്രവർത്തനങ്ങൾ റെക്കോഡ് ചെയ്ത് പ്രതികരണം തരാൻ കഴിയുംവിധമുള്ള സൗകര്യങ്ങൾ.
  • ഭാഷ പരിവർത്തനം ചെയ്യാനുള്ള സംവിധാനം.
  • സംഭാഷണങ്ങൾ എഴുത്തായി പരിവർത്തനം ചെയ്ത് സ്മാർട്ട് ഫോണിൽ ലഭിക്കാനുള്ള സാങ്കേതിക വിദ്യ.
  • ആകസ്മികമായ ഉച്ചത്തിലുള്ള ശബ്ദങ്ങൾപോലും (ഇടിമിന്നൽ, വെടിയൊച്ച) ശല്യമാവാതെ ശരിയായ അളവിൽ മാത്രം കടത്തിവിടാനുള്ള കഴിവുകൾ.
  • നേരിട്ട് സ്മാർട്ട് ഫോണുമായി കണക്ട് ചെയ്യാനുള്ള സംവിധാനം.
  • വെള്ളം/പൊടി എന്നിവ പ്രതിരോധിക്കാനുള്ള സംവിധാനം.
സങ്കേതിക വിദ്യയുടെ പുരോഗതിക്ക് അനുസരിച്ച് ശ്രവണസഹായികളിലും കൂടുതൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഓരോരുത്തരുടെയും ആവശ്യം അറിഞ്ഞ് ജീവിത നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങളൊക്കെ സഹായിക്കും.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

കോഴിക്കോട് അസന്റ് ഇ.എൻ.ടി. ഹോസ്പിറ്റൽ ചീഫ് ഇ.എൻ.ടി. & കോക്ലിയർ ഇംപ്ലാന്റ് സർജൻ ആണ് ലേഖകൻ

Content Highlights: how to care ear properly, ears and hearing, cochlear implant

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kidney infection

2 min

നടുവേദന, വയറുവേ​ദന, ശക്തമായ പനി; വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം? പ്രതിരോധമാർ​ഗങ്ങൾ

Apr 1, 2023


lungs

7 min

ശ്വാസകോശങ്ങൾ ദ്രവിച്ച്‌ ചുരുങ്ങിത്തുടങ്ങുന്ന അവസ്ഥ; അത്യപൂർവമായിരുന്ന ഐ.എൽ.ഡി. കൂടി വരുന്നു

Aug 25, 2023


kids

8 min

കുഞ്ഞുങ്ങൾ കുറേ സമയത്തേക്ക് നിർത്താതെ കരയുന്നുണ്ടോ? ഇതാകാം കാരണം

Apr 29, 2023


Most Commented