Representative Image | Photo: Gettyimages.in
ഗര്‍ഭിണികള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ഗൗരവമായ ആരോഗ്യപ്രശ്‌നമാണ് അമിത രക്തസമ്മര്‍ദം. 5-10 ശതമാനം ഗര്‍ഭിണികളില്‍ ഇത് കണ്ടുവരുന്നു. അമിത രക്തസ്രാവം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാതൃമരണത്തിന് കാരണമാകുന്നത് അമിത രക്തസമ്മര്‍ദവും അതിന്റെ അനന്തരഫലങ്ങളുമാണ്.
കാരണങ്ങള്‍
ഗര്‍ഭിണികളിലെ രക്താതിമര്‍ദത്തിന്റെ കാരണങ്ങള്‍ കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും താഴെ പറയുന്ന കാരണങ്ങള്‍ ഉള്ളവരില്‍ രക്തസമ്മര്‍ദം കൂടുന്നതായി കണ്ടുവരുന്നു.
- അമിതവണ്ണം
- ഗര്‍ഭിണികളുടെ പ്രായക്കൂടുതല്‍, പ്രത്യേകിച്ച് ഉയര്‍ന്ന പ്രായത്തിലെ ആദ്യ ഗര്‍ഭധാരണം.
- ഒന്നില്‍ കൂടുതല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍.
- പ്രമേഹം
- വൃക്കരോഗം
- പാരമ്പര്യം
- ലൂപ്പസ്
- ജന്മനാ അസാധാരണമായി രക്തം കട്ടപിടിക്കുന്ന അവസ്ഥ (Thrombophilia) എന്നിവയുള്ളവര്‍ക്ക് ഗര്‍ഭിണിയാകുമ്പോള്‍ രക്തസമ്മര്‍ദം വളരെ കൂടാന്‍ സാധ്യതയുണ്ട്.
- ശരീരവണ്ണം കൂടുതലുള്ളവര്‍ക്ക് നീളവും വീതിയും കൂടുതലുള്ള കഫ് (Cuff) ഉപയോഗിക്കണം.
- ഗര്‍ഭിണി പത്തുമിനിറ്റെങ്കിലും വിശ്രമിച്ചശേഷം, ഇരുന്നോ ഇടതുവശത്തേക്ക് അൽപം ചരിഞ്ഞുകിടന്നോ ആണ് ബി.പി. പരിശോധിക്കേണ്ടത്.
- സിസ്റ്റോളിക് ബി.പി. 140ലും ഡയസ്റ്റോളിക് ബി.പി. 90ലും കൂടുതലോ അല്ലെങ്കില്‍ ഇവയിലേതെങ്കിലുമൊന്ന് കൂടുതലോ ആണെങ്കില്‍ നാലുമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ബി.പി. പരിശോധിക്കണം. അപ്പോഴും ബി.പി. കൂടുതലാണെങ്കില്‍ രക്താതിമര്‍ദം ഉറപ്പിക്കാം. ബി.പി. 160/110 ഓ അതില്‍ കൂടുതലോ ആണെങ്കില്‍ അതിഗുരുതരമായ രക്താതിമര്‍ദമാണ്.
Also Read
ഗര്‍ഭിണികളില്‍ രക്താതി മര്‍ദം നാലുതരത്തിലാണ്.
- ജസ്റ്റേഷണല്‍ ഹൈപ്പര്‍ ടെന്‍ഷന്‍: ബി.പി. 140/90, അതില്‍ കൂടുതലോ ഉണ്ടാവുക. എന്നാല്‍ മറ്റ് ഗുരുതരപ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുക.
- പ്രീ എക്ലാംസിയ( Pre eclampsia): ബി.പി. കൂടുന്നതിനോടൊപ്പം ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഗുരുതരപ്രശ്‌നങ്ങള്‍ ബാധിക്കുന്നു. സന്നി (Seizure) അഥവാ എക്ലാംസിയ, വൃക്കയുടെ തകരാര്‍മുതലായവയുണ്ടാകാം.
- ക്രോണിക് ഹൈപ്പര്‍ടെന്‍ഷന്‍: ഗര്‍ഭിണിയാകുന്നതിനുമുന്‍പുതന്നെ രക്താതിമര്‍ദം ഉണ്ടാകുന്ന അവസ്ഥ. ഇത് മിക്കവരിലും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടാകില്ല. അമിതവണ്ണം, പ്രമേഹംമൂലമുള്ള വൃക്കരോഗങ്ങള്‍, പാരമ്പര്യം മുതലായവ ഇതിന് കാരണമാണ്.
- ക്രോണിക് രക്താതിമര്‍ദത്തിനോടൊപ്പം പ്രീ എക്ലാംസിയ: മുന്‍പേ രക്താതിമര്‍ദമുള്ളവര്‍ ഗര്‍ഭംധരിക്കുമ്പോള്‍, 20 ആഴ്ചകള്‍ക്കുശേഷം രക്തസമ്മര്‍ദം വളരെ ഉയരുകയും അതോടൊപ്പം പ്രോട്ടീനൂറിയ, കരളിലെ എന്‍സൈം മുതലായവയുംവര്‍ധിച്ച് ഗുരുതരപ്രശ്‌നങ്ങളുണ്ടാകുന്ന അവസ്ഥ.
മേല്‍പ്പറഞ്ഞവയില്‍ ഒന്നാമത്തെയും രണ്ടാമത്തെയും അവസ്ഥ ഗര്‍ഭധാരണത്തിന് 20 ആഴ്ച കഴിയുമ്പോഴാണ് ഉണ്ടാകുക.
മൂന്നാമത്തെയും നാലാമത്തെയും അവസ്ഥയില്‍, ഗര്‍ഭാരംഭംമുതല്‍തന്നെ രക്താതിമര്‍ദം പ്രകടമായിരിക്കും.
നാലാമത്തെ അവസ്ഥയില്‍ 20 ആഴ്ചയ്ക്കുശേഷം രക്താതിമര്‍ദം ഗുരുതരമാകുകയും മറ്റ് പ്രശ്‌നങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു.
തടയാന്‍പറ്റുമോ?
രക്താതിമര്‍ദം, പ്രത്യേകിച്ച് പ്രീ എക്ലാംസിയ എല്ലാവരിലും തടയാന്‍പറ്റില്ല. അതിന്റെ യഥാര്‍ഥ കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും രക്താതിമര്‍ദംമൂലമുള്ള ഗുരുതരപ്രശ്‌നങ്ങള്‍ ഒരളവുവരെ തടയാം.
ഗര്‍ഭസ്ഥശിശുവിന്റെ ജനിതകം ഭാഗികമായി അമ്മയുടെയും അച്ഛന്റെതുമാണല്ലോ. അതായത് അമ്മയുടെ ശരീരം ഗര്‍ഭസ്ഥശിശുവിനെ ആദ്യമായി തിരിച്ചറിഞ്ഞ് അതിനെതിരേ ചില രാസവസ്തുക്കളും കോശങ്ങളും ഉത്പാദിപ്പിക്കുന്നതുമൂലം മറുപിള്ളയില്‍ വ്യതിയാനങ്ങള്‍ വരുന്നു. രക്തചംക്രമണം ശരിയായരീതിയില്‍ നടക്കില്ല. മറുപിള്ള ചില രാസവസ്തുക്കള്‍ അമ്മയുടെ രക്തത്തിലേക്ക് കടത്തിവിടുന്നു. ഇതാണ് ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന രക്താതിമര്‍ദത്തിന്റെ പ്രധാന കാരണം. ആദ്യമായി പിതാവിന്റെ ജീനുകളെ അമ്മ നേരിടുമ്പോഴാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. ഇതാണ് ആദ്യത്തെ ഗര്‍ഭത്തില്‍ രക്താതിമര്‍ദം കൂടുതലായി കാണാന്‍ കാരണം.
ഗുരുതരമാകാതെ നോക്കാം
ഗര്‍ഭിണിയാകുന്നതിനു മുന്‍പുതന്നെ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
- ശരീരഭാരം ക്രമീകരിക്കുക. ബി.എം.ഐ. 19നും 22നും ഇടയ്ക്കാകുന്നത് ഉത്തമം.
- രക്തസമ്മര്‍ദം പരിശോധിക്കുക. കൂടുതലാണെങ്കില്‍ വേണ്ട പരിശോധനകള്‍ നടത്തി കാരണം കണ്ടുപിടിക്കുക. ചിലത് പൂര്‍ണമായി പരിഹരിക്കാന്‍പറ്റും. മറ്റുചിലത് ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ഉചിത മരുന്ന് കഴിച്ചും നിയന്ത്രിക്കാം. അതിനുശേഷം മാത്രം ഗര്‍ഭധാരണം പ്ലാന്‍ചെയ്യുക.
- ചില മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിന് ദോഷകരമാണ് (ACE inhibitors, ARB, diuretics). ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നവര്‍ ഡോക്ടറുടെ ഉപദേശമനുസരിച്ച് ഗര്‍ഭകാലത്തിന് യോജിച്ച മരുന്നുകള്‍ കഴിച്ച് രക്തസമ്മര്‍ദം നിയന്ത്രിക്കുക.
- അനിയന്ത്രിതമായ രക്തസമ്മര്‍ദംകാരണം വൃക്ക, ഹൃദയപേശികള്‍, നേത്രപടലം (Retina) മുതലായ അവയവങ്ങള്‍ക്ക് കേടുവരാം. ഗര്‍ഭിണിയാകുമ്പോള്‍ ഇവ കൂടുതല്‍ ഗുരുതരമാകാം. തുടക്കംമുതല്‍തന്നെ രക്തസമ്മര്‍ദം ശരിയായ മരുന്നുകള്‍കൊണ്ട് നിയന്ത്രിച്ചാല്‍ ഗുരുതരപ്രശ്‌നങ്ങള്‍ (കാഴ്ച നഷ്ടപ്പെടുക, വൃക്കയുടെ പ്രവര്‍ത്തനശേഷി നഷ്ടപ്പെടുക, ഹൃദയത്തകരാര്‍) ഒഴിവാക്കാം.
ജസ്റ്റേഷണല്‍ ഹൈപ്പര്‍ടെന്‍ഷന്‍, പ്രീ എക്ലാംസിയ, എക്ലാംസിയ എന്നിവ പൂര്‍ണമായും തടയാന്‍പറ്റില്ലെങ്കിലും അവയുണ്ടാകാന്‍ സാധ്യതയുള്ളവരെ കണ്ടുപിടിക്കാനാകും. 11-13 ആഴ്ചയില്‍ ഗര്‍ഭപാത്രത്തിലേക്കുള്ള രക്തയോട്ടവും മറ്റ് ചില പരിശോധനകളും നടത്തി അതില്‍ പ്രീ എക്ലാംസിയ വരാനുള്ള സാധ്യതയുണ്ടോയെന്ന് കണ്ടുപിടിക്കാം. സാധ്യതയുണ്ടെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ 16 ആഴ്ചയ്ക്കുമുന്‍പ് കഴിച്ചുതുടങ്ങണം. ക്രോണിക് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ വളരെ നിഷ്‌കര്‍ഷയോടെ മരുന്നുകള്‍ കഴിക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്താല്‍ സൂപ്പര്‍ഇംപോസ്ഡ് പ്രീ എക്ലാംസിയയും (Super imposed PE) അതിന്റെ ഗുരുതരമായ അനന്തരഫലങ്ങളും ഒഴിവാക്കാം.
രക്താതിമര്‍ദം ഗുരുതരമായാല്‍
- എക്ലാംസിയ: ഗര്‍ഭിണിക്ക് സന്നി വരുന്ന അവസ്ഥ.
- തലച്ചോറില്‍ രക്തസ്രാവം, പക്ഷാഘാതം
- വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കുക
- ഹൃദയത്തിന് ക്ഷതം (ലെഫ്റ്റ് വെന്‍ട്രികുലാര്‍ ഫെയ്‌ലിയര്‍, പള്‍മണറി എഡിമ)
- HELLP സിന്‍ഡ്രോം എന്ന ഗുരുതരാവസ്ഥ: പ്ലേറ്റ് ലെറ്റ് കോശങ്ങള്‍ അമിതമായി കുറയുക, കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുക. ചുവന്ന രക്താണുക്കള്‍ നശിക്കുക.
- ഡി.ഐ.സി. (DIC): പ്രധാന അവയവങ്ങളുടെ ചെറു രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുകയും പിന്നീട് അലിയുകയും ചെയ്യുന്നു. അനന്തരഫലമായി രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ ശരീരത്തില്‍ കുറയുകയും അമിത രക്തസ്രാവമുണ്ടാകുകയും ചെയ്യുന്ന അവസ്ഥ. ഇത് മാതൃമരണത്തിന്റെ ഒരു പ്രധാന കാരണമാണ്.
- മറുപിള്ള പ്രസവത്തിനുമുന്‍പ് വിട്ടുപോരുന്ന അവസ്ഥ (Placental Abruption)
- ഗര്‍ഭസ്ഥശിശുവിന് വളര്‍ച്ചക്കുറവ്.
- ഗര്‍ഭസ്ഥശിശുവിന്റെ മരണം.
- മാസംതികയാതെയുള്ള പ്രസവം. പലപ്പോഴും രക്താതിമര്‍ദം ഗുരുതരമാകുമ്പോള്‍ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ മാസം തികയാതെ കുട്ടിയെ പുറത്തെടുക്കേണ്ടിവരും. ഇത് സിസേറിയന്‍ പ്രസവം കൂടാനും കാരണമാകുന്നു.
മുന്‍പേയുള്ള രക്താതിമര്‍ദം
മുന്‍പുതന്നെയുള്ള രക്താതിമര്‍ദം ഗര്‍ഭിണിയായശേഷമാണ് കണ്ടുപിടിക്കപ്പെടുന്നതെങ്കില്‍ അവയവങ്ങളെ (കണ്ണ്, ഹൃദയപേശി, വൃക്കകള്‍) ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ചില സാഹചര്യങ്ങളില്‍ ഗുരുതരമായ നേത്രപടലരോഗം (റെറ്റിനോപ്പതി), വൃക്കരോഗം (CKD) മുതലായവയുണ്ടെങ്കില്‍ ഗര്‍ഭം തുടരുന്നത് സുരക്ഷിതമാണോ എന്ന് വിദഗ്ധാഭിപ്രായം തേടേണ്ടിവരും.
രക്താതിമര്‍ദം നിയന്ത്രണവിധേയമാണെങ്കില്‍ കൃത്യമായ ഗര്‍ഭകാല പരിശോധനകള്‍ ചെയ്യണം. കൂടാതെ വീട്ടില്‍തന്നെ ബി.പി. മോണിറ്ററിങ് നടത്തുകയും വേണം.
ലക്ഷണങ്ങള്‍
ഗര്‍ഭകാലത്തെ രക്താതിമര്‍ദത്തിന് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. ശരീരമാസകലം നീര്, ഒരാഴ്ചകൊണ്ട് 1.8 കിലോഗ്രാം ഭാരക്കൂടുതല്‍ എന്നിവയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. പാദങ്ങളില്‍ മാത്രം ഉണ്ടാകുന്ന നീര് വിശ്രമത്തിനുശേഷം കുറയുന്നത് ഗര്‍ഭിണികളില്‍ വളരെ സാധാരണമാണ്. അത് രക്താതിസമ്മര്‍ദത്തിന്റെ ലക്ഷണമല്ല.
പ്രീ എക്ലാംസിയയുടെ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. അവയെ 'മുന്നറിയിപ്പ് ലക്ഷണങ്ങള്‍' എന്ന് പറയും. അവയിലേതെങ്കിലും ഉണ്ടായാല്‍ നേരത്തേയുള്ള പരിശോധനയില്‍ ബി.പി. നോര്‍മലാണെങ്കില്‍പോലും ഉടനെ വൈദ്യസഹായം തേടണം.
- തലവേദന
- ഓക്കാനം, ഛര്‍ദി
- കാഴ്ചമങ്ങല്‍
- വയറിന്റെ മുകള്‍ഭാഗത്ത് വേദന.
- മൂത്രത്തിന്റെ അളവ് കുറയുക
- രക്തസ്രാവത്തോടുകൂടെയോ അല്ലാതെയോ ഉള്ള ശക്തമായ വയറുവേദന
- ദേഹമാസകലം പ്രത്യേകിച്ച് മുഖത്തും വിരലുകളിലും നീര്.
പ്രസവശേഷം
രക്താതിമര്‍ദമുള്ളവര്‍ പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ടാഴ്ച കൃത്യമായി ബി.പി. നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്ന് കഴിക്കണം. കൂടുതല്‍പേര്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ ബി.പി. സാധാരണ നിലയിലാകും. എങ്കിലും 12 ആഴ്ചവരെ ബി.പി. പരിശോധിക്കണം. 12 ആഴ്ച കഴിഞ്ഞും ബി.പി. കൂടുതലാണെങ്കില്‍ അവര്‍ക്ക് ഗര്‍ഭിണിയാകുന്നതിനുമുന്‍പുതന്നെ രക്താതിമര്‍ദം ഉണ്ടായിരുന്നുവെന്ന് കരുതാം.
ഗര്‍ഭിണിയായി മൂന്നുമാസത്തിനുശേഷമാണ് ആദ്യമായി ബി.പി. പരിശോധിക്കുന്നതെങ്കില്‍ ഇത് കൃത്യമായി കണ്ടുപിടിക്കപ്പെടാതെപോകാം. കാരണം ഗര്‍ഭിണികള്‍ക്ക് മൂന്നുമാസംമുതല്‍ രക്തസമ്മര്‍ദം കുറയും. അതുകൊണ്ട് ഗര്‍ഭംധരിക്കുന്നതിനുമുന്‍പുതന്നെയുള്ള രക്താതിമര്‍ദം കണ്ടുപിടിക്കപ്പെടാതെ പോകാം. അതുകൊണ്ട് ഗര്‍ഭിണിയാകുന്നതിന് മുന്‍പ് തന്നെ ബി.പി. പരിശോധിക്കണം.
ആവര്‍ത്തിക്കുമോ?
പ്രീ എക്ലാംസിയ, എക്ലാംസിയ എന്നിവ ആദ്യത്തെ ഗര്‍ഭധാരണത്തിലാണ് കൂടുതല്‍ കണ്ടുവരുന്നത്. 12 ശതമാനം സ്ത്രീകളില്‍ അടുത്ത ഗര്‍ഭത്തിലും വരാം. ഗര്‍ഭധാരണങ്ങള്‍ക്കിടയിലെ കാലയളവ് കൂടുന്തോറും രക്താതിമര്‍ദം ആവര്‍ത്തിക്കാനുള്ള സാധ്യത കൂടും. പുതിയ പങ്കാളിയില്‍നിന്ന് ഗര്‍ഭം ധരിക്കുമ്പോഴും പ്രീ എക്ലാംസിയയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പ്രസവശേഷം രക്താതിമര്‍ദം ഉണ്ടാകുമോ?
ഉണ്ടാകാം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ബി.പി. നോര്‍മലായി പ്രസവശേഷം പെട്ടെന്ന് ബി.പി. കൂടാനും സങ്കീര്‍ണതകളുണ്ടാകാനും സാധ്യതയുണ്ട്. പോസ്റ്റ് പാര്‍ട്ടം എക്ലാംസിയ വളരെ ഗുരുതരമായ അവസ്ഥയാണ്. അതുകൊണ്ട് പ്രസവത്തിനുശേഷവും 48-72 മണിക്കൂര്‍വരെയെങ്കിലും ബി.പി. നിരീക്ഷിക്കണം. കൂടാതെ എന്തെങ്കിലും ലക്ഷണങ്ങള്‍ (തലവേദന, ഛര്‍ദി, കാഴ്ചമങ്ങല്‍, വയറുവേദന) ഉണ്ടായാല്‍ ഉടനെ വൈദ്യസഹായം തേടണം. സാധാരണ, പ്രസവശേഷം 48 മണിക്കൂറിനുള്ളിലാണ് ഇങ്ങനെയുണ്ടാകുന്നത്. എന്നാല്‍ ആറാഴ്ചവരെയും ഈ അവസ്ഥ ഉണ്ടാകാം.
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ്, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി വിഭാഗം റിട്ട. പ്രൊഫസര്‍ & എച്ച്.ഒ.ഡിയുമാണ് ലേഖിക
Content Highlights: high blood pressure during pregnancy, preeclampsia, hypertension and pregnancy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..