ദിവസവുമുള്ള വ്യായാമം ചെറുപ്പക്കാരില്‍ ഹൃദയാഘാതമുണ്ടാക്കുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


ഡോ. ജോര്‍ജ് തയ്യില്‍

ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും മറ്റ് ആപത് ഘടകങ്ങള്‍ ഇല്ലെങ്കിലും അജ്ഞാത കാരണങ്ങളാല്‍ കൊഴുപ്പുനിക്ഷേപം (പ്ലാക്) ഉണ്ടാകുന്നു.

പ്രതീകാത്മക ചിത്രം | Photo: canva.com/

ബെംഗളൂരുവിലെ ജിമ്മില്‍ ഊര്‍ജസ്വലമായി വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരുന്ന പ്രശസ്ത കന്നഡ നടന്‍ പുനീത് രാജ്കുമാറിന് പെട്ടെന്നാണ് ഹൃദയസ്തംഭനം (കാര്‍ഡിയാക് അറസ്റ്റ്) ഉണ്ടായത്. കേവലം 46 വയസ്സുമാത്രമുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുനീത് മാത്രമല്ല, ചെറുപ്പക്കാരായ ചിലരും ഈയടുത്തകാലത്ത് തികച്ചും അപ്രതീക്ഷിതമായി മരിക്കുകയുണ്ടായി.
ഈ സംഭവത്തെത്തുടര്‍ന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ പൊതുവേ, വ്യായാമം ചെയ്യുന്നതിന്റെ സുരക്ഷിതത്വത്തെ
ക്കുറിച്ച് പല ആശങ്കകളുമുണ്ടായി.

വ്യായാമം അപകടമാകുമോ

സ്ഥിരവും ഊര്‍ജസ്വലവുമായ വ്യായമമുറകള്‍ ആരോഗ്യത്തിന് ആപത്കരമാണോ? തീര്‍ച്ചയായും അല്ല. 2,500 വര്‍ഷങ്ങള്‍ക്കുമുന്‍പ് രചിക്കപ്പെട്ട അടിസ്ഥാന ആയുര്‍വേദഗ്രന്ഥങ്ങളില്‍ പലവട്ടം പ്രതിപാദിച്ചിട്ടുള്ള, കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതികളുടെ പൊരുളെന്താണ്? 'ഹിതാഹാരോ മിതായാസോ ഭൂഗതാവശ്വനീസൂതൗ' എന്നതിന്റെ അര്‍ഥം, ഹിതമായ ആഹാരവും മിതമായ ആയാസവും (വ്യായാമം) ഭൂമിയില്‍ പിറന്ന അശ്വിനീദേവന്മാരെപ്പോലെ നമ്മെ സമസ്തരോഗങ്ങളില്‍നിന്നും പരിരക്ഷിക്കുന്നു എന്നാണ്. സാത്വികഭാവങ്ങളുള്ളവര്‍ക്കേ സ്വാസ്ഥ്യമുണ്ടാകൂ എന്ന് ആയുര്‍വേദം പഠിപ്പിക്കുന്നു.

ശരീരവടിവും ശേഷിയും സംരക്ഷിക്കാനും ദുര്‍മേദസ്സൊഴിവാക്കാനും ഭക്ഷണം കുറച്ച് കഴിച്ച് അനങ്ങാതിരിക്കുകയല്ല വേണ്ടത്, 'നല്ല' ഭക്ഷണം നന്നായി കഴിച്ച്, അത് ദഹിക്കാന്‍ കൃത്യമായി വ്യായാമം ചെയ്യുകയാണ് വേണ്ടത്. അതാവണം ആരോഗ്യത്തിന്റെ രസതന്ത്രം.
സാധാരണക്കാര്‍ക്കും രോഗികള്‍ക്കും ഫിറ്റ്നസ് ലഭിക്കാന്‍ വ്യായാമം ചെയ്യാം. ആരോഗ്യവാന്മാരായ ചെറുപ്പക്കാര്‍ക്ക് ബോഡി ബില്‍ഡിങ്ങിനായി കര്‍ശനമായ വ്യായാമമുറകള്‍ അഭ്യസിക്കാം. ഓരോരുത്തരുടെയും ആവശ്യവും ആരോഗ്യനിലവാരവുമനുസരിച്ച് വിവിധ ഫിറ്റ്നസ് പദ്ധതികള്‍ തിരഞ്ഞെടുക്കണമെന്നുമാത്രം. ഫിറ്റ്നസ് നേടാനുള്ള പരിശ്രമങ്ങള്‍ കുട്ടിക്കാലത്ത് തുടങ്ങുന്നതാണ് നല്ലത്. എന്നിട്ട്, കൃത്യതയോടെ അത് തുടര്‍ന്നുകൊണ്ടുപോവുക. അല്ലാതെ, വയസ്സേറിയതിനുശേഷം പെട്ടെന്ന് ഫിറ്റാകാമെന്ന് വിചാരിച്ച്, കഠിനമായ ഫിറ്റ്നസ് പ്രോഗ്രാമുകള്‍ അഭ്യസിക്കുന്നത് അപകടകരമാകാം. ശരീരം അത് താങ്ങുമോ എന്ന് വൈദ്യപരിശോധനയിലൂടെ സ്ഥിരീകരിക്കണം.

വൈദ്യപരിശോധന വേണം

എപ്പോഴും സ്ഥിരമായ വ്യായാമപദ്ധതി ആരംഭിക്കുന്നതിനുമുന്‍പ് വൈദ്യപരിശോധന ചെയ്യുന്നതാണ് അഭികാമ്യം. ഹൃദ്രോഗം, സ്ട്രോക്ക്, രക്താതിമര്‍ദം, പ്രമേഹം, സന്ധിരോഗങ്ങള്‍, കാന്‍സര്‍, മനോരോഗങ്ങള്‍ തുടങ്ങിയവയുള്ളവര്‍, തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശപ്രകാരംമാത്രമേ, വ്യായാമം തുടങ്ങാവൂ. പലതരം വ്യായാമമുറകളുണ്ട്. പേശികള്‍ക്ക് കരുത്ത് നല്‍കുന്ന വ്യായാമങ്ങള്‍, മെയ്വഴക്കത്തിനുള്ള ഫിറ്റ്നസ് മുറകള്‍, ഹൃദയ-ശ്വസന ശേഷി ദൃഢമാക്കുന്ന വ്യായാമങ്ങള്‍ തുടങ്ങിയവയാണ് പ്രധാനം. സാവധാനം 'വാം അപ്പി'ല്‍ തുടങ്ങി കൃത്യമായി 'കൂള്‍ ഡൗണ്‍' ചെയ്ത് അവസാനിപ്പിക്കണം.

വ്യായാമത്തിന്റെ പരിധിയെത്ര

വ്യായാമത്തിന്റെ ലക്ഷ്മണരേഖ തെറ്റുന്ന അവസരങ്ങളുമുണ്ട്. ഒരാള്‍ക്ക് ആഴ്ചയില്‍ 150 മിനിറ്റ് മിതമായ എയ്റോബിക് വ്യായാമമുറകളോ 75 മിനിറ്റ് തീവ്രമായ വ്യായാമമോ ചെയ്യാം എന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശം. വേണമെങ്കില്‍, ഇവ കൂട്ടിക്കലര്‍ത്തുകയും ചെയ്യാം. എന്നാല്‍, സമയപരിധി കാക്കുന്നതാണുചിതം. ഇത് കൃത്യമായി ചെയ്താല്‍, ധാരാളം പ്രയോജനങ്ങളുണ്ട്. വര്‍ധിച്ച ഹൃദയാരോഗ്യം, കൂടിയ ശാരീരികശേഷി, നല്ല ഉറക്കം, നിയന്ത്രണവിധേയമാകുന്ന സ്ട്രെസ്, ഇമ്യൂണ്‍ വ്യവസ്ഥയുടെ ശക്തമായ നിര്‍വഹണം തുടങ്ങിയവയെല്ലാം കൃത്യവും സ്ഥിരവുമായ വ്യായാമമുറകളുടെ പ്രയോജനങ്ങളാണ്.

എന്നാല്‍, വ്യായാമത്തിന്റെ സമയപരിധിയും തീവ്രതയും തെറ്റിയാല്‍, ഗുണത്തെക്കാളുപരി ദോഷങ്ങള്‍തന്നെയുണ്ടാകും. അമിതായാസം ചെയ്താല്‍, ചിലപ്പോള്‍ ഒ.ടി.എസ്. (Overtraining Syndrome) അല്ലെങ്കില്‍, 'ബേണ്‍ ഔട്ട്' (Burn Out) എന്ന പ്രതിഭാസമുണ്ടാകാം. ഈ അവസ്ഥ ആരോഗ്യത്തിന് ഭീഷണമാകുന്ന പല പ്രത്യാഘാതങ്ങളെയും ക്ഷണിച്ചുവരുത്തും. വ്യായാമത്തിന്റെ തീവ്രതയും അതെത്തുടര്‍ന്നുള്ള വിശ്രമവും (റിക്കവറി) തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് ഒ.ടി.എസിന്റെ പ്രധാനകാരണം.

ഒ.ടി.എസിന്റെ പ്രത്യാഘാതങ്ങള്‍

  • സ്ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോളും എപിനെഫ്രിനും വര്‍ധിക്കുന്നു. അതോടെ, മനോനില തെറ്റുന്നു, വിഷാദരോഗമുണ്ടാകുന്നു, ഉറക്കം നഷ്ടപ്പെടുന്നു.
  • വിശപ്പ് കുറവും ഭാരക്കുറവുമുണ്ടാകുന്നു.
  • റാബ്ഡോമയോലൈസിസ്- തീവ്രവ്യായാമംമൂലം പേശികളില്‍ മുറിവും അപചയവുമുണ്ടാകുന്നു.
  • തളര്‍ച്ചയും ശേഷിക്കുറവും അനുഭവപ്പെടുന്നു.
  • ഉറക്കക്കുറവുണ്ടാകുന്നു.
  • നെഞ്ചിടിപ്പും രക്തസമ്മര്‍ദവും വര്‍ധിക്കുന്നു.
  • ദഹനപ്രശ്‌നങ്ങള്‍, മലബന്ധം, വിശപ്പ് കുറവ്.
  • ലൈംഗികതാത്പര്യം കുറയുന്നു.
  • പ്രതിരോധശക്തി
  • കുറയുന്നു.
സാധാരണരീതിയില്‍ അമിതവ്യായാമം ചെയ്യുന്ന 60 ശതമാനത്തോളം ചെറുപ്പക്കാരില്‍ ഒ.ടി.എസ്. കാണാറുണ്ട്. സ്വന്തം ആരോഗ്യനിലവാരം എത്രമാത്രം സുരക്ഷിതമാണ് എന്ന തിരിച്ചറിവില്ലാതെയാണ്, മിക്ക ചെറുപ്പക്കാരും വ്യായാമപദ്ധതികളിലേര്‍പ്പെടുന്നത്. 150 മിനിറ്റോളം ആഴ്ചയില്‍ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണെന്നിരിക്കെ, 450 മിനിറ്റില്‍ കൂടുതല്‍ കഠിന വ്യായാമം ചെയ്യുന്‌പോള്‍ കൊറോണറി ധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടാനുള്ള സാധ്യത അധികമാവുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാല്‍സ്യനിക്ഷേപം പ്ലാക്കായി ഹൃദയധമനികളിലെ രക്തസഞ്ചാരം ദുഷ്‌കരമാക്കുന്നു.

അമേരിക്കയിലെ മയോക്ലിനിക്കില്‍, 3,175 ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി, 25 വര്‍ഷത്തോളം വിവിധ തീവ്രതയിലുള്ള വ്യായാമപദ്ധതികളുടെ പ്രത്യാഘാതം പരിശോധിക്കുന്ന പഠനം നടത്തി. ഇടയ്ക്ക് ഓരോ കാലയളവില്‍ അവരെ സി.ടി. സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കി. ആഴ്ചയില്‍ 150 മിനിറ്റില്‍ കുറവ്, മിതമായ വ്യായാമം ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തിയപ്പോള്‍, 450 മിനിറ്റില്‍ കൂടുതല്‍ തീവ്രമായ വ്യായമത്തിലേര്‍പ്പെട്ടവരില്‍ ഹൃദയധമനികളിലെ കാല്‍സ്യം 86 ശതമാനത്തില്‍ കൂടുതലായിക്കണ്ടു. അതുപോലെ, അമിതവ്യായാമം ചെയ്തവരില്‍ കൃത്യമല്ലാത്ത വേഗത്തിലുള്ള ഹൃദയസ്പന്ദനവും ഹൃദയപേശിക്കുള്ള പരിക്കും വര്‍ധിച്ച തോതില്‍ കണ്ടു. പ്രമേഹം, രക്താതിമര്‍ദം, പുകവലി തുടങ്ങിയ ആപദ്ഘടകങ്ങളില്ലാത്തവരിലും ഈ പ്രതിഭാസം കണ്ടു. അപ്പോള്‍, ആഴ്ചയില്‍ 450 മിനിറ്റില്‍ കൂടുതല്‍, കഠിന വ്യായാമപദ്ധതികളിലേര്‍പ്പെടുന്നവര്‍ക്ക് പെട്ടെന്നുള്ള ഹാര്‍ട്ടറ്റാക്കും ഹൃദയസ്തംഭനവും സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് തെളിയുന്നു. നിങ്ങളുടെ ശരീരത്തെ പറ്റാവുന്നതിലുമധികം ശക്തിയോടെ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോള്‍ ഹൃദയം അത് താങ്ങില്ലെന്ന് ഓര്‍ക്കണം.

മറ്റ് കാരണങ്ങളും ഹാര്‍ട്ട് അറ്റാക്കും

വ്യായാമവുമായി ബന്ധപ്പെടാതെ ചെറുപ്പക്കാരില്‍ ഹാര്‍ട്ടറ്റാക്കിനുള്ള സാധ്യത പൊതുവേ ഏറുന്നതെന്തുകൊണ്ട്? പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അറുപതോ എഴുപതോ വയസ്സിന് താഴെയുള്ളവര്‍ക്ക് ഹാര്‍ട്ടറ്റാക്ക് തീരെ കുറവായിരുന്നു. നാല്പത് വയസ്സിന് താഴെയുള്ളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാറില്ലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ഇന്ന് അറ്റാക്കുണ്ടാകുന്നവരില്‍ അഞ്ചില്‍ ഒന്ന് എന്ന കണക്കിന് ചെറുപ്പക്കാര്‍ കാണുന്നു. 2000-ത്തിനുശേഷം അറ്റാക്കിന്റെ നിരക്ക് വര്‍ഷത്തില്‍ രണ്ടുശതമാനം എന്ന കണക്കിന് ചെറുപ്പക്കാരില്‍ കൂടുകയുണ്ടായി.

സാധാരണ മുതിര്‍ന്നവരില്‍ കാണുന്ന പൊതുവായ ആപത് ഘടകങ്ങള്‍ ചെറുപ്പക്കാരില്‍ കാണുന്നുണ്ടെങ്കിലും പ്രത്യേകമായി അവരെ ഹൃദയാഘാതത്തിലേക്ക് തള്ളിവിടുന്ന പല നൂതന പ്രശ്‌നങ്ങളുമുണ്ട്. 40 വയസ്സില്‍ താഴെ അറ്റാക്ക് വരുന്നവരുടെ കണക്ക് പരിശോധിച്ചാല്‍ 25 ശതമാനത്തിലധികം പേരും 20-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രമേഹം, അമിത രക്തസമ്മര്‍ദം, അമിതവണ്ണം, വര്‍ധിച്ച കൊളസ്ട്രോള്‍ തുടങ്ങിയ സാധാരണ എല്ലാവരിലും കാണുന്ന അപകട ഘടകങ്ങള്‍ക്ക് ഉപരിയായി ചെറുപ്പക്കാരില്‍ പല ശീലങ്ങളും വിനയാകുന്നു. പുകവലി, പാരമ്പര്യ പ്രവണത, വര്‍ധിച്ച കൊഴുപ്പ് ഘടകങ്ങള്‍, വ്യായാമക്കുറവ്, മദ്യപാനത്തിന്റെ ആധിക്യം, ലഹരിവസ്തുക്കള്‍, മൊബൈല്‍ ഫോണുമായി ദീര്‍ഘനേരം അലസമായി ചടഞ്ഞിരിക്കുന്ന പ്രകൃതം, സ്ട്രെസ്, അപഥ്യമായ ഭക്ഷണശീലങ്ങള്‍ തുടങ്ങിയവ യുവാക്കളില്‍ ഹൃദയാഘാതത്തിനും ഹേതുവാകുന്നു.

അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ചെറുപ്പക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി നടത്തിയ പഠനഫലം 2022 മേയില്‍ ജാമ (JAMA) ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2264 പേരെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തില്‍ ഹൃദയാഘാതത്തിന് നിദാനമായ ആപത് ഘടകങ്ങള്‍ ഏതെന്ന് പഠനവിധേയമാക്കി. ഹൃദയാഘാതത്തിലേക്ക് നയിച്ച അപകടസാധ്യതകള്‍ യുവാക്കളിലും യുവതികളിലും വ്യത്യസ്തമായി കണ്ടു. യുവതികളിലുണ്ടായ അറ്റാക്കിന് 84 ശതമാനത്തിനും കാരണമായി കണ്ടത് പ്രമേഹം, വിഷാദരോഗം, പുകവലി, കുറഞ്ഞ കുടുംബവരുമാനം, പാരമ്പര്യസാധ്യത, വര്‍ധിച്ച കൊളസ്ട്രോള്‍, രക്താതിമര്‍ദം എന്നിവയാണ്. ആര്‍ത്തവവിരാമത്തിന് മുന്‍പ് സാധാരണമായി സ്ത്രീകള്‍ക്ക് ഹൃദയാഘാതമുണ്ടാകില്ല എന്നതാണ് പരമ്പരാഗതമായ ശാസ്ത്രം. കാരണം സ്ത്രീകളിലെ സ്‌ത്രൈണ ഹോര്‍മോണുകളായ ഈസ്ട്രജനും മറ്റും നല്ല സാന്ദ്രത കൂടിയ എച്ച്.ഡി.എല്‍. കൊളസ്ട്രോളിനെ വര്‍ധിപ്പിച്ചുകൊണ്ട് ഹൃദ്രോഗസാധ്യതയില്‍നിന്ന് പരിരക്ഷിക്കുന്നു. ഈ പരിരക്ഷ ഗര്‍ഭധാരണത്തിനും കുട്ടികളെ വളര്‍ത്തുന്നതിനുമൊക്കെയായി പ്രകൃതി അവര്‍ക്ക് നല്‍കിയിട്ടുള്ളതാണ്. അതുകൊണ്ട് സാധാരണമായി ഋതുവിരാമത്തിന് മുന്‍പ് സ്ത്രീകള്‍ക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകാറില്ല. എന്നാല്‍ പ്രമേഹം, അമിത രക്തസമ്മര്‍ദം, പുകവലി തുടങ്ങിയവ ഈ പരിരക്ഷ നല്‍കുന്നതിന് തടസ്സമുണ്ടാക്കുന്നു. യേല്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തില്‍ ഹൃദയാഘാതത്തിന് കാരണമായി യുവതികളില്‍ പ്രമേഹവും വിഷാദരോഗവുമാണ് കണ്ടത്. അതുപോലെ യുവാക്കളില്‍ പുകവലിയും പാരമ്പര്യസഹജമായ പ്രവണതകളും.

തിരിച്ചറിയാത്ത കാരണങ്ങള്‍

കാലം ചെല്ലുന്നതോടെ പരമ്പരാഗതമായ പല വൈദ്യസിദ്ധാന്തങ്ങളും മാറ്റിമറിച്ച് എഴുതപ്പെടുകയാണ്. ഹൃദയാഘാതവും അതേത്തുടര്‍ന്നുള്ള മരണവും സംഭവിക്കുന്ന ഏതാണ്ട് അന്‍പത് ശതമാനം പേരിലും നേരത്തേ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ല. അതുപോലെ അറ്റാക്കുണ്ടാകുന്ന 40-50 ശതമാനത്തോളം പേരിലും സാധാരണ കാണാറുള്ള അപായഘടകങ്ങള്‍ ഉണ്ടാകാറില്ല. സാധാരണ നാം പറയാറുള്ള 'ഫിസിക്കല്‍ ഫിറ്റ്നസ്' എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി പറയത്തക്ക ബന്ധമില്ലെന്നോര്‍ക്കണം. അതായത് ശാരീരികമായി 'ഫിറ്റ്' ആയ ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഒട്ടുമില്ല എന്ന ധാരണകള്‍ തെറ്റുന്നു. ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും മറ്റ് ആപത് ഘടകങ്ങള്‍ ഇല്ലെങ്കിലും അജ്ഞാത കാരണങ്ങളാല്‍ കൊഴുപ്പുനിക്ഷേപം (പ്ലാക്) ഉണ്ടാകുന്നു.

ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത പ്രസക്തമാകുന്നു. കൊറോണറികളില്‍ ഗുരുതരമായ ബ്ലോക്കില്ലാതെ അറ്റാക്കുണ്ടാകുന്ന അവസ്ഥയെ 'മിനോക്ക' എന്ന് വിളിക്കുന്നു. 5-6 ശതമാനം പേരില്‍ ഇപ്രകാരം ഹൃദയാഘാതമുണ്ടാകുന്നു. ചെറുപ്പക്കാരില്‍ ഇതിനുള്ള കാരണങ്ങള്‍ പലതാണ്-താത്കാലികമായ ചെറിയ ബ്ലോക്കുകളും രക്തക്കട്ടകളും ഉണ്ടാകുന്നു, മൈക്രോവാസ്‌കുലര്‍ രോഗം, തീവ്രമായ സ്ട്രെസ്സുകൊണ്ട് ധമനികള്‍ ചുരുങ്ങുകയും അവ വിണ്ടുകീറുകയും (ഡിസെക്ഷന്‍) ചെയ്യുന്ന അവസ്ഥ. ഇത്തരം രോഗികളില്‍ ആന്‍ജിയോഗ്രഫി ചെയ്താല്‍ അന്‍പത് ശതമാനത്തില്‍ കുറഞ്ഞ അപ്രധാന ബ്ലോക്കുകള്‍ മാത്രം കാണപ്പെടുന്നു. ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഹൃദ്രോഗമുണ്ടാകുന്നതില്‍ ജീനുകളുടെ സ്വാധീനം ഇന്ന് പരക്കെ ചര്‍ച്ചചെയ്യപ്പെടുന്നു. ജീനുകളുടെ ശക്തി അധികം കാണുന്നവരില്‍ ഹൃദ്രോഗസാധ്യത 91 ശതമാനം ഉയര്‍ന്നുകണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളും ഏറിയാല്‍ സംഗതി ഗുരുതര സ്ഥിതിയുണ്ടാവാം. ഹൃദയത്തിന്റെ വില്ലനായ കൊളസ്ട്രോള്‍ അറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും വര്‍ധിച്ചുകാണുന്നില്ലെന്നോര്‍ക്കണം. ഹൃദയാഘാതമുണ്ടാകുന്നത് ശാരീരിക - മാനസിക - ജനിതക ഘടകങ്ങളുടെ ഉദ്ദീപന പ്രക്രിയയിലെ അവസാന അധ്യായമായിട്ടാണ്.

ചികിത്സ തേടാന്‍ വൈകുമ്പോള്‍

30 വയസ്സിനുതാഴെയുള്ളവരിലുണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്കും തുടര്‍ന്നുള്ള മരണസാധ്യതയും ആസ്പദമാക്കി തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 1978-2017 കാലയളവില്‍ നടത്തിയ പഠനത്തിന്റെ ഫലം വിസ്മയകരമായ പല കണ്ടെത്തലുകളും വെളിച്ചത്ത് കൊണ്ടുവന്നു. ഇതുവരെയുണ്ടായിട്ടുള്ള മിക്ക പഠനങ്ങളും 30-74 വയസ്സിനിടയ്ക്കുള്ളവരിലാണ് നടത്തിയിട്ടുള്ളത്. 30 വയസ്സിന് താഴെയുള്ളവര്‍ ഹൃദയാഘാതമുണ്ടായി ചികിത്സ ലഭിച്ചശേഷം അടുത്ത പത്തുവര്‍ഷക്കാലത്തെ അതിജീവനസ്വഭാവം നിരീക്ഷിച്ചപ്പോള്‍ 30 ശതമാനംപേരും മരണത്തിന് കീഴടങ്ങിയതായി കണ്ടെത്തി. 20 വര്‍ഷം കഴിഞ്ഞപ്പോള്‍ 48 ശതമാനംപേര്‍ മരിച്ചു. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ മുതിര്‍ന്നവരെക്കാള്‍ ഏറെ ശോചനീയമാണ് ചെറുപ്പക്കാരുടെ സ്ഥിതിയെന്ന് കണ്ടെത്തി. 40 വര്‍ഷത്തോളമായി തുടരുന്ന ബൃഹത്തായ ഗവേഷണ നിരീക്ഷണങ്ങളുടെ ഫലം 2020-ല്‍ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിസിന്‍ റിസര്‍ച്ചില്‍ പ്രകാശിതമായി.

ചെറുപ്പക്കാരില്‍ കണ്ട ഹൃദ്രോഗാനന്തര മരണസംഖ്യയുടെ കാരണം പ്രധാനമായും ചികിത്സ ലഭിക്കുന്നതിനുള്ള താമസമായിരുന്നു. 38 ശതമാനംപേരും ചികിത്സ പരമാവധി പ്രയോജനപ്പെടുന്നതിന്റെ സമയപരിധി കഴിഞ്ഞാണ് ആശുപത്രിയിലെത്തിയത്. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായശേഷം പ്രാഥമികചികിത്സകള്‍ (പ്രൈമറി ആര്‍ജിയോപ്‌ളാസ്റ്റി, രക്തക്കട്ട അലിയിച്ചുകളയുന്ന ത്രോംബോലൈറ്റിക് തെറാപ്പി) കര്‍ശനമായ സമയപരിധിക്കുള്ളില്‍ ലഭിച്ചാലേ പരമാവധി പ്രയോജനമുണ്ടാകൂ എന്ന് മനസ്സിലാക്കണം. 'ഗോള്‍ഡന്‍ പീരിയഡ്' ഒന്നരമണിക്കൂറാണ്. ഈ സുപ്രധാന സമയപരിധിക്കുള്ളില്‍ രോഗിക്ക് പ്രൈമറി ആന്‍ജിയോപ്‌ളാസ്റ്റി ചെയ്യാന്‍ സാധിച്ചാല്‍ കട്ടിയാകാത്ത രക്തക്കട്ട മാറ്റി ഇടുങ്ങിയ കൊറോണറിധമനി വികസിപ്പിച്ച് അവിടെ കൃത്യമായി ഒരു സ്റ്റെന്റ് സ്ഥാപിക്കാന്‍ സാധിക്കും.

മൃതപ്രായമായെങ്കിലും ഇനിയും നശിച്ചിട്ടില്ലാത്ത ഹൃദയകോശങ്ങളിലേക്ക് രക്തമെത്തിച്ചുകൊടുക്കാന്‍ ഇതുവഴി സാധിക്കും. രക്തദാരിദ്ര്യത്താല്‍ ശ്വസംമുട്ടുന്ന ഹൃദയകോശങ്ങള്‍ പ്രാണവായുവും പോഷകപദാര്‍ഥങ്ങളും സ്വീകരിച്ച് വീണ്ടും ഏതാണ്ട് പൂര്‍വസ്ഥിതിയിലാകുകയും ഹൃദയപ്രവര്‍ത്തനം സന്തുലിതമാകുകയും ചെയ്യും. മറിച്ച് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായശേഷം മണിക്കൂറുകളും ദിവസങ്ങളും താമസിച്ചാല്‍ രക്തം കിട്ടാതെ ഹൃദയപേശികള്‍ ചത്തൊടുങ്ങി ആ ഭാഗം ഒരു വടുവായിത്തീരുന്നു. പിന്നെ ഹൃദയസങ്കോചനശേഷി ക്ഷയിക്കുകയും സാവധാനം ഹൃദയപരാജയത്തിലേക്ക് പതിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രോഗികള്‍ക്കാണ് അധികം താമസിയാതെ ജീവന്‍ നഷ്ടമാകുന്നത്.

ഹാര്‍ട്ട് അറ്റാക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 95 ശതമാനം ചെറുപ്പക്കാരിലും പരമ്പരാഗതമായ ആപല്‍ഘടകങ്ങളുടെ അതിപ്രസരം കണ്ടു. 88.3 ശതമാനംപേരില്‍ കൊളസ്ട്രോള്‍ അമിതമായി കണ്ടു. പുകവലി (63.5 ശതമാനം), മദ്യപാനം (20.8 ശതമാനം), അമിത രക്തസമ്മര്‍ദം (8.8 ശതമാനം), പ്രമേഹം (4.4 ശതമാനം) എന്നിങ്ങനെ വിവിധ ആപല്‍ഘടകങ്ങള്‍ ഹൃദ്രോഗത്തിന് കാരണമായി. 4.4 ശതമാനംപേരില്‍ വ്യക്തമായ അപകടകാരണങ്ങള്‍ കാണാന്‍ സാധിച്ചില്ല. മറ്റൊരു സവിശേഷത കണ്ടത്, ഹാര്‍ട്ട് അറ്റാക്കിനുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടുപോയശേഷവും വലിയൊരുശതമാനംപേര്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പോയിഎന്നാണ്.

(എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: heart attack in young people, relation between heart attack and exercises, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented