Representative Image| Photo: Canva.com
ആറ് മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് കറിവേപ്പ്. ചിലപ്പോൾ കറിവേപ്പ് ചെറുവൃക്ഷമാവുകയും ചെയ്യും. കറികൾക്ക് രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ആഹാരാവശ്യത്തിനും ഔഷധാവശ്യത്തിനും ഉപയോഗിക്കാം. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. റൂട്ടേസിയെ സസ്യകുടുംബത്തിൽപ്പെടുന്ന കറിവേപ്പിലയുടെ ശാസ്ത്രനാമം മുരയ കൊനീജിയൈ എന്നാണ്. കറിവേപ്പില കൊണ്ടുള്ള ചില ഔഷധപ്രയോഗങ്ങൾ പരിചയപ്പെടാം.
- കറിവേപ്പിലയും മഞ്ഞളും സമം അളവിൽ എടുത്ത് പതിവായി കഴിച്ചാൽ അലർജി മൂലമുണ്ടാകുന്ന അസുഖങ്ങൾ മാറാൻ സഹായിക്കും.
- കറിവേപ്പില, ചുക്ക്, കുരുമുളക്, സമം അളവിലെടുത്ത് കഷായം വെച്ചുകുടിച്ചാൽ പനി മാറും.
- കറിവേപ്പിലയുടെ പത്ത് തണ്ടിന്റെ ഇലകൾ, കുരുമുളക് 10 എണ്ണം, ഇഞ്ചി, പുളി, ഉപ്പ് എന്നിവ ആവശ്യത്തിന് ചേർത്ത് അരച്ച് ദിവസവും കഴിച്ചാൽ തുമ്മൽ, ഈസ്നോഫീലിയ കൊണ്ടുണ്ടാകുന്ന ചുമ എന്നിവ മാറും.
- തേൾ കുത്തിയാൽ കറിവേപ്പില പാലിൽ അരച്ച് ലേപനം ചെയ്യുക,.
- കറിവേപ്പിന്റെ കുരുന്നിലകൾ ചവച്ചുതിന്നുന്നത് ദഹനമില്ലാതെ കഫത്തോടും ദുർഗന്ധത്തോടും കൂടിയുണ്ടാകുന്ന അതിസാരത്തിൽ ഫലപ്രദമായി കണ്ടിട്ടുണ്ട്.
- സ്വരശുദ്ധി ഉണ്ടാകുന്നതിനായി കറിവേപ്പില ദിവസവും അരച്ച് കഴിക്കുക.
- കറിവേപ്പില അരച്ചുചേർത്ത് വെളിച്ചെണ്ണ കാച്ചിത്തേക്കുന്നത് അകാലനര ഒഴിവാക്കുന്നതിന് സഹായിക്കും. ഇതോടൊപ്പം കറിവേപ്പില അരച്ച് കഴിക്കുന്നതും നന്നായിരിക്കും.
- ദിവസവും ആഹാരത്തിൽ കറിവേപ്പില ചേർക്കുന്നതുകൊണ്ട് ദഹനശക്തി വർധിക്കുന്നു.
- കുറച്ച് കറിവേപ്പിലയും മൂന്ന് കുരുമുളകും ചേർത്ത് ദിവസവും രാവിലെ ചവച്ചരച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതാണ്.
- വേനൽക്കാലത്തുണ്ടാകുന്ന ശരീരത്തിലെ ചൂടുകുരുവിനും തിണർപ്പിനും കറിവേപ്പില വെണ്ണപോലെ അരച്ച് ദിവസവും ദേഹത്ത് പുരട്ടുക.
- രാവിലെ ഉണ്ടാകുന്ന ഛർദി മാറുന്നതിന് കറിവേപ്പിലയും ഇഞ്ചിയും തൊലികളഞ്ഞുവറുത്ത ഉഴുന്നും സമം അളവിലെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴമ്പുരൂപത്തിലാക്കി കുറച്ച് ദിവസം ഭക്ഷണത്തോടൊപ്പം കഴിക്കുക. ഇത് പിത്താനുബന്ധമായി ഉണ്ടാകുന്ന ഛർദിക്ക് കൂടുതൽ ഫലപ്രദമാണ്.
- കറിവേപ്പിലയും മഞ്ഞളും ചേർത്ത് മോരുകാച്ചി ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ദഹനസംബന്ധമായി ഉണ്ടാകുന്ന രോഗങ്ങൾ മാറുന്നതിന് സഹായിക്കുന്നു.
Content Highlights: Health Benefit of Curry Leaves
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..