Representative Image| Photo: Canva.com
വൈവിധ്യവും ആകർഷകത്വവുമാണ് നിറങ്ങളുടെ ധർമം. ഭക്ഷണത്തിലും കാര്യം വ്യത്യസ്തമല്ല. ഒരേ നിറത്തിലും രുചിയിലും ഉള്ള ഭക്ഷ്യവിഭവങ്ങൾ വേഗത്തിൽ മടുപ്പുളവാക്കുന്നവയാണ്. 400 ബി.സി. മുതൽതന്നെ ഭക്ഷണപദാർഥങ്ങൾക്ക് നിറംപകരാൻ പഴങ്ങൾ, പച്ചക്കറിച്ചാറുകൾ, ചെമ്പ് എന്നിവ ഉപയോഗിച്ചിരുന്നു. 18-ാം നൂറ്റാണ്ടായപ്പോൾ കൃത്രിമനിറങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.
എന്തിനാണ് ഭക്ഷ്യനിറങ്ങൾ?
- നിറം കുറഞ്ഞവയും നിറമില്ലാത്തവയും ഗുണനിലവാരമില്ലാത്ത ഭക്ഷണമായി പലപ്പോഴും കണക്കാക്കപ്പെടുന്നു.
- കടുംനിറമുള്ളവ കൂടുതൽ പുതുമയുള്ളവയായി തോന്നുന്നു.
- നിറങ്ങൾ മനസ്സിൽ രുചിയുടെ ഓർമ പുതുക്കുന്നു. (ഉദാ: ഓറഞ്ചുനിറമുള്ള കേക്ക് കാണുമ്പോൾ അത് ഓറഞ്ച് ഫ്ളേവർ നമ്മുടെ മസ്തിഷ്കത്തെ ഓർമപ്പെടുത്തുന്നു.)
- ഒരു ഭക്ഷ്യവസ്തുവിന് അതിന്റെ നിർമാണസമയത്ത് നഷ്ടമായ നിറം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു.
- കാഴ്ചയിൽ കൂടുതൽ താത്‌പര്യം ഉളവാക്കുന്നു.
- ഭക്ഷണത്തിന്റെ ആകർഷകത്വം വർധിപ്പിക്കുന്നു.
മണവും രുചിയും നിറവും മനുഷ്യമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിന് പ്രകൃതിയിൽ സ്വാഭാവികമായി കാണുന്ന നിറങ്ങൾ നൽകുന്നതാണ് കൂടുതലായി സ്വീകരിക്കപ്പെടുന്നത്. ഒരു പരീക്ഷണത്തിനായി ശാസ്ത്രജ്ഞർ പച്ചനിറത്തിലുള്ള സ്‌ട്രോബറിരുചിയുള്ള ഐസ്‌ക്രീം കൊടുത്തപ്പോൾ 90 ശതമാനം കുട്ടികളും അത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു.
Also Read
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണത്തിൽ നല്ലൊരു പങ്കും സംസ്കരിച്ചവയാണ്. ഇവയിൽ നിറങ്ങൾ ഒരു സൗന്ദര്യവർധകവസ്തുവായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, കോസ്‌മെറ്റിക്സ് ഇവയിലെല്ലാം അനുവദനീയമായ നിറക്കൂട്ടുകൾ ചേർക്കുന്നുണ്ട്. ഭക്ഷണത്തിൽ ചേർക്കുന്ന വസ്തുക്കളിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നതും നിറങ്ങളാണ്. ആരോഗ്യപരമായി മെച്ചമില്ലാത്തതും പോഷകങ്ങളും ഗുണനിലവാരവും ഇല്ലാത്ത ഭക്ഷ്യവസ്തുക്കൾപോലും തികച്ചും ആകർഷകമാക്കി ഉപയോഗം വർധിപ്പിക്കാൻ നിറങ്ങൾ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. കുട്ടികൾക്കിടയിൽ ഫാസ്റ്റ് ഫുഡിന്റെയും മധുരപലഹാരങ്ങളുടെയും പ്രചാരം കൂട്ടിയതിൽ നിറങ്ങളുടെ പങ്ക് ചെറുതല്ല.
ഭക്ഷ്യയോഗ്യമായ നിറങ്ങൾ
ഭക്ഷ്യനിറങ്ങളെ മൂന്നായി തരംതിരിക്കാം.
- പ്രകൃതിദത്ത നിറങ്ങൾ.
- പ്രകൃതിദത്തമായ ഭക്ഷ്യവിഭവങ്ങളിൽനിന്ന് വേർതിരിച്ച നിറങ്ങൾ അഥവാ പ്രകൃതി സമാനമായ നിറങ്ങൾ (Nature-identical colours).
- കൃത്രിമനിറങ്ങൾ (artificial/synthetic നിറങ്ങൾ)
സസ്യകലകളിൽനിന്ന് വേർതിരിച്ചെടുക്കുന്ന പോഷകമൂല്യമുള്ള സത്തകളാണിവ. ഇവയും ശരീരത്തിന് ഹാനികരമല്ല. മാത്രമല്ല, ഇവയ്ക്ക് പഴങ്ങളെയും പച്ചക്കറികളെയും അപേക്ഷിച്ച് കൂടുതൽ നിറം നൽകാനും സാധിക്കുന്നു.
പൊടിരൂപത്തിലോ സാന്ദ്രതകൂടിയ ദ്രാവകരൂപത്തിലോ ലഭിക്കുന്ന ഇവ മനുഷ്യനിർമിത പിഗ്മെന്റുകൾ എന്നും അറിയപ്പെടുന്നു.
ക്ലോറോഫിൽ: പച്ചനിറം (E140)
ലൈക്കോപിൻ: ചുവപ്പ് (E160d)
ആന്തോസയാനിൻസ്: ചുവപ്പ്, പർപ്പിൾ, നീല, പിങ്ക്, മജന്ത (E163)
കരോട്ടിനോയിഡ്‌സ്: ചുവപ്പ്, ഓറഞ്ച്, മഞ്ഞ (E160)
കുർകുമിൻ: മഞ്ഞ (E100)
കാരമെൽ: ബ്രൗൺ (E150)
ഇതുകൂടാതെ, കോച്ചിനെൽ (Cochineal) ഷഡ്പദത്തിന്റെ ശരീരകലകളിൽനിന്ന് മറ്റ് മിനറൽ സാൽട്ടുകൾ ചേർത്ത് വേർതിരിച്ചെടുക്കുന്ന കാർമൈൻ (ചുവപ്പുനിറം) സോസുകൾ, ഇറച്ചി എന്നിവയ്ക്ക് നിറം നൽകാൻ ഉപയോഗിക്കുന്നു.
ഇ-നമ്പർ
ഭക്ഷണത്തിൽ ചേർക്കാവുന്ന അഡിറ്റീവുകൾ(നിറം, മണം, രുചി എന്നിവയ്ക്കായി ) ക്കുള്ള കോഡ് നമ്പറാണ് ഇ-നമ്പർ (E-number).
E100-E199 വരെയാണ് നിറങ്ങൾക്ക് നൽകിയിരിക്കുന്ന കോഡ്. E200-E299 വരെ പ്രിസർവേറ്റീവുകൾക്ക് നൽകിയിരിക്കുന്നു.
കൃത്രിമനിറങ്ങൾ
ഈ അടുത്തകാലത്ത് ഫുഡ് സേഫ്റ്റി വിഭാഗം കേരളത്തിൽ നടത്തിയ പഠനത്തിൽ 82 ശതമാനം സാമ്പിളിലും അനുവദനീയമായ അളവിലും കൂടുതൽ സിന്തറ്റിക് നിറങ്ങൾ അടങ്ങിയതായി കണ്ടെത്തിയിരുന്നു. കൃത്രിമനിറങ്ങൾ ഭക്ഷണത്തിൽ ചേർക്കുമ്പോൾ, ഉദ്ദേശിക്കുന്ന നിറതീവ്രത ലഭിക്കുന്നു. ഇവ നേർപ്പിച്ചും തമ്മിൽ ചേർത്തും മറ്റ് നിറങ്ങളും നൽകാൻ സാധിക്കുന്നു. പ്രകൃതിദത്തമായവയെ അപേക്ഷിച്ച് ഉത്പാദനച്ചെലവും കുറവാണ്.
ഇന്ത്യയിൽ എട്ട് കൃത്രിമനിറങ്ങളാണ് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ളത്.
റെഡ്-3-എറിത്രോസിൻ (E127), റെഡ്-10-കാർമോസിൻ (E122), റെഡ്-18-പോൻസിയോ 4R (E124) എന്നിവ ചുവപ്പുനിറം നൽകാൻ ഉപയോഗിക്കാവുന്ന കൃത്രിമനിറങ്ങളാണ്.
പച്ചനിറം നൽകാൻ ഗ്രീൻ-3-ഫാസ്റ്റ് ഗ്രീൻ (E143). മഞ്ഞനിറത്തിന് യെല്ലോ-3-ടാർട്രാസൈൻ, യെല്ലോ-6-സൺസെറ്റ് യെല്ലോ. നീലനിറം നൽകാൻ ബ്ലൂ-1-ബ്രില്യന്റ് ബ്ലൂ (E133), ബ്ലൂ-2-ഇൻഡിഗോ കാർമൈൻ (E132) എന്നിവയും ഉപയോഗിക്കാം. നിർദേശിക്കപ്പെട്ടിട്ടുള്ള കൃത്രിമനിറങ്ങൾ ഉപയോഗിക്കാൻ പറ്റുന്ന ഭക്ഷ്യവസ്തുക്കളുടെ പട്ടിക എഫ്.എസ്.എസ്.എ.ഐ. പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഉൾപ്പെടാത്ത നിറം ചേർക്കുന്നത് ശിക്ഷാർഹമാണ്.
ഭക്ഷ്യവസ്തുക്കളിൽ അന്തിമ ഉത്പന്നത്തിൽ അനുവദനീയമായ സിന്തറ്റിക് നിറങ്ങൾ പരമാവധി പരിധി 100 പി.പി.എം. ആണ്. ചില പ്രത്യേക ഭക്ഷ്യപദാർഥങ്ങളിൽ ഇത് 200 പി.പി.എം. വരെയാകാം. ഇതിൽ കൂടുതൽ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
കൃത്രിമനിറങ്ങൾ വ്യാപകമാവുന്നത്
- പ്രകൃതിദത്തമായ നിറങ്ങൾ കൃത്രിമ നിറങ്ങൾപോലെ തീവ്രമായ നിറങ്ങൾ നൽകുന്നില്ല. പ്രാദേശികമായോ കാലാനുസൃതമായോ ലഭ്യതകുറയുമ്പോൾ ഉത്‌പാദനച്ചെലവ് കൂടുന്നു.
- സ്ഥിരതയുള്ള നിറം ലഭിക്കുന്നില്ല.
- വെളിച്ചവും ചൂടും മൂലം നിറം നഷ്ടപ്പെടുന്നു.
- കൂടുതൽ നിറം ലഭിക്കാൻ കൂടുതൽ ചാറുകൾ ചേർക്കുന്നത് രുചിയെ ബാധിക്കാം.
- കുറച്ച് സമയമേ സൂക്ഷിക്കാൻ സാധിക്കുന്നുള്ളൂ.
- ഫുഡ് അലർജി ഉണ്ടെങ്കിൽ ഉപയോഗിക്കാൻ സാധിക്കില്ല.
- പഴങ്ങൾക്കും പച്ചക്കറികൾക്കും നിറം നൽകുന്നത് ഫൈറ്റോകെമിക്കൽസ് എന്ന പോഷകങ്ങൾ ആണ്. മികച്ച ആന്റി ഓക്സിഡന്റുകൾ ആണ് ഇവ. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. നിറം അല്പം കുറഞ്ഞാലും വീട്ടിലെ പാചകത്തിന് പോഷകമൂല്യമുള്ള പ്രകൃതിദത്ത നിറങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാം.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആരോഗ്യപ്രവർത്തകരും ഗവൺമെന്റ് ഏജൻസികളും ലോകമെമ്പാടും നടത്തിയ പഠനങ്ങളിൽ കൃത്രിമനിറങ്ങളുടെ അമിതോപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.
2015-ൽ സിറ്റി ഓഫ് നോർത്ത് കരോലിനയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത് കുട്ടികളിൽ പഠനവൈകല്യവും അമിതവികൃതിയും ശ്രദ്ധക്കുറവും ഉണ്ടാകാൻ ബ്രില്യന്റ് ബ്ലൂ എന്ന നിറത്തിന്റെ അമിതോപയോഗം കാരണമാകുന്നുവെന്നാണ്. 80 ശതമാനം മിഠായികളിലും കേക്ക്, ബിസ്‌കറ്റ്, മധുരപാനീയങ്ങൾ എന്നിവയിലും ഈ നിറം ഉപയോഗിക്കാറുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ നടത്തിയ ഒരു പഠനത്തിൽ പോൻസിയോ 4R (ചുവപ്പുനിറം) എന്ന സിന്തറ്റിക് നിറം ചേർത്ത ജീരകമിഠായി അമിതമായി ഉപയോഗിച്ചത് നാവിൽ ഗ്ലോസിറ്റിസ് എന്ന രോഗം (നാവ് തടിച്ചുപൊങ്ങുക) ഉണ്ടാക്കിയതായി കണ്ടെത്തി. ഇതേ പഠനത്തിൽത്തന്നെ ജീരകമിഠായികളിൽ അനുവദനീയമായതിലും കൂടുതൽ നിറം ചേർത്തിരുന്നതായും തെളിയിക്കപ്പെട്ടു. റെഡ്-3 എന്ന നിറം പരീക്ഷണശാലകളിൽ എലികളിൽ തൈറോയിഡ് പ്രശ്നങ്ങളുണ്ടാക്കി.
സിന്തറ്റിക് നിറങ്ങളുടെയും അമിതോപയോഗം ആസ്ത്‌മ അല്ലെങ്കിൽ അലർജി ഉള്ളവരിൽ രോഗം മൂർച്ഛിക്കാൻ കാരണമാകുന്നു. പ്രതിരോധശേഷി കുറഞ്ഞവരിൽ ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ഇത്തരം നിറങ്ങളുടെ അമിതോപയോഗം കുട്ടികളെ എന്തുകൊണ്ടാണ് കൂടുതലായി ബാധിക്കുന്നത് എന്ന് പരിശോധിക്കാം.
- മുതിർന്നവരേക്കാൾ കൂടുതൽ അളവിൽ ഇത്തരം നിറങ്ങൾ കഴിക്കുന്നു. നിറംചേർത്ത മിഠായികൾ, കേക്ക് ഐസിങ് മുതലായവ.
- മുതിർന്നവരോളം തൂക്കമില്ലാത്തതിനാൽ ശരീരത്തിലെത്തുന്ന നിറങ്ങളുടെ അളവ് കൂടുതലായി അനുഭവപ്പെടുന്നു.
- ശരീരം സ്വയം വിഷവിമുക്തമാകുന്ന പ്രക്രിയയ്ക്ക് ആവശ്യമായ എൻസൈമുകളുടെ അപര്യാപ്തത.
- കാൻസർ ഉണ്ടാക്കുന്ന വസ്തുക്കളോടുള്ള സംവേദനക്ഷമത കൂടുതൽ.
നിരോധിച്ചവ
ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതും ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നവയുമാണ് ഇവ. വളർച്ചക്കുറവ്, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾ ഇവ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്നതായി എലികളിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
റൊഡാമിൻ ബി (Rhodamine B), അമരന്ത് (Amaranth), ഓറഞ്ച് II (Orange II), മെറ്റാനിൽ യെല്ലോ (Metanil Yellow), മാലക്കൈറ്റ് ഗ്രീൻ(Malachite green), തുടങ്ങിയവ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
നിരന്തരപരിശോധനകളും ബോധവത്കരണവുമാണ് ഇത്തരം നിറങ്ങൾ ഉപയോഗിക്കുന്നത് തടയാനുള്ള വഴി.
എന്തുകൊണ്ടാണ് സിന്തറ്റിക് നിറങ്ങൾ ദോഷകരമാകുന്നത്?
സിന്തറ്റിക് നിറങ്ങൾ കൽക്കരി ടാർ, പെട്രോളിയം, ക്രൂഡ് ഓയിൽ എന്നിവയിൽ നിന്നാണ് നിർമിക്കുന്നത്. ഇവയുടെ രാസഘടന ഇവയിൽനിന്ന് വ്യത്യസ്തമായതിനാലാണ് ഭക്ഷണത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നത്. ഉപയോഗയോഗ്യമാണ് എന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല എന്ന് അർഥമില്ല. പലപ്പോഴും അളവാണ് പ്രശ്നമാകുന്നത്. കൂടുതൽ തവണ നിറംചേർത്ത പലഹാരവും മിഠായിയും ഉപയോഗിക്കുമ്പോൾ കൂടുതൽ അളവിൽ ഇവ ശരീരത്തിൽ എത്തുന്നു.
കൂടുതൽ അളവിൽ നിറം ചേർക്കുന്നതും ഗുരുതര പ്രശ്നമാണ്. ഒരു വ്യക്തിയുടെ തൂക്കത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതിൽ കൂടുതൽ ശരീരത്തിൽ ചെന്നാൽ അലർജി, വളർച്ച വൈകല്യം എന്നിവ മുതൽ കാൻസർ വരെ ഉണ്ടാകാം. കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി കൃത്രിമ ഫ്ളേവർ ചേർക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുമ്പോൾ വയറിലെ സ്വാഭാവിക സന്തുലിതാവസ്ഥ താറുമാറാകുന്നു. നല്ല ബാക്റ്റീരിയ നശിക്കാനും തൻമൂലം ദഹനപ്രക്രിയ തടസ്സപ്പെടാനും കാരണമാകുന്നു.
മിഠായികളിൽ മുതൽ മരുന്നുകളിൽ വരെ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങൾ പൂർണമായി ഒഴിവാക്കുക സാധ്യമല്ലെങ്കിലും അവയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കണം. കുട്ടികൾക്ക് കടുത്ത നിറങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ നൽകുന്നത് പരമാവധി ഒഴിവാക്കുക. വീടുകളിൽ പാചകത്തിനായി കൃത്രിമനിറങ്ങൾ ഉപയോഗിക്കാതിരിക്കാം.
പ്രകൃതിദത്ത നിറങ്ങൾ
പഴങ്ങളും പച്ചക്കറികളും സുഗന്ധദ്രവ്യങ്ങളും ഉണക്കിപ്പൊടിച്ചോ ചാറുകളായോ നേരിട്ടോ ചേർത്ത് ഭക്ഷണത്തിന് നിറം നൽകാം. ഉദാ: ചീര, ബീറ്റ്‌റൂട്ട് എന്നിവ ചേർത്ത്.
പിങ്ക് നിറത്തിൽ പുട്ടോ ദോശയോ ഒക്കെ ആകർഷകമാക്കാം. എത്രത്തോളം ചേർക്കുന്നുവോ അത്രയും നിറവും രുചിയും മാത്രമല്ല പോഷകങ്ങളും ലഭിക്കുന്നു. ചില ഉദാഹരണങ്ങൾ താഴെ പറയുന്നു.
നിറം | ഭക്ഷ്യവസ്തു | പോഷകങ്ങൾ/ഗുണങ്ങൾ |
ചുവപ്പുനിറത്തിന് | ചീര, ബീറ്റ്റൂട്ട്, ചെറി, മാതളം, തക്കാളി | ഇരുമ്പ്, വിറ്റാമിൻ സി, നാരുകൾ, വിറ്റാമിൻ എ., ഫോളേറ്റ് |
പിങ്കുനിറത്തിന് | സ്ട്രോബെറി, ഡ്രാഗൺ ഫ്രൂട്ട്, ബീറ്റ്റൂട്ട് ജ്യൂസ്, ചീരച്ചാറ് | ആന്റി ഓക്സിഡന്റ്, വിറ്റാമിൻ സി., പൊട്ടാസിയം, ഇരുമ്പ്, നാരുകൾ |
പച്ചനിറത്തിന് | പച്ചച്ചീര, മല്ലിയില, വീറ്റ് ഗ്രാസ് നീര്, സ്പൈറുലിന | വിറ്റാമിൻ ഇ., വിറ്റാമിൻ സി., വിറ്റാമിൻ എ., ആന്റി കാൻസർ ഘടകങ്ങൾ, കാൽസ്യം. കരൾ സംരക്ഷിക്കുന്നു. |
മഞ്ഞനിറത്തിന് | മഞ്ഞൾപ്പൊടി, നാരങ്ങാത്തോട്, ഓറഞ്ച് ജ്യൂസ് | വിറ്റാമിൻ സി. രോഗപ്രതിരോധശേഷി, ചർമത്തിന് മൃദുത്വം, ഓർമശക്തി കൂടുന്നു, ഉറക്കക്കുറവ് പരിഹരിക്കുന്നു. |
നീലനിറത്തിന് | മുന്തിരി, ഞാവൽപ്പഴം, ബ്ലൂബെറി | ആന്റി ഓക്സിഡന്റ്, വിറ്റാമിൻ കെ., വിറ്റാമിൻ സി. |
Content Highlights: harmful effects of artificial food colours
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..