സ്വകാര്യഭാ​ഗത്തെ ചർമരോ​ഗങ്ങൾ ചികിത്സിക്കാൻ മടിക്കരുത്, എല്ലാം ലൈം​ഗികരോ​ഗങ്ങളല്ല


ഡോ. ഷീനു മാത്യു

ന്ത്യയില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളില്‍ ലൈംഗിക രോഗബാധ കണ്ടുവരുന്നുണ്ട്. സ്വകാര്യഭാഗങ്ങളിലെ ചര്‍മരോഗങ്ങളുമായി വലയുന്നവരുടെ എണ്ണം ഇതിലും കൂടും.

Representative Image | Photo: Gettyimages.in

സ്വകാര്യഭാഗങ്ങളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചര്‍മരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചര്‍മരോഗങ്ങളും സങ്കീര്‍ണമായിത്തീരുന്നു. അതുമൂലം ചികിത്സയും ബുദ്ധിമുട്ടാകും. ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളില്‍ ലൈംഗിക രോഗബാധ കണ്ടുവരുന്നുണ്ട്. സ്വകാര്യഭാഗങ്ങളിലെ ചര്‍മരോഗങ്ങളുമായി വലയുന്നവരുടെ എണ്ണം ഇതിലും കൂടും.

പറയാന്‍ മടിവേണ്ട

സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന എല്ലാ ചര്‍മരോഗങ്ങളും ലൈംഗികരോഗങ്ങളല്ല. ഫംഗസ് ബാധ (പുഴുക്കടി), യീസ്റ്റ് ഇന്‍ഫെക്ഷന്‍, വ്രണങ്ങള്‍, ലൈംഗിക സാംക്രമിക രോഗങ്ങള്‍, അലര്‍ജിരോഗങ്ങള്‍ തുടങ്ങി ഒട്ടനവധി ചര്‍മരോഗങ്ങള്‍ സ്വകാര്യശരീരഭാഗങ്ങളെ ബാധിക്കാം. മേല്‍പ്പറഞ്ഞ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. പക്ഷേ, പുറത്ത് പറയാനുള്ള മടി കാരണം പലരും ചികിത്സിക്കാതിരിക്കാറുണ്ട്. ആരുമറിയാതിരിക്കാന്‍ അശാസ്ത്രീയവും അപകടകരവുമായ ചികിത്സാവിധികള്‍ തേടുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്ത് കുഴപ്പത്തിലാകുന്നവരും ഉണ്ട്. ഈ അവസ്ഥ മാറണമെങ്കില്‍ തുറന്ന ചര്‍ച്ചകളും സാമൂഹികബോധവത്കരണവും അനിവാര്യമാണ്.

രോഗം എങ്ങനെ ബാധിക്കുന്നു ?

രോഗബാധിതരുമായി അടുത്തിടപഴകുമ്പോഴോ, സോപ്പ്, ടവല്‍ തുടങ്ങിയവ കൈമാറി ഉപയോഗിക്കുമ്പോഴോ ഫംഗസ് അണുബാധ പകരാം. അഹസനീയമായ ചൊറിച്ചില്‍ മൂലം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ഫംഗസ് വ്യാപിക്കാറുണ്ട്.

Also Read

അലസമാർന്ന ജീവിതക്രമം, അമിത മദ്യപാനം; കൂടിവരുന്ന ...

ജനനേന്ദ്രിയഭാഗങ്ങളില്‍ യീസ്റ്റ് അണുക്കള്‍ സാധാരണമായി കാണപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി വളരെയധികം കുറയുമ്പോഴാണ് യീസ്റ്റ് ഇന്‍ഫെക്ഷന്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. പ്രമേഹമുള്ളപ്പോള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് സംഭവിക്കാം

രാസപദാര്‍ഥങ്ങളോടുള്ള അലര്‍ജി, അമിതമായ സോപ്പുപയോഗം, വിരശല്യം, ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ എന്നിവയും ചര്‍മരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ലക്ഷണങ്ങള്‍

രോഗകാരണവും തീവ്രതയുമനുസരിച്ച് രോഗലക്ഷണങ്ങള്‍ മാറാം. ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചില്‍, എരിച്ചില്‍, വേദന, ചുവപ്പുനിറം, തിണര്‍ത്തപാടുകള്‍, കുമിളകള്‍, കുരുക്കള്‍, തടിപ്പുകള്‍, വ്രണങ്ങള്‍, വളര്‍ച്ചകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനിയില്‍നിന്നുള്ള അസാധാരണമായ രക്തസ്രാവം, യോനിയില്‍/ലിംഗത്തില്‍ നിന്ന് നിറവ്യത്യാസമുള്ള സ്രവം, കഴലവീക്കം, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് സാധാരണമായി കാണാറുള്ളത്.

ചില ലൈംഗിക സാംക്രമിക രോഗങ്ങള്‍ക്ക് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും രോഗം മറ്റൊരാളിലേക്ക് പകരാനും അതേസമയംതന്നെ ഗുരുതരമാകാനും സാധ്യതയുണ്ട്.

ഫംഗസ് ബാധിച്ചാല്‍

സാധാരണയായി കണ്ടുവരുന്ന ചര്‍മരോഗമാണ് സ്വകാര്യഭാഗങ്ങളിലെ ഫംഗസ് ബാധ. അത്തരം രോഗികളില്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഫംഗസ് ബാധയുണ്ടാകാം. അടുത്തിടപഴകുന്നതിലൂടെയും ദൈനംദിനവസ്തുക്കള്‍ കൈമാറി ഉപയോഗിക്കുന്നതിലൂടെയും മറ്റും രോഗം പകരുന്നു. അസഹ്യമായ ചൊറിച്ചില്‍, ചുവപ്പുനിറം, വേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.

സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപയോഗിക്കുന്നത് രോഗലക്ഷണങ്ങള്‍ താത്കാലികമായി ശമിപ്പിക്കുമെങ്കിലും ചര്‍മത്തില്‍ ആഴത്തിലുള്ള ഫംഗസ് ബാധയ്ക്കും ആവര്‍ത്തിച്ചുള്ള രോഗബാധയ്ക്കും കാരണമാകാറുണ്ട്.

ഫംഗസ് ബാധയ്‌ക്കെതിരായ ചികിത്സയില്‍ മുഖ്യഘടകം വ്യക്തിശുചിത്വമാണ്. അതോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ആന്റിഫംഗല്‍ ക്രീമുകള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം പൂര്‍ണമായി ഭേദമാക്കാം. ദിവസം ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും മരുന്നുകള്‍ പുരട്ടുക. പാടുകളുടെ രണ്ട് സെന്റീമീറ്റര്‍ ചുറ്റളവിലാണ് മരുന്ന് പുരട്ടേണ്ടത്. പാടുകള്‍ പൂര്‍ണമായി മങ്ങിയാലും രണ്ടാഴ്ചകൂടിയെങ്കിലും മരുന്ന് പുരട്ടുന്നത് തുടരണം. രോഗത്തിന്റെ വ്യാപ്തിയും തീവ്രതയും അധികമെങ്കില്‍ ചിലപ്പോള്‍ ആന്റി ഫംഗല്‍ ഗുളികകള്‍ കഴിക്കേണ്ടിവരും.

അശാസ്ത്രീയവും അനാവശ്യവുമായ സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗമാണ് ഫംഗസ് രോഗചികിത്സയിലെ പ്രധാന വില്ലന്‍. സമയോചിതമായി ചികിത്സിക്കാത്തതും സ്വയംചികിത്സയും പൊടിക്കൈകളുമൊക്കെ രോഗത്തെ സങ്കീര്‍ണമാക്കും.

യീസ്റ്റ് പ്രശ്‌നമുണ്ടാക്കുമ്പോള്‍

യോനി/ ലിംഗത്തിലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചില്‍, എരിച്ചില്‍, തൈരുപോലുള്ള യോനീസ്രവം, ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന പാടുകള്‍, വിണ്ടുകീറല്‍, നീര്‍വീക്കം, മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍ എന്നിവയാണ് യീസ്റ്റ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍.

പ്രായപൂര്‍ത്തിയായ 75 ശതമാനം സ്ത്രീകളിലും ഒരിക്കലെങ്കിലും യീസ്റ്റ് ബാധ കാണപ്പെടാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭാവസ്ഥ തുടങ്ങിയവയാണ് സ്ത്രീകളില്‍ യീസ്റ്റ് ബാധ കൂടുതലാകാന്‍ കാരണമാകുന്നത്. പ്രമേഹം, അമിതവണ്ണം, ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം, രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് എന്നിവ പൂപ്പല്‍ ബാധയ്ക്കുള്ള പൊതുകാരണങ്ങളാണ്.

വ്യക്തിശുചിത്വത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും സാധാരണയായി രോഗം വളരെവേഗം ഭേദമാകാറുണ്ട്. ചില രോഗികളില്‍ ആവര്‍ത്തിച്ചുള്ളതും വിട്ടുമാറാത്തതുമായ യീസ്റ്റ് ഇന്‍ഫെക്ഷന്‍ കാണാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കള്‍ച്ചര്‍, പി.സി.ആര്‍. തുടങ്ങിയ വിശദമായ ലബോറട്ടറി പരിശോധനകള്‍ നടത്തിയ ശേഷമാണ് ചികിത്സ തീരുമാനിക്കുക.
ഫലപ്രദമായ ഒട്ടേറെ മരുന്നുകള്‍ യീസ്റ്റിനെതിരേ ലഭ്യമാണ്. ജനനേന്ദ്രിയങ്ങളില്‍ പുരട്ടുന്ന മരുന്നുകള്‍, യോനിക്കുള്ളില്‍ വയ്ക്കുന്ന ഗുളികകള്‍, പെസ്സറീകള്‍ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. അതിതീവ്രവും ആവര്‍ത്തിച്ചുണ്ടാകുന്നതുമായ യീസ്റ്റ് ഇന്‍ഫെക്ഷന് ദീര്‍ഘകാല ചികിത്സയും മരുന്നുകളുടെ ഉപയോഗവും വേണ്ടിവന്നേക്കാം.
പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുക, മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യശീലങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ വസ്ത്രങ്ങളുപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകളും ആവശ്യമാണ്.

സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍

ഫംഗസ്, യീസ്റ്റ് അണുബാധയും ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ഇന്റര്‍ട്രിഗോയുമൊക്കെ സ്വകാര്യഭാഗങ്ങളിലെ അസഹനീയമായ ചൊറിച്ചിലിന് കാരണമാകാറുണ്ട്.

വിരശല്യം, അലര്‍ജികള്‍, എക്‌സിമ, മടക്കുകളിലുണ്ടാകാവുന്ന സോറിയാസിസ്, ലൈക്കന്‍ പ്ലാനസ്, സോപ്പുകളുടെയും രാസപദാര്‍ഥങ്ങളുടെയും അമിതമായ ഉപയോഗം, ലൈംഗികരോഗങ്ങള്‍, പ്രൂറിറ്റസ് ആനി, പ്രൂറിറ്റസ് വള്‍വ എന്നിങ്ങനെ ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചിലിന് കാരണങ്ങള്‍ നിരവധിയാണ്. ഗുഹ്യരോമങ്ങളിലെ കീടങ്ങളും ചൊറിച്ചിലുണ്ടാക്കും. അങ്ങനെയുള്ള ചൊറിച്ചില്‍ രാത്രിയില്‍ വളരെ കൂടുതലായിരിക്കും.

കാരണം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് പ്രധാനം. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുകയും സോപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയും വേണം.

ജനനേന്ദ്രിയത്തില്‍ വേദന

ചിലര്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും അല്ലാതെയും ജനനേന്ദ്രിയങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ട്. ലൈംഗികരോഗങ്ങള്‍, മുറിവുകള്‍, ലൈക്കന്‍ പ്ലാനസ് (Erosive Lichen Planus) മരുന്നുകളോടുള്ള അലര്‍ജികള്‍, ലൈംഗികരോഗമല്ലാത്ത വ്രണങ്ങള്‍, ക്രോണ്‍സ് ഡിസീസ്, നാഡീസംബന്ധമായ അസുഖങ്ങള്‍ എന്നിവയൊക്കെ വേദനയ്ക്ക് കാരണമാകാം. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം ത്വഗ്രോഗവിദഗ്ധനെ സമീപിച്ച് ചികിത്സ തേടുക.

മറ്റ് അണുബാധകള്‍

മറ്റേതൊരു ശരീരഭാഗത്തെയുംപോലെത്തന്നെ രോമകൂപങ്ങളിലുണ്ടാകാവുന്ന അണുബാധഫോളിക്കുലൈറ്റിസ് സ്വകാര്യഭാഗങ്ങളിലും കണ്ടുവരാറുണ്ട്. ബാക്ടീരിയമൂലമുള്ള അണുബാധകള്‍ തടിപ്പുകളായും മുറിവുകളായും പഴുത്ത് വേദനയുള്ള കുരുക്കളായും പ്രകടമാകാം. അനിയന്ത്രിതമായ പ്രമേഹവും വ്യക്തിശുചിത്വമില്ലായ്മയും ഇത്തരം ചര്‍മരോഗങ്ങള്‍ക്ക് വഴിതെളിക്കാറുണ്ട്.
ആന്റിബയോട്ടിക് മരുന്നുകളാണ് ഇതിനുള്ള ചികിത്സ. ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗതീവ്രതയ്ക്കനുസൃതമായി മാത്രമേ ഗുളികകള്‍ കഴി
ക്കാവൂ.

ഇന്റര്‍ട്രിഗോ: ശരീര മടക്കുകളിലെ പ്രശ്‌നം

ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ചര്‍മരോഗമാണ് ഇന്റര്‍ട്രിഗോ (Intetrrigo). തീവ്രമായ ചൊറിച്ചിലും നീറ്റലും പുകച്ചിലും നിറവ്യത്യാസവും തിണര്‍പ്പുമൊക്കെയാണ് ലക്ഷണങ്ങള്‍. യീസ്റ്റ്, ബാക്ടീരിയ, അലര്‍ജികൊണ്ടുള്ള നീര്‍വീക്കം എന്നിവയാണ് പലപ്പോഴും രോഗത്തിന് കാരണമാകുന്നത്. സ്ത്രീപുരുഷഭേദമന്യേ ഏത് പ്രായക്കാരിലും ഇത്തരം ചര്‍മരോഗങ്ങളുണ്ടാകാം. അമിതവണ്ണമുള്ളവരിലും അമിതമായി വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ളവരിലും രോഗസാധ്യത കൂടുതലാണ്.

പരിഹാരം

രോഗകാരണം നിര്‍ണയിക്കുന്നതിന് ലബോറട്ടറി പരിശോധനകള്‍ വേണ്ടിവന്നേക്കാം. സ്വകാര്യഭാഗങ്ങളിലെ ഈര്‍പ്പമൊഴിവാക്കുക, മടക്കുകളിലുണ്ടാകാവുന്ന ഉരസലുകള്‍ കുറയ്ക്കുക, അമിതമായി വിയര്‍ക്കുന്നത് കുറയ്ക്കാനുള്ള ചികിത്സ, ശരീരവണ്ണം കുറയ്ക്കുക എന്നിവയാണ് സാധാരണ പരിഹാര മാര്‍ഗങ്ങള്‍. അണുബാധയുണ്ടെങ്കില്‍ ആന്റിബയോട്ടിക് ക്രീമുകളോ ഫംഗസിനെതിരായ മരുന്നുകളോ ഉപയോഗിക്കേണ്ടി വരും. മടക്കുകളില്‍ അലര്‍ജിമൂലമുള്ള വീക്കത്തിന് വീര്യം കുറഞ്ഞ സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപകാരപ്രദമാണ്. ഒപ്പം അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളും സഹചര്യങ്ങളും ഒഴിവാക്കുകയും വേണം.

ചര്‍മത്തില്‍ തെളിയുന്ന ലൈംഗികരോഗങ്ങള്‍

എച്ച്.ഐ. വി., എച്ച്.പി.വി., സിഫിലിസ്, ഗൊണൊറിയ, തുടങ്ങി 35ലധികം ലൈംഗികരോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് പകരാന്‍ ലൈംഗികബന്ധംതന്നെ വേണമെന്നില്ല. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക്, രക്തമാറ്റത്തിലൂടെ, അണുവിമുക്തമല്ലാത്ത സൂചി, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവയിലൂടെയൊക്കെ രോഗം പടരാനുള്ള സാധ്യതയുണ്ട്.

ജീവശാസ്ത്രപരമായി, ലൈംഗികരോഗം ബാധിക്കാന്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. യോനിപ്രദേശം കൂടുതല്‍ വിസ്തൃതമായതിനാല്‍ ലൈംഗികസ്രവങ്ങളുമായുള്ള സമ്പര്‍ക്കം കൂടുന്നുവെന്നതാണ് കാരണം.

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്, സ്ത്രീ വന്ധ്യത, അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്നതിനാല്‍ സ്ത്രീകള്‍ ലൈംഗികരോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍

പ്രകടമായ രോഗലക്ഷണങ്ങളില്ലാതെത്തന്നെ ശരീരത്തെ ബാധിക്കുന്ന ചില ലൈംഗികരോഗങ്ങളുണ്ട്. ഹെര്‍പിസും ക്ലമീഡിയ രോഗബാധയും ചിലരില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല.

ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന മുറിവുകള്‍, തിണര്‍പ്പുകള്‍, ചൊറിച്ചില്‍, എരിച്ചില്‍, ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകുന്ന കുമിളകള്‍, കുരുക്കള്‍, അരിമ്പാറ, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനി/ ലിംഗത്തില്‍ നിന്ന് ദുര്‍ഗന്ധവും നിറവ്യത്യാസത്തോടും കൂടിയ സ്രവം, വൃഷണസഞ്ചിയിലോ വൃഷണത്തിലോ വേദന, കഴലവീക്കം, പനി, ശരീരവേദന, ജലദോഷം, തൊണ്ടവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലൈംഗികരോഗലക്ഷണങ്ങള്‍.

സിഫിലിസ്

ട്രപൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയല്‍ അണുബാധയാണ് സിഫിലിസ്. ലൈംഗികബന്ധം, രക്തദാനം, അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗം, അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ രോഗംപകരാം.

ഗര്‍ഭസ്ഥശിശുക്കള്‍, നവജാതശിശുക്കള്‍ തുടങ്ങി പ്രായ, ലിംഗ ഭേദങ്ങളില്ലാതെ ആരിലും രോഗബാധ ഉണ്ടാകാം. വെറുമൊരു ചര്‍മരോഗമായി മാത്രം വിലയിരുത്തേണ്ട അസുഖമല്ല സിഫിലിസ്. ത്വക്ക്, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമല്ല, കണ്ണ്, ചെവി, തലച്ചോര്‍, ഹൃദയം, നാഡികള്‍, സുഷുമ്‌നാ നാഡി, ആന്തരികാവയവങ്ങള്‍ എന്നുവേണ്ട, മനുഷ്യശരീരത്തിന്റെ ഒട്ടുമിക്ക അവയവവ്യവസ്ഥയെയും പലതരത്തിലും തീവ്രതയിലും ബാധിക്കാവുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അതുകൊണ്ടുതന്നെ പലതരം രോഗലക്ഷണങ്ങളും പ്രകടമായേക്കാം.
ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. പലരും ഇത് ശ്രദ്ധിക്കണമെന്നില്ല. ഇത്തരം വേദനയില്ലാത്ത വ്രണങ്ങള്‍ ലൈംഗികാവയവങ്ങളില്‍ മാത്രമല്ല, ഗുദം, നാവ്, ചുണ്ട് എന്നിവിടങ്ങളിലും കാണാറുണ്ട്.

രണ്ടാംഘട്ടത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയങ്ങളിലും തിണര്‍പ്പ് (Condyloma lata), ചുവന്ന പാടുകള്‍, കൈവെള്ളയിലും കാല്‍വെള്ളയിലും ബ്രൗണ്‍ നിറത്തോടുകൂടിയ തിണര്‍പ്പ്, വായ, രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മുറിവ് എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

നീണ്ടുപോകുന്തോറും രോഗം ഗുരുതരമാവുകയും ഹൃദയം, തലച്ചോര്‍, സുഷുമ്‌നാനാഡി, ആന്തരികാവയവങ്ങള്‍ എന്നീ പ്രധാന അവയവവ്യവസ്ഥകളെ സങ്കീര്‍ണമായി ബാധിക്കുകയും ചെയ്‌തേക്കാം. ഗര്‍ഭിണിയില്‍നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് പകരാവുന്ന രോഗം നവജാതശിശുവില്‍ വൈകല്യങ്ങള്‍ക്കും കാരണമാകാം.

രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രോഗവ്യാപനം അതിതീവ്രമാകാവുന്നത്. എങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകാത്ത ലേറ്റന്റ് ഘട്ടത്തിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരോ രോഗബാധിതരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടവരോ എത്രയും പെട്ടെന്ന് ത്വഗ്‌രോഗ വിദഗ്ധനെ സമീപിച്ച് പരിശോധനകള്‍ക്കും ആവശ്യമെങ്കില്കില്‍ ത്സയ്ക്കും വിധേയരാകണം.

രോഗത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. പെനിസിലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് പ്രയോജനപ്പെടുത്തുക. ഗര്‍ഭിണികളിലും ഈ ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സയും നടത്തുകയാണെങ്കില്‍ ഗര്‍ഭമലസല്‍, ചാപിള്ളയുടെ പ്രസവം, നവജാത ശിശുവില്‍ രോഗബാധ തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാം.

ഗൊണേറിയ

നൈസീരിയ ഗൊണേറിയ (Neisseria gonorrheae) എന്ന ബാക്ടീരിയമൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഗൊണോറിയ. മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ പുകച്ചിലും നീറ്റലും, മൂത്രനാളിയിലൂടെയും യോനിയിലൂടെയും പഴുപ്പുപോലുള്ള സ്രവം, പനി, തലവേദന, നവജാത ശിശുക്കളിലുണ്ടാകുന്ന ചെങ്കണ്ണ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പ്രസവത്തിലൂടെയാണ് രോഗബാധിതയായ അമ്മയില്‍നിന്നും കുഞ്ഞിലേക്ക് അസുഖം പകരുക.

വിട്ടുമാറാത്ത അണുബാധ ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. സ്ത്രീകളില്‍ ഗര്‍ഭാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലിലേക്കും അണുബാധ പടര്‍ന്ന് വന്ധ്യതയുണ്ടാകാം. പുരുഷന്മാരില്‍ വൃഷണത്തിലും വൃഷണസഞ്ചിയിലുമുള്ള തീവ്രമായ വേദനയായും രോഗം പ്രകടമായേക്കാം. ഇത്തരം ലൈംഗികരോഗങ്ങള്‍ പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമായേക്കാം.

ജനനേന്ദ്രിയത്തിലെ ഹെര്‍പ്പിസ്

ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകാവുന്ന വേദനാജനകമായ സുതാര്യമായ കുമിളകള്‍, പനി, ഇടുപ്പുവേദന, അരക്കെട്ടിലുള്ള വേദന, കഴലവേദന തുടങ്ങിയവയാണ് ഹെര്‍പിസ് സിംപ്ലക്‌സ് വൈറസ് ( Herpes simplex virus) എന്ന വൈറസ് ബാധ കാരണമുണ്ടാകുന്ന പ്രാരംഭഘട്ടത്തിലെ ലക്ഷണങ്ങള്‍. ഇത്തരം കുമിളകള്‍ വളരെവേഗം പൊട്ടുകയും ചലം പുറത്തുവരികയും ചെയ്യും.

ആവര്‍ത്തിച്ചുണ്ടാകാനുള്ള സാധ്യതയാണ് ഈ രോഗത്തിന്റെ പ്രത്യേകത. നാഡികളില്‍ മന്ദീഭവിച്ചുകിടക്കുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങളില്‍ വീണ്ടും സജീവമാകുന്നതാണ് രോഗം ആവര്‍ത്തിക്കുന്നതിന്കാരണം. അണുബാധയുള്ള അമ്മയില്‍നിന്ന് പ്രസവത്തിലൂടെ നവജാതശിശുവിലേക്കും രോഗം പകരാം.

ലക്ഷണങ്ങളിലൂടെയും നൂതന പരിശോധനകളിലൂടെയും രോഗം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ചികിത്സയ്ക്കായി അസൈക്ലോവിര്‍ (Acyclovir) പോലുള്ള ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണ്. സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കേണ്ടിവരുന്നവര്‍, അവയവം സ്വീകരിച്ച ശേഷം തിരസ്‌കാരം തടയാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരില്‍ രോഗം കൂടുതല്‍ ഗുരുതരമായേക്കാം. ആവര്‍ത്തിച്ചുണ്ടാകുന്ന ഹെര്‍പ്പിസ് അണുബാധയ്ക്ക് ചിലപ്പോള്‍ മാസങ്ങളോളം മരുന്നുകള്‍ കഴിക്കേണ്ടിവരും. രോഗം ആവര്‍ത്തിച്ചുവരുംതോറും തീവ്രത കുറയാറുമുണ്ട്.

ഷാന്‍ക്രോയ്ഡ്

ഹെമൊഫിലസ് ഡുക്രേയ് (Heamophilus ducreyi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഷാന്‍ക്രോയ്ഡ് (Chancroid). വേദനാജനകമായ കുരുക്കള്‍ ജനനേന്ദ്രിയ ഭാഗത്തുണ്ടായ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ചാരനിറംമഞ്ഞകലര്‍ന്ന ചാരനിറമുള്ള സ്രവം ഉള്‍ക്കൊള്ളുന്ന അള്‍സറായി ഇത് മാറും. ആന്റിബയോട്ടിക് മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

ട്രൈക്കോമൊണിയാസിസ്

യോനിയില്‍നിന്നോ ലിംഗത്തില്‍നിന്നോ പച്ച അല്ലെങ്കില്‍ മഞ്ഞനിറത്തിലുള്ള, ദുര്‍ഗന്ധമുള്ള സ്രവം വരുന്നത് ട്രൈക്കോമൊണിയാസിസ് എന്ന ലൈംഗികരോഗലക്ഷണമാകാം. മെട്രോനിഡാസോള്‍ വകഭേദത്തില്‍പ്പെട്ട ആന്റിബയോട്ടിക് മരുന്നുകളാണ് ഫലപ്രദമായ ചികിത്സ.

കാന്‍സര്‍ സാധ്യത പരിശോധിക്കണം

ജനനേന്ദ്രിയഭാഗങ്ങളില്‍ കാണപ്പെടുന്ന ചില വളര്‍ച്ചകളും തടിപ്പുകളും മുറിവുകളുമെല്ലാം കാന്‍സറിലേക്ക് നയിക്കുന്ന ചര്‍മരോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാനും സാധ്യതയുണ്ട്. ഇവ ലൈംഗികമായി പകരുന്നതല്ല. ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തെയുംപോലെ സ്വകാര്യഭാഗങ്ങളില്‍ കാന്‍സര്‍ ബാധയ്ക്കുള്ള സാധ്യതയുണ്ട്. വിദഗ്ധ പരിശോധനകളിലൂടെയും ബയോപ്‌സിയിലൂടെയുമൊക്കെ മാത്രമേ രോഗം നിര്‍ണയിക്കാനും തക്കസമയത്ത് ചികിത്സിക്കാനും സാധിക്കുകയുള്ളൂ.

ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള അരിമ്പാറകള്‍

ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (Human papilloma virus) ആണ് സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന അരിമ്പാറകള്‍ക്ക് കാരണം. അടുത്തുള്ള ഇടപഴകലിലൂടെയും ലൈംഗികബന്ധത്തിലൂടെയും ഇവ പകരാം. മാംസത്തിന്റെ നിറമോ ചാരനിറമോ ഉള്ള മാംസളമായ വളര്‍ച്ചകളാണ് പ്രധാനരോഗലക്ഷണം. എച്ച്‌.െഎ.വി അണുബാധയുള്ളവരില്‍ ഇവ കോളിഫ്‌ളവര്‍ പോലെ കൂട്ടമായി വളരാറുണ്ട്. ഗര്‍ഭിണികളില്‍ ഇത്തരം അരിമ്പാറകള്‍ വളരെപ്പെട്ടെന്ന് വലുതാവുകയും സുഖപ്രസവത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. നവജാതശിശുക്കളുടെ തൊണ്ടയില്‍ ഇത്തരം വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ടി.സി.എ (Trichloroacetic acid) ഉപയോഗിച്ച് അരിമ്പാറ കരിച്ചുകളയുക, തണുപ്പുപയോഗിച്ചുള്ള ചികിത്സ (Gyotherapy), പൊഡസിലിന്‍ (Podophyllin) മരുന്നുകള്‍ എന്നിവയാണ് പ്രധാന പരിഹാര മാര്‍ഗങ്ങള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സ്വയം ചികിത്സയും പൊടിക്കൈകളും ഒഴിവാക്കുക.
  • രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ വിദഗ്‌ധോപദേശം തേടുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • സ്വകാര്യഭാഗങ്ങളിലെ ചര്‍മം തീര്‍ത്തും ലോലമായതിനാല്‍ സോപ്പ്, മറ്റ് കെമിക്കലുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
ഡോക്ടറെ വിശ്വസിക്കൂ...

ഓരോ രോഗിയുടെയും സ്വകാര്യതയെ ബഹുമാനിക്കുമെന്ന് പ്രതിജ്ഞ എടുത്താണ് എല്ലാ ഡോക്ടര്‍മാരും കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍ എന്തുവിചാരിക്കും, ആരോടെങ്കിലും പറയുമോ, സമൂഹത്തില്‍ ഒറ്റപ്പെടുമോ എന്നൊന്നും പേടിവേണ്ട. അപകടകരവും അനാരോഗ്യപരവുമായ ലൈംഗികബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ തുറന്നുപറയാനും മടിക്കരുത്. രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുകയാണ് ഒരു ഡോക്ടറുടെ കര്‍ത്തവ്യം. ഇത്തരം ചര്‍മരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരെ (ത്വഗ്രോഗവിദഗ്ധര്‍) സമീപിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വിശദമായ പരിശോധനകളും തുടര്‍പരിശോധനകളും വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ മുടക്കം വരുത്താതെ കൃത്യമായി ഉപദേശം തേടാനും മടിക്കരുത്.

കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ ഡർമറ്റോളജി വിഭാ​ഗം സീനിയർ റസിഡന്റ് ആണ് ലേഖിക

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: genital skin diseases, genital skin problems causes and treatment, skin diseases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented