Representative Image | Photo: Gettyimages.in
നമ്മുടെ ഉള്ളില്‍ കോടാനുകോടി സൂക്ഷ്മാണുക്കള്‍ വസിക്കുന്നുണ്ട്. ഇവയുമായി നല്ല ബന്ധം നിലനിര്‍ത്തുക ആരോഗ്യത്തിന് അനിവാര്യമാണ്. ഈ സൂക്ഷ്മാണുക്കളിലെല്ലാമുള്ള ജീനുകളെ ആകെ വിശേഷിപ്പിക്കുന്നത് മൈക്രോബയോം എന്നാണ്. ബാക്ടീരിയ, വൈറസുകള്‍, പ്രോട്ടോസോവ, ഫംഗസ് എന്നിങ്ങനെ സൂക്ഷ്മാണുക്കള്‍ എല്ലാം ചേര്‍ന്നതാണ് മൈക്രോബയോട്ട. എന്നാല്‍ ഇതിലെ ബാക്ടീരിയകളെക്കുറിച്ചും അതിന്റെ വൈവിധ്യത്തെ ചുറ്റിപ്പറ്റിയുമാണ് ഇതുവരെ പഠനങ്ങള്‍ കൂടുതലായി നടന്നത്. മനുഷ്യ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആരോഗ്യകരമായ മൈക്രോബയോട്ട അനിവാര്യമാണ്. ഇവയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പലതരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
പുതിയ ജീന്‍ സീക്വന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരത്തിലെ സൂക്ഷ്മാണുക്കളുടെ ജീന്‍ സവിശേഷതകളെ വിലയിരുത്താന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഓരോ ജീവിതസാഹചര്യത്തിലും ഇതിന് എത്രമാത്രം മാറ്റം വരുന്നുണ്ടെന്ന് വിലയിരുത്താനും സാധിക്കും. മനുഷ്യന്റെ ആരോഗ്യത്തിലും രോഗാവസ്ഥയിലും ഈ സൂക്ഷ്മാണുക്കളുടെ പങ്കിനെക്കുറിച്ച് മികച്ച തെളിവുകള്‍ നല്കാന് പുതിയ സാങ്കേതിക വിദ്യകള്‍ ഉപകരിക്കുന്നുണ്ട്.
എല്ലാ മനുഷ്യരിലും അവരുടെ ജനിതകഘടന ഫലത്തില്‍ ഒരുപോലെയാണെങ്കിലും, ഡി.എന്‍.എയിലെ ചെറിയ വ്യത്യാസങ്ങള്‍ മനുഷ്യവംശത്തില്‍ വലിയ ശാരീരിക വൈവിധ്യത്തിന് കാരണമാകുന്നു. അതുപോലെ, മനുഷ്യരിലെ സൂക്ഷ്മാണു ഘടനയിലുള്ള വ്യത്യാസങ്ങള്‍ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക ഘടകമായി മാറുന്നു.
മൈക്രോബയോട്ടയുടെ പ്രാധാന്യം
ഹ്യൂമണ്‍ ജീനോം പ്രൊജക്ടിന്റെ ഭാഗമായാണ് ഹ്യൂമണ്‍ മൈക്രോബയോം പ്രൊജക്ട് (എച്ച്.എം.പി) തുടങ്ങിയത്. മൂക്ക്, വായ, ചര്‍മം, കുടല്, ലൈംഗികാവയവങ്ങള്‍ എന്നിങ്ങനെ അഞ്ച് ശരീരഭാഗങ്ങളിലെ സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തെയും അവയുടെ പങ്കിനെയും കുറിച്ചാണ് ഈ പഠനം.
മനുഷ്യന്റെ കുടലില്‍ 10-100 ട്രില്യണ്‍ സൂക്ഷ്മാണുക്കള്‍ വസിക്കുന്നുണ്ടെന്നാണ് ഹ്യൂമണ്‍ മൈക്രോ ബയോം പ്രൊജക്ടില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ പറയുന്നത്. ഫെര്മിക്യൂട്ടിസ്, ബാക്ടീറോയ്ഡറ്റ്സ് എന്നിങ്ങനെയുള്ള രണ്ട് സൂക്ഷ്മാണുഗ്രൂപ്പിലാണ് കുടലിലെ ബാക്ടീരിയകളില്‍ 90 ശതമാനവും ഉള്‍പ്പെട്ടിട്ടുള്ളത്. ആക്റ്റിനോബാക്ടീരിയ എന്ന ഇനമാണ് ശേഷിക്കുന്നവയില്‍ പ്രാധാനം. ഓരോ വ്യക്തിയിലും ഈ സൂക്ഷ്മാണുക്കളില്‍ കാര്യമായ വ്യത്യാസം കാണുന്നുണ്ട്. കുടലിലെ സൂക്ഷ്മാണുക്കളുടെ ഘടന മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഈ വ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തിലെ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഈ വ്യതിയാനത്തിന്റെ കാരണങ്ങള്‍ ഇപ്പോഴും പൂര്‍ണമായി വ്യക്തമല്ല, പ്രത്യേകിച്ച് ചെറുപ്രായത്തില്‍ സൂക്ഷ്മാണുവ്യവസ്ഥയില് വരുന്ന മാറ്റങ്ങളുടെ കാര്യം.
ദഹനപ്രവര്‍ത്തനങ്ങളിലും പ്രതിരോധ സംവിധാനത്തിലും കുടലിലെ സൂക്ഷ്മാണുക്കളുടെ പങ്കിനെക്കുറിച്ച് പുതിയ പഠനങ്ങള്‍ ഊന്നിപ്പറയുന്നുണ്ട്. ശരീരത്തിന് പൊതുവേ ദഹിപ്പിക്കാന്‍ കഴിയാത്ത ചില ഭക്ഷണങ്ങളെ, വിഘടിപ്പിക്കാനും ആവശ്യമായ പോഷകങ്ങള്‍ ഉത്പാദിപ്പിക്കാനും രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും ഈ സൂക്ഷ്മാണുക്കള്‍ക്ക് സാധിക്കും. മാത്രമല്ല ദോഷകരമായ അണുക്കളില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നു.
അമിതവണ്ണം, വന്‍കുടല്‍ കാന്‍സര്‍, ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസ്, ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളുമായി കുടലിലെ സൂക്ഷ്മാണുവ്യവസ്ഥ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ സൂക്ഷ്മാണുവ്യവസ്ഥയ്ക്ക് വൈവിധ്യമാര്‍ന്ന ബാക്ടീരിയകള്‍ ആവശ്യമാണെന്ന് വൈദ്യശാസ്ത്രത്തിന് അറിയാം. എന്നാല്‍ അവ ഏതൊക്കെയാണെന്നത് സംബന്ധിച്ച രൂപരേഖ ഇതുവരെയായി പൂര്‍ണമായി രൂപപ്പെടുത്താന്‍ സാധിച്ചിട്ടുമില്ല.
ഭക്ഷണവും കുടലിലെ സൂക്ഷ്മജീവികളും
നമ്മുടെ കുടലിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ഭക്ഷണക്രമം. നമ്മുടെ പരിസ്ഥിതി, ആന്റിബയോട്ടിക്കുകള്പോലെയുള്ള മരുന്നുകള്‍ തുടങ്ങി പല ഘടകങ്ങളും നമ്മുടെ കുടലിലെ സൂക്ഷ്മാണുഘടനയെ നിര്‍ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. ജനനം സിസേറിയന് വഴിയാണോ എന്നതടക്കമുള്ള ഘടകങ്ങളും പ്രധാനമാണ്. എന്നാല്‍ ഇതില്‍ എല്ലാ ഘടകങ്ങളെയും നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ട് നമ്മുടെയുള്ളിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സാധിക്കും.
പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍നിന്നുള്ള ഭക്ഷ്യനാരുകള്‍ നല്ല കുടല് ബാക്ടീരിയയ്ക്കുള്ള മികച്ച ഇന്ധനമാണ്. ബാക്ടീരിയകള്‍ നാരുകളെ ദഹിപ്പിക്കുമ്പോള്‍, അവ രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കുടലിലെ നീര്‍ക്കെട്ട് തടയുകയും ചെയ്യുന്ന ഷോര്‍ട്ട്ചെയിന്‍ ഫാറ്റി ആസിഡുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു. എത്രത്തോളം ഭക്ഷ്യനാരുകള്‍ കഴിക്കുന്നുവോ നാരുകളെ ദഹിപ്പിക്കുന്ന ബാക്ടീരിയകള്‍ അത്രയും കുടലില്‍ കൂടും. 2015ല്‍ നടത്തിയ ഒരു മള്‍ട്ടിസെന്‍ട്രിക് പഠനത്തില്‍, ആഫ്രിക്കയിലെ ഗ്രാമീണമേഖലയിലെ കൂടുതല്‍ നാരുകളുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഉയര്‍ന്ന കൊഴുപ്പുകൂടിയ മാംസഭക്ഷണം നല്കി. അതുപോലെ പതിവായി കൊഴുപ്പുകൂടിയ മാംസാഹാരം കഴിക്കുന്നവര്‍ക്ക് ആഫ്രിക്കന്‍ ഗ്രാമീണരുടെ നാരുകള്‍ കൂടുതലുള്ള ഭക്ഷണവും നല്കി. ഉയര്‍ന്ന കൊഴുപ്പും കുറഞ്ഞ നാരുകളുമുള്ള ഭക്ഷണം കഴിച്ചവരില്‍ രണ്ടാഴ്ചയ്ക്കുശേഷം വന്‍കുടലില്‍ മാറ്റം കാണിക്കുകയും ബ്യൂട്ടറേറ്റിന്റെ അളവ് കുറയുകയും ചെയ്തു. വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് കരുതുന്ന ഒരു ഹ്രസ്വചെയിന് ഫാറ്റി ആസിഡാണിത്. കൂടുതല്‍ നാരുകളും കുറഞ്ഞ കൊഴുപ്പുമുള്ള ഭക്ഷണം നല്കിയവരില് കുടലിലെ സൗഹൃദ സൂക്ഷ്മാണുക്കളുടെ അളവും വൈവിധ്യവും കൂടിയതായും കണ്ടെത്തി.
ഭക്ഷണത്തില്‍ നാരുകള്‍ കുറയുമ്പോള്‍ കുടലിലെ സൗഹൃദ ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണംകൂടിയാണ് കുറയുന്നത് എന്ന് മനസ്സിലാക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ചായ, കാപ്പി, റെഡ് വൈന്‍, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവ ബാക്ടീരിയകളുടെ വൈവിധ്യം കൂട്ടാന്‍ സഹായിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു മൈക്രോബയോം പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഭക്ഷണങ്ങളില്‍ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. അവ ആന്റിഓക്സിഡന്റ് സംയുക്തങ്ങളാണ്. അതേസമയം കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും കാര്‍ബണേറ്റഡ് പാനീയങ്ങളും മൈക്രോ ബാക്ടീരിയല്‍ വൈവിധ്യം കുറയുന്നതിന് കാരണമാകുന്നു.
പാചകരീതിയും പ്രധാനം
ഭക്ഷണം എങ്ങനെ തയ്യാറാക്കുന്നു എന്നതും പ്രധാനമാണ്. അധികം വേവിക്കാത്ത പച്ചക്കറികളില്‍ സാധാരണയായി കൂടുതല്‍ ഭക്ഷ്യനാരുകള്‍ കാണാം. അത് കുടലിലെ നല്ല സൂക്ഷ്മാണുക്കള്‍ക്ക് ഗുണകരമാകും. അതിനാല്‍, ചെറുതായി ആവിയില്‍ വേവിച്ച പച്ചക്കറികള്‍ ഉപയോഗിക്കാം.
ആരോഗ്യകരമായ ബാക്ടീരിയകള്‍ അടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കുടലിലെ നല്ല ബാക്ടീരിയകള്‍ക്ക് ഗുണകരമാണ്. പുളിപ്പിച്ച ഭക്ഷണങ്ങളില്‍ ലാക്ടോബാസിലസ്, ബിഫിഡോബാക്ടീരിയ തുടങ്ങിയ സഹായകരമായ പ്രോബയോട്ടിക് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. റഫ്രിജറേഷന്‍ കണ്ടുപിടിക്കുന്നതിനുമുന്‍പ് ഭക്ഷണങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഈ രീതി ഉപയോഗിച്ചിരുന്നു. കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്ന പുളിപ്പിച്ച ഭക്ഷണമാണ് തൈര്.
സ്വിറ്റ്സര്‍ലന്‍ഡില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, കുടലിലെ സൂക്ഷ്മാണുക്കള്‍ യുറോലിതിന് എ പുറത്തുവിടുന്നതായി കണ്ടെത്തി. ഇത് പ്രായം കൂടുമ്പോഴുള്ള പേശികളുടെ ക്ഷീണത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. ഈ ഭക്ഷണങ്ങള്‍ നമ്മുടെ മൈക്രോബയോമുകളുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് കൃത്യമായി അറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
പ്രതീക്ഷകള്‍
നമ്മുടെ കുടലിനുള്ളിലെ വിശാലമായ സാഹചര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം തുടങ്ങിയിട്ടേയുള്ളൂ എന്ന് പറയാം. ദഹനപ്രക്രിയയ്ക്ക് കുടലിലെ സൂക്ഷ്മാണുക്കള്‍ എത്രത്തോളം നിര്‍ണായകമാണെന്ന് ഇതിനകംതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. വയറിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കാന്‍ നമുക്ക് ശക്തിയുണ്ട് എന്നതാണ് പ്രധാന കാര്യം. കുടലിലെ സൂക്ഷ്മാണുവ്യവസ്ഥ മനുഷ്യരും മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള സഹവര്‍ത്തിത്വ ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.
കുടലിലെ സൂക്ഷ്മാണുക്കള്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കാന്‍ പ്രാദേശികമായി ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. കൂടാതെ, പുളിപ്പിച്ചതുപോലുള്ള പരമ്പരാഗത രീതിയിലുള്ള നാടന്‍ ഭക്ഷണങ്ങള്‍ക്ക് കുടലിലെ സൂക്ഷ്മാണുക്കളെ വര്‍ധിപ്പിക്കാനും വാര്‍ധക്യത്തിലും
ആരോഗ്യം നിലനിര്‍ത്താനും കഴിയും.
അതിനാല്‍ ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും കുടലില്‍ ജീവിക്കുന്ന സമ്പന്നവും വൈവിധ്യപൂര്‍ണവുമായ സൂക്ഷ്മാണുക്കള്ക്കുകൂടി അനുയോജ്യമായ ഭക്ഷണമാണോ അതെന്ന് ഓര്‍ക്കുക. അതായത് നമ്മുടെ കുടലിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യം നിലനിര്‍ത്താന്‍ ശ്രമിക്കുക. ഫാസ്റ്റ് ഫുഡുകളില്‍ പലതിലുമുള്ള അള്‍ട്രാ പ്യൂരിഫൈഡ് ഫുഡ് (UPF) വിഭാഗങ്ങളെ പാടെ ഒഴിവാക്കുക. ഇതാണ് ആരോഗ്യകരമായ യാത്ര ആരംഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.
തിരുവനന്തപുരം, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജി , അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് & സ്റ്റഡീസിലെ പ്രൊഫസറാണ് ഡോ. ബിജു സോമന്
ഗവേഷകനാണ് ഡോ. അരുണ്‍ മിത്ര
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..