ചെവി,തൊണ്ട,മൂക്ക് ഒരുമിച്ച് ചികിത്സിക്കുന്നത് എന്തിന് ? ഇ.എൻ.ടിരം​ഗത്തെ വളർച്ചയുടെ വഴികൾ


ഡോ. കെ. അശോക് കുമാർ‌

Representative Image | Photo: Canva.com

ചെവി, മൂക്ക്, തൊണ്ട എന്നീ അവയവങ്ങളിലുണ്ടാവുന്ന അസുഖങ്ങളും ചികിത്സാരീതികളും എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കും. അതിനാലാണ് ഇ.എൻ.ടി പ്രത്യേക ശാഖയായി രൂപപ്പെട്ടത്. ഈ അവയവങ്ങളോട് ചേർന്നുകിടക്കുന്ന ഭാ​ഗങ്ങൾ ശരീരഘടനയിലും പ്രവർത്തനങ്ങളിലും ഇഴചേർന്ന് കിടക്കുന്നതിനാൽ ഇ.എൻ.ടി ആൻഡ് ഹെഡ് ആൻഡ് നെക്ക് എന്ന വിഭാ​ഗമായി ഇപ്പോൾ വിപുലീകരിക്കപ്പെട്ടു.

മനുഷ്യവിഭാഗം ഭൂമിയിൽ ആവിർഭവിച്ച കാലംമുതലേ പലവിധ അസുഖങ്ങളും കൂടെത്തന്നെ ഉണ്ടായിരുന്നിരിക്കാം. ഓരോ കാലഘട്ടത്തിലും കാലത്തിനനുസരിച്ചുള്ള ചികിത്സകളും നടന്നിട്ടുണ്ടാകാം. ഒടുവിൽ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതാണ് ഇന്ന് കൂടുതൽ ആശ്രയിക്കുന്ന മോഡേൺ മെഡിസിൻ. കാലക്രമത്തിൽ ശരീരത്തിനൊന്നാകെയുള്ള ചികിത്സാരീതിയിൽ മാറ്റം വന്നു. ശരീരത്തിലെ ഓരോ ഭാഗത്തിനും പ്രത്യേകം പഠനവിഭാഗങ്ങളുണ്ടായി. അങ്ങനെ ഇ.എൻ.ടി. എന്ന വിഭാഗവും ഉടലെടുത്തു. ഇ.എൻ.ടി. എന്നാൽ, ചെവി, മൂക്ക്, തൊണ്ട. ഈ അവയവങ്ങൾ ഒരുമിച്ച് ഒരു ഡോക്ടർ ചികിത്സിക്കുന്ന രീതിയാണ് ലോകം മുഴുവൻ പ്രചാരത്തിലായത്.

വളർച്ചയുടെ വഴികൾ

നിരവധി മാറ്റങ്ങളിലൂടെയാണ് ഇ.എൻ.ടി. ചികിത്സാരീതി ഇന്ന് കാണുന്ന അവസ്ഥയിലേക്ക് വളർന്നത്. 1835-1911 കാലയളവിൽ ജോഹാൻ കോൺ സ്റ്റാൻഡിൻ അഗസ്റ്റ ലൂക്കും ആദം പോളിസ്റ്ററും 1837-1892-ൽ സർ. മോറൽ മെക്കൻസിയും 1848-1915-ൽ ജോൺ ഓർലാൻഡോയും 1865-1968-ൽ ഷെവലിയർ ജാക്സണും 1898-1975-ൽ ഇർവിങ് ഗോൾഡ്മാനും ചികിത്സാരീതികളിൽ കാതലായ മാറ്റങ്ങൾക്ക് സഹായിച്ചവരാണ്. ജോർജ് ഷാംബോയുടെ ‘സർജറി ഓഫ് ദ ഇയർ’ എന്ന പുസ്തകവും ഇ.എൻ.ടി. വിഭാഗത്തിന് മഹത്തായ സംഭാവനകൾ നൽകി. തുടർന്നും നിരവധി മഹാരഥന്മാരുടെ ബുദ്ധിയും പ്രാവീണ്യവും ഇ.എൻ.ടി. വിഭാഗത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി. ശാസ്ത്രപുരോഗതിക്കനുസൃതമായി ഇപ്പോഴും ചികിത്സാരീതികൾ മാറിക്കൊണ്ടിരിക്കുന്നു.

സർജറികളിൽ വന്ന വിപ്ലവം

താരതമ്യേന ഇരുളടഞ്ഞ ഇ.എൻ.ടി. പ്രദേശത്ത് വെളിച്ചമെത്തിക്കാനും വ്യക്തതയോടെ കാണാനും സങ്കീർണങ്ങളായ പല സർജറികളിലേർപ്പെടാനും മെസെർക്ലിങ്ങറും (Messerklinger) സ്റ്റാൻബർഗറും (Stanberger) 1980-കളിൽ തുടങ്ങിവെച്ച എൻഡോസ്‌കോപ്പിക് സർജറികൾ സഹായിച്ചു. 1970-80-കളിൽ പേടിസ്വപ്നംപോലെയായിരുന്ന സൈനസൈറ്റിസ്, റൈനോസ്‌പോറിഡിയോസിസ് (rhinosporidiosis) തുടങ്ങിയ അസുഖങ്ങളെ ഒരു പരിധിവരെ ഭേദമാക്കാൻ ഇതുകൊണ്ട് സാധിച്ചു.

എൻഡോസ്‌കോപ്പിക് സർജറികളുടെ ആവിർഭാവം യൂറോപ്പിലായിരുന്നെങ്കിലും കേരളത്തിലും അത് ഏറ്റവും ഉപയോഗപ്രദമായി. ഈ നേട്ടങ്ങൾ കേരളത്തിലെ ഇ.എൻ.ടി. വിഭാഗത്തിന് വലിയ വഴിത്തിരിവായി. മൂക്കിനുള്ളിൽക്കൂടി ഉപകരണങ്ങൾ കടത്തി തലച്ചോറിലെ പല മുഴകളും ഒഴിവാക്കാൻ സാധിച്ചു. തലച്ചോറിലെ പല സങ്കീർണരോഗങ്ങളെയും തല തുറക്കാതെ, ചെവിക്കുള്ളിലൂടെ ചികിത്സിച്ചുഭേദമാക്കാനും സാധിച്ചു. കഴുത്തിലെ പല അസുഖങ്ങളും മുഴകളും മുറിവിന്റെ പാടുകൾ വരാത്തവിധം എൻഡോസ്‌കോപ്പുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ സാധിച്ചതും നേട്ടമായി. തൊണ്ടയിലെ ടോൺസിൽ, മൂക്കിന് പിന്നിലെ അഡിനോയ്ഡ് മുതലായ സർജറികൾ ഇപ്പോൾ നൂതന ലൈറ്റുകളുടെയും എൻഡോസ്‌കോപ്പുകളുടെയും തെളിഞ്ഞ വെളിച്ചത്തിൽ വ്യക്തമായി കണ്ടുകൊണ്ട്, രക്തസ്രാവമില്ലാതെ കോബ്‌ലേറ്റർ ഉപയോഗിച്ച് ചെയ്യാനും സാധിക്കുന്നു. അനസ്‌തേഷ്യ വിഭാഗത്തിന്റെ പുരോഗതിയും നൂതന സാങ്കേതികവിദ്യയുടെയും മരുന്നുകളുടെയും ലഭ്യതയും വർധിച്ചതോടെ, രോഗി സുഖകരമായ ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുന്ന പ്രതീതിയിലാണ് ഓപ്പറേഷൻ തിയേറ്ററിൽനിന്ന് ഇപ്പോൾ പുറത്തുവരുന്നത്.

തിരിച്ചുപിടിക്കാം കേൾവിയുടെ ലോകം

കേൾവിശക്തി കുറഞ്ഞവർക്ക് സഹായവുമായി നിരവധി ചികിത്സകൾ പുതുതായി രൂപപ്പെട്ടിട്ടുണ്ട്. കൂടുതൽ സൗകര്യപ്രദവും ഫലപ്രദവുമായ ശ്രവണസഹായികളും എത്തി. തുടക്കത്തിൽ അനലോഗ് ശ്രവണസഹായികളും പിന്നീട് ഡിജിറ്റൽ ശ്രവണസഹായികളും, മൾട്ടി ചാനൽ ശ്രവണസഹായികളും വന്നു. കേൾവിശക്തി തീരേ നഷ്ടപ്പെട്ടവർക്ക് കോക്ലിയർ ഇംപ്ലാന്റ് സർജറിയും വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. ഇപ്പോൾ ബ്രെയിൻസ്റ്റെം ഇംപ്ലാന്റുകൾ ചെയ്തും ബധിരരെ ശബ്ദത്തിന്റെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുന്നുണ്ട്. ബധിരരും മൂകരും ആയി ബുദ്ധിമുട്ടുകളനുഭവിച്ചിരുന്ന നിരവധിപേരെ ശബ്ദങ്ങൾ ആസ്വദിച്ചും സംവദിച്ചും ആഹ്ലാദത്തോടെ ജീവിതം നയിക്കുന്ന അവസ്ഥയിലേക്ക്‌ തിരിച്ചുകൊണ്ടുവരാൻ ഇ.എൻ.ടി. ചികിത്സയിലെ മുന്നേറ്റങ്ങൾ സഹായിക്കുന്നു.

മെഷീൻ Vs മസ്തിഷ്കം

മെഷീനുകൾ മനുഷ്യസഹായത്താൽ പ്രവർത്തിക്കുന്ന കാലം മാറി. മനുഷ്യൻ മെഷീനുകളുടെ സഹായത്താൽ ജീവിക്കുന്ന കാലഘട്ടമാണിത്. അവയവങ്ങൾ ഉണ്ടാക്കാനും കാൻസർമൂലവും മറ്റ് അസുഖങ്ങൾമൂലവും നഷ്ടപ്പെട്ട ശരീരഭാഗങ്ങളെ വീണ്ടും സ്റ്റെം സെൽ സാങ്കേതികവിദ്യയുപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കാൻകഴിയുന്ന സാങ്കേതികവളർച്ചയിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.
വേഗത്തിലും കൃത്യതയിലും രോഗനിർണയം നടത്താനും ചികിത്സ നിശ്ചയിക്കാനും ഉതകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലെ കംപ്യൂട്ടറുകൾ ചികിത്സാരീതികളെയെല്ലാം മാറ്റിമറിക്കാൻ ഉതകുന്നതാണ്. ഇന്ന് നിലവിൽവന്നിട്ടുള്ള റോബോട്ടിക് സർജറികളെല്ലാം ഈ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് പ്രവർത്തിക്കുന്നത്. അതുപോലെ നാവിഗേറ്റർ സിസ്റ്റങ്ങളുടെ സഹായം തെറ്റുകൂടാതെ കൃത്യതയോടെ ഓരോ സർജറിയും ചെയ്യാൻ ഡോക്ടർമാരെ പ്രാപ്തരാക്കുന്നു.

അരനൂറ്റാണ്ടിലേറെക്കാലത്തെ എന്റെ ഭിഷഗ്വരജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ശുഷ്കമായ സൗകര്യങ്ങളിലായിരുന്നു തുടക്കം. അതുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്നത്തെ ചികിത്സാസൗകര്യങ്ങൾ സമൃദ്ധിയുടെ കൊടുമുടിയിലാണ്. ശരവേഗത്തിൽ കുതിക്കുന്ന ശാസ്ത്രപുരോഗതിയിൽ ഡ്രൈവറില്ലാതെ ഓടുന്ന കാർപോലെ ഡോക്ടറില്ലാതെ ചികിത്സ നടക്കുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമം നടക്കുന്നു. പിൻതിരിഞ്ഞുനോക്കുമ്പോൾ, സന്തോഷത്തോടൊപ്പം ആശങ്കയുമുണ്ട്. മനുഷ്യമസ്തിഷ്കമെല്ലാം പ്രവർത്തനശേഷി നശിച്ച്, ഉപയോഗശൂന്യമായിത്തീരുന്ന അവസ്ഥയുണ്ടാകരുതല്ലോ. എന്തായാലും ശാസ്ത്രം മുന്നോട്ടാണ്. അത് എവിടംവരെ എത്തിപ്പെടുമെന്ന് കാത്തിരിക്കാം. സ്വപ്നതുല്യമായ കണ്ടുപിടിത്തങ്ങളിലൂടെ ചികിത്സകളെല്ലാം ഒരു ഫാന്റസി മൂവിപോലെ ആസ്വദിക്കുന്ന അവസ്ഥ വന്നേക്കാം; ഈ തലമുറയ്ക്ക്, അല്ലെങ്കിൽ വരുംതലമുറകൾക്ക്.

മൈക്രോ സർജറി മുന്നേറ്റങ്ങളുടെ തുടക്കം

ഡോ. വി.എസ്. സുബ്രഹ്മണ്യമാണ് ഇന്ത്യയിൽ ചെവിക്കുള്ളിലെ മൈക്രോ സർജറി തുടങ്ങിവെച്ച ഡോക്ടർ. 1937-ൽ അദ്ദേഹത്തിന്റെ ഗുരുവായ ന്യൂയോർക്കിലുള്ള ജൂലിയസ് ലംബാർട്ടിന്റെ കീഴിൽ ഫെനെസ്‌ട്രേഷൻ (fenestration) സർജറിയിൽ പരിശീലനം നേടിയതിനുശേഷം മദ്രാസിലേക്ക് തിരിച്ചുവന്ന് ലാംബർട് എന്നപേരിൽ ആശുപത്രി സ്ഥാപിച്ചു. പിന്നീട് അത് ഇന്ത്യയിലെ പ്രശസ്തമായ ചെവിക്കുള്ളിലെ മൈക്രോ സർജറി സെന്ററായിമാറുകയും ചെയ്തു.

1962-ൽ ജർമനിയിൽ ക്ലയിൻ സാസ്സാറുടെ നേതൃത്വത്തിൽ ഉടലെടുത്ത മൈക്രോ ലാറിൻജിയൽ സർജറി വലിയ മാറ്റങ്ങളുടെ തുടക്കമായിരുന്നു. തൊണ്ടയുടെ ഉൾഭാഗത്തെയും സ്വനപേടകത്തിലെയും അസുഖങ്ങളും മുഴകളും വ്യക്തമായി നോക്കിക്കണ്ട് ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചു. ശബ്ദവ്യതിയാനമെന്ന പാർശ്വഫലം അധികമില്ലാത്തത് ഏറ്റവും വലിയ പ്രയോജനമായി. അതുപോലെ തൊണ്ടയിലെ കാൻസർ തുടങ്ങി പലവിധ അസുഖങ്ങൾമൂലം ശബ്ദം നഷ്ടപ്പെട്ടവർക്ക് നൂതനസാങ്കേതികവിദ്യകളുപയോഗിച്ച് സംസാരം സാധ്യമാക്കാനും ഇപ്പോൾ സാധിക്കും.

ഇ.എൻ.ടി.യുടെ കേരള വഴികൾ

1922-ൽ ഇംഗ്ലണ്ടിൽനിന്ന് ഇ.എൻ.ടി. വിഭാഗത്തിൽ എഫ്.അർ.സി.എസ്. യോഗ്യത നേടിയ തിരുവനന്തപുരം സ്വദേശി ഡോ. കെ.പി. രാമൻപിള്ളയെയാണ് ഇന്ത്യയിലെ ആദ്യത്തെ ക്വാളിഫൈഡ് ഇ.എൻ.ടി. സർജനായി പരിഗണിക്കുന്നത്. അദ്ദേഹം സർജൻ ജനറലായി, തിരുവിതാംകൂർ ഗവൺമെന്റ്‌ സർവീസിൽനിന്നാണ് റിട്ടയർചെയ്തത്. അദ്ദേഹത്തിന്റെ ഒരുനൂറ്റാണ്ടോളം പഴക്കമുള്ള രോഗപരിശോധനാകുറിപ്പടി ഇപ്പോഴും കൗതുകമുണർത്തുന്നു. അദ്ദേഹത്തിന്റെ പുത്രിയാണ് കേരളത്തിലെയും മണിപ്പാലിലെയും മെഡിക്കൽ കോളേജുകളിലെ ഇ.എൻ.ടി. പ്രൊഫസറായി പ്രസിദ്ധിനേടിയ ഡോ. രാജമ്മ രാജൻ. അവരുടെ മകൻ ഡോ. രഞ്ജിത്ത് രാജനും ഇ.എൻ.ടി. ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യത്തെ ഇ.എൻ.ടി. പ്രൊഫസറായിരുന്ന ഡോ. കുര്യൻ ജോർജ്, ഡോ. പി. സുകുമാരൻ, ഡോ. രാധാകൃഷ്ണപിള്ള, കോഴിക്കോട് മെഡിക്കൽ കോളേജിലെ ആദ്യ പ്രൊഫസറായിരുന്ന സീത ഹെൻട്രി, ഡോ. എ.കെ. അശോകൻ, ഡോ. കെ.സി. വിജയരാഘവൻ തുടങ്ങിയവരും ഈ മേഖലയിൽ ആദ്യകാലത്ത്‌ സേവനമനുഷ്ഠിച്ചവരാണ്. കൂടാതെ ഡോ. ജയതിലകൻ, ഡോ. രാജപ്പൻ, ഡോ. മുകുന്ദൻ, ഡോ.എ.കെ. ഗംഗാധരൻ, ഡോ.എം. രവീന്ദ്രൻ എന്നിവരും ഈ മേഖലയിൽ സേവനങ്ങൾ നൽകി. ഡോ. ചെറിയാൻ മദ്രാസ് മെഡിക്കൽ കോളേജിലും (പിന്നീട് മഹാരാഷ്ട്ര ഗവർണർ), ഡോ. സത്യനാരായണ, ഡോ. ലീലാവതി, ഡോ. കാമേശ്വരൻ തുടങ്ങിയവർ മദ്രാസ് പ്രവിശ്യയിലും വ്യക്തിമുദ്രപതിപ്പിച്ചവരിൽ ചിലരാണ്. 1948 ജൂലായ്‌ 13-ന് ഡോ. പി.വി. ചെറിയാൻ ഇന്ത്യയിലെ ഇ.എൻ.ടി. അസോസിയേഷന്റെ പ്രഥമ പ്രസിഡന്റായി സ്ഥാനമേൽക്കുകയും അതിന്റെ ആദ്യത്തെ സമ്മേളനം മുബൈയിൽ നടക്കുകയും ചെയ്തു.

(കടപ്പാട്: ഡോ. ഒ.എസ്. രാജേന്ദ്രൻ, ഡോ. പി. മുരളീധരൻ നമ്പൂതിരി, ഡോ. എൻ.കെ. ബഷീർ, ഡോ. രഞ്ജിത്ത് രാജൻ, ഡോ. പി. ഷാജിദ്)

കോഴിക്കോട് മെഡിക്കൽ കോളേജ് ഇ.എൻ.ടി. വിഭാഗം മുൻ പ്രൊഫസറും മേധാവിയുമാണ് ലേഖകൻ

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: ear nose and throat, otolaryngology, history of ent


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented