ചെവിയിൽ പ്രാണിയോ വെള്ളമോ പോയാൽ ചെയ്യേണ്ടതെന്ത്? ചെവിയിലെ രോ​ഗങ്ങളും സങ്കീർണതകളും


ഡോ. അനീഷ് അസീസ്

Representative Image | Photo: Gettyimages.in

ണുബാധകൾ, ശരീരത്തിന്റെ തുലനനിലയെ തകരാറിലാക്കുന്ന പ്രശ്നങ്ങൾ തുടങ്ങി പലതരം രോ​​ഗാവസ്ഥകൾ ചെവിയെ ബാധിക്കാം. ചെവിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളും പ്രതിരോധ മാർഗങ്ങളും ഇവയാണ്.

കൊളസ്റ്റിയോട്ടമ

മധ്യകർണത്തെ ബാധിക്കുന്ന അപകടകരമായ രോഗാവസ്ഥയാണ് കൊളസ്റ്റിയോട്ടമ (Cholesteatoma). ചെവിക്കല്ല് (Ear Drum) ഉള്ളിലേക്ക് വലിഞ്ഞ് ഒരു സഞ്ചിയുടെ (സാക്) രൂപത്തിലായി അതിന്റെ ഉള്ളിൽ അഴുക്ക് അടിഞ്ഞുകൂടുകയും തുടർന്ന് ഇത് വികസിച്ച് ചുറ്റുപാടുമുള്ള ഭാഗങ്ങളെ ബാധിക്കുകയുമാണ് ചെയ്യുന്നത്. മധ്യകർണത്തിലെ ശ്രവണാസ്ഥികൾ, ആന്തരിക കർണം തുടങ്ങി തലച്ചോറിനെവരെ ഇത് ബാധിക്കാം. കേൾവി, ബാലൻസ്, മുഖത്തെ പേശികളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയെയെല്ലാം ഇതോടെ അവതാളത്തിലാകും. കൊളസ്റ്റിയോട്ടമ ഉണ്ടാകുന്നതിന് പല കാരണങ്ങളും പറയുന്നുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളോടെയുള്ള കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ലക്ഷണങ്ങൾ

ചെവിയിൽനിന്ന് ദുർഗന്ധം, കേൾവിക്കുറവ്, തലചുറ്റൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പഴുപ്പ് നന്നേ കുറവായിരിക്കും.

സങ്കീർണതകൾ

ഉടൻ ചികിത്സിച്ചില്ലെങ്കിൽ രോഗം ഗുരുതരമാവും. ചെവിക്കല്ല്, ശ്രവണാസ്ഥികൾ, മസ്തിഷ്‌കത്തിലെ അസ്ഥികൾ എന്നിവയെ ബാധിക്കാനിടയാകും. ചെവിയിൽ കടുത്ത അണുബാധ, ആന്തരകർണത്തിൽ നീർക്കെട്ട്, മുഖപേശികൾക്ക് തളർച്ച, മസ്തിഷ്‌കത്തിന് തകരാറുണ്ടാക്കുന്ന മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കത്തിൽ പഴുപ്പ് അടിയുന്ന ബ്രെയിൻ അബ്‌സസ്സ് എന്നിവയൊക്കെയാണ് സങ്കീർണതകൾ.

രോഗനിർണയം

ഓട്ടോസ്‌കോപ്പ് ഉപയോഗിച്ചുള്ള ചെവി പരിശോധനയിലൂടെ രോഗം തിരിച്ചറിയാനാകും. എം.ആർ.െഎ. സ്‌കാൻ കൂടി എടുത്ത് രോഗാവസ്ഥ ഉറപ്പാക്കിയശേഷമാണ് ചികിത്സ ആരംഭിക്കുക.

ചികിത്സ

ഈ രോഗാവസ്ഥയിൽ ശസ്ത്രക്രിയ അനിവാര്യമാണ്. മരുന്നുകൾ ഗുണം ചെയ്യുകയില്ല. രോഗാവസ്ഥ നേരത്തെ കണ്ടുപിടിക്കുന്നത് ചികിത്സയുടെ ഫലം വർധിപ്പിക്കാൻ സഹായിക്കും. പ്രാഥമികഘട്ടത്തിൽ ശസ്ത്രക്രിയ ചെയ്താൽ വളരെ ഗുണം ലഭിക്കും. രോഗം മൂലം ശ്രവണാസ്ഥികൾക്ക് തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഓസികുലോപ്ലാസ്റ്റി (Ossiculoplasty) എന്ന ശസ്ത്രക്രിയ വേണ്ടിവരും.

രോമകൂപത്തിലെ അണുബാധ

കർണനാളത്തിലെ രോമകൂപത്തിലുള്ള (ഹെയർ ഫോളിക്കിൾ) അണുബാധയാണിത്. ഫറങ്കൾ (Furuncle) എന്ന് അറിയപ്പെടുന്നു. സേഫ്റ്റിപിൻ, താക്കോൽ, ചെവിതോണ്ടി എന്നിവ ചെവിയിൽ ഉപയോഗിച്ചാൽ ആ ഭാഗത്തെ തൊലിയിൽ ക്ഷതമുണ്ടാവുകയും രോമകൂപങ്ങളിൽ അണുബാധയുണ്ടാവുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ

അസഹ്യമായ വേദന, ചെവിവീക്കം, ചൊറിച്ചിൽ തുടങ്ങിയവ അനുഭവപ്പെടും. ആഹാരം ചവയ്ക്കാൻപോലും ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകാം.

ചികിത്സ

ഡോക്ടറുടെ നിർദേശാനുസരണം വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കാം. പഴുപ്പുണ്ടാവുകയാണെങ്കിൽ അത് നീക്കം ചെയ്യണം.

കർണനാളത്തിലെ ഫംഗസ് ബാധ

കർണനാളത്തിലുണ്ടാകുന്ന ഫംഗസ് ബാധയാണ് ഓട്ടോമൈക്കോസിസ് (Otomycosis). ഈർപ്പമുള്ള ഭാഗങ്ങളിലാണ് ഫംഗസ് സാന്നിധ്യമുണ്ടാവുക. കുളിക്കുമ്പോഴോ, നീന്തുമ്പോഴോ കർണനാളത്തിൽ വെള്ളം കയറുകയും അപ്പോൾ അവിടെ ഫംഗസ് വളരുകയും ചെയ്യും. താരന്റെ പ്രശ്‌നമുള്ളവരിലും പ്രതിരോധശേഷിക്കുറവുള്ളവരിലും (പ്രമേഹം പോലുള്ള രോഗങ്ങൾ) ഇത് കാണുന്നു.

ലക്ഷണങ്ങൾ

ചെവി ചൊറിച്ചിൽ, വേദന, ദുർഗന്ധം, കാതടപ്പ്, ചെവിയിൽനിന്ന് ദ്രാവകം പുറത്തുവരിക എന്നിവയാണ് ലക്ഷണങ്ങൾ.

കാരണങ്ങൾ

അസ്പർജില്ലസ്, കാൻഡിഡ എന്നിങ്ങനെയുള്ള ഫംഗസുകളാണ് രോഗബാധയ്ക്ക് ഇടയാക്കുന്നത്. ഈർപ്പവും ചൂടുമുള്ള സാഹചര്യമാണ് ഈ ഫംഗസുകൾക്ക് വളരാൻ ആവശ്യം. മലിനജലത്തിൽ നീന്തുന്നതും രോഗബാധയ്ക്ക് ഇടയാക്കും.

ചികിത്സ

ലക്ഷണങ്ങൾ വഴിയും ചെവിപരിശോധന വഴിയും രോഗം തിരിച്ചറിയാം.

ചെവിയിൽ ഒഴിക്കുന്ന ആന്റി ഫംഗൽ തുള്ളി മരുന്നുകൾ, വേദനസംഹാരികൾ തുടങ്ങിയവ നൽകിയ ശേഷം ചെവി വൃത്തിയാക്കും.

ചെവിപഴുപ്പ്

മധ്യകർണത്തിലെ അണുബാധമൂലം ചെവിക്കല്ലിൽ ദ്വാരം വീഴുന്ന അവസ്ഥയാണ് ക്രോണിക് ഓട്ടിറ്റിസ് മീഡിയ (Chronic otitis media- CSOM) അഥവാ ചെവിപഴുപ്പ്. തൊണ്ടയിൽനിന്നോ മൂക്കിൽനിന്നോ ആകാം അണുബാധയുടെ ആരംഭം. ചെവിക്കല്ലിന് ക്ഷതം സംഭവിച്ചാലും മധ്യകർണത്തിൽ അണുബാധയുണ്ടാകാം.

ലക്ഷണങ്ങൾ

ചെവിയിൽനിന്ന് പഴുപ്പ് പുറത്തുവരിക, കേൾവിക്കുറവ്, വണ്ട് മൂളുന്ന പോലുള്ള ശബ്ദം രോഗി കേൾക്കുക, തലചുറ്റൽ തുടങ്ങി വിഷാദംവരെ രോഗികൾക്ക് അനുഭവപ്പെടും. ഇതുകാരണം പലപ്പോഴും പൊതുപരിപാടികളിൽനിന്ന് ഇവർ പിൻവാങ്ങുന്നതായും കാണപ്പെടുന്നു.

ചികിത്സ

ആദ്യം തുള്ളിമരുന്നുകളും ആന്റിബയോട്ടിക്കുകളും നൽകി പഴുപ്പിന് ശമനം വരുത്തും. പിന്നെ കേൾവിശക്തി ഉൾപ്പെടെ പല പരിശോധനകളും ആവശ്യമാണ്. പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ ശസ്ത്രക്രിയയുടെ ആവശ്യവും വിജയശതമാനവും വിലയിരുത്താൻ സാധിക്കുകയുള്ളൂ.

വെസ്റ്റിബ്യൂലർ ന്യൂറൈറ്റിസ്

ആന്തര കർണത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന വെസ്റ്റിബ്യൂലർ കോക്ലിയർ നാഡിയെ ബാധിക്കുന്ന രോഗമാണ് വെസ്റ്റിബ്യൂലർ ന്യൂറൈറ്റിസ്. വൈറസ് അണുബാധ മൂലം ഈ നാഡിക്ക് നീർവീക്കം ഉണ്ടാകുന്നതാണ് രോഗത്തിന് കാരണം.

വെസ്റ്റിബ്യൂലോകോക്ലിയർ നാഡിയാണ് തലയുടെ സ്ഥാനത്തെക്കുറിച്ചും ബാലൻസിനെക്കുറിച്ചുമുള്ള സന്ദേശങ്ങൾ ആന്തരകർണത്തിൽ നിന്നും മസ്തിഷ്‌കത്തിലേക്ക് അയയ്ക്കുന്നത്. അതിനാൽ നാഡിക്ക് വീക്കം ഉണ്ടാകുമ്പോൾ ഈ സന്ദേശ കൈമാറ്റം തടസ്സപ്പെടും. ഇതിനെത്തുടർന്നാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്.

ലക്ഷണങ്ങൾ

അതിശക്തമായ തലകറക്കം, കട്ടിലിൽനിന്ന് എഴുന്നേൽക്കാൻപോലും കഷ്ടപ്പെടുന്ന അവസ്ഥ, ഓക്കാനം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. കേൾവിക്കുറവ് ഉണ്ടാകാറില്ല.

ചികിത്സ

വിശദമായ പരിശോധനകൾ, എം.ആർ.ഐ. സ്‌കാനിങ് എന്നിവ വഴി രോഗം സ്ഥിരീകരിക്കാം. വൈറസിനെതിരായ ചികിത്സതന്നെ മതിയാകും. രോഗലക്ഷണങ്ങൾ ഭേദമാക്കാനുള്ള മരുന്നുകൾകൊണ്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗശമനം ലഭിക്കും.

ബി.പി.പി.വി.

ആന്തര കർണത്തിൽ ശരീരത്തിന്റെ സംതുലനാവസ്ഥ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഭാഗമാണ് അർധവൃത്താകാര കുഴലുകൾ. നാം തലഭാഗം കറക്കുമ്പോൾ അല്ലെങ്കിൽ ഒരു ഭാഗത്തേക്ക് തിരിഞ്ഞുനോക്കുമ്പോഴൊക്കെ നിലതെറ്റാതെ നോക്കുന്നത് ഇവയുടെ, പ്രത്യേകിച്ച് അർധവൃത്താകാര കുഴലുകളിലുള്ള ദ്രാവകത്തിന്റെ (എൻഡോലിംഫ്) സുഗമമായ ഒഴുക്ക് മൂലമാണ്. ഈ ദ്രാവകത്തിൽ കാത്സ്യത്തിന്റെ കണങ്ങൾ അടിയുകയും ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് ബിനൈൻ പരോക്‌സിമൽ പൊസിഷണൽ വെർട്ടിഗോ (ബി.പി.പി.വി.) എന്ന അവസ്ഥ അനുഭവപ്പെടുന്നത്. ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ കണ്ടെത്തിയിട്ടില്ല.

ലക്ഷണങ്ങൾ

കട്ടിലിൽനിന്ന് എഴുന്നേൽക്കുന്ന സമയത്ത് ഒരു വശത്തേക്കോ മുകളിലേക്കോ നോക്കുമ്പോൾ ശക്തമായ തലകറക്കം അനുഭവപ്പെടുകയും എന്നാൽ ഏതാനും നിമിഷങ്ങൾ തല അനക്കാതെവയ്ക്കുമ്പോൾ ഈ ലക്ഷണത്തിന് ശമനം ഉണ്ടാവുകയും ചെയ്യും. മാനസിക സമ്മർദം, ദിനചര്യകൾ കൃത്യമായി ചെയ്യാൻ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടുകൾ എന്നിവ രോഗികൾക്ക് അനുഭവപ്പെടാറുണ്ട്.

ചികിത്സ

വളരെ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്. ഒരു ഇ.എൻ.ടി. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമേ ചികിത്സ തുടങ്ങാവൂ. മരുന്നുകളും വ്യായാമമുറകളും ഉൾപ്പെടുന്നതാണ് ചികിത്സാരീതികൾ. പക്ഷേ, രോഗിയുടെ പ്രായം, നട്ടെല്ലിന്റെ ആരോഗ്യസ്ഥിതി മുതലായവ പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുക.

മെനിയേഴ്‌സ് ഡിസീസ്

ആന്തര കർണത്തിലുണ്ടാകുന്ന രോഗാവസ്ഥയാണ് മെനിയേഴ്‌സ് ഡിസീസ്. ആന്തരിക കർണത്തിലെ പാടപോലുള്ള ഭാഗത്തിന്റെ ഉള്ളിലുള്ള എൻഡോലിംഫ് എന്ന ദ്രാവകത്തിന്റെ ഉത്പാദനം കൂടുമ്പോൾ ആന്തര കർണത്തിൽ സമ്മർദം കൂടുകയും രോഗിയിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യും.

ലക്ഷണങ്ങൾ

ചെവിയിൽ കടലിരമ്പുന്ന രീതിയിൽ ശബ്ദം കേൾക്കുക, ശ്രവണശേഷിയിൽ ഏറ്റക്കുറച്ചിലുകൾ, ശക്തമായ തലകറക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾവരെ ഇത് നീണ്ടുനിൽക്കാം. ചിലരിൽ ഒരുദിവസം പല പ്രാവശ്യം ഇത് അനുഭവപ്പെടാം. പലപ്പോഴും മാസങ്ങളുടെ ഇടവേളകളിലാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.

ഈ രോഗത്തിന്റെ കാരണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ലക്ഷണങ്ങൾ മനസ്സിലാക്കൽ, സ്‌കാനിങ്, കേൾവി പരിശോധന എന്നിവ വഴി രോഗനിർണയം നടത്താം.

ചികിത്സ

തലകറക്കം മാറാനുള്ള മരുന്നുകൾ നൽകും. ഇ.എൻ.ടി. ഡോക്ടറുടെ ഉപദേശപ്രകാരം (പാർശ്വഫലങ്ങൾ രോഗിക്ക് സ്വീകാര്യമാണെങ്കിൽ) മാത്രമേ ശസ്ത്രക്രിയകൾ ചെയ്യാറുള്ളൂ.

ചെവിക്കായം അടിഞ്ഞുകൂടുമ്പോൾ

കർണനാളത്തിന്റെ തൊലിയിലുള്ള ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന മെഴുകിനെയാണ് ചെവിക്കായം (Ear Wax) എന്ന് പറയുന്നത്. പൊടി, സൂക്ഷ്മജീവികൾ, രോഗാണുക്കൾ തുടങ്ങിയവ ഈ മെഴുകിൽ പറ്റിപ്പിടിക്കുകയും അവ ചെവിയിൽനിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും. അതിനാൽ ചെവിക്കായം ചെവിയുടെ സംരക്ഷണത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു.

എന്നാൽ ചിലരിൽ ജനിതക കാരണങ്ങൾകൊണ്ട് ചെവിക്കായം ഉണങ്ങുകയും അത് ചെവിയിൽ വലിയതോതിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഇവരിൽ കേൾവിക്കുറവ് അനുഭവപ്പെടാറുണ്ട്. വിദഗ്ധർ നിർദേശിക്കുന്ന തുള്ളിമരുന്നുകൾ ഉപയോഗിച്ച് മൃദുവാക്കിയശേഷം ചെവിക്കായം നീക്കംചെയ്യുന്നത് ആശ്വാസം നൽകും.

ചെവിയിൽ വെള്ളം കയറിയാൽ

നീന്തുന്ന സമയത്തും മറ്റും ചെവിയിൽ വെള്ളം കയറാതിരിക്കാൻ ഇയർ പ്ലഗ്ഗുകൾ ഉപയോഗിക്കണം. ഇനി ചെവിയിൽ വെള്ളം കയറിയാൽ അല്പ നേരം ചെവി ചെരിച്ചുപിടിക്കുക. അപ്പോൾ വെള്ളം പുറത്തേക്ക് ഒഴുകി പോകും. അസ്വസ്ഥത തുടരുന്നുണ്ടെങ്കിൽ ഡോക്റെ കണ്ട് ചികിത്സ തേടണം.

ചെവിയിൽ പ്രാണി കയറിയാൽ

ചെവിയിൽ പ്രാണി കയറി അസ്വസ്ഥതയുണ്ടായാൽ കോട്ടൺ ബഡ്സോ സേഫ്റ്റി പിന്നോ ഒന്നും ഇടരുത്. പ്രാണി പുറത്തേക്ക് പോയില്ലെങ്കിൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

കോട്ടൺ ബഡ്സ് ചെവിയിൽ ഇടരുത്

കുളി കഴിഞ്ഞ ശേഷം നനവ് ഒപ്പിയെടുക്കാനോ മറ്റോ കോട്ടൺ ബഡ്സ് ചെവിയിൽ ഇടരുത്. ബഡ്സ് ചെവിയിലിട്ട് കറക്കുമ്പോൾ അല്പം ചെവിക്കായം പുറത്തേക്ക് വരുമെങ്കിലും കൂടുതലും ഉള്ളിലേക്ക് പോവുകയാണ് ചെയ്യുക. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് ചെവിക്കല്ലിന് (Ear Drum) കേടുപാടുണ്ടാക്കാൻ കാരണമാകും.

കോട്ടയം ഗവ.മെഡിക്കൽ കോളേജിൽ ഇ.എൻ.ടി. വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: ear diseases and disorders symptoms treatment, ear disorder symptoms


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented